Tuesday, August 19, 2014

 സാധ്യത
കുഞ്ഞു നാള്‍ മുതലേ പെണ്‍കുട്ടിക്ക്‌ കളിക്കാനുള്ള സാധ്യത അവളുടെ വസ്‌ത്രം ഇല്ലാതാക്കുന്നു.അടിവസ്‌ത്രം കാണാത്ത രീതിയില്‍ ഉതകുന്ന കളികള്‍ മാത്രം അവള്‍ തിരഞ്ഞെടുക്കുന്നു 

Wednesday, August 6, 2014

ആനന്ദവും അംഗീകാരവും

 ആനന്ദവും അംഗീകാരവും

സ്‌ത്രീകളെക്കാള്‍ പുരുഷന്മാര്‍ കൂടുതല്‍ അംഗീകരിക്കപ്പെടുന്നു.എന്താണു കാരണം (എന്നോടു ചോദിച്ച ചോദ്യങ്ങള്‍)

ഉപജീവന മാര്‍ഗ്ഗത്തിനു പുറമേ മനുഷ്യന്‍ ഏര്‍പ്പെടുന്ന എല്ലാ വിനോദോപാധികളും ആനന്ദം അനുഭവിക്കുന്നതിനു മാത്രമാണ്‌.

ആനന്ദവും അംഗീകാരവും രണ്ടും രണ്ടാണ്‌.ആനന്ദം ഒരു വ്യക്തിയില്‍ സ്വയം അനുബവപ്പെടുന്ന മാനസീകവും ശാരീരികവുമായ ഏറെ സുഖകരമായ ഒരവസ്ഥയാണ്‌.മറ്റുള്ളവരില്‍ നിന്നും ലഭിക്കുന്ന മാന്യമായ പെരുമാറ്റമാണ്‌ അംഗീകാരം.എപ്പോഴെല്ലാം അംഗീകാരം ലഭിക്കുന്നുവോ അപ്പോഴെല്ലാം ആനന്ദവും അനുഭവപ്പെടും.എന്നാല്‍ വ്യക്തിക്ക്‌ ആനന്ദം ലഭിക്കുന്ന എല്ലാ അവസരങ്ങളിലും അംഗീകാരം ലഭിച്ചുകൊള്ളണമെന്നില്ല.

അംഗീകാരമാണോ ആനന്ദമാണോ വേണ്ടത്‌ എന്നൊരു ചോദ്യം സ്‌ത്രീകളോടു ചോദിച്ചാല്‍ തീര്‍ച്ചയായും അവരുടെ ഉത്തരം അംഗീകാരം എന്നു തന്നെ ആയിരിക്കും.എന്നാല്‍ അവള്‍ എല്ലായ്‌പ്പോഴും ആനന്ദത്തിനു പുറകെയാണെന്ന്‌ അവളെ നിരീക്ഷിക്കുന്ന ആര്‍ക്കും ബോധ്യമാകും.

ഏറ്റവും ചുരുങ്ങിയ ചിലവില്‍ സ്‌ത്രീക്ക്‌ ആനന്ദം ലഭ്യമാകുന്നതിനുള്ള സാധ്യതകള്‍ അവളുടെ മുടി , ആഭരണം , ശാരീരികാലങ്കാരം എന്നിവ നല്‌കുന്നു.അതുകൊണ്ടു തന്നെ ആനന്ദത്തിനു വേണ്ടി അവള്‍ക്ക്‌ പരക്കം പോയേണ്ടി വരുന്നില്ല.
രാഷ്ട്രീയം , പൊതുകാര്യം , പരിസര നിരീക്ഷണം തുടങ്ങി എല്ലാറ്റില്‍ നിന്നും അവളെ പിന്തിരിപ്പിക്കുവാന്‍ ശരീരം , വസ്‌ത്രം , മുടി , ചെരുപ്പ്‌ , വാച്ച്‌ , തുടങ്ങിയവയെച്ചുറ്റിപ്പറ്റിയുള്ള ഈ ആനന്ദാവസ്ഥ കാരണമാകുന്നു.

പുരുഷന്‌ ഒരു സ്‌ത്രീ ചിലവഴിക്കുന്നതിന്റെ പകുതി സമയം പോലും ചിലവഴിക്കുന്നതിനുള്ള സാധ്യത അവന്റെ വസ്‌ത്രവും മുടിയും മറ്റു സൗന്ദര്യസങ്കല്‌പങ്ങളും നല്‌കുന്നില്ല.അതുകൊണ്ടു തന്നെ അവന്‍ തന്റെ ആനന്ദത്തിനുള്ള മേഖല സ്വ ശരീരം വിട്ട്‌ പുറത്തേക്ക്‌ വ്യാപിപ്പിക്കുവാന്‍ നിര്‍ബന്ധിതനാകുന്നു. അല്ലെങ്കില്‍ അവന്‍ അംഗീകാരത്തിനായി മെനക്കെടുന്നു.  

Friday, August 1, 2014

ആരും സംസാരിക്കാറില്ല.

ആരും സംസാരിക്കാറില്ല.

സ്‌ത്രീ സുരക്ഷ എന്ന വിഷയത്തെക്കുറിച്ച്‌ സംസാരിക്കാനായിരുന്നു ഞാന്‍ കോഴിക്കോട്‌ ഫറൂഖ്‌ കോളേജിലെത്തിയത്‌.കോളേജിലെ സോഷ്യോളജി വിഭാഗമായിരുന്നു ചര്‍ച്ച സംഘടിപ്പിച്ചത്‌.പരിസര നിരീക്ഷണത്തിനു വിഘാതമായ വസ്‌ത്രധാരണം ചൂഷണത്തിനു സാധ്യത കൂട്ടും എന്ന എന്റെ സംഭാഷണത്തിന്റെ തുടക്കം കടന്നല്‍ കൂടിനു കിട്ടിയ ഏറുപോലെ സദസ്സിനെ അസ്വസ്ഥതപ്പെടുത്തുന്നത്‌ ഞാന്‍ കണ്ടു.അവര്‍ പ്രകോപിതരായി.ഊര്‍ജ്ജസ്വലതയോടെ മക്കനയിട്ട പെണ്‍കുട്ടികള്‍ എന്റെ നേരെ വിരല്‍ ചൂണ്ടിക്കൊണ്ട്‌ പല പ്രസ്‌താവനകളും ഇറക്കി.ഒട്ടും മാന്യമല്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച്‌ അവര്‍ എന്നെ അധിക്ഷേപിച്ചു.അവര്‍ പറഞ്ഞ വാചകത്തില്‍ എന്റെ മനസില്‍ തങ്ങി നില്‌ക്കുന്ന വാചകം ഇതാണ്‌.ഈ വസ്‌ത്രത്തില്‍ ഞങ്ങള്‍ സുരക്ഷിതരാണ്‌.ഈ വസ്‌ത്രം ഞങ്ങള്‍ക്കൊരുതരത്തിലുള്ള പ്രയാസവും ഉണ്ടാക്കുന്നില്ല.
എന്തിനെയൊക്കയോ ഭയക്കുന്ന ആര്‍ക്കൊക്കയോ വേണ്ടി -മുന്നിലൊരു നിരാലംബയായ ശത്രവിനെക്കിട്ടിയതുപോലെ അവര്‍ എന്റെ മുന്നില്‍ ആര്‍ത്തട്ടഹസിച്ചു.വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഞാന്‍ എന്റെ സംഭാഷണം അവസാനിപ്പിച്ചു.
കേരളത്തിലെ ഒട്ടുമിക്ക കോളേജുകളിലും സംഭാഷണം നടത്താറുള്ള എനിക്ക്‌ ഇത്രക്കേറെ അന്യത്വം തോന്നിയ ഒരിടം ഉണ്ടായിട്ടില്ല.ഒരാളുപോലും എന്നോടൊപ്പം ഫോട്ടോ എടുക്കാനോ ഓട്ടോഗ്രാഫ്‌ എഴുതിക്കാനോ എന്റെടുത്തു വന്നില്ല.എന്താണു സംഭവിച്ചതെന്ന്‌ എനിക്കു മനസ്സിലായില്ല.
"ഞാനൊത്തിരി കോളേജില്‍ പോയിട്ടുണ്ട്‌ പക്ഷേ ഇത്രക്കസ്വസ്ഥത എവിടേയും കണ്ടിട്ടില്ല.എന്താണിവിടെ സംഭവിച്ചത്‌ ? '' ഞാന്‍ എന്നെ സ്വീകരിക്കാന്‍ ചുമതലപ്പെടുത്തിയ ടീച്ചറോടു ചോദിച്ചു.
"ഇവിടെ വസ്‌ത്രത്തെക്കുറിച്ച്‌ ആരും സംസാരിക്കാറില്ല.മേഡത്തിനോടതു പറയാന്‍ മറന്നു''. ടീച്ചര്‍ കുറ്റസമ്മതം നടത്തി.