Sunday, April 5, 2009

സാഹസീകതയിലെ രണ്ടാം സ്ഥാനം

സാഹസീകതയിലെ രണ്ടാം സ്ഥാനം
സ്വാതന്ത്ര്യദിനപരേഡിനോടനുബന്ധിച്ച്‌ സ്വജീവന്‍ തൃണവല്‍ഗണിച്ച്‌ മറ്റുള്ളവരെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്ക്‌ പ്രസിഡണ്ടിന്റെ ധീരതക്കുള്ള സ്വര്‍ണ്ണമെഡല്‍ കൊടുക്കുന്ന ഒരു ചടങ്ങുണ്ട്‌.തിരുവവന്തപുരത്തുവെച്ചാണ്‌ എല്ലാ വര്‍ഷവും ഈ ചടങ്ങ്‌ നടത്താറ്‌.1999 - ല്‍ ഞാന്‍ തിരുവനന്തപുരം വനിതാസ്റ്റേഷനില്‍ ജോലി ചെയ്യുന്ന കാലം.അന്നേ ദിവസം (ആഗസ്‌റ്റ്‌ 15) ലീവിലായതിനാല്‍ സ്വസ്ഥമായി ഈ പരേഡ്‌ കാണുന്നതിന്‌ എനിക്ക്‌ അവസരം കിട്ടി.അക്കാലത്ത്‌ വനിതാപോലീസുകാരെ ഇത്തരം സെറിമോണിയല്‍ പരേഡുകളില്‍ പങ്കെടുപ്പിക്കാറില്ലായിരുന്നതുകൊണ്ട്‌ ഇത്തരം ദിവസങ്ങളില്‍ ലീവു കിട്ടുന്നതിനും പ്രയാസമില്ലായിരുന്നു.
പരേഡിന്റെ ഭാഗമായ മാര്‍ച്ചുപാസ്റ്റിനു ശേഷം വിശിഷ്ട സേവനത്തിനുള്ള പ്രസിഡണ്ടിന്റെ സ്വര്‍ണ്ണമെഡല്‍ വിതരണമാണ്‌.പോലീസുകാരെ കൂടാതെ പതിനാലോളം കുട്ടികളും മെഡല്‍ വാങ്ങുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി എത്തിയിരുന്നു.അതിലധികവും പെണ്‍കുട്ടികളായിരുന്നു.
പോലീസുകാര്‍ക്കുള്ള മെഡല്‍ വിതരണത്തിനു ശേഷം സാഹസീകരായ കുട്ടികള്‍ക്കുള്ള മെഡല്‍ വിതരണമാണ്‌.എവിടേയും നാം പാലിച്ചു പോരുന്ന ആദ്യത്തെ പങ്ക്‌ ആണിന്‌ എന്ന നെറികെട്ട രീതി തന്നെയായിരുന്നു അവിടേയും .സ്വജീവന്‍ തൃണവല്‍ഗണിച്ച്‌ പെണ്‍കുട്ടി രക്ഷപ്പെടുത്തുന്ന ജീവന്റെ വില അതേ കൃത്യം ചെയ്‌ത്‌ മെഡലിനര്‍ഹരായ ആണ്‍കുട്ടിക്ക്‌ ശേഷം മാത്രമാണ്‌.സാഹസീകതയിലായാലും പെണ്ണിനു രണ്ടാം സ്ഥാനം തന്നെ !

10 comments:

അനില്‍@ബ്ലോഗ് // anil said...

ഉം...

ശരിയാണ്.

ഇതിന് ഒരു പരിഹാരം ആവാം.
ആണിനും പെണ്ണിനും രണ്ട് അവാര്‍ഡ് വേണ്ട. സാഹസികതക്ക് ഒറ്റ അവാര്‍ഡ്, ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ. പേര് ആല്‍ഫബറ്റിക് ഓര്‍ഡറില്‍.

വായന said...

.... എന്തിനീ പായാരം... സാരല്ല ഒരു പക്ഷേ ഇതും പെണ്ണിണ്റ്റെ ഒരു സ്വഭാവമാകാം...

പാവപ്പെട്ടവൻ said...

എല്ലാത്തിനെയും സംശയത്തിന്‍റെ കണ്ണ് കൊണ്ടു കാണുമ്പോള്‍ തെറ്റുകള്‍ ആയിരം.
കാഴ്ചപാടുകള്‍ തിരുത്താന്‍ ശ്രമിച്ചുടേ ?

VINAYA N.A said...

പാവപ്പെട്ടവനേ
എന്റെ കാഴ്ച്ചക്ക് ‘പാട്’ ഇല്ല.കാഴ്ച്ചക്ക് പാട് ഉള്ളവര്‍ അത് തിരുത്തണം എന്നു തന്നെയാണ്‍ ഈ പാവപെട്ടവളായ ഞാനും പറയുന്നത്.

പാവപ്പെട്ടവൻ said...

കാര്യങ്ങളെ പ്രവിശാലമായ കണ്ണിലൂടെ നോക്കി കാണുക .
നമ്മള്‍ കൊടുക്കുന്നതെ നമുക്ക് തിരിച്ചുക്കിട്ടുള്ളു.
എന്തിനും കുറ്റങ്ങള്‍ കാണുക ശരിയല്ലന്നാണ് എന്‍റെ അഭിപ്രായം . നല്ല തുടക്കവും , നല്ല ഒടുക്കവും എല്ലാത്തിലും അത്തരമൊരു പ്രതീക്ഷ നല്ലതാണ്

മാണിക്യം said...

വിനയയുടെ വീക്ഷണം തെറ്റല്ല,
ഇതോക്കെ തന്നെ എല്ലായിടവും നടക്കുന്നത്.
ഇന്ന് മാദ്ധ്യമങ്ങള്‍ ശക്തമായതു കൊണ്ട്
ചിലത് വെളിച്ചത്തു വരുന്നു.
പിന്നെ അടിച്ചമര്‍ത്തപെട്ടാല്‍ പൌരുഷം ഇല്ലാതായാല്‍, ഒരമ്മയും പെങ്ങളും ഭാര്യയും മകളും അത് സഹിക്കില്ല. എന്റെ മകന്‍/സഹോദരന്‍/ഭര്‍ത്താവ്/ അച്ഛന്‍- ധീരനാണ് വീരനാണ് ശൂരനാണ് എന്ന് പറയാനാ എല്ലാ പെണ്‍പിറന്നവര്‍ക്കും താല്പര്യം.
‘കുഞ്ഞിരാമനെ’ വേട്ട ഉണ്ണിയാര്‍ച്ചയും പറഞ്ഞു
കുഞ്ഞിരാമന്‍ ധീരനായ ചേകവരാണെന്ന് !!

പരാതിയും പരിഭവവും ഇല്ലാതെ എട്ടും പത്തും മക്കളെ പോറ്റി വളര്‍ത്തി, വീട് നടത്തി എല്ലാവര്‍ക്കും തുല്യമായി സ്നേഹം പങ്കുവച്ച നമ്മുടെ ഒക്കെ മുത്തശ്ശിമാര്‍ സര്‍വ്വകലാശാല ബിരുദമുള്ളവരല്ലായിരുന്നു എന്ന് ഓര്‍ക്കുക.
പക്ഷെ അവരുകാണിച്ച ക്ഷമ സഹനം സ്നേഹം ശുശ്രൂഷ അവയാണ് നമ്മുടെ പൈതൃകം ...

അതുകൊണ്ടാ എല്ലാമക്കളും അമ്മ എന്ന് കരുതുന്നതും
മുത്തശ്ശിമാരുടെ ഓര്‍മ്മക്കുമുന്നില്‍ വെണ്ണപോലെ മനസുള്ളവരാകുന്നതും... അവരോക്കെ ധീരവനിതകളായിരുന്നു എന്ന് കാലം തങ്കലിപികളില്‍ എഴുതി വച്ചിട്ടുണ്ട്.
ഒരവാര്‍‌ഡും അതിനൊപ്പമെത്തില്ല.
മറക്കാനും പൊറുക്കാനും പെണ്ണിനു കഴിയും, പെണ്ണായി പിറന്നതില്‍ അഭിമാനിക്കുക.
വെറുപ്പും വിദ്വേഷവും പെണ്‍കുട്ടിക്ക് ഭൂഷണമല്ല.

ഈശ്വരന്‍ ആണിനേയും പെണ്ണിനേയും സൃഷ്ടിച്ചത് വിത്യാസങ്ങളോട് കൂടി തന്നെയാണ് അവ അങ്ങനെ തന്നെ നിലനില്‍ക്കും, ആണിന്റെയും പെണ്ണിന്റെയും നല്ല വശങ്ങള്‍ മാത്രം ഉള്‍കൊള്ളാം.:)

ശ്രീ said...

ഇതില്‍ അത്ര കാര്യമാക്കാനുണ്ടോ?

ആല്‍ഫബെറ്റിക് ഓര്‍ഡറില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ നല്‍കാം എന്നത് ഒരു നല്ല നിര്‍ദ്ദേശമാണ്.

t.k. formerly known as thomman said...

എല്ലാ ആണ്‍‌കുട്ടികള്‍ക്ക് മെഡലുകള്‍ വിതരണം ചെയ്ത് കഴിഞ്ഞിട്ടാണോ പെണ്‍കുട്ടികള്‍ക്ക് കൊടുത്തുതുടങ്ങിയത്? അങ്ങനെയാണെങ്കില്‍ തികച്ചും ആ രീതി അപലനീയം തന്നെ.

ഓ.ടോ: വിനയയുടെ പടത്തിന് എന്തോ അപാകത തോന്നുന്നു. കുറച്ചുകൂടി പ്രസാദാത്മകമായ ഒരു പടം കൊടുത്തുകൂടെ?

VINAYA N.A said...

അന്നുണ്ടായിരുന്ന പതിനാല് കുട്ടികളില്‍ ഒന്‍പത് പെണ്‍ കുട്ടികളും അഞ്ച് ആണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്.അഞ്ച് ആണ്‍ കുട്ടികള്‍ക്കും മെഡല്‍ കൊടുത്തതിനു ശേഷം മാത്രമാണ് പെണ്‍കുട്ടികള്‍ക്ക് മെഡല്‍ കൊടുത്തത്

അനില്‍@ബ്ലോഗ് // anil said...

വിനയ,
അതു ശരിയായിരിക്കാം.
ആണിനും പെണ്ണിനും പ്രത്യേകം പ്രത്യേകം അവാര്‍ഡാണോ? ആണെങ്കില്‍ എന്തിന് വെവ്വേറെ?