Thursday, February 25, 2010

കുണ്ടപേറണം......................

കുണ്ടപേറണം......................
പുലര്‍ച്ചെ മൂന്നുമണിക്ക്‌ ഡ്യൂട്ടി കഴിഞ്ഞ ഉടനെ ഞാനെന്റെ ബൈക്കെടുത്ത്‌ വീട്ടിലേക്ക്‌ തിരിച്ചു.കിട്ടുന്ന എട്ടു മണിക്കൂര്‍ റെസ്റ്റില്‍ കുട്ടികളുടെ അടുത്തെത്താമല്ലോ എന്ന ചിന്തയാണ്‌ ഒന്നര മണിക്കൂര്‍ ബൈക്കോടിച്ച്‌ വീട്ടിലേക്കോടാന്‍ എന്നെ നിര്‍ബന്ധിച്ചത്‌.യാത്രക്കിടയിലാണ്‌ അതേ റൂട്ടില്‍ തന്നെ വീടുള്ള സഹപ്രവര്‍ത്തകയെ വിളിക്കാന്‍ മറന്നുപോയ കാര്യം ഓര്‍ക്കുന്നത്‌. പിറ്റേന്ന്‌ (അന്നു തന്നെ) അവരെ കണ്ടപ്പോള്‍ ............ പോകുമ്പോള്‍ വിളിക്കാന്‍ മറന്നുപോയി...എന്ന്‌ ഒരു കുറ്റബോധത്തോടെ ഞാന്‍ പറഞ്ഞപ്പോള്‍ അവരുടെ മറുപടി ഇപ്രകാരമായിരുന്നു.` സാറേ.................. ഞാനറഞ്ഞിരുന്നു സാറ്‌ പോകുന്നതൊക്കെ എന്തിനാപ്പം വീട്ടീ പോയിട്ട്‌ എന്തായാലും ഒറങ്ങാന്‍ പറ്റില്ല.പിന്നെ വെറുതെ പോയി കുണ്ട പേറാനോ.ഇവിടെത്തന്നെ ഇരുന്നതുകൊണ്ട്‌ മനസമാധാനത്തോടെ ഉറങ്ങി.ഭക്ഷണം കഴിച്ചു.കുളിച്ചു.അതുകൊണ്ടെന്താ നല്ല ഫ്രഷായി ഡ്യൂട്ടി ചെയ്യാം.സാറിനെന്ത്‌ റെസ്റ്റാ കിട്ടിയത്‌ ? സാറിന്‌ പിന്നൊന്നുമല്ലെങ്കിലും സ്വന്തം വീടാ....എനിക്കതുപോലല്ല തറവാടാ..ഇത്ര കഷ്ടപ്പെട്ട്‌ അവടെച്ചെന്ന്‌ നൂറ്‌ കുറ്റോം കേട്ട്‌ തിരിച്ചിങ്ങോട്ടോടണം.ആദ്യമൊക്കെ ഞാന്‍ ഇതുപോലെ ഡ്യൂട്ടി റെസ്റ്റില്‍ വീട്ടിലേക്കോടുമായിരുന്നു.ചെയ്‌ത ഡ്യൂട്ടിക്ക്‌ അനുവദിക്കുന്ന റെസ്‌റ്റ്‌ ചെയ്‌ത ഡ്യൂട്ടിയുടെ ക്ഷീണം തീര്‍ക്കാന്‍ തന്നെ ഉപയോഗിക്കണം സാറേ.......................` ഒരു തത്വചിന്തകയുടെ ഭാവത്തോടെ അത്രയും പറഞ്ഞ്‌ ലത്തിയുമെടുത്ത്‌ സാവധാനം ഡ്യൂട്ടിക്കായി അവള്‍ പുറത്തേക്കുപോയി.തിരക്കിട്ട്‌ യൂണിഫോം ധരിച്ച്‌ ഓടിക്കിതച്ച്‌ ഞാനും അവള്‍ക്കൊപ്പം കൃത്യ സമയത്തു തന്നെ ഡ്യൂട്ടിക്കെത്തി.

4 comments:

Unknown said...

മാഡം ഒരു സംശയം ,എന്താണ് കുണ്ടപേറണം എന്ന് വെച്ചാല്‍ അര്‍ത്ഥം.ഞാന്‍ ആദ്യമായിട്ടാണ് ഈ വാക്കു കേള്‍ക്കുന്നത്.

ഷാജി ഖത്തര്‍.

VINAYA N.A said...

ഷാജീ....
വിഴുപ്പലക്കുക, കാര്യമില്ലാതെ അടുക്കളപ്പണിയെടുക്കുക , അങ്ങനെ പലതും . സാഹചര്യവും പറയുന്ന ആളുടെ ഭാവവും നോക്കി അര്‍ത്ഥം വ്യാഖ്യാനിച്ചെടുക്കണം.അപ്പോഴത്തെ സാഹചര്യത്തില്‍ അവര്‍ അര്‍ത്ഥമാക്കിയത്‌ മുകളില്‍ പറഞ്ഞവതന്നെയാണ്‌.

നന്ദന said...

ഈ കുണ്ട പേറാതിരിക്കുന്നതാണ് നല്ലത്.

മാണിക്യം said...

ഇവിടെ വിനയയുടെ സഹ പ്രവര്‍ത്തക പറഞ്ഞതില്‍ കാര്യമുണ്ട്! സ്വന്തം ആരോഗ്യം നോക്കിയാല്‍ സ്ത്രീകള്‍ക്കു കൊള്ളാം ... “ചെയ്‌ത ഡ്യൂട്ടിക്ക്‌ അനുവദിക്കുന്ന റെസ്‌റ്റ്‌ ചെയ്‌ത ഡ്യൂട്ടിയുടെ ക്ഷീണം തീര്‍ക്കാന്‍ തന്നെ ഉപയോഗിക്കണം സാറേ..................” ആദ്യമായി പ്രായോഗിക ബുദ്ധിയുള്ള ഒരു സ്ത്രീ ശബ്ദം കേട്ടു...