നീട്ടി വലിച്ച സ്വാതന്ത്ര്യം
തിരക്കുപിടിച്ച ചില പരിപാടികള്‍ കഴിഞ്ഞ് ഏറെ വൈകിയാണ് എനിക്കും മീനക്കും ഒന്നു സ്വതന്ത്രരാകാന്‍ കഴിഞ്ഞത്.സമയം രാത്രി പത്തു മണി കഴിഞ്ഞതിനാല്‍ കോഴിക്കോട്ടു നിന്നും വയനാട്ടിലേക്കുള്ള യാത്ര എന്നെ മാത്രമല്ല ദാസേട്ടനേയും കുട്ടികളേയും ബാധിക്കുമെന്നു കരുതി ഞാന്‍ മീനയുടെ വീട്ടിലേക്കു തന്നെ പോകാനുറച്ചു.പത്തര മണിയോടെ ഞങ്ങള്‍ നടുവണ്ണൂരിലുള്ള മീനയുടെ വീട്ടിലെത്തി.അടച്ചിട്ട വാതിലില്‍ മുട്ടി വിളിച്ച ഉടനെ തന്നെ നിറഞ്ഞ ചിരിയാലെ (ചുണ്ടിലൊരു ബീഡി പുകയുന്നുണ്ടായിരുന്നിട്ടും) മീനയുടെ ഭര്‍ത്താവ് വാതില്‍ തുറന്നു.സ്വാഭാവിക കുശലാന്യേഷണങ്ങള്‍ക്കു ശേഷം എന്റെ ബാഗ് തത്ക്കാലം വെക്കുന്നതിനായി അയാള്‍ അയാളുടെ മുറി എനിക്കു കാണിച്ചു തന്നു.വാതില്‍ തുറന്നയുടനെതന്നെ അവിടെ ഇട്ടിരുന്ന തുണിക്കൂമ്പാരങ്ങള്‍ നിറഞ്ഞ ടീപ്പോയുടെ മുകളിലേക്ക് ബാഗെറിഞ്ഞ് മീന അടുക്കളയിലേക്കോടിയിരുന്നു.ഞാന്‍ മീനയുടെ ഭര്‍ത്താവിനോടൊപ്പം വാതിലില്ലാത്ത അയാളുടെ മുറിയില്‍ കയറി ഒന്നു കുടഞ്ഞിടുകപോലും ചെയ്യാത്ത ആ കട്ടിലില്‍ ഞാനെന്റെ ബേഗു വെച്ചു.എന്നെ അവിടെ ഇരിക്കാന്‍ ക്ഷണിച്ചുകൊണ്ട് ബീഡി വലിച്ച് അയാളും അവിടിരുന്നു.ബീഡിയുടേയും വായുസഞ്ചാരമില്ലായ്മയാലും ഉണ്ടാകാവുന്ന കുമറിയ ഗന്ധം വിശന്നു പൊരിഞ്ഞ എന്നില്‍ വല്ലാത്ത അലോരസമുണ്ടാക്കി.എനിക്കോക്കാനം വന്നു ഞാന്‍ പുറത്തേക്കോടി.
"എന്തു പറ്റി എന്തു പറ്റി "എന്നു ചോദിച്ചുകൊണ്ട് മീനയും ഭര്‍ത്താവും എന്നോടൊപ്പം പുറത്തു വന്നു.(വാതില്‍ തുറന്ന് പുറത്തു കടന്നപ്പോള്‍ ഞാനനുഭവിച്ച ശുദ്ധവായുവിന്റെ മാധുര്യം പറഞ്ഞറിയിക്കാനാകാത്തതായിരുന്നു.)
"ഒന്നുമില്ല നല്ല സുഖമില്ല രാവിലത്തന്നെയുണ്ട്." ഞാന്‍ കള്ളം പറഞ്ഞു . ചെരുപ്പ് പുറത്തഴിച്ചു വെച്ചിട്ടാണ് അകത്തേക്ക് കയറിയത്.നിലം മുഴുവന്‍ വല്ലാതെ തരുതരുക്കുന്നു.മീനയുടെ മകള്‍ മാത്രമാണ് ആ വീട്ടില്‍ ഉണ്ടായിരുന്ന ഏക പെണ്തരി.അവള്‍ക്ക് ഗര്‍ഭത്തിന്റെ പ്രാരംഭാസുഖമായതിനാല്‍ അവള് ഒരു കസേരയില്‍ തളര്‍ന്നിരിക്കുകയായിരുന്നു.മീനയുടെ മകളുടെ ഭര്‍ത്താവുള്‍പ്പെടെ അരോഗദൃഡഗാത്രരായ നാലു പുരുഷന്മാരും ആ നാറ്റമുള്ള കോലായിലും അകത്തുമായിരുന്ന് കോലായുടെ മൂലക്കായി വെച്ചിരുന്ന ടി.വി യിലെ പരിപാടികള്‍ കണ്ട് രസിക്കുകയായിരുന്നു.
"വിനയേ......... വാ....... മുഖം കഴുക്, മുകളിലെ മുറിയില്‍ പോകാം." പുറത്തു നില്ക്കുന്ന എന്നെ മീന ക്ഷണിച്ചു.എനിക്കാശ്വാസം തോന്നി.(താഴത്തെ കുപ്പത്തൊട്ടിയില്‍ നിന്നും രക്ഷപ്പെട്ടല്ലോ) ഞാന്‍ മുറ്റത്തെ പൈപ്പില്‍ നിന്നും മുഖം കഴുകി ബാഗുമെടുത്ത് വലിയ പ്രതീക്ഷയില്ലാതെ മീനയോടൊപ്പം ഗോവണി കയറി.ഒറ്റപ്പെട്ട ആ മുറി താഴത്തേതിലും ഭേദമായിരുന്നു.തറ മുഴുവന്‍ ബീഡിക്കുറ്റിയും പൊടിപടലങ്ങളും നിറഞ്ഞതും കട്ടിലിനു മുകളില്‍ അലക്കിയതും അലക്കാത്തതുമായ തുണികള്‍ വാരിവലിച്ചിട്ട നിലയില്‍ തന്നെ ആയിരുന്നെങ്കിലും ജന്നല്‍ തുറന്നിട്ട നിലയിലായിരുന്നതിനാല്‍ കുമറിയ ഗന്ധം ഉണ്ടായിരന്നില്ല.എന്നോടൊപ്പം മുറിയിലെത്തിയ മീനയുടെ മകള്‍ കട്ടിലിനു മുകളില്‍ നിരത്തിയിട്ട തുണികളികള്‍ അലക്കിയതും അലക്കാത്തതും വേര്‍തിരിച്ച് മാറ്റിവെച്ച് എനിക്കൊന്നിരിക്കാനുള്ള പരുവത്തിലാക്കി.
"ഒരു ചൂലു തരുമോ ? " ഞാന്‍ ചോദിച്ചു.അവള് താഴെ പോയി ചൂലെടുത്തുകൊണ്ട് വന്ന് അവശതയാലെ തന്നെ അടിച്ചുവാരി (എന്നെ അടിച്ചു വാരാന്‍ സമ്മതിച്ചില്ല.) ഒരു ചീരക്കിടുവാന്‍ ചാരം ബീഡിക്കുറ്റി ഉള്‍പ്പെടെ അവള് അടിച്ചുകൂട്ടി വാരി.ഞാന്‍ ബാഗവിടെ വെച്ച് അവളോടൊപ്പം താഴേക്കിറങ്ങി.യാതൊരു ചളിപ്പുമില്ലാതെ ടി.വി കണ്ടുകൊണ്ടിരിക്കുന്ന പുരുഷപ്രജകള്‍ക്കിടയിലൂടെ ഞാന്‍ മീനയെ ലക്ഷ്യമാക്കി നടന്നു.സാരി തെറുത്ത് അരയില്‍ കുത്തി അടുക്കളയില്‍ സിങ്കില്‍ കൂട്ടിയിട്ട പാത്രക്കൂമ്പാരം കഴുകുന്ന തിരക്കിലായിരുന്നു മീന.ഞാന്‍ പുറത്തേക്കുള്ള വാതില്‍ ചാരി നിന്ന് മീനയുടെ തിരക്ക് വീക്ഷിച്ചു.വന്നപാടെ ഗ്യാസടുപ്പില്‍ ചായക്കായി വെച്ച വെള്ളം തിളക്കാന്‍ തുടങ്ങുന്നതിന്റെ മൂളല്‍ ശബ്ദം പാത്രം കഴുകുന്നതിനിടക്ക് മീന ശ്രദ്ധിച്ചുകൊണ്ടേയിരുന്നു.വരുമ്പോഴേ വല്ലാത്ത ദാഹമുണ്ടായിരുന്നു.കുളിക്കാതെ പച്ച വെള്ളം കുടിക്കാനും തോന്നുന്നില്ല.ബാത്ത്റൂം വീടിനെക്കാള്‍ കഷ്ടമായിരിക്കും, ഞാന്‍ വിചാരിച്ചു.
"ഒന്നു കുളിക്കണം " ഞാന്‍ രണ്ടും കല്‍പ്പിച്ച് പറഞ്ഞു.
"അതാ ബാത്ത് റൂം " മീന പുറത്തേക്ക് ചൂണ്ടികാണിച്ചു.ഞാന്‍ മീന നല്കിയ തോര്‍ത്തും നൈറ്റിയുമായി ശങ്കയോടെ ബാത്ത്റൂമിന്റെ വാതില്‍ തുറന്നു.സത്യത്തില്‍ ഞാനതിശയിച്ചുപോയി ! നല്ല വൃത്തിയുള്ള ബാത്ത്റൂം.ഞാന്‍ സമാധാനത്തോടെ കുളിച്ചു.വെള്ളമൊഴിവാക്കിയാല്‍ അവിടെത്തന്നെ കിടക്കാമായിരുന്നെന്നുപോലും ചിന്തിച്ചു.കുളി കഴിഞ്ഞ് അടുക്കളയിലെത്തിയ ഉടനെ മീന നല്കിയ ചൂടുള്ള ചായ തൃപ്തിയാലെ കുടിച്ചു.പാത്രക്കൂമ്പാരം കഴുകി കഴിഞ്ഞ് അടുപ്പുംതിണ തുടച്ചു.അടുപ്പില്‍ ചൂടായ നോണ്‍സ്റ്റിക്കിലേക്ക് ഫ്രിഡ്ജില്‍ മസാല പുരട്ടിവെച്ച മീന്‍ (അതിന്റെ തണുപ്പ് മാറാനുള്ള സാവകാശം പോലും നല്‍കാതെ)വറുക്കുന്നതിനായി ഒന്നൊന്നായി നിരത്തി.അതിനിടയില്‍ വിയര്‍ത്തുകുളിച്ച മുഖത്താല്‍ ഏറെ ചാരിതാര്‍ത്ഥ്യത്തോടെ അവള് പറഞ്ഞു
" ഇവിടുത്തെ ആണുങ്ങളിങ്ങനെയാ............. ഒന്നിനും ഒരു നിര്‍ബന്ധോം ഇല്ല. " ഞാന്‍ ഉള്ളാലെ ചിരിച്ചു.(മീനയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ വരുന്ന വഴി ഹോട്ടലില്‍ നിന്ന് ഭക്ഷണവും കഴിച്ച് വീടിന്റെ വൃത്തിഹീനതയെക്കുറിച്ച് എല്ലാവരേയും ശരിക്കും ചീത്ത പറഞ്ഞ് വീടിന്റെ ഒരു മുറി മാത്രം വൃത്തിയാക്കി ഞാനും സുഹൃത്തും കൂടി ആ മുറിയില്‍പോയി കിടക്കുമായിരുന്നു).എന്തൊരു ദയനീയമായ അവസ്ഥ.പൊതുപ്രവര്‍ത്തനമോ എന്തു കുന്തമോ നീ നടത്തിക്കോ,........ അതുകൊണ്ടൊന്നും സമൂഹം നിനക്കു കല്പിച്ചുതന്ന ചുമതലകള്‍ ഇല്ലാതാകുന്നില്ല.അതിന്റെ പങ്കുപറ്റാനൊന്നും ഞങ്ങളില്ല.ഞങ്ങളി്ങ്ങനെ ഈ നാറുന്ന കുപ്പക്കൂടാരത്തില്‍ ഇരുന്ന് ടി.വി കണ്ട് ആനന്ദിക്കും.ഞങ്ങള്‍ക്കു തിന്നാനുള്ളതും ഞങ്ങള്‍ക്കുള്ള സൗകര്യങ്ങളും നിന്റെ സൗകര്യംപോലെ ഞങ്ങള്‍ക്ക് ചെയ്തു തരണം. പുരുഷന്റെ മനസ്സില്‍ കുമിഞ്ഞുകൂടിയ ധാര്‍ഷ്ട്യത്തിന്റെ ബുദ്ധിപരമായ അവസ്ഥ.വിലക്കിയാല്‍ അവള് അനുസരിക്കില്ല.അതുകൊണ്ടുതന്നെ അവള് അനുവദിക്കുന്ന സൗജന്യംപോലും തങ്ങളുടെ ഔദാര്യംകൊണ്ടാണെന്ന പുരുഷന്റെ മനോഭാവവും, അത്തരത്തിലുള്ള അവന്റെ ഭാവം വലിയ സൗജന്യമായി കാണുന്ന, തിരിച്ചറിയാന്‍പോലും കഴിയാത്ത ആഴത്തിലുള്ള സ്ത്രീയുടെ ദയനീയാടിമത്തവും..........ഈയവസ്ഥ എന്നെങ്കിലും അവള് തിരിച്ചറിയാനിടയായാല്‍ .അന്ന് ഇത്തരത്തിലുള്ള പുരുഷന്മാരുടെ സ്ഥാനവും വീടിനുപുറത്തായിരിക്കും .
5 comments:
:) yojikkunnu
എല്ലാവരെയും ഇതേ കണ്ണ് കൊണ്ട് കാണരുത് കേട്ടോ ;)
അതിശയോക്തിയായി മാര്‍ക്ക് ചെയ്യാന്‍ ഒന്നുമില്ല വിനയ. ഇങ്ങിനെ സംഭവിക്കാം, ചില കുടുംബങ്ങളില്‍ . സ്ത്രീകള്‍ മാത്രം ജീവിക്കുന്ന അപൂര്‍വ്വം ചില വീടുകളും ഇതുപോലെ കണ്ടിട്ടുണ്ട്.
വീട്ടില്‍ ഏറ്റവും അവശ്യം വേണ്ട ജോലികള്‍, അഥവാ ഡിവിഷന് ഓഫ് ലേബറില്‍ എനിക്ക് വച്ചിട്ടുള്ള പണികള്‍, മാത്രമേ ഞാനും ചെയ്യാറുള്ളൂ കേട്ടോ.
:)
വിനയ
കണ്ടതു ഒരു ഒറ്റപെട്ട സംഭവമാകാം
പുരുഷന്മാര് അല്പം മടിയുള്ളവരാകും എന്നാലും
വൃത്തിയാക്കാതെ കഴിയില്ല എന്ന് വന്നാല്‍ താനെ ചെയ്യും...അപ്പോഴും പഴിക്കണ്ടത് സ്ത്രീയെയാണെന്ന് ഓര്‍ക്കുക.പുരുഷനെ നല്ലതാക്കുന്നതും ചീത്തയാക്കുന്നതും സ്ത്രീ തന്നെ.
എന്തുകൊണ്ട് മകനെ-ഭര്‍ത്താവിനെ-സഹോദരനെ വീടും പരിസരവും ശുചിയാക്കുന്നതിന്റെ ചുമതല ഏള്പ്പിച്ചില്ല.
വീറും വെടിപ്പും പഠിപ്പിക്കാനുള്ള അവസരം ചൊല്ലും ചോറും കൊടുക്കുന്ന അമ്മയുടെതാണ് എന്ന് മറക്കാതിരിക്കാം..
വിനയെ,
എല്ലാവരും മീനയുടെ ബന്ധുക്കളല്ല കേട്ടോ:):):)
Post a Comment