Saturday, March 21, 2009

ഊരാളിയുടെ ഡിമാന്റ്‌

ഊരാളിയുടെ ഡിമാന്റ്‌
ഒരു ദിവസം രാത്രി പത്തു മണി കഴിഞ്ഞപ്പോള്‍ വീടിന്റെ ഗേറ്റില്‍ ശക്തിയായി അടിച്ച്‌ ശബ്ദമുണ്ടാക്കി ചേച്ചീ.......... ചേച്ചീ എന്നു കരഞ്ഞുകൊണ്ടുള്ള വിളികേട്ട്‌ ഞാന്‍ വാതില്‍ തുറന്നു.എന്റെ വീടിനു നൂറുമീറ്റര്‍ മാറിയുള്ള പണിയകോളനിയില്‍ താമസിക്കുന്ന ശാന്തയും അവളുടെ കുട്ടികളും ഗേറ്റിനു വെളിയില്‍ നില്‍ക്കുന്നു.കണ്ടതേ എനിക്ക്‌ കാര്യം മനസ്സിലായി." എന്താ ശാന്തേച്ചീ ഊരാളിയണ്ണന്‍ ലഹള കൂടിയോ...? " എന്നു ചോദിച്ചുകൊണ്ട്‌ ഞാന്‍ പോയി ഗേറ്റ്‌ തുറ്‌ന്നു.ശാന്തയും കുട്ടികളും അകത്തേക്ക്‌ കയറി." ചേച്ചീ......... ഊരാളി ബല്ലത്ത ജഗളാണ്‌.കെടക്കാന്‍ ചമ്മതിക്കുന്നില്ല.പായും പുതപ്പും എല്ലാം പുറത്തേക്കെറിയാണ്‌.അകത്ത്‌ ചാരായം കാച്ചലും കുടിക്കലും തന്നെ.ഞാന്‍ പണി കയറി വന്നപ്പം മുതല്‌ തൊടങ്ങ്യ ജഗളാണ്‌.കുട്ട്യക്ക്‌ തിന്നാകൂടി ഒന്നുണ്ടാക്കീട്ടില്ല . ചേച്ചി പറഞ്ഞാ ഊരാളി കേക്കും ചേച്ചി ഇപ്പത്തന്നെ ഒന്നു വരണം. " ശാന്ത കരയും എന്ന മട്ടായി . ഞാന്‍ ശാന്തയെ വീട്ടില്‍ നിര്‍ത്തി മാടക്കരയിലേക്കു പോയി.അവിടെ വെറുതെ സൊറപറഞ്ഞിരിക്കുന്ന ചെറുപ്പക്കാരോട്‌ ശാന്തയുടെ കാര്യം പറഞ്ഞ്‌ ഒന്ന്‌ കോളനിവരെ വരാന്‍ ഞാന്‍ ആവശ്യപ്പെട്ടു.ഇപ്പം വരേ ചേച്ചീ......... എന്നു പറഞ്ഞും പറയാതേയും ആ കൂട്ടം അതിവേഗം അവിടെനിന്നും ചിതറി.ശേഷിച്ചവരില്‍ എന്റെ ഇളയച്ഛന്റെ മകന്‍ ഷാജുവും കോളനിയിലെ തന്നൊരു പയ്യനുമായി വീട്ടല്‍നിന്നും ശാന്തയേയും കൂട്ടി ഞങ്ങള്‍ കോളനിയിലെത്തി.എല്ലാവരേയും പുറത്തു നിര്‍ത്തി ബഹളം വെച്ചുകൊണ്ടു നില്‍ക്കുന്ന ഊരാളിയുടെ മുറിയിലേക്ക്‌
"ഊരാളി അണ്ണാ....... ഊരാളി അണ്ണാ......." എന്നു വിളിച്ചുകൊണ്ട്‌ ഞാന്‍ കയറി.വലതു കൈയ്യിലൊരു മട്ടലും പിടിച്ച്‌ ചുവന്ന കണ്ണ്‌ നന്നായി ഉരുട്ടികൊണ്ട്‌ "അബളെബടെ അബളെബടെ ഇന്നുകൊല്ലും ഞാനബളെ " എന്നു പറഞ്ഞലറുന്ന ഊരാളിയെയാണ്‌ ഞാനവിടെ കണ്ടത്‌.എന്റെ മയമുള്ള ഭാവം അവിടെ ചിലവാകില്ലെന്ന്‌ മനസ്സിലായപ്പോള്‍ ഞാന്‍ അലറി " നീ അവളെ തൊടില്ല പിന്നല്ലേ കൊല്ലുന്നത്‌".ഞാന്‍ ഊരാളിയുടെ കൈയ്യില്‍ നിന്നും മട്ടല്‍ പിടിച്ചു വാങ്ങി മുറ്റത്തേക്കെറിഞ്ഞു.കോളറിനു കുത്തിപ്പിടിച്ചു ചുമരോട്‌ ചേര്‍ത്തു.എന്റെ അലര്‍ച്ചയും ഭാവവും കണ്ട്‌ ഊരാളി ശരിക്കും പേടിച്ചു.പുറത്തേക്കെറിഞ്ഞ നിലയിലുള്ള പായയും പുതപ്പും ഊരാളി അകത്തു കൊണ്ടുവെച്ചു.ഇല്ല ചേച്ചീ ഞാനൊന്നും ചെയ്‌തിട്ടില്ല ദേച്ച്യംപിടിച്ചപ്പം പായേം പൊതപ്പുട്‌ത്ത്‌ കളഞ്ഞതാ.... ഊരാളി വളരെ മര്യാദക്കാരനായി."ഇവിടെ കാച്ച്‌ ണ്ടോ ? (ചാരായം വാറ്റ്‌)
"ഇല്ല ചേച്ചീ ഇല്ല" .എന്റെ പുറത്തൊരു തോണ്ടല്‍ ഞാന്‍ തിരിഞ്ഞു നോക്കി.
"ആത്ത്‌ കാച്ച്‌ പാത്രം ഉണ്ട്‌ "ശാന്ത അടക്കം പറഞ്ഞു. ഞാന്‍ പുറത്തു നിന്നവരെയെല്ലാം കൂട്ടി അകത്തു കടന്ന്‌ പരിശോധിച്ചു.അടുക്കള വാതിലിലൂടെ അകത്തു കടന്ന ശാന്ത കാച്ചുന്ന പാനി അടുപ്പില്‍ നിന്നും എടുത്തു .ഞാന്‍ പുറത്തിറങ്ങി എല്ലാവരോടുമായി പറഞ്ഞു
"ഇനി ഇന്നെന്തെങ്കിലും പ്രശ്‌നം ഉണ്ടാക്കിയാല്‍ നിങ്ങള്‌ പിടിച്ചുകെട്ടി അങ്ങ്‌ കൊണ്ടോര്‌ നമ്മക്ക്‌ സ്‌റ്റേഷനിലാക്കാം .കേസ്സെടുത്ത്‌ ജയിലിലാക്കുമ്പംപഠിച്ചോളും."
"ഇല്ല ചേച്ചീ ഞാനിബടെ കെടന്നോളും " എന്നു പറഞ്ഞ്‌ ഊരാളി അകത്തൊരു മൂലയില്‍ മര്യാദക്കാരനായി കിടന്നു.എന്റെ കൂടെ വന്ന പയ്യനും മറ്റൊരു പയ്യനും കൂടി കാച്ചുന്ന കലം തല്ലിപ്പൊട്ടിച്ചു.ഞങ്ങള്‍ വീട്ടിലേക്കു തിരിച്ചു.
പിറ്റേന്നു രാവിലെ ചേച്ചീ............... ചേച്ചീ........... എന്നുള്ള ഊരാളിയുടെ വിളിയും കേട്ടാണ്‌ ഞാന്‍ ഉണര്‍ന്നത്‌‌.വാതില്‍ തുറന്ന്‌ ഞാന്‍ കാര്യം തിരക്കി "ഏക്ക്‌ ഇരുപത്‌ ഉറുപ്യ ബേണം" ഊരാളി ഗര്‍വ്വോടെ പറഞ്ഞു
" എന്തിനാ............ " ഞാനും ഗൗരവം നടിച്ചു.
"ചാരായം കുടിക്കാനാ........." ഊരാളിയും ഗമയില്‍ തന്നെ
"എന്റെ കൈയ്യില്‍ പൈസയൊന്നുമില്ല.അഥവാ ഉണ്ടെങ്കിലും തരില്ല " എനിക്ക്‌ ശരിക്കും കലികയറി.
"കാച്ചി കുടിക്കാനോ ചമ്മയ്‌ക്കൂലാ..... പൈച്ചേം തരില്ലന്നുബെച്ചാല്‌ " ഊരാളി ഗേറ്റിന്മേലടിച്ച്‌ അമര്‍ത്തിചവിട്ടി നടന്നു.(കാച്ചി കുടിക്കാനോ സമ്മതിക്കൂല, പൈസേം തരൂലാന്ന്‌ വെച്ചാല്‌ )എല്ലാം ശ്രദ്ധിച്ചുനിന്ന ദാസേട്ടന്റെ ഉച്ചത്തിലുള്ള പൊട്ടിച്ചിരിയില്‍ ഞാനും പങ്കുചേര്‍ന്നു.

5 comments:

മാണിക്യം said...

"കാച്ചി കുടിക്കാനോ ചമ്മയ്‌ക്കൂലാ..... പൈച്ചേം തരില്ലന്നുബെച്ചാല്‌ "........
അതു ന്യായം ..
ഒരോഒരോ വൈഷമ്യങ്ങള്‍ !!

മുസാഫിര്‍ said...

ആളുകളെ നന്നാക്കാന്‍ നോക്കിയാലും ഇതാണ് പാട് അല്ലെ ?

ചാണക്യന്‍ said...

:)

Roy said...

I really enjoyed the innocence of ooraly!!!

Roy said...

I really enjoyed the innocence of ooraly!!!