Wednesday, February 10, 2010

ആണുങ്ങളായാല്‍ പെണ്ണുങ്ങളെ തല്ലും.

ആണുങ്ങളായാല്‍ പെണ്ണുങ്ങളെ തല്ലും.

അച്ഛനും ആങ്ങളയും അമ്മയെ അടിക്കും.അവനേയും അച്ഛനേയും വിളിച്ചൊന്നു ഞെട്ടിക്കണം എന്നആവശ്യവുമായിട്ടാണ്‌ ജയ സ്റ്റേഷനിലേക്കു വന്നത്‌.കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കിയപ്പോള്‍ അപ്പനും മോനും പലപ്പോഴും ജയയുടെ അമ്മയെ അടിക്കാറുണ്ടെന്നു മനസ്സിലായി.വിവാഹം കഴിഞ്ഞ്‌ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുന്ന ജയയോട്‌ നേരിട്ടും ഫോണിലും പലപ്പോഴും ആങ്ങള പറയുന്നത്‌

"അമ്മടെ കൈയ്യിലിരിപ്പ്‌ ശരിയല്ല ഇന്നും അപ്പനെടുത്തിട്ട്‌ നല്ലണം കൊടുത്തു.ഞാനും കൊടുത്തു രണ്ടെണ്ണം" എന്നാണെന്ന്‌ ജയ വിഷമത്തോടെ പറഞ്ഞപ്പോള്‍ ആങ്ങളയെ സ്‌റ്റേഷനിലേക്ക്‌ വിളിപ്പിച്ചു.എസ്‌.ഐ പുറത്തുപോയതായതുകൊണ്ട്‌ അയാളെ സ്‌റ്റേഷനില്‍ ഇരുത്തി.അല്‌പം കഴിഞ്ഞപ്പോള്‍ അയാളുടെ അച്ഛന്‍ സ്‌റ്റേഷനിലേക്ക്‌ കയറിവന്ന്‌ "എന്തിനാണ്‌ എന്റെ മോനെ സ്‌റ്റേഷനില്‍ പിടിച്ചു വെച്ചതെന്നു പറഞ്ഞ്‌ ബഹളം വെച്ചു.ഇതിനിടെ തന്നെ മുറ്റത്തുനിന്ന പോലീസുകാരുമായി അയാള്‍ സംസാരിക്കുന്നതും ഞാന്‍ ശ്രദ്ധിച്ചിരുന്നു.

".............അവനെന്ത്‌ തെറ്റ്‌ ചെയ്‌തിട്ടാ.... ....................."എന്നെല്ലാം പറഞ്ഞ്‌ പ്രകോപിതനായി സ്റ്റേഷനിലേക്ക്‌ കയറി വന്ന അയാളോട്‌ "പെണ്ണുങ്ങളെ അടിച്ചു നന്നാക്കാന്‍ നിങ്ങള്‍ക്കാരാ അധികാരം തന്നത്‌്‌ ?" എന്ന്‌ അല്‌പം പരുഷമായിത്തന്നെ ഞാന്‍ ചോദിച്ചപ്പോള്‍ അയാള്‍ ഒരു അധ്യാപകന്റെ ഭാവത്തോടെ എന്നെനോക്കി പറഞ്ഞു "ആണുങ്ങളായാല്‍ പെണ്ണുങ്ങളെ തല്ലും"

5 comments:

chithrakaran:ചിത്രകാരന്‍ said...

തല്ലുകേസു വരുംബോള്‍ എല്ലാവര്‍ക്കും കമന്റിടാന്‍ ഭയമുണ്ടെന്നു തോന്നുന്നു :)

പാവം മനുഷ്യര്‍! തല്ല് നാട്ടാചാരമായതുകൊണ്ട് തുടരുകയാകും. എന്നാലും, സ്മാര്‍ത്ഥ വിചാരത്തേക്കാള്‍
നല്ലത് തല്ലുതന്നെയാണ്. ആശുപത്രീല്‍ പോയിക്കിടന്നാല്‍
തല്ലിയവനെതിരെ കേസെങ്കിലും എടുപ്പിക്കാലോ.
സാമൂഹ്യ പരിഷ്ക്കരണത്തിന്റെ അഭാവം !!!

Unknown said...

തല്ല് ഒരു പ്രശ്ന പരിഹാരത്തിനുള്ള മാര്‍ഗ്ഗമായി പല സംഘടനകളും വ്യക്തികളും ഉപയോകിച്ചു വരുന്ന ഒരു രീതിയാണ് പക്ഷേ എതിരാളികളും പ്രധിരോധത്തിനു വേണ്ടി തിരിച്ചു തല്ലി തുടങ്ങിയാല്‍ പ്രശനപരിഹാരം സങ്കീര്‍ണമാകും.
എതിരാളികളില്‍ ഭയം ഉണ്ടാക്കി അനുസരിപ്പിക്കുക എന്നതാണ് തല്ല് കൊണ്ട് ഉദ്ദേശിക്കുന്നത്. ഭാര്യ ഭാര്താകന്മാരിടയില്‍ തല്ല് ഒരു പ്രശ്നപരിഹാരമാഗ്ഗമല്ല എന്ന് തന്നെയാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഭയപെടുത്തി പെണ്ണിന്റെ കൈയിലിരിപ്പ് ശരിയാക്കാന്‍ പറ്റും എന്ന് തോന്നുന്നില്ല. പെണ്ണുങ്ങളെ തല്ലുന്നത് ആണത്തത്തിന്റെലക്ഷണം ആണോ എന്നറിയില്ല, ആണുങ്ങലായാല്‍ പെണ്ണുങ്ങളെ തല്ലും എന്ന് സാമാന്യമായി പറയാന്‍ കഴിയില്ല.

മാഡത്തിന്റെ ഈ പോസ്റ്റും ഒറ്റപെട്ട ഒരു സംഭവത്തെ പിടിച്ചു മുഴുവന്‍ ആണുങ്ങളും ഇങ്ങിനെയാണ് എന്നുള്ള ഒരു ധ്വനി ഉണ്ടാക്കിയിട്ടുണ്ട്.

എന്തായാലും ആശംസകള്‍.

ഷാജി ഖത്തര്‍.

Anila Balakrishnan said...

നമ്മുടെ സിനിമകള്‍ പോലും ഇതേ സന്ദേശം സമൂഹത്തില്‍ വിതറുമ്പോള്‍, അങ്ങനെ ഒരാള്‍ ധരിക്കുക സ്വാഭാവികമല്ലേ. സ്ത്രീകള്‍ തന്നെ പറയണം, അത് നിങ്ങളുടെ അവകാശമല്ല എന്ന്, ഒരിക്കല്‍ മാറാതിരിക്കില്ല എന്ന് പ്രതീക്ഷിക്കാം.

മാളൂ said...

"ആണുങ്ങളായാല്‍ പെണ്ണുങ്ങളെ തല്ലും." തിരിച്ച് പെണ്ണുങ്ങളും ഒന്നു തല്ലിയാലോ?
കൊള്ളുമോ? കായികശേഷി കൊണ്ട് അടിച്ചു ജയിക്കാം എന്നുള്ള വിചാരം ഒരിക്കലും ശരിയല്ല
ഒരു പുരുഷനേക്കാള്‍ ശരീര ബലം കുറവാണെങ്കിലും അതിന്റെ ഇരട്ടി അധ്വാനിക്കന്ന വരാണ് സ്തീകള്‍. കണ്ണുമടച്ച് ആണുങ്ങള്‍ പറയുന്ന എന്തും അംഗീകരിക്കണം അനുസരിക്കണം എന്നു പറയുന്നത് ശുദ്ധാസംബന്ധമാണ്. എന്നു ആണ് സ്വതന്ത്രഭാരതത്തില്‍ സ്ത്രീക്ക് സ്വാതന്ത്രവും നീതിയും ലഭിക്കുക?

VINAYA N.A said...

തിരിച്ച്‌ പ്രതികരിച്ചു തുടങ്ങുമ്പോള്‍.ഇക്കഴിഞ്ഞ ഞായറാഴ്‌ച രാത്രി പത്തുമണിക്ക്‌ എന്നെ വിളിച്ച്‌ ഒരു സ്‌ത്രീ ഒരു സംശയം ചോദിച്ചു.ഉച്ചയോടെ കള്ളും കുടിച്ച്‌ വീട്ടില്‍ കയറിവന്ന്‌ തന്നേയും മകളേയും കണ്ടമാനം ഉപദ്രവിച്ച്‌ സുഖമായി കിടന്നുറങ്ങുന്ന ഭര്‍ത്താവിന്റെ തലയിലേക്ക്‌ ഒരു കുടം പച്ചവെള്ളം കമഴ്‌ത്തി മുറി പുറത്തുനിന്നും പൂട്ടിയിട്ടു എന്നും ഇപ്പോ ഒച്ചപ്പാടൊന്നും കേക്കുന്നില്ല ചത്തെങ്ങാന്‍ പോകുമോ....... എന്ന്‌ .രണ്ടു ദിവസം മുമ്പ്‌ ഞാനവരെ രണ്ടുപേരേയും ഒരുമിച്ചു കണ്ടപ്പോ അവരോടായി പതുക്കെ ഞാന്‍ ചോദിച്ചു ഇപ്പം ലഹളയൊന്നുമില്ലേ....... ഇല്ല സാറേ അന്നത്തെ മരുന്ന്‌ ശരിക്കും ഏറ്റു ഇപ്പം നല്ല പേടിയുണ്ട്‌ എന്നെന്നോട്‌ അടക്കം പറഞ്ഞു.ഉപദ്രവത്തിന്‌ തിരിച്ച്‌ സ്വസ്ഥതകെടുത്തുക എന്ന പ്രധിവിധിയല്ലാതെ കുടുംബ ജീവിതത്തില്‍ മറ്റൊരു നിര്‍വ്വാഹവുമില്ല.അപ്പോള്‍ വീണ്ടും സമാധാനം ഇല്ലാതായോലോ എന്നതാണ്‌ സംശയമെങ്കില്‍.... എന്തായാലും മനസമാധാനമില്ല എങ്കില്‍ പിന്നെ സംതൃപ്‌തിയുള്ള മനസമാധാനമില്ലായ്‌മ തന്നെ തിരഞ്ഞെടുക്കാലോ.......മാളൂ