Friday, December 25, 2009

നീ തൂങ്ങെടാ..................................

നീ തൂങ്ങെടാ..................................
ഒരിക്കല്‍ ഞാന്‍ അമ്പലവയല്‍ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ പോകാനായി കൊളഗപ്പാറ ബസ്റ്റോപ്പില്‍ നില്‌ക്കുകയായിക്കുന്നു.സമയം വൈകിയതുകൊണ്ട്‌ ആകെ വെപ്രാളപ്പെട്ടാണ്‌ ഞാനവിടെ നിന്നിരുന്നത്‌.പെട്ടന്നു വന്നു നിര്‍ത്തിയ ജീപ്പില്‍ ഓടിക്കയറിയതുകൊണ്ട്‌ കഷ്ടിച്ച്‌ ഇരിക്കാന്‍ ഒരു സീറ്റുകിട്ടി.ബാക്കിവന്ന മൂന്നു പുരുഷന്മാര്‍ പുറകില്‍ തൂങ്ങി. ഏറെ ഞെരുങ്ങിയാണേലും ഇരിക്കാനൊത്തല്ലോ എന്നാശ്വാസത്തിലായിരുന്നു ഞാന്‍.ജീപ്പ്‌ മുന്നോട്ടു നീങ്ങി തൊട്ടടുത്ത സ്‌റ്റോപ്പില്‍ നിന്നും കാഴ്‌ചയില്‍ അമ്മയും മകളും എന്നു തോന്നിക്കുന്ന ഒരു സ്‌ത്രീയും പന്ത്രണ്ടോളം വയസ്സു തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും ജീപ്പിനു കൈ നീട്ടി. ഇവരെവിടിരിക്കാനാ............. ഞാന്‍ മനസിലോര്‍ത്തു. അപ്പോഴേക്കും ജീപ്പു നിന്നു.ഡ്രൈവര്‍ തിരിഞ്ഞ്‌ എന്നെ നോക്കിക്കൊണ്ടും കിളി എന്റെ തോളില്‍ പിടിച്ചുകൊണ്ടും കോറസുപോലെ പറഞ്ഞു "നീ തൂങ്ങെടാ............ " ആലോചിക്കാനോ തര്‍ക്കിക്കാനോ എനിക്കു സമയം കിട്ടിയില്ല.യാന്ത്രികമായ അത്ഭുതത്തോടും കൗതുകത്തോടും ഞാന്‍ പെട്ടെന്നെഴുന്നറ്റ്‌ പുറത്തിറങ്ങി ആ സ്‌ത്രീയും പെണ്‍കുട്ടിയും എന്റെ സീറ്റിലിരുന്നു.ഡോറടച്ചു .ഞാന്‍ കൗതുകത്തോടെ കമ്പിയില്‍ അള്ളിപ്പിടിച്ചു. തെല്ലൊരു ഭയം തുടക്കത്തില്‍ അനുഭവപ്പെട്ടങ്കിലും പിന്നീട്‌ ഞാനതു മായി പൊരുത്തപ്പെട്ടു. അമ്പലവയല്‍ വരെ (ഏകദേശം നാലു കിലോമീറ്റര്‍) ഞാന്‍ ആ യാത്ര ആസ്വദിച്ചു.അത്തരത്തിലുള്ള യാത്രകള്‍ ഇന്നെനിക്ക്‌ യാതൊരപരിചിത്തവും തോന്നിക്കാത്തതായി തീര്‍ന്നിരിക്കുന്നു.

5 comments:

അനില്‍@ബ്ലോഗ് // anil said...

ഹ ഹ !!
കൊള്ളാം.
:)

വീകെ said...

കിളിക്കറിയില്ലല്ലൊ...
അകത്തിരിക്കുന്നവന്റെ(ളുടെ)ഗുട്ടൻസ്...!!?
അതൊണ്ടെന്താ... അതൊരെക്സ്പീരിയൻസ് ആയില്ലേ...?

chithrakaran:ചിത്രകാരന്‍ said...

ഹഹഹഹ......
മനോഹരമായ ജീവിതാനുഭവം !!!

നന്ദന said...

അങ്ങിനെ നടന്നത് കൊണ്ട് ഇങ്ങനെ എഴുതാനായി
അല്ലെ?
ആണായി നടന്നാല്‍ ഇതിലും വലിയ അനുഭവങ്ങള്‍ എഴുതാനുണ്ടാവും
നന്‍മകള്‍ നേരുന്നു

VINAYA N.A said...

എല്ലാവര്‍ക്കും നന്ദി. രസകരം തന്നെയാണ്‌.എപ്പോഴൊക്കെ ബസിനു കൈനീട്ടുന്നോ അപ്പോഴല്ലാം അവര്‍ സ്ലോ ചെയ്യുകയേയുള്ളൂ.അതുപോലെ ഇറങ്ങാനും .അതുകൊണ്ടുതന്നെ ബസ്സില്‍ ചാടിക്കയറുന്നതിനും, ചാടി ഇറങ്ങുന്നതിനും ഇപ്പോള്‍ നല്ല പരിചയമായി.ക്യൂവില്‍(ആണ്‍-പെണ്‍) നില്‍ക്കേണ്ടി വരുമ്പോള്‍ നീളം കുറഞ്ഞ ക്യൂവിന്റെ അവസാനം നില്‌ക്കും.