Friday, April 19, 2013


പോലീസിനു നന്ദി വര്‍ഷങ്ങളായി ഒരുമിച്ചു താമസിക്കുന്ന ലെസ്ബിയന്‍ കപ്പിള്‍സായിരുന്നു കീര്‍ത്തിയും ഗീതയും.ഗീത മാരകമായ അസുഖത്തെത്തുടര്‍ന്ന് കിടപ്പിലായി.ചികിത്സ നടത്തിയ വകയില്‍ കീര്‍ത്തിക്ക് ധാരാളം സാമ്പത്തിക ബാധ്യത ഏല്‍ക്കേണ്ടി വന്നു.ചികിത്സാചിലവിലേക്ക് ഗീതയുടെ കുടുംബസ്വത്തിന്റെ വിഹിതം വാങ്ങുന്നതിന് വേണ്ട സഹായം നല്‍കണം എന്ന ആവശ്യവുമായാണ് ഞാനും കീര്‍ത്തിയും ഒരു മാസംമുമ്പ് ആലത്തൂര്‍ (പാലക്കാട് ജില്ല) പോലീസ്സ്‌റ്റേഷനിലെത്തുന്നത്.സ്‌റ്റേഷനിലെത്തിയ ഞങ്ങള്‍ സ്‌റ്റേഷനിലെ അഡീഷണല്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ഹംസ സാറിനോട് കാര്യങ്ങള്‍ വിവരിച്ചു.30 വയസ്സില്‍ കൂടുതല്‍ പ്രായമള്ള ഗീതക്ക് കുടുംബസ്വത്തില്‍ അവകാശമുണ്ടെന്നും ഞാന്‍ അദ്ദേഹത്തെ ബോധിപ്പിച്ചു.വിവാഹത്തിന്റെ പരിധിയില്‍ വരാത്ത ബന്ധമായതുകൊണ്ട് കുടുംബ വിഹിതം ലഭിക്കാന്‍ സാധ്യതയില്ലെന്നും പാലക്കാട് ജില്ല യാഥാസ്തിതിക ചിന്താഗതി പുലര്‍ത്തുന്ന ഒരു ജില്ലയാണെന്നും പോലീസുകാര്‍ ഞങ്ങളെ ഓര്‍മ്മപ്പെടുത്തി. പോലീസ് സ്‌റ്റേഷന്‍ വരെ എത്തിയത് ചികിത്സാച്ചിലവ് മാത്രം ലക്ഷ്യംവെച്ചുകൊണ്ടായിരുന്നില്ല.ദിവസങ്ങള്‍ക്കുള്ളില്‍ ഗീത മരിക്കാനിടയുണ്ടെന്ന് അവളെ ചികിത്സിക്കുന്ന ഡോക്ടറില്‍ നിന്നും ഞാന്‍ നേരിട്ടു മനസ്സിലാക്കിയിരുന്നു.അങ്ങനെ സംഭവിച്ചാല്‍ മതിയായ ചികിത്സ നല്കിയില്ലെന്നാരോപിച്ച് ഒരുമിച്ചു ജീവിച്ചതിന്റെ പേരില്‍ മാത്രം കീര്‍ത്തിയുടെ പേരില്‍ കേസു കൊടുക്കുന്നതിനു പോലും സാധ്യതയുണ്ടെന്ന് എനിക്ക് തോന്നി.അതുകൊണ്ടു തന്നെ കുറച്ചു ദിവസമെങ്കിലും ഗീതയുടെ വീട്ടുകാര്‍ ഗീതയോടൊപ്പം കഴിയണമെന്നും അവള്‍ക്കുവേണ്ടി കീര്‍ത്തി എന്തെല്ലാം ചെയ്യുന്നുണ്ടന്ന് മനസ്സിലാക്കേണ്ടത് അനിവാര്യമാണെന്നും എനിക്കു തോന്നി.അമ്മയെ കാണണമെന്ന് ഇടക്കിടെ ഗീത മന്ത്രിക്കുന്നുണ്ടന്നും അമ്മയെ കണ്ടാല്‍ അവള്‍ക്കു ലഭിക്കുന്ന മനസ്സുഖമെങ്കിലും കൊടുക്കാന്‍ നമ്മുക്ക് കഴിയണമെന്നും നിസ്സഹായതയോടെ കീര്‍ത്തി എന്നോടാവശ്യപ്പെട്ടു. പോലീസിന് ഇക്കാര്യത്തില്‍ കാര്യമായി ഒന്നും ചെയ്യാനില്ലെന്ന് സി.ഐ യും ,എസ്.ഐ യും മറ്റു പോലീസുകാരും നിയമങ്ങള്‍ വ്യക്തമാക്കി ഞങ്ങളെ ബോധിപ്പിച്ചു.എങ്കിലും ഗീതയുടെ വീട്ടുകാരുമായി കഴിയും വിധം സംസാരിക്കാമെന്നും സി.ഐ വാക്കു തന്നു.ഉടനെതന്നെ അഡീഷണല്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ്ജീപ്പില്‍തന്നെ ഗീതയുടെ വീട്ടിലേക്കയച്ചു.ഞങ്ങള്‍ ശുഭ വാര്‍ത്ത പ്രതീക്ഷിച്ച് സ്റ്റേഷനില്‍ കാത്തിരുന്നു. മൂന്നു മണിക്കുറുകള്‍ക്കു ശേഷമാണ് അവര്‍ തിരിച്ചെത്തിയത്.ഗീതയുടെ വീട്ടുകാര്‍ ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ലെന്നും അവരുടെ സ്വത്തിനെപ്പറ്റി പരാതിപ്പെടാന്‍ കീര്‍ത്തിക്ക് നിയമപരമായി അവകാശമില്ലാത്തതിനാല്‍ ഗീതയെക്കൊണ്ടൊപ്പ് രേഖപ്പെടുത്തിയ ഒരു പരാതി നല്കിയാല്‍ നിയമപരമായി എങ്ങനെ സമീപിക്കാമെന്നറിയിക്കാമെന്നും അവര്‍ പറഞ്ഞു.തീര്‍ത്തും നിരാശ്ശരായി ഞങ്ങള്‍ സ്റ്റേഷനില്‍ നിന്നും ഇറങ്ങി. ഇറങ്ങുന്ന സമയംഈ വിവരം മനസ്സിലാക്കിയ സ്റ്റേഷനിലെ എല്ലാ പോലീസുകാരിലും കടുത്ത വിഷമാവസ്ഥ പ്രകടിതമായി.ഞങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് നിങ്ങള്‍ കരുതരുത് ഗീതയുടെ അമ്മക്കും അച്ഛനും കൂടപ്പിറപ്പുകള്‍ക്കും നല്ലപോലെ മനസ്താപമുണ്ടാക്കുംവിധം ഞങ്ങളോരോരുത്തരും സംസാരിച്ചിട്ടുണ്ട്,തീര്‍ച്ചയായും നാലു ദിവസത്തിനുള്ളില്‍ അവരുടെ വീട്ടുകാര്‍ അവിടെത്തും എന്നു പറഞ്ഞ് ഹംസസാര്‍ ഞങ്ങള്‍ക്ക് നേരിയ പ്രതീക്ഷ നല്കി. തികച്ചും നിരാശരായിട്ടാണ് ഞാനും കീര്‍ത്തിയും അവിടെ നിന്നും മടങ്ങിയത്. സ്വന്തമായ് കൈ ചലിപ്പിക്കാന്‍ പോലും ത്രാണിയില്ലാത്ത ആ കുട്ടിയെക്കൊണ്ട് കാര്യങ്ങള്‍ മനസ്സിലാക്കി ഒപ്പിടീക്കുക എന്നത് ഒവളെ കൂടുതല്‍ വിഷമിപ്പിക്കുന്നതുകൊണ്ട് അതുവേണ്ടെന്നുള്ള കീര്‍ത്തിയുടെ നിലപാട് എനിക്കംഗീകരിക്കേണ്ടി വന്നു. പോലീസ് സ്‌റ്റേഷനില്‍ പോയതിന്റെ മൂന്നാം ദിവസം യാതൊരു സമ്മര്‍ദ്ദവുമില്ലാതെ ഗീതയുടെ അമ്മ വന്നു. തുടര്‍ന്ന് വീട്ടുകാരെല്ലാവരും. ഒരു മാസത്തോളം അമ്മ അവളുടെ അടുക്കലുണ്ടായിരുന്നു.കീര്‍ത്തി എത്രത്തോളം ഗീതയെ പരചരിച്ചു പരിചരിക്കുന്നുണ്ട്,എന്തെല്ലാം ചികിത്സകള്‍ അവര്‍ക്കായ് നടത്തി എന്നതെല്ലാം ഗീതയുടെ വീട്ടുകാര്‍ക്ക് ബോധ്യപ്പെടാന്‍ ഈ സാന്നിധ്യം കാരണമായി. രണ്ടു നാള്‍ മുമ്പ് ഗീത മരിച്ചു.ഗീതയുടെ അച്ഛനും അമ്മയും കീര്‍ത്തിയോട് സ്‌നേഹം പ്രകടിപ്പിക്കുന്നതും അവര്‍ പരസ്പരം സമാധാനിപ്പിക്കുന്നതും ഏറെ മനസ്സമാധാനത്തോടെ ഞാന്‍ നിരീക്ഷിച്ചു. ഒരു വ്യക്തിക്കെതിരെ ഒരു സമൂഹംതന്നെ പടവാളെടുക്കുമായിരുന്ന ഈ സംഭവം പോലീസിന്റെ സമയോചിതവും മനുഷ്യത്വ പരവുമായ ഇടപെടല്‍ നിമിത്തം ഇല്ലാതായി.

Tuesday, April 16, 2013

ആണും പെണ്ണും ഒന്നിച്ചു കുളിച്ചാല്‍ തൃശ്ശൂര്‍ പോലീസ് അക്കാദമിയുടെ അധീനതയില്‍ വിശാലമായ ഒരു നീന്തല്‍ കുളമുണ്ട്. ഈയിടെ അവിടെ നീന്തല്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. നീന്തല്‍ പരിശീലനത്തിന് നിശ്ചിത ഫീസ് അടച്ചതിന്റെ അടിസ്ഥാനത്തില്‍ ഞാനും നീന്തുന്നതിനായി പോയി.ഭര്‍ത്താവുള്‍പ്പെടെയുള്ള പുരുഷന്മാരോടൊപ്പം നീന്തുന്നതിനുതകുന്ന മാന്യമായ വസ്ത്രം ധരിച്ചാണ് ഞാന്‍ നീന്തിയത്.എങ്കിലും ഞാന്‍ നീന്തല്‍ കുളത്തില്‍ നിന്നും മേലുദ്യോഗസ്ഥരാല്‍ ആട്ടിയോടിക്കപ്പെട്ടു.(എന്നോടൊപ്പം സ്ത്രീ വര്‍ഗ്ഗം തന്നെ) സ്തീകള്‍ക്കായി അനുവദിച്ച സമയങ്ങളില്‍ പുരുഷന്മാര്‍ നീന്തുവാന്‍ പാടില്ല എന്നതുമാത്രമാണ് അപേക്ഷാ ഫോമിലെ നിബന്ധന.ആണുങ്ങള്‍ക്കു മാത്രമായി ഒരു സമയം അപേക്ഷാ ഫോമിലെവിടേയും രേഖപ്പെടുത്തിയിരുന്നില്ല. മാന്യമായ ഇത്തരം നിബന്ധനകള്‍ സൗകര്യപൂര്‍വ്വം പുരുഷന്‍ തന്റെ അധികാരം സ്ഥാപിക്കുന്നതിനായി ഉപയോഗിക്കുന്നു. (ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് വേണ്ടത്ര അവഗാഹമില്ലാത്തതുകൊണ്ടുമാത്രം സംഭവിക്കുന്ന ഒന്നാണ് ഇത്തരം വേര്‍തിരിക്കല്‍) അപേക്ഷാ ഫോമിലെ നിബന്ധനകളില്‍ സ്ത്രീയെ മാറ്റി നിര്‍ത്തിയതായി പറയുന്നില്ലെങ്കിലും നിബന്ധന അധികാരികളോട് ചോദിച്ച് മനസിലാക്കിയപ്പോള്‍ പുരുഷന്മാര്‍ക്ക് രാവിലെ ആറര മണിമുതല്‍ രാവിലെ എട്ടു മണി വരേയും സ്ത്രീകള്‍ക്ക് രാവിലെ പത്തര മണി മുതല്‍ പതിനൊന്നര മണി വരേയുമാണ് സമയം ക്ലിപ്തപ്പെടുത്തിയത.(എന്തായാലും എല്ലാ ദിവസവും ലീവെടുത്ത് നീന്താനൊക്കില്ല എന്ന കാരണത്താല്‍ പെണ്‍ പോലീസുകാരും പൊരി വെയിലില്‍ വെള്ളത്തിലിറങ്ങി അസുഖം വരുത്താല്‍ മറ്റു സ്ത്രീകളും തയ്യാറാകാത്തതിനാല്‍ ആണ്‍ പരിശീലകരുടെ എണ്ണം 100 ല്‍ കൂടുമ്പോള്‍ സ്ത്രീ പരിശീലകരുടെ എണ്ണം പതിനഞ്ചില്‍ കുറവുമാത്രം.(എന്ത് സൗകര്യ, കൊടുത്തിട്ടും കാര്യമില്ല സ്ത്രീകള്‍ മുന്നോട്ടു വരില്ല എന്ന് നാളെ ഘോരഘോരം സംസാരിക്കണമെങ്കില്‍ ഇത്തരം തന്ത്രങ്ങള്‍ പ്രയോഗിക്കുക തന്നെ വേണമല്ലോ.) എന്താണ് ആണും പെണ്ണും ഒന്നിച്ച് നീന്തിയാല്‍ എന്ന എന്റെ ചോദ്യത്തിന് ആണ്‍ മേലുദ്യോഗസ്ഥരില്‍ നിന്നും ആണ്‍ സംഘടനാ ഭാരവാഹികളില്‍ നിന്നും ആണ്‍ സുഹൃത്തുക്കളില്‍ നിന്നും പെണ്‍ സുഹൃത്തുക്കള്ല്‍ നിന്നും ലഭിച്ച ഉത്തരങ്ങള്‍ ഇപ്രകാരമാണ്. 1 അറിയാതെങ്ങാന്‍ സ്ത്രീകളെ ഒന്നു തൊട്ടുപോയാല്‍ നാളെ അത് പരാതിയാകും ആവശ്യമില്ലാതെ അക്കാദമിക്ക് ചീത്തപ്പേരുണ്ടാകും. 2 രണ്ടു വയസ്സുള്ള കുട്ടി വരെ പീഢിപ്പിക്കപ്പെടുന്ന കാലമാണ്.സൂക്ഷിക്കുക തന്നെ വേണം 3 ഭര്‍ത്താവിന്റെ നഗ്നത അന്യസ്ത്രീകള്‍ കാണുന്നതും ഭാര്യയുടെ നഗ്നത അന്യ പുരുഷന്‍കാണുന്നതും 99.99 % ഭാര്യാഭര്‍ത്താക്കന്മാരും ഇഷ്ടപ്പെടു0ന്നില്ല.(സര്‍വ്വേ നടത്തിയതിന്റെ അടിസ്ഥാനത്തിലാണോ എന്തോ) 4 ആണുങ്ങള്‍ക്ക സ്ത്രീ നഗ്നത കണ്ടാല്‍ സ്ഖലനം സംഭവിച്ചുപോകും(കുളം വൃത്തികേടാകും) നിയമവും സാഹചര്യങ്ങളും പുരുഷന് ജന്മം കൊണ്ടും സ്ത്രീക്കത് കോടതിയിലും സാധ്യമാകുന്ന സാമൂഹികാവസ്ഥക്ക് മാറ്റം വരിക തന്നെ വേണം. വരും തലമുറയെ എങ്കിലും ഈ ആട്ടിപ്പായിക്കലില്‍ നിന്നും മുക്തരാക്കണം.

Tuesday, April 2, 2013


അടുക്കള പെണ്ണിന്റേതല്ല ഗണേശ് യാമിനി പ്രശ്‌നത്തോടനുബന്ധിച്ച് ഗണേശ് നടത്തിയ പത്രസമ്മേളനത്തില്‍ തനിക്ക്ിതുവരെ യാമിനി ഭക്ഷണം വെച്ചുതന്നിട്ടില്ല എന്നു പറയുന്നുണ്ട് പെണ്ണ് ഡോക്ടറായാലും,കലക്ടറായാലും,കണ്ടക്ടറായാലും അടുക്കളയില്‍ കയറണമെന്ന ആണിന്റെ പരമ്പരാഗത മനോഭാവം മാത്രമാണീ വാക്കുകള്‍ വ്യക്തമാക്കുന്നത്.ഈ മനോഗതം ആണില്‍ നിന്നും വേരോടെ പറിച്ചെറിയുകതന്നെ വേണം. പെണ്‍കുട്ടികള്‍ പരമ്പരാഗത ശീലങ്ങള്‍ ഉപേക്ഷിക്കുകയും പുതിയ ശീലങ്ങള്‍ ആരംഭിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.ഇന്നലെ ചെയ്‌തോരബന്ധം മര്‍ത്ത്യനിന്നത്തെ ആചാരമാകാം നാളത്തെ ശാസ്ത്രവുമാകാം എന്ന് മഹാകവി കുമാരനാശാന്‍ പാടിയത് സ്ത്രീകളും അടുക്കളയുമായുള്ള പരമ്പരാഗത ബന്ധത്തെ ഓര്‍ത്തുകൊണ്ടാകാം.സ്ത്രീകളുടെ കൈകളില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് രുചികൂട്ടുന്ന ഹോര്‍മ്മോണുകളോ കരിക്കലം തേച്ചുമിനുക്കുന്നതിനുള്ള കെമിക്കലുകളോ വിസര്‍ജ്ജിക്കുന്നില്ല.പിന്നെന്തിനവള്‍ എക്കാലവും തന്റേതെന്നും പറഞ്ഞ് ആത്മാഭിമാനം ഹനിച്ച് നിര്‍ല്ലോഭം കുറ്റപ്പെടുത്തലുകള്‍ എറ്റുവാങ്ങാനായി അടുക്കളപ്പണികള്‍ തുടരണം.അടുക്കള ആണിന്റേതേല്ലെന്ന കുത്തകയായ ആണ്‍ചിന്തക്ക് കൊടുക്കാവുന്ന ഏറ്റവും ശക്തമായ ഒരു ആഘാതം തന്നെയായിരിക്കും പെണ്ണു നടത്തുന്ന ഈ മാനസീക സമരപ്രഖ്യാപനം. ഓരോ പെണ്‍കുട്ടിയും ഇത്തരം ഒരു മാനസീകാവസ്ഥ സൃഷ്ടിച്ചെടുക്കണമെങ്കില്‍ നിലവിലിന്നുവരെ താന്‍ കണ്ടും പരിചരിച്ചും ശീലിച്ചു പാലിച്ചു വന്ന അടുക്കള സങ്കല്‍പ്പങ്ങളെല്ലാം തച്ചുടച്ചുകളയുക തന്നെ വേണം.രാവിലെ എണീറ്റ് അടുക്കളപ്പണിയില്‍ അമ്മയെ സഹായിക്കുക എന്നത് മനപ്പൂര്‍വ്വം തലമുറകള്‍ കൈമാറിക്കിട്ടിയ കഴുകിക്കളയാവുന്ന ഒരു അടിമത്തക്കറ മാത്രമാണ്. കൃത്യമായി ഒരു മണിക്കൂര്‍ വീട്ടിലെ അടുക്കള സ്പര്‍ശിക്കാതെ ഏതെങ്കിലും ജോലിയില്‍ ഏര്‍പ്പെടുന്നതിന് ബോധപൂര്‍വ്വം പെണ്‍കുട്ടികള്‍ തയ്യാറാകുക തന്നെവേണം.പച്ചക്കറിത്തോട്ടം നിര്‍മ്മിക്കുക,ചെടി പരിചരണം,വാഹനം കുളിപ്പിക്കുക.,തുണികള്‍ ഇസ്തിരിയിടുക,അങ്ങനെയെന്തെങ്കിലും ജോലിയില്‍ ഏര്‍പ്പെട്ടുകൊണ്ട് പെണ്‍കുട്ടികള്‍ അടുക്കളയില്‍ നിന്ന് പിന്‍വാങ്ങേണ്ടത് വരും തലമുറക്കു വേണ്ടി ചെയ്യേണ്ട ഒരു ദൗത്യമായിതന്നെ കാണേണ്ടതുണ്ട്. നല്ലോണം വെക്കാനും വെളമ്പാനും അറിയണം എന്നതാണ് ഒരു പെണ്‍കുട്ടിയുടെ അടിസ്ഥാനയോഗ്യതയായി പണ്ടുള്ള കാരണവന്മാര്‍ പറഞ്ഞിരുന്നത്.(ഇപ്പോഴും തുടരുന്നതും) .തലമുറകള്‍ കഴിഞ്ഞിട്ടും ഈ ചിന്താഗതിയില്‍ മാറ്റമൊന്നുമുണ്ടായിട്ല്ല.ചായ വെക്കാന്‍ കൂടി അവള്‍ക്കറിയില്ലെന്നു പറയുന്നതും അടുക്കള അവളുടേതുതന്നെ എന്നുറപ്പിക്കുന്ന വിശേഷണങ്ങള്‍ മാത്രമേയാകുന്നുള്ളൂ.വീടു നോക്കുക എന്നത് പെണ്ണിന്റെ കടമയായി നിലനിര്‍ത്തുക എന്നത് ഒരു ആണ്‍ കൗശലമാണെന്ന് ഓരോ പെണ്ണും തിരിച്ചറിയേണ്ടതുണ്ട്. കാലം കഴിയുമ്പോള്‍ ഒരാണും അടുക്കള സഹതാപം പിടിച്ചു പറ്റാതിരിക്കാന്‍ സ്തീകള്‍ മനപ്പൂര്‍വ്വം അടുക്കളചിന്തകള്‍ തന്നില്‍ നിന്നും അകറ്റുക തന്നെ വേണം.