Friday, April 3, 2009

ജീപ്പിനു മുന്നിലിരിക്കരുത്‌.

ജീപ്പിനു മുന്നിലിരിക്കരുത്‌.
എന്റെ മകള്‍ ആതിര പ്രൈമറി സ്‌ക്കൂളില്‍ പഠിക്കുന്ന കാലം.അന്നവള്‍ സ്‌ക്കൂളിലേക്ക്‌ പൊയ്‌ക്കൊണ്ടിരുന്നത്‌ ഒരു ജീപ്പിലാണ്‌.സ്‌ക്കൂള്‍ബാഗ്‌ പുറകില്‍ കൊടുത്ത്‌ മുന്നില്‍ കയറും.അതാണ്‌ പതിവ്‌.പതിവുപോലെ ഒരു ദിവസം രാവിലെ ജീപ്പു വന്നപ്പോള്‍ ഞാനവളെ ജീപ്പില്‍ കയറ്റാനായി ബാഗ്‌ വാങ്ങി.(ബാഗ്‌ പുറകില്‍ കൊടുകൊടുത്തതിനു ശേഷം എടുത്താണ്‌ കയറ്റാറ്‌).ഉടനെ തന്നെ അവള്‍ എന്റെ നൈറ്റിയില്‍ പിടിച്ച്‌ ചിണുങ്ങി
" വേണ്ടമ്മേ ഞാന്‍ പുറകില്‍ കയറിക്കോളാം "എനിക്ക്‌ കാര്യം മനസ്സിലായില്ല.ഞാന്‍ സംശയത്തോടെ അവളെനോക്കി." മലങ്കര എത്തിയാ ഞാന്‍ പുറകിലിരിക്കണം " എനിക്ക്‌ കാര്യം മനസ്സിലായില്ല.ചോദിച്ച്‌ മനസ്സിലാക്കാനുള്ള സമയവും കിട്ടിയില്ല.അന്ന്‌ വൈകിട്ട്‌ അവള്‍ വന്നപ്പോള്‍ ഞാന്‍ കാര്യം ചോദിച്ചു.
"എന്താ മോളേ മോള്‌ രാവിലെ പറഞ്ഞത്‌ ? മോളെന്തിനാ മലങ്കര എത്തിയാല്‍ പുറകില്‍ കേറുന്നത്‌ ? "മലങ്കര എത്തിയാല്‍ ചെക്കന്മാര്‌ കേറും അപ്പം ബിനുചേട്ടന്‍ (ഡ്രൈവര്‍) എന്നെ എറക്കി പൊറകില്‍ കയറ്റും." എനിക്ക്‌ കാര്യം മനസ്സിലായി.അവളുടെ സങ്കടം എന്നെ വല്ലാതെ അലട്ടി.പിറ്റേന്ന്‌ മോളെ കയറ്റുമ്പോള്‍ ഞാന്‍ ഡ്രൈവറോടു ചോദിച്ചു.
"അതെന്തിനാ മലങ്കര എത്തുമ്പോള്‍ മോളെ പറകിലേക്കിരുത്തുന്നത്‌ " ?"അതെത്രയായാലും പെണ്‍കുട്ടികളല്ലേ......... ?അവര്‌ പുറകില്‍ കയറേണ്ടവര്‍ തന്നെയല്ലേ......? .മലങ്കര വരെ ആണ്‍കുട്ടികളില്ല അതുകൊണ്ടാണിപ്പോള്‍ മുന്നില്‍ കയറ്റുന്നത്‌." അയാള്‍ വലിയൊരു കാര്യം പറഞ്ഞമട്ടില്‍ എന്നെനോക്കി.
"എന്നാല്‍ ഇനി മേലില്‍ എന്റെ മോളെ സ്‌ക്കൂളെത്തുന്നതിനുമുമ്പ്‌ എണീപ്പിക്കരുത്‌." ഞാന്‍ വളരെ കര്‍ക്കശത്തോടെതന്നെ അയാളെ താക്കീതു ചെയ്‌തു.
" നിങ്ങളുടെ തത്വശാസ്‌ത്രമൊന്നും ഇവിടെചിലവാകില്ല" അയാള്‍ ധാര്‍ഷ്ട്യത്തോടെ ജീപ്പ്‌ സ്റ്റാര്‍ട്ടു ചെയ്‌തു.
"ഫീസിനെന്തെങ്കിലും കുറവുണ്ടോ..... ?" എന്ന എന്റെ ചോദ്യത്തിന്‌ പുച്ഛത്തോടൊരു ചിരി സമ്മാനിച്ച്‌ അയാള്‍ ജീപ്പെടുത്തു.തൊട്ടു പുറകില്‍തന്നെ എന്റെ ബൈക്കില്‍ ഞാനും യാത്രയായി.ഞാന്‍ പുറകിലുള്ളതുകൊണ്ടോ എന്തോ അന്നയാള്‍ മോളെ എണീപ്പിച്ചില്ല.ഞാന്‍ നേരെ സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ലക്ഷ്‌മണന്‍സാറിനെ പോയി കണ്ട്‌ ഉണ്ടായ സംഭവം വിവരിച്ചു.
"അതു ഞാന്‍ പറഞ്ഞോളാം മേലില്‍ ഇത്തരത്തിലുള്ള സംഭവം ആവര്‍ത്തിക്കാതിരുന്നാല്‍ പോരേ........... "? സാര്‍ നല്ലൊരു തമാശകേട്ടപോലെ ചിരിച്ചു.
"പുറകിലിരുത്താനായിട്ട്‌ ഒരമ്മയും മക്കളെ പ്രസവിക്കാറില്ല". ഞാന്‍ കോപത്തോടെ തന്നെ പറഞ്ഞു" വിനയാ താന്‍ ക്ഷമിക്കെടോ നമ്മുക്ക്‌ ശരിയാക്കാം താന്‍ പൊയ്‌ക്കോ ഞാനല്ലേ പറയുന്നത്‌..." കൂടുതല്‍ വിവരണത്തിനു നില്‍ക്കാതെ ഞാന്‍ മടങ്ങി.പിന്നീടൊരിക്കലും അയാള്‍ മോളോട്‌ പുറകിലേക്കിരിക്കാന്‍ ആവശ്യപെട്ടിട്ടില്ല.ഇപ്പോഴും അയാളുടെ ജീപ്പിനു മുന്നില്‍ പെണ്‍കുട്ടികളിരുന്ന്‌ യാത്രചെയ്യുന്നത്‌ ചാരിതാര്‍ത്ഥ്യത്തോടെ ഞാന്‍ നോക്കാറുണ്ട്‌.

3 comments:

അനില്‍@ബ്ലോഗ് // anil said...

അങ്ങിനെ പറയുമോ?
പറയുമായിരിക്കും.
അച്ഛനമ്മമാര്‍ക്ക് മക്കള്‍ ഒരുപോലെയാണ്, ആണായാലും പെണ്ണായാലും.മറ്റുള്ളവരുടെ മക്കളുടെ കാര്യത്തിലും അങ്ങിനെ ആവട്ടെ എന്ന് ആശിക്കാം.

മാണിക്യം said...


"Woman was taken out of man;
not out of his head to top him,
nor out of his feet
to be trampled underfoot;
but out of his side
to be equal to him,
under his arm to be protected,
and near his heart to be loved"


Be proud that you are a woman
Keep your dignity up!

ശ്രീ said...

അത് വേണ്ടതു തന്നെ.