Saturday, April 24, 2010
വര നിയമം
എന്റെ വിവാഹം കഴിഞ്ഞ് അഞ്ചാം നാള് രാത്രിയില്‍ അമ്മയും നാത്തൂനും ദാസേട്ടനും കൂടി കാര്യമായ ചര്‍ച്ചയിലാണ്.തറവാട്ടിലെ ആണുങ്ങള് എങ്ങനെയായിരിക്കണം എന്നതാണ് വിഷയം.
"രാജനെ കണ്ടില്ലേ................. ഓന് വരച്ച വരേമ്മല് നിര്‍ത്തും ഓള....(അവളെ),കൃഷ്ണന്റെ കാര്യെന്താ മോശാ.... നെലക്ക് നിന്നില്ലേല് ഓള് വിവരറിയും.ഇവിടുത്തെ പെങ്കുട്ടികള് ഭര്ത്താക്കന്മാര് വരച്ച വരേന്റെ അപ്പറം കടക്കൂല................. "
ഏതോ സത്ക്കാരം കഴിഞ്ഞ് ക്ഷീണിച്ചെത്തി കുളി കഴിഞ്ഞ് കിടക്കാന്‍ തുടങ്ങവേയാണ് ചര്‍ച്ച.ക്ഷീണം കാരണം ഞാന്‍ ആരേയും തന്നെ കാര്യമായി ഗൗനിക്കാതെ കിടന്നു.എന്റെ കട്ടിലിന്റെ കാല് ഭാഗം അറ്റത്തയി്ട്ടാണ് ദാസേട്ടന്‍ഇരുന്നിരുന്നത്.അമ്മയും നാത്തൂനും തൊട്ടടുത്ത മുറിയിലെ കട്ടിലിന്റെ അറ്റത്തും.കാഴ്ചയിലും പെരുമാറ്റത്തിലും അല്പം തന്റേടിയായ എനിക്കുള്ള മുന്നറിയിപ്പാണത് എന്നു മനസ്സിലാക്കാന്‍ പ്രത്യേകിച്ച് ചിന്തിക്കേണ്ട ആവശ്യമില്ലായിരുന്നു.പുതക്കാനായി കാല് ഭാഗത്ത് മടക്കിയിട്ടിരുന്ന കമ്പിളി എടുക്കാനെന്നവണ്ണം എഴുന്നേറ്റ് ആ കമ്പിളി നിവര്‍ത്തികൊണ്ട് തെല്ലുച്ചത്തില്‍ തന്നെ പറഞ്ഞു
"അമ്മേ വര നിയമം ഒന്നും ഇനിയും മാറ്റണ്ട ഒരു ചെറിയ വ്യത്യാസം മാത്രം ഞാന്‍ നില്ക്കുന്നിടത്തൊക്കെവന്ന് ദാസേട്ടന് വരക്കണം " കമ്പിളിയുടെ മടക്കുകള്‍ നിവര്‍ത്തി സുഖമായി പുതച്ച് ഞാന്‍ കിടന്നു. ചര്‍ച്ചയുടെ ഒഴുക്ക് പെട്ടന്ന് മുറിഞ്ഞു.കല്ല്യാണച്ചിലവും , വരാത്ത ആളുകളുടെ പേരുകളും അങ്ങിനെ പലതും പറഞ്ഞ് രണ്ടു മിനിട്ടുകൊണ്ട് ആ സംഭാഷണം അവസാനിപ്പിച്ച് എല്ലാവരും കിടന്നു.
Friday, April 9, 2010
പര്‍ദ്ദകള്‍ വാടകക്ക്
പര്‍ദ്ദകള്‍ വാടകക്ക്
സുഹൃത്തിനോടൊപ്പം മുംബെ കാണാനായി പോയതായിരുന്നു.തിരക്കേറിയ വാശി റയില്‍വേസ്റ്റേഷനിലെ കാഴ്ചകള്‍ കണ്ടുകൊണ്ട് ഒരു ബെഞ്ചില്‍ ഞങ്ങള്‍ ഇരുന്നു. രണ്ടു സ്ത്രീകള്‍ വളരെ സാവധാനം ഞങ്ങള്‍ക്കരികിലായി ഇരുന്നു.അവരുടെ രണ്ടു പേരുടെ കൈയ്യിലും ഓരോ സ്യൂട്ട്കേയ്സ് ഉണ്ടായിരുന്നു.കാഴ്ചയില്‍ അമ്മയും മകളുമാണെന്ന് തോന്നുന്ന അവര്‍ സാരിയും ചുരിതാറുമാണ് ധരിച്ചിരുന്നത് . അവരേറെ ആഹ്ലാദഭരിതരായിരുന്നു.ശബ്ദം കൂട്ടിയും കുറച്ചും സംസാരിച്ചും ഇടക്കൊക്കെ പൊട്ടിച്ചിരിച്ചുകൊണ്ടുമാണ് അവര്‍ ഞങ്ങളുടെ അടുത്തെത്തിയത്.വന്നയുടനെ അവര്‍ രണ്ടുപേരും സംസാരിച്ചുകൊണ്ടു തന്നെ സ്യൂട്ട്കെയ്സിന്റെ സിബ്ബ് തുറന്ന് അതില്‍ വെച്ചിരുന്ന പര്‍ദ്ദയെടുത്തു.ശേഷം യാതൊരു വിധ സങ്കോചവും കൂടാതെ കണ്ണൊഴികെ ബാക്കി ഭാഗങ്ങള്‍ മറച്ചു. പിന്നീടവര്‍ മറ്റു രണ്ടു വ്യക്തികളായി അവിടെ നിന്നും നടന്നു നീങ്ങി.ഈ കാഴ്ച എന്നെ അത്ഭുതപ്പെടുത്തി.എന്റെ അത്ഭുതം ഞാന്‍ സുഹൃത്തിനെ അറിയിച്ചപ്പോള്‍ അവര്‍ വളരെ നിസ്സാരമായി പറഞ്ഞു " മാഡം ഇതൊക്കെ ഇവിടെ പതിവാ.................... അവര്‍ വല്ല ബന്ധുവീട്ടിലും പോകുകയായിരിക്കും.അവരുടെ കണ്ണില്‍ പൊടിയിടാനാ.............. ഒരു പര്‍ദ്ദയുടെ ഇരട്ടി വിലകൊടുത്താല്‍ പര്‍ദ്ദകള്‍ വാടകക്ക് കിട്ടുന്ന അനവധി കടകളിവിടുണ്ട്.മടക്കികൊടുക്കുമ്പോള്‍ പകുതി വില തിരിച്ചുകൊടുക്കും" അവര്‍ നിസ്സാരമട്ടില്‍ പറഞ്ഞു.
Thursday, April 1, 2010
അതിനെന്താ കുടുംബശ്രീയില്ലേ............
അതിനെന്താ കുടുംബശ്രീയില്ലേ............
പോലീസ് പൊതുജന സൗഹൃദസദസിലേക്ക് പഞ്ചായത്ത് പ്രസിഡണ്ടിനെ ക്ഷണിക്കാനും പഞ്ചായത്തിന്റെ സഹകരണം ഉറപ്പുവരുത്താനുമായി പോലീസ് അസോസിയേഷന്റെ ഭാരവാഹികളൊപ്പം പോയതായിരുന്നു.പോലീസ് അസോസിയേഷന്റെ സെക്രട്ടറി പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രസിഡണ്ടിനെ ക്ഷണിച്ചതിനു ശേഷം പറഞ്ഞു
" പ്രസിഡണ്ടേ........... ഇത് നമ്മുടെ പരിപാടിയാണ്.അതുകൊണ്ട്തന്നെ ഇത് വിജയിപ്പിക്കേണ്ടതും നമ്മളാണ്.മന്ത്രിയും, എംപിയും, എം എല്‍ എ യും എല്ലാം പങ്കെടുക്കുന്ന പ്രോഗ്രാമാണ് നല്ല ഓഡിയന്‍സ് ഉണ്ടായിരിക്കണം " സെക്രട്ടറി പറഞ്ഞു തീര്‍ന്നില്ല പ്രസിഡണ്ട് ഗൗരവത്തോടെ പറഞ്ഞു
" അതിനെന്താ കുടുംബശ്രീ ഇല്ലേ................. പഞ്ചായത്തില്‍ 250 കുടുംബശ്രീയുണ്ട്.ഒരാളുവീതം വന്നാലും 250 പേരായില്ലേ. നിര്‍ബന്ധമായും പങ്കെടുക്കാന്‍ ഞാന്‍ പറയാം" .കാര്യകാരണങ്ങളറിയാതെ ഏതു പദ്ധതികളും മീറ്റിംഗുകളും വിജയിപ്പിക്കാന്‍ വിധിക്കപ്പെട്ട കുടുബശ്രീയുടെ പങ്കാളിത്തം ഉറപ്പു വരുത്തി ഞങ്ങളും സന്തോഷത്തോടെ മടങ്ങി.