Sunday, March 22, 2009

മാതൃക

മാതൃക
പുല്‌പള്ളിയില്‍ വെച്ചു നടത്തിയ ഏക ദിന സെമിനാറില്‍ ക്ലാസ്സെടുക്കാനെത്തിയതായിരുന്നു ഞാന്‍.ഏകദേശം എഴുപത്തഞ്ച്‌ പേരുണ്ടായിരുന്നതില്‍ മുപ്പതു പേരോളം ഇരുപതു വയസ്സില്‍ താഴെ മാത്രം പ്രായമുള്ള പെണ്‍കുട്ടികളായിരുന്നു.രാവിലെ പത്തു മണിമുതല്‍ വൈകുന്നേരം അഞ്ചു മണി വരെയാണ്‌ ക്ലാസ്‌.ഉച്ചക്കുള്ള ഇന്റെര്‍വെല്‍ സമയത്ത്‌ എല്ലാവരില്‍ നിന്നുമകന്ന്‌ ആരും ശ്രദ്ധിക്കാത്ത ഒഴിഞ്ഞൊരു കോണില്‍ പോയി സിഗരറ്റ്‌ വലിച്ചുകൊണ്ട്‌ ഒരു കാല്‍ മടക്കി മതിലിനോട്‌ ചാരി നില്‌ക്കുകയായിരുന്നു. കുറച്ചു പെണ്‍കുട്ടികള്‍ വന്ന്‌ അര്‍ദ്ധവൃത്താകൃതിയില്‍ എന്റെരികിലായി നിന്നു"സാറേ........ ഞങ്ങള്‍ക്കൊരു കാര്യം ചോദിക്കാനുണ്ട്‌ " അവരിലൊരാള്‍ പറഞ്ഞു.
" ആ ചോദിച്ചോ...." ഞാന്‍ ഒരു പുക ഉള്ളിലേക്കെടുത്ത്‌ സാവധാനം പുറത്തേക്ക്‌ വിട്ടുകൊണ്ട്‌ തലയാട്ടിക്കൊണ്ട്‌ നില്‍ക്കുന്ന അതേ നില്‌പില്‍തന്നെ അവര്‍ക്ക്‌ സമ്മതം കൊടുത്തു.ഒരു നിശ്ചിത സമയം കഴിഞ്ഞിട്ടും അവര്‍ പരസ്‌പരം നോക്കി നില്‌ക്കുന്നതല്ലാതെ ഒന്നും ചോദിക്കുന്നില്ലെന്നു കണ്ടപ്പോള്‍
" എന്താണെങ്കിലും ചോദിക്കാം " എന്നു പറഞ്ഞ്‌ ഞാനവര്‍ക്ക്‌ ധൈര്യം പകര്‍ന്നു. ഉടനെ ആദ്യം സംസാരിച്ച പെണ്‍കുട്ടി വളരെ ഗൗരവഭാവത്തില്‍ പറയാന്‍ തുടങ്ങി.
" സാറേ ഞങ്ങള്‍ക്കെല്ലാവര്‍ക്കും മാതൃകയാകേണ്ടതാണ്‌ സാറ്‌. സാറിങ്ങനെ സിഗരറ്റ്‌ വലിക്കുന്നത്‌ ശരിയാണോ........ ?സാറിനെ കണ്ടല്ലേ ഞങ്ങള്‌ പഠിക്കേണ്ടത്‌ ? അവര്‍ എന്റെ ഉത്തരത്തിനു കാതോര്‍ത്തു.
"നിങ്ങള്‍ കോഴിയിറച്ചി കൂട്ടുമോ "? ഞാന്‍ സിഗരറ്റിലെ ആഷ്‌ തട്ടിക്കളഞ്ഞുകൊണ്ട്‌ ചോദിച്ചു.
"ആ കഴിക്കും.................." അവര്‍ കൂട്ടത്തോടെ ഉത്തരം പറഞ്ഞു
"ഇറച്ചി കഴിക്കുമ്പോള്‍ എല്ലാം കഴിക്കുമോ" ?
"ഇല്ല എല്ലൊഴിവാക്കും" അവരിലൊരാള്‍ ഉടനെ പറഞ്ഞു.
"എല്ലൊഴികെ കോഴിയുടെ എല്ലാം തില്ലാന്‍ പറ്റ്വോ " ?
" ഇല്ല പപ്പും ഒഴിവാക്കും " മറ്റൊരാള്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.
" നിങ്ങള്‍ക്കിതു രണ്ടും വേണ്ടെന്നുവെച്ച്‌ കോഴിക്കിതു രണ്ടും ഇല്ലാതെ നടക്കാന്‍ പറ്റ്വോ ? ആവശ്യമില്ലാത്തതൊക്കെയങ്ങ്‌ ഒഴിവാക്ക്‌ പിള്ളേരേ........... " കുട്ടികള്‍ കാര്യം മനസ്സിലായ ഭാവത്തില്‍ ഒന്നിച്ചു ചിരിച്ചു. അപ്പോഴേക്കും വലിച്ചു തീര്‍ന്ന സിഗരറ്റിന്റെ കുറ്റി തറയിലിട്ട്‌ ഷൂസുകൊണ്ട്‌ ചവിട്ടി തീ കെടുത്തി കുട്ടികളേയും കൂട്ടി ശേഷിക്കുന്ന ഭാഗം ക്ലാസ്സെടുക്കാനായി ഞാന്‍ ഹാളിലേക്കു കയറി.

6 comments:

ചാണക്യന്‍ said...

“എല്ലാവരില്‍ നിന്നുമകന്ന്‌ ആരും ശ്രദ്ധിക്കാത്ത ഒഴിഞ്ഞൊരു കോണില്‍ പോയി സിഗരറ്റ്‌ വലിച്ചുകൊണ്ട്‌.......”-

അതെന്താ അങ്ങനെ ആരും ശ്രദ്ധിക്കാതെ സിഗരറ്റ് വലിക്കുന്നത്?
സിഗരറ്റ് വലിയെന്താ അത്ര വല്യ മോശമാണോ, ആരും കാണാതെ ചെയ്യാന്‍....

പ്രിയ said...

ചാണക്യാ, സിഗരറ്റ് വലി മോശമല്ല. പക്ഷെ അതു ആളുകള്‍ കൂടി നില്‍ക്കുന്നിടത്ത് നിന്നു വലിക്കുന്നത് മോശം തന്നെ ആണെന്ന് ചാണക്യനും അറിയാമായിരിക്കുമല്ലോ. ഇല്ലെങ്കില്‍ ഇപ്പൊള്‍ അറിഞ്ഞ് കൊള്ളൂ സുഹ്യത്തേ :)

വിനയ, ആ മറുപടി ഇഷ്ടമായി. :)

കൃഷ്‌ണ.തൃഷ്‌ണ said...

നല്ല മറുപടി.
ഇങ്ങനെ ഒരാളുടെ തുറന്നെഴുത്തു വായിക്കാന്‍ ഈ ബ്ലോഗ് ഫോളോ ചെയ്യുന്നു.

മാണിക്യം said...

സ്ത്രീ സിഗരറ്റ്‌ വലിക്കുന്നത്‌ ശരിയാണോ....?

ഈ ചോദ്യം കേരളത്തില്‍ ആയതു കൊണ്ട് മാത്രം പ്രസക്തം ..പുകവലിയുടെ ദൂഷ്യവശങ്ങളെ പറ്റി ബോധവല്‍ക്കരണം നടത്തുന്ന അമേരിക്ക യൂറോപ്പ് ക്യാനഡ എന്നി സ്ഥലങ്ങളീലെ കണക്കില്‍ സ്ത്രീകളാണത്രെ പുകവലിക്കാരില്‍ ഭൂരിപക്ഷം..

ശരിയാണ്,
തള്ളെണ്ടത് തള്ളുക കൊള്ളെണ്ടത് കൊള്ളുക..
“ആവശ്യമില്ലാത്തതൊക്കെയങ്ങ്‌ ഒഴിവാക്ക്‌.” :)

yousufpa said...

എന്തായാലും പുകവലി ആരോഗ്യത്തിന് ഹാനികരം തന്നെ..

Paul said...

I suspect that you took up smoking to prove that women=men. It is probably the same reason why there are more women smokers in Europe.

Smoking is injurious, hurts others via passive smoking, and is nothing to be proud of; men or women.