Friday, March 27, 2009

ഭര്‍ത്താവിനെ ജയിലിലയക്കണോ.........?

ഭര്‍ത്താവിനെ ജയിലിലയക്കണോ.........?
ഞാന്‍ വൈത്തിരി സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുള്ളൊരു ദിവസം ഏകദേശം നാലര മണിയോടെ ഒരു സ്‌ത്രീ മുഖത്തും മേലാസകലവും അടിയുടെ പാടുകളുമായി കരഞ്ഞുകൊണ്ട്‌ വെപ്രാളപ്പെട്ട്‌ സ്റ്റേഷനിലേക്ക്‌ ഓടിക്കിതച്ചെത്തി.മെയിന്‍ റോട്ടില്‍ നിന്നും സ്‌റ്റേഷനിലേക്കുള്ള വഴി കുത്തനെയുള്ളൊരു കയറ്റമാണ്‌.ആരോഗ്യമുള്ളവര്‍ തന്നെ നടന്നു കയറിയാല്‍ കിതക്കും .ആ കയറ്റം ഓടിക്കയറിയാണവര്‍ സ്‌റ്റേഷനിലെത്തിയത്‌.അവരുടെ ചുണ്ടു പൊട്ടി ചോര വരുന്നുണ്ടായിരുന്നു.സ്‌റ്റേഷനു മുന്നില്‍ നില്‍ക്കുകയായിരുന്ന എന്നേയോ മറ്റു പോലീസുകാരേയോ ശ്രദ്ധിക്കാതെ അവര്‍ റൈറ്ററുടെ മുറിയിലേക്ക്‌ പാഞ്ഞു കയറി.അവരോടൊപ്പം ഞാനും റൈട്ടറുടെ മുറിയുടെ വാതില്‍ക്കലെത്തി അവര്‍ പറയുന്നത്‌ ശ്രദ്ധിച്ചു." സാറേ ന്റെ കെട്ടയോന്‍ എന്നും അട്യാണ്‌.ഇതോക്ക്‌ സാറേ......... ഇന്നെത്തല്ല്യേത്‌. ന്റെ കാലിന്റെ തൊടേമ്മെ വരെ തച്ചുപൊട്ടിച്ചു." എന്നും പറഞ്ഞവര്‍ നൈറ്റി മാറ്റി തുടയുടെ മേല്‍ നീലിച്ചു കിടക്കുന്ന പരന്ന വടികൊണ്ടടിച്ചതെന്നു തോന്നിക്കുന്ന പാട്‌ കാണിച്ചു.എന്തോ എഴുതിക്കൊണ്ടിരിക്കുന്ന റൈറ്റര്‍ തലയൊന്നുയര്‍ത്തുകപോലും ചെയ്യാതെ തന്റെ 'ജോലി 'യില്‍ വ്യാപൃതനായിക്കൊണ്ടു ചോദിച്ചു."കെട്ട്യോനെ ജയിലിലയക്കണോ.....................?"
"സാറേ ഇങ്ങള്‌ എന്തു വേണേലും ആയിക്കോളി ഇനി അയാളിന്നെത്തല്ലരുത്‌." അവര്‍ അവര്‍ അവരുടെ നിലപാട്‌ വ്യക്തമാക്കി.
"ആദ്യം നിങ്ങള്‌ ആശുപത്രീ പോയി ഡോക്ടറെ കാണിക്ക്‌ " റൈറ്റര്‍ ഗൗരവം വിടാതെ തന്റെ 'ജോലി ' തുടര്‍ന്നു.
"വേണ്ട........... സാറേ അയാളവിടേം വരും " അവര്‍ വേദനകൊണ്ട്‌ പുളഞ്ഞു കരഞ്ഞു.
"അതിനിപ്പം ഞാനെന്തു ചെയ്യാനാ.................... " റൈറ്റര്‍ എന്തോ തമാശ കേട്ടതു പോലെ ചിരിച്ചു.ഞാനവരുടെ അടുത്തേക്ക്‌ ചെന്ന്‌ അവരുടെ തോളില്‍ പിടിച്ച്‌ "വാ കരയല്ലെ " എന്നു പറഞ്ഞുകൊണ്ട്‌ അവരേയും കൂട്ടി അയാളുടെ (റൈറ്ററുടെ) മുന്നില്‍ നിന്നും മാറി.
" ഇയാള്‌ ആശുപത്രിയില്‍ ചെന്ന്‌ ഡോക്ടറെ കാണിക്ക്‌ എന്നിട്ടവിടെ അഡ്‌മിറ്റാക്കാന്‍ പറ " ഞാനും സഹപ്രവര്‍ത്തകനെ പിന്തുണച്ചു."അതിന്‌ ഡോക്ടര്‍ അഡ്‌മിറ്റ്‌ ചെയ്യോ സാറേ............. " ? ആ സ്‌ത്രീ തന്റെ സംശയം എന്റെ മുന്നില്‍ തുറന്നു ചോദിച്ചു.
"പിന്നെന്താ..................." ? ഞാന്‍ അത്ഭുതം പ്രകടിപ്പിച്ചു.
"മരുന്നും തന്ന്‌ പോയ്‌ക്കോളാന്‍ പറഞ്ഞാലോ................" ? അവര്‍ തന്റെ ആശങ്ക വെളിപ്പെടുത്തി.
"ഭര്‍ത്താവ്‌ അടിച്ചിട്ടുണ്ടായ മുറിവാണ്‌ അതുകൊണ്ട്‌ അഡ്‌മിറ്റു ചെയ്യണം എന്നു തന്നെ പറയണം" ഞാനവര്‍ക്ക്‌ ധൈര്യം നല്‌കി.അവര്‍ മനസ്സില്ലാ മനസ്സോടെ ആശുപത്രിയിലേക്ക്‌ പോയി.
ആറു മണിക്ക്‌ ഡ്യൂട്ടിയിറങ്ങിയ ഉടനെ ഞാന്‍ ആശുപത്രയിലേക്ക്‌ തിരിച്ചു.ഒരു പക്ഷേ ആ സ്‌ത്രീയുടെ സംശയം പോലെ അവരെ അഡ്‌മിറ്റാക്കാന്‍ ഡോക്ടര്‍ മടിക്കുകയാണെങ്കില്‍ അയാളോട്‌ കാര്യം പറഞ്ഞ്‌ മനസ്സിലാക്കാമല്ലോ.ഞാന്‍ ആശുപത്രിയിലെത്തിയപ്പോള്‍ അവര്‍ ഒരു OP ചീട്ടും പിടിച്ച്‌ ആശുപത്രിയുടെ തൂണും ചാരി നിര്‍വ്വികാരയായി മുകളിലേക്ക്‌ നോക്കിനില്‌ക്കുന്നതാണ്‌ കണ്ടത്‌. "എന്താ ഡോക്ടറെ കണ്ടില്ലേ.............." ? ഞാനെന്റെ ആകാംഷ വെളിപ്പെടുത്തി.
"കണ്ടു മരുന്നിനെഴുതീട്ടുണ്ട്‌.അഡ്‌മിറ്റാക്കാന്‍ പറഞ്ഞപ്പം കൂടെ ആളില്ലാണ്ട്‌ അഡ്‌മിറ്റാക്കാന്‍ പറ്റില്ലെന്നു പറഞ്ഞു.ആവശ്യമുണ്ടെങ്കില്‍ വിളിപ്പിക്കാം എന്നും പറഞ്ഞു." അവര്‍ ഒരു നെടുവീര്‍പ്പോടെ പുച്ഛഭാവത്തില്‍ എന്നെ നോക്കി ചിരിച്ചു.
ഞാന്‍ ആ സ്‌ത്രീയേയും കൂട്ടി നേരെ ഡോക്ടറുടെ റൂമിലേക്ക്‌ കയറി."സാര്‍ ഭര്‍ത്താവടിച്ചിട്ടുണ്ടായ പരിക്കുകളാണിതത്രയും.പിന്നെന്തുകൊണ്ടാണീ സ്‌ത്രീയെ അഡ്‌മിറ്റാക്കാത്തത്‌ ". ?
"വിനയേ ഈ സ്‌ത്രീയെ എനിക്കറിയാം.ഇതിനുമുമ്പ്‌ പല പ്രവശ്യം ഇവരിവിടെ വന്നിട്ടുമുണ്ട്‌.കഴിഞ്ഞപ്രാവശ്യം ഞാനിവിടെ അഡ്‌മിറ്റാക്കിയതിന്റെ പേരില്‍ ഇവരുടെ ഭര്‍ത്താവ്‌ ഇവിടെ വന്ന്‌ വേണ്ട കുഴപ്പങ്ങള്‍ ഉണ്ടാക്കി.സെക്യൂരിറ്റിയെ വരെ അടിക്കാന്‍ നോക്കി പിന്നെ തെറിവിളിയും........ അങ്ങനെയൊക്കെയാകുമ്പോള്‍ ഞങ്ങള്‍ക്കും മറ്റു പേഷ്യന്‍സിനുമെല്ലാം ബുദ്ധിമുട്ടാകും.അതുകൊണ്ടാണ്‌ ഞാനവരെ മടക്കിയത്‌ " ഡോക്ടര്‍ അയാളുടെ ഭാഗം ന്യായീകരിച്ചു.
"സാര്‍ ഭര്‍ത്താവടിച്ച്‌ അയാളെപേടിച്ച്‌ നീതിക്കുവേണ്ടിയാണിവര്‍ പോലീസ്സ്‌റ്റേഷനിലും ഇവിടേയും വന്നത്‌. ആ ഭര്‍ത്താവിനെ പേടിച്ചുതന്നെ നമ്മളും ഇവരെ തിരിച്ചയക്കുന്നു ഇതെന്തു ന്യായമാണ്‌ സാറേ.......... "? എനിക്ക്‌ സഹിക്കാനായില്ല.
"പോലീസിന്‌ കേസ്സെടുത്ത്‌ ഇന്റെിമേഷന്‍ സഹിതം ആശുപത്രിയിലേക്കയക്കാമായിരുന്നല്ലോ എന്തേ അതു ചെയ്‌തില്ല" ? ഡോക്ടര്‍ ഡോക്ടറുടെ ഭാഗം മറ്റൊരന്യായം കൊണ്ട്‌ ന്യായീകരിച്ചു.
"സാര്‍ ഈ സ്‌ത്രീക്കിപ്പോള്‍ വേണ്ടത്‌ ഒരു അഭയമാണ്‌.ഡോക്ടര്‍ ഇവരെ ഇവിടെ അഡ്‌മിറ്റാക്കുക തന്നെ വേണം.ദേഹത്ത്‌ ഇത്രയേറെ പരിക്ക്‌ കാണാനുള്ളപ്പോള്‍ അങ്ങനെ ചെയ്യാതിരിക്കുന്നതില്‍ ഒരു ന്യായവുമില്ല. " ഞാനും അല്‌പം കര്‍ക്കശമായി.
"കൂടെ നില്‍ക്കാനാളില്ലാതെ അഡ്‌മിറ്റു ചെയ്യാന്‍ പറ്റില്ല." ഡോക്ടറും വാശിപിടിച്ചു.
"കൂടെ നിര്‍ത്താനുള്ള ആളെ ഞാനിപ്പോള്‍ തന്നെ കൊണ്ടു വരാം.അതിന്റെ ഉത്തരവാദിത്തം ഞാനേറ്റെടുക്കുന്നു".
"അങ്ങിനെയാണേല്‍ അഡ്‌മിറ്റു ചെയ്യാം." ഡോക്ടര്‍ മനസ്സില്ലാമനസ്സോടെ അവരെ അഡ്‌മിറ്റു ചെയ്‌തു.(മുമ്പൊരിക്കല്‍ ഏറെ പരിക്കുകളോടെ ഒരു അമ്മയേയും മകളേയും കൂടി പോലീസ്‌ ഇന്റെിമേഷന്‍ പ്രകാരം ബത്തേരി ഗവ : ആശുപത്രിയിലെ ഡോക്ടറുടെ അടുക്കലെത്തിച്ചപ്പോള്‍ "ഓ............. കെട്ട്യോനേം തന്തേനേം ജയിലിലാക്കാന്‍ തന്നെ പൊറപ്പെട്ടതാണല്ലോ തള്ളേം മോളും കൂടി " എന്നും പറഞ്ഞായിരുന്നു അയാള്‍ അന്നവരെ അ‌ഡ്‌മിറ്റ്‌ ചെയ്‌തത്‌.)
ഞാനവരുടെ വീട്ടില്‍ പോയി അവരുടെ അനുജത്തിയേയും കൂട്ടി വന്നു.അപ്പോഴേക്കും സമയം നന്നായി ഇരുട്ടിയിരുന്നു.എട്ടു മണിക്കു തന്നെ എനിക്ക്‌ ഡ്യൂട്ടിക്കായി സ്‌റ്റേഷനില്‍ എത്തേണ്ടതായും ഉള്ളതു കൊണ്ട്‌ അനിയത്തിയെ ആശുപത്രിയിലാക്കി വാര്‍ഡനോട്‌ ആരേലും പ്രശ്‌നമുണ്ടാക്കാന്‍ വന്നാല്‍ സ്റ്റേഷനിലേക്ക്‌ ഫോണ്‍ ചെയ്‌താല്‍ മതി" എന്നു പറഞ്ഞു.
"ആ സ്‌ത്രീയുടെ ഭര്‍ത്താവു വരാന്‍ സാധ്യതയുണ്ട്‌......................" എന്ന്‌ സെക്യൂരിറ്റിയെകൂടി വിവരം ധരിപ്പിച്ച്‌ ഞാന്‍ സ്റ്റേഷനിലേക്ക്‌ മടങ്ങി.
പിറ്റേ ദിവസം intimation എടുത്ത്‌ കേസ്സ്‌ രജിസ്‌റ്റര്‍ ചെയ്യുമെന്നാണ്‌ ഞാന്‍ കരുതിയത്‌.അന്ന്‌ ഏകദേശം 12 മണിയോടെ തലേന്നു ഞാന്‍ അഡ്‌മിറ്റാക്കിയ സ്‌ത്രീയുള്‍പ്പെടെ പത്തോളം പേര്‍ സ്റ്റേഷനിലെത്തി.ഭര്‍ത്താവെന്നു പറയുന്ന മാന്യനെ നന്നായിട്ടൊന്നു വിരട്ടാന്‍ പോലും ആരും തയ്യാറായില്ല.ഒരു സ്‌ത്രീയുടെ ശരീരത്തില്‍ ഇത്രയേറെ പരിക്കുകള്‍ സൃഷ്ടിച്ച അവന്റെ ദേഹത്ത്‌ ഒരു കൈപ്പാടുപോലും ഏല്‍പ്പിക്കാന്‍ കൂടെ വന്നവരോ പോലീസുകാരോ മുതിര്‍ന്നില്ല.ശരീരത്തിനേറ്റ മുറിവുകള്‍ വളരെ പ്രകടമായിരിക്കുന്ന ആ അവസ്ഥയില്‍ തന്നെ നാട്ടുകാരായ ആണുങ്ങളും, സ്റ്റേഷനിലെ പോലീസുകാരായ ആണുങ്ങളും ചേര്‍ന്ന്‌ 'കാര്യങ്ങള്‍ ' തീരുമാനിച്ച്‌ അവളെ ആ ഭര്‍ത്താവ്‌ ഗുണ്ടയുടെ കൂട്ടത്തില്‍ തന്നെ അയച്ചു.അവരെല്ലാവരും കൂടി 'രമ്യത'യില്‍ സ്‌റ്റേഷനില്‍ നിന്നും ഇറങ്ങുമ്പോള്‍ ഹെഡ്‌കോണ്‍സ്‌റ്റബിളിന്റെ വക ഒരു താക്കീത്‌.
"ഇനി ഇതു പോലെ ആവര്‍ത്തിച്ചാല്‍ ജയിലില്‍ തന്നെ പോകും കെട്ടോ" എന്ന്‌ ഭര്‍ത്താവ്‌ എന്ന വേട്ടക്കാരനോടും"കേട്ടോ ....... നിങ്ങളോടും കൂടിയാണ്‌ പറയുന്നത്‌ നോക്കീം കണ്ടും ഒക്കെ നിന്നോളണം" എന്ന്‌ ആ പാവം സ്‌ത്രീയോടും
ഇനി ഒരു FIR ആ ഭര്‍ത്താവു പുരുഷന്റെ പേരിലിടണമെങ്കില്‍ അവള്‍ അത്ര തന്നെ ദേഹപീഢനം ഏറ്റുവാങ്ങാന്‍ തയ്യാറാകണം.മാത്രമല്ല ഭര്‍ത്താവതിനു മുതിര്‍ന്നാല്‍ ഓടി തടിയെടുക്കണം (നോക്കീം കണ്ടും നില്‍ക്കുന്നത്‌ )അപമാനിതയായവള്‍ വീണ്ടും വീണ്ടും അപമാനിതയാകാന്‍ ഉതകുന്ന കമന്റെുകള്‍ പലപ്പോഴും നിശബ്ദയായി എനിക്കു കേട്ടു നില്‍ക്കേണ്ടി വരാറുണ്ട്‌.അധികാര സ്ഥാനങ്ങളില്‍ സ്‌ത്രീകളില്ലാത്തത്‌ പലപ്പോഴും അവള്‍ക്ക്‌ നീതി നിഷേധിക്കുന്നതിന്‌ കാരണമാകുന്നു.സ്‌‌ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക്പരിഹാരം കിട്ടുന്നില്ലെന്നു മാത്രമല്ല വീണ്ടും വീണ്ടും അപമാനിതയാകാന്‍ അവള്‍ നിര്‍ബന്ധിതയാകുകയും ചെയ്യുന്നു.സ്റ്റേഷനില്‍ വരുന്ന സ്‌ത്രീകള്‍ക്ക്‌ മിക്കവാറും പരാതി പറയാനുണ്ടാകുക വീട്ടിലെ പുരുഷാംഗത്തെക്കുറിച്ചു തന്നെയായിരക്കും.തീര്‍ച്ചയായും അവര്‍ ഈ വിഷമം പറയുന്നത്‌ സ്റ്റേഷനിലെ പുരുഷാംഗമായ ഓഫീസറോടായിരിക്കും. അവിടെ പുരുഷപക്ഷപാതിത്വം വളരെ സ്വാഭാവികം.ഭര്‍ത്താവിനെ ജയിലിലയക്കണോ...?,കുറച്ചൊക്കെ ക്ഷമിച്ചൂടേ ,എന്നെല്ലാമുള്ള മൂര്‍ച്ചയേറിയ വാക്കുകള്‍കൊണ്ട്‌ ഇരയായ സ്‌ത്രീയെ വീണ്ടും വീണ്ടും കുറ്റപ്പെടുത്താനും അവളുടെ നീതി എന്നത്‌ ഒരു സ്വപ്‌നം മാത്രമാക്കി നിലനിര്‍ത്താനും ഈ പ്രവണത കാരണമാകുന്നു.

7 comments:

അനില്‍@ബ്ലോഗ് // anil said...
This comment has been removed by the author.
വീകെ said...

എല്ലാ സ് റ്റേഷനിലും ഓരൊ വനിതാ സെൽ ഉണ്ടാക്കണം.വനിതകൾ നേരിട്ടു വരുന്ന കേസുകൾ കൈകാര്യം ചെയ്യാൻ അവർക്ക് അധികാരവുംകൊടുക്കണം

VINAYA N.A said...

അങ്ങിനെയൊന്നും വേണ്ട വി.കെ .അങ്ങിനെ ചിന്തിച്ചാല്‍ Cattle tresspact Act പ്രകാരമുള്ള കേസ് രജിസ്റ്റ്ര് ചെയ്യാന്‍ പോത്ത് വരേന്ണ്ടി വരുമല്ലോ.സ്ത്രീകള്‍ക്ക് എല്ലാതരം കേസുകളും റജിസ്റ്റ്ര് ചെയ്യാനും,അവ അന്വേഷിക്കുന്നതിനും നിലവില്‍ അധികാരമുന്ണ്ട്.പുരുഷകേസരികള്‍ അവസരം തരേണ്ടേ.താങ്കള്‍ പറയും പോലെ വന്നാല്‍ അതും മറ്റൊരു തളച്ചിടലാകും.സ്ത്രീ സ്ത്രീക്കുവേണ്ടിയും,പുരുഷന്‍ സമൂ‍ഹത്തിനു വേണ്ടിയും എന്ന കാഴ്ച്ചപ്പാടും അനീതിയല്ലേ

ദലാല്‍ :-: dalal said...

:-) നല്ല കമന്റ്

കൃഷ്‌ണ.തൃഷ്‌ണ said...

ഇങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ ഒരു പോലീസോഫീസര്‍ എന്ന നിലയില്‍ ഒരാള്‍ക്ക്‌ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന്‌ കൂടി വിശദീകരിക്കൂ. ഇതുപോലൊരു സാഹചര്യം നേരിട്ടു കാണാനിടയായാല്‍, പോലീസിനിനോട് എന്തു നിയമനടപടികള്‍ എടുക്കണമെന്ന് നിര്‍ബന്ധിക്കാന്‍ അതു സാധാരണക്കാരെ സഹായിക്കും.

മറ്റുള്ളവരുടെ കുടുംബകാര്യത്തില്‍
പീഢനമാണെങ്കില്‍ പോലും, എന്തു സാമൂഹികപ്രതിബദ്ധതയുടെ പേരിലായാലും , അന്യര്‍ ഇടപെടുന്നതിനു
നിബന്ധനകള്‍ ഉള്ള സമൂഹമാണു നമ്മളുടേത്. ഇരയായ സ്‌ത്രീപോലും പാതിവഴിയില്‍ തിരിഞ്ഞുനടക്കുന്ന കാഴ്ചകള്‍ കണ്ടിട്ടുണ്ട്.

VINAYA N.A said...

തീര്‍ച്ചയായും കേസ് റജിസ്റ്റെര്‍ ചെയ്യാന്‍ നിര്‍ബ്ബന്ദിക്കാം.പല കേസുകളും കേസ് രജിസ്റ്റെര്‍ ചെയ്ത്തിനു ശേഷം ഒത്തുതീര്‍പ്പിലാകുന്നത് സാധാരണയാണ്‍.സ്ത്രീകള്‍ക്കെതിരായ കേസു വരുമ്പോള്‍ മാത്രമാണ്‍ ‘വെറുതെ എന്തിനാണ്‍ ‘ ഒരു കേസെടുക്കുന്നത് എന്നുള്ള ചര്‍ച്ചകളും മനോഭാവങ്ങളും പ്രകടമാകുന്നത്.

മാണിക്യം said...

വിനയയുടെ പോസ്റ്റ് പലവട്ടം വായിച്ചു.ഒരിക്കല്‍ സാക്ഷിയാവേണ്ടി വന്ന ഒരു സംഭവം ഇന്നും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല.എന്നും മദ്യപിച്ചു വന്നു കണ്ടമാനം ഭാര്യയെ അടിക്കുന്ന ആ ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതികൊടുക്കാന്‍ പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞത് “യ്യോ അതെങ്ങനാ എന്റെ കുട്ടിയുടെ അച്ഛനല്ലേ?”അപ്പോള്‍ ഇത്രയേ ഉള്ളു എന്തെങ്കിലും ബലഹീതയുള്ള മനുഷ്യനാണ് എല്ലാവരും.

പ്രകോപിപ്പിക്കാതിരിക്കുക,ചില കൊച്ചു കൊച്ചു ദുശാഢ്യങ്ങള്‍ കാണാത്താ ആണും പെണ്ണും ഇല്ല.
കൂടെയുള്ളത് ശത്രുവല്ല.വീട്ടില്‍ വന്നു കയറുമ്പോള്‍ ഒരു പുഞ്ചിരി,കുടിക്കാന്‍ ഇത്തിരി വെള്ളം,
സ്നേഹത്തോടെ ഒരു വാക്ക് ഒരു സാന്ത്വനം ഇത്രയേ വേണ്ടൂ, വെട്ടാന്‍വന്നവനാണെങ്കിലും ഒന്നും ചെയ്യുകില്ല്. പരാതിയും പരിവട്ടവും വീട്ടില്‍ വന്ന് കയറുമ്പോള്‍ പറയരുത്, പുറത്തു നിന്ന് വരുന്ന ആളുടെ മനസ്സില്‍ ഒരായിരം പ്രശ്നം കാണും ഒരു പക്ഷെ അതു വിട്ടില്‍ ഇരിക്കുന്ന പെണ്ണിനെ അറിയിക്കണ്ടാ എന്നു കരുതുന്നാ‍യാളാവും.
95% പുരുഷന്മാരും നല്ല മനസ്സുള്ളവരാണ്,പെണ്ണ് പെണ്ണായി നിന്നാല്‍... ഇത്തരം വിഷമങ്ങള്‍ വരുമ്പോള്‍ പണ്ടുള്ള മുതിര്‍ന്നവര്‍ പറഞ്ഞത് ഒര്‍ക്കാം “ങാ പോട്ട് നീ അങ്ങ് ക്ഷമിക്ക്” അതുകൊണ്ട് ആരും കൊച്ചാവുന്നില്ല, പകരം ഒരു മധുരമായ പ്രതികാരം.. മറുപക്ഷം അതു മനസ്സിലാക്കും. പുറത്ത് പറഞ്ഞില്ലങ്കിലും ആ സംഭവം ചലനങ്ങള്‍ സൃഷ്ടിച്ച് മനസ്സില്‍ കിടക്കും...

ഭാര്യയും ഭര്‍ത്താവും രണ്ടല്ല ഒന്നാണ്. അവരുടെ പിണക്കങ്ങള്‍ക്ക് നീളമില്ലാതിരിക്കട്ടെ, അതിനിടയിലേക്ക് മൂന്നാമതെ ഒരാള്‍ക്ക് സ്ഥാനമില്ലാതിരിക്കട്ടെ.:)