പോലീസിനു നന്ദി
വര്‍ഷങ്ങളായി ഒരുമിച്ചു താമസിക്കുന്ന ലെസ്ബിയന്‍ കപ്പിള്‍സായിരുന്നു കീര്‍ത്തിയും ഗീതയും.ഗീത മാരകമായ അസുഖത്തെത്തുടര്‍ന്ന് കിടപ്പിലായി.ചികിത്സ നടത്തിയ വകയില്‍ കീര്‍ത്തിക്ക് ധാരാളം സാമ്പത്തിക ബാധ്യത ഏല്‍ക്കേണ്ടി വന്നു.ചികിത്സാചിലവിലേക്ക് ഗീതയുടെ കുടുംബസ്വത്തിന്റെ വിഹിതം വാങ്ങുന്നതിന് വേണ്ട സഹായം നല്‍കണം എന്ന ആവശ്യവുമായാണ് ഞാനും കീര്‍ത്തിയും ഒരു മാസംമുമ്പ് ആലത്തൂര്‍ (പാലക്കാട് ജില്ല)
പോലീസ്സ്റ്റേഷനിലെത്തുന്നത്.സ്റ്റേഷനിലെത്തിയ ഞങ്ങള്‍ സ്റ്റേഷനിലെ അഡീഷണല്‍ സബ്ബ് ഇന്‍സ്പെക്ടര്‍ ഹംസ സാറിനോട് കാര്യങ്ങള്‍ വിവരിച്ചു.30 വയസ്സില്‍ കൂടുതല്‍ പ്രായമള്ള ഗീതക്ക് കുടുംബസ്വത്തില്‍ അവകാശമുണ്ടെന്നും ഞാന്‍ അദ്ദേഹത്തെ ബോധിപ്പിച്ചു.വിവാഹത്തിന്റെ പരിധിയില്‍ വരാത്ത ബന്ധമായതുകൊണ്ട് കുടുംബ വിഹിതം ലഭിക്കാന്‍ സാധ്യതയില്ലെന്നും പാലക്കാട് ജില്ല യാഥാസ്തിതിക ചിന്താഗതി പുലര്‍ത്തുന്ന ഒരു ജില്ലയാണെന്നും പോലീസുകാര്‍ ഞങ്ങളെ ഓര്‍മ്മപ്പെടുത്തി.
പോലീസ് സ്റ്റേഷന് വരെ എത്തിയത് ചികിത്സാച്ചിലവ് മാത്രം ലക്ഷ്യംവെച്ചുകൊണ്ടായിരുന്നില്ല.ദിവസങ്ങള്‍ക്കുള്ളില്‍ ഗീത മരിക്കാനിടയുണ്ടെന്ന് അവളെ ചികിത്സിക്കുന്ന ഡോക്ടറില്‍ നിന്നും ഞാന്‍ നേരിട്ടു മനസ്സിലാക്കിയിരുന്നു.അങ്ങനെ സംഭവിച്ചാല്‍ മതിയായ ചികിത്സ നല്‍കിയില്ലെന്നാരോപിച്ച് ഒരുമിച്ചു ജീവിച്ചതിന്റെ പേരില്‍ മാത്രം കീര്‍ത്തിയുടെ പേരില്‍ കേസു കൊടുക്കുന്നതിനു പോലും സാധ്യതയുണ്ടെന്ന് എനിക്ക് തോന്നി.അതുകൊണ്ടു തന്നെ കുറച്ചു ദിവസമെങ്കിലും ഗീതയുടെ വീട്ടുകാര്‍ ഗീതയോടൊപ്പം കഴിയണമെന്നും അവള്‍ക്കുവേണ്ടി കീര്‍ത്തി എന്തെല്ലാം ചെയ്യുന്നുണ്ടന്ന് മനസ്സിലാക്കേണ്ടത് അനിവാര്യമാണെന്നും എനിക്കു തോന്നി.അമ്മയെ കാണണമെന്ന് ഇടക്കിടെ ഗീത മന്ത്രിക്കുന്നുണ്ടന്നും അമ്മയെ കണ്ടാല്‍ അവള്‍ക്കു ലഭിക്കുന്ന മനസ്സുഖമെങ്കിലും കൊടുക്കാന്‍ നമ്മുക്ക് കഴിയണമെന്നും നിസ്സഹായതയോടെ കീര്‍ത്തി എന്നോടാവശ്യപ്പെട്ടു.
പോലീസിന് ഇക്കാര്യത്തില്‍ കാര്യമായി ഒന്നും ചെയ്യാനില്ലെന്ന് സി.ഐ യും ,എസ്.ഐ യും മറ്റു പോലീസുകാരും നിയമങ്ങള്‍ വ്യക്തമാക്കി ഞങ്ങളെ ബോധിപ്പിച്ചു.എങ്കിലും ഗീതയുടെ വീട്ടുകാരുമായി കഴിയും വിധം സംസാരിക്കാമെന്നും സി.ഐ വാക്കു തന്നു.ഉടനെതന്നെ അഡീഷണല്‍ സബ്ബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ്ജീപ്പില്‍തന്നെ ഗീതയുടെ വീട്ടിലേക്കയച്ചു.ഞങ്ങള്‍ ശുഭ വാര്‍ത്ത പ്രതീക്ഷിച്ച് സ്റ്റേഷനില്‍ കാത്തിരുന്നു.
മൂന്നു മണിക്കുറുകള്‍ക്കു ശേഷമാണ് അവര്‍ തിരിച്ചെത്തിയത്.ഗീതയുടെ വീട്ടുകാര്‍ ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ലെന്നും അവരുടെ സ്വത്തിനെപ്പറ്റി പരാതിപ്പെടാന്‍ കീര്‍ത്തിക്ക് നിയമപരമായി അവകാശമില്ലാത്തതിനാല്‍ ഗീതയെക്കൊണ്ടൊപ്പ് രേഖപ്പെടുത്തിയ ഒരു പരാതി നല്കിയാല് നിയമപരമായി എങ്ങനെ സമീപിക്കാമെന്നറിയിക്കാമെന്നും അവര്‍ പറഞ്ഞു.തീര്‍ത്തും നിരാശ്ശരായി ഞങ്ങള്‍ സ്റ്റേഷനില്‍ നിന്നും ഇറങ്ങി.
ഇറങ്ങുന്ന സമയംഈ വിവരം മനസ്സിലാക്കിയ സ്റ്റേഷനിലെ എല്ലാ പോലീസുകാരിലും കടുത്ത വിഷമാവസ്ഥ പ്രകടിതമായി.ഞങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് നിങ്ങള്‍ കരുതരുത് ഗീതയുടെ അമ്മക്കും അച്ഛനും കൂടപ്പിറപ്പുകള്‍ക്കും നല്ലപോലെ മനസ്താപമുണ്ടാക്കുംവിധം ഞങ്ങളോരോരുത്തരും സംസാരിച്ചിട്ടുണ്ട്,തീര്‍ച്ചയായും നാലു ദിവസത്തിനുള്ളില്‍ അവരുടെ വീട്ടുകാര്‍ അവിടെത്തും എന്നു പറഞ്ഞ് ഹംസസാര്‍ ഞങ്ങള്‍ക്ക് നേരിയ പ്രതീക്ഷ നല്കി.
തികച്ചും നിരാശരായിട്ടാണ് ഞാനും കീര്‍ത്തിയും അവിടെ നിന്നും മടങ്ങിയത്. സ്വന്തമായ് കൈ ചലിപ്പിക്കാന്‍ പോലും ത്രാണിയില്ലാത്ത ആ കുട്ടിയെക്കൊണ്ട് കാര്യങ്ങള്‍ മനസ്സിലാക്കി ഒപ്പിടീക്കുക എന്നത് ഒവളെ കൂടുതല്‍ വിഷമിപ്പിക്കുന്നതുകൊണ്ട് അതുവേണ്ടെന്നുള്ള കീര്‍ത്തിയുടെ നിലപാട് എനിക്കംഗീകരിക്കേണ്ടി വന്നു.
പോലീസ് സ്റ്റേഷനില്‍ പോയതിന്റെ മൂന്നാം ദിവസം യാതൊരു സമ്മര്‍ദ്ദവുമില്ലാതെ ഗീതയുടെ അമ്മ വന്നു. തുടര്‍ന്ന് വീട്ടുകാരെല്ലാവരും. ഒരു മാസത്തോളം അമ്മ അവളുടെ അടുക്കലുണ്ടായിരുന്നു.കീര്‍ത്തി എത്രത്തോളം ഗീതയെ പരചരിച്ചു പരിചരിക്കുന്നുണ്ട്,എന്തെല്ലാം ചികിത്സകള്‍ അവര്‍ക്കായ് നടത്തി എന്നതെല്ലാം ഗീതയുടെ വീട്ടുകാര്‍ക്ക് ബോധ്യപ്പെടാന്‍ ഈ സാന്നിധ്യം കാരണമായി.
രണ്ടു നാള് മുമ്പ് ഗീത മരിച്ചു.ഗീതയുടെ അച്ഛനും അമ്മയും കീര്‍ത്തിയോട് സ്നേഹം പ്രകടിപ്പിക്കുന്നതും അവര്‍ പരസ്പരം സമാധാനിപ്പിക്കുന്നതും ഏറെ മനസ്സമാധാനത്തോടെ ഞാന്‍ നിരീക്ഷിച്ചു. ഒരു വ്യക്തിക്കെതിരെ ഒരു സമൂഹംതന്നെ പടവാളെടുക്കുമായിരുന്ന ഈ സംഭവം പോലീസിന്റെ സമയോചിതവും മനുഷ്യത്വ പരവുമായ ഇടപെടല്‍ നിമിത്തം ഇല്ലാതായി.
4 comments:
നല്ല പൊലീസ്
നന്നായി വിനയ, ഈ കുറിപ്പ്..അഭിനന്ദനങ്ങള്‍.
അവസരോചിതമായ സമീപനം അഭിനന്ദനാര്‍ഹമാണ്.
ആശംസകള്‍
തങ്കപ്പേട്ടനും മറ്റെല്ലാവര്‍ക്കും നന്ദി
Post a Comment