Friday, April 10, 2009

മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെ മെയില്‍ വാര്‍ഡ്‌

മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെ മെയില്‍ വാര്‍ഡ്‌

പ്രമേഹ രോഗത്തെതുടര്‍ന്ന്‌ എന്റെ അച്ഛന്റെ വലതുകാല്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ വെച്ച്‌ മുറിച്ചു മാറ്റി.ഓപ്പറേഷന്‍ നടന്ന ദിവസം വൈകിട്ടാണ്‌ അച്ഛനെ മെയില്‍ വാര്‍ഡിലേക്ക്‌ മാറ്റിയത്‌.അതുവരെ അത്യാഹിതവിഭാഗത്തില്‍ observation unit ല്‍ ആയിരുന്നു.പതിനൊന്ന്‌ മണിക്ക്‌ ഓപ്പറേഷന്‍ തിയ്യറ്ററില്‍ കയറ്റി എങ്കിലും വൈകിട്ട്‌ ഏഴു മണിയോടെയാണ്‌ വാര്‍ഡിലേക്ക്‌ കൊണ്ടു വരാനായത്‌.അച്ഛനെ വാര്‍ഡിലെത്തിച്ച ഉടനെ ഞാനും എന്റെ ഏറ്റവും ഇളയ അനിയത്തിയും കൂടി പുറത്തേക്കെഴുതിയ മരുന്ന്‌,ബക്കറ്റ്‌ ,കപ്പ്‌ ,തുടങ്ങിയ അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി പുറത്തേക്ക്‌ പോയി.തിരിച്ചെത്തിയപ്പോള്‍ സമയം എട്ടര മണി കഴിഞ്ഞിരുന്നു.വാര്‍ഡിലേക്കു കയറുമ്പോള്‍ സെക്യൂരിറ്റിയും എന്റെ വീട്ടുകാരും തമ്മില്‍ എന്തോ കശപിശ.അടുത്തെത്തിയപ്പോഴാണ്‌ കാര്യം പിടികിട്ടിയത്‌.പുരുഷന്‍മാരുടെ വാര്‍ഡില്‍ സ്‌ത്രീകളെ നിര്‍ത്തില്ല.അച്ഛന്‌ കൂട്ടുനില്‌ക്കാന്‍ ആരേലും ആണുങ്ങള്‍ തന്നെ വേണം. വാര്‍ഡില്‍ രാത്രി പെണ്ണുങ്ങളെ നിര്‍ത്താന്‍ സമ്മതിക്കില്ല എന്ന്‌ സെക്യൂരിറ്റി തീര്‍പ്പു കല്‌പിച്ചു.

"അച്ഛന്‌ ഞങ്ങള്‍ അഞ്ച്‌ പെണ്‍കുട്ടികളാണ്‌.വാര്‍ഡില്‍ നില്‌ക്കാനായിട്ട്‌ ഇപ്പം ഒരു ആണ്‍കുട്ടി വേണമെന്നു വെച്ചാലും നടക്കില്ലല്ലോ...... "ഗീത അല്‌പം പരിഹാസം കലര്‍ന്ന മട്ടില്‍ പറഞ്ഞു.അപ്പോഴേക്കും ഒന്നുരണ്ടു ഡോക്ടര്‍മാരും വാര്‍ഡിലുള്ള സിസ്‌റ്റര്‍മാരും രോഗികള്‍ക്ക്‌ കൂട്ടിരിക്കുന്നവരും എല്ലാവരും ഞങ്ങള്‍ക്കുചുറ്റും കൂടിയിരുന്നു.ഞങ്ങള്‍ യാതൊരു ഒത്തുതീര്‍പ്പിനും നില്‌ക്കുന്നില്ലെന്നുറപ്പായപ്പോള്‍ ഒരു ഡോക്ടര്‍ അല്‌പം കര്‍ക്കശമായിട്ടുതന്നെ പറഞ്ഞു

"ഇവിടെ ചില നിയമങ്ങള്‍ ഉണ്ട്‌. ആശുപത്രിയുടെ നല്ല നടത്തിപ്പിന്‌ അതു പാലിക്കേണ്ട ബാധ്യതയെല്ലാവര്‍ക്കുമുണ്ട്‌ "

"സാറു പറഞ്ഞത്‌ ഞങ്ങള്‍ അംഗീകരിക്കുന്നു.പക്ഷേ ഒരു സംശയം. ആര്‍ക്കുവേണ്ടിയാണീ നിയമം ? അത്‌ ഇവിടുത്തെ രോഗികളുടെ നന്മക്കു വേണ്ടിയാണെങ്കില്‍ അല്‌പം കൂടി പ്രായോഗികമാക്കണം. " ഞാന്‍ എന്റെ ഭാഗം വ്യക്തമാക്കി.

"ഇക്കാര്യത്തില്‍ തര്‍ക്കിക്കാന്‍ ഞാനില്ല.നിയമം നിങ്ങള്‍ക്കും ബാധകമാണ്‌".ഡോക്ടര്‍ തിരിഞ്ഞു നടന്നു. കൂടെ മറ്റുള്ളവരും പിരിയാന്‍ തയ്യാറായി.

" ഡോക്ടര്‍ ഒരു കണ്ടീഷന്‍ നിങ്ങള്‍ പറയുന്നതു പോലെ ഞങ്ങള്‍ കേള്‍ക്കാം. ഒരു നഴ്‌സിനെ അച്ഛനു വേണ്ടി പോസ്‌റ്റു ചെയ്യണം .ആളില്ലാ എന്ന ബുദ്ധിമുട്ട്‌ അച്ഛന്‌ തോന്നാന്‍ പാടില്ല.ഒരു ചെറിയ വീഴ്‌ചപോലും വരുത്താന്‍ പാടില്ല , അങ്ങനെ സംഭവിച്ചാല്‍ അത്‌ വലിയ പ്രശ്‌നവുമാകും. " വനജേടുത്തി വളരെ ഗൗരവമായി എല്ലാവരോടുമായി പറഞ്ഞു.അല്‌പ സമയത്തിനുള്ളില്‍ എല്ലാവരും പിരിഞ്ഞു പത്തുമണിക്കായി ഞങ്ങളും കാത്തിരുന്നു.അച്ഛന്റെ മരുമകനും ഇളയച്ഛന്റെ മകനും അച്ഛനെ നോക്കാന്‍ തയ്യാറായി അവരുടെ താത്‌പര്യം ഞങ്ങളെ അറിയിച്ചെങ്കിലും ഞങ്ങള്‍ തയ്യാറായില്ല.ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങളെ ഡ്യൂട്ടി റൂമിലേക്ക്‌ വിളിപ്പിച്ചു.കര്‍ക്കശമായ ആ നിയമം നടപ്പിലാക്കിയതിനു പിന്നിലെ സാഹചര്യം വിശദമായി പറഞ്ഞു.അവര്‍ നിയമത്തില്‍ അയവു വരുത്തി.സെക്യൂരിറ്റിയോടും നഴ്‌സസിനോടും ഞങ്ങള്‍ക്ക്‌ പ്രത്യേക പരിഗണന നല്‌കിയ വിവരം അറിയിച്ചു.നാല്‌പത്തഞ്ചു ദിവസത്തോളം അച്ഛന്‌ ആശുപത്രിയില്‍ കിടക്കേണ്ടി വന്നു.ഞങ്ങള്‍ മക്കള്‍ മാറിമാറി അച്ഛനെ നോക്കി.അന്ന്‌ ഞങ്ങള്‍ അത്രയും പറഞ്ഞില്ലായിരുന്നെങ്കില്‍ ഓരോദിവസവും രാത്രിയില്‍ ഓരോ ആണിനെതേടി ഞങ്ങള്‍ നടക്കേണ്ടി വരുമായിരുന്നു.

6 comments:

അനില്‍@ബ്ലോഗ് // anil said...

വിനയ,
സംഭവം സത്യമാണ്, പുരുഷന്മാരുടെ വാര്‍ഡില്‍ പുരുഷന്മാര്‍ക്കും സ്ത്രീകളുടെ വാര്‍ഡില്‍ സ്ത്രീകള്‍ക്കും മാത്രമേ രാത്രിയില്‍ നില്‍ക്കാന്‍ അനുവാദമുള്ളൂ. ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും ഈ സാഹചര്യം ചില അസ്ന്മാര്‍ഗികളും മുതലെടുക്കാതിരിക്കാന്‍ അതു കൂടിയേ കഴിയൂ. വിനയ എന്ന് വ്യക്തിയെ അറിയാവുന്നവര്‍ പ്രൊവോക്കേഷനു ശ്രമിക്കില്ലായിരിക്കാം, പക്ഷെ മറ്റൊരാള്‍ക്കു ആ പരിഗണന ലഭിച്ചെന്നു വരില്ല. നമ്മുടെ നാട് ഒരുപാട് വളരേണ്ടിയിരിക്കുന്നു.അതു വരെ ഇതെല്ലാമായി സഹകരിച്ചേ പറ്റൂ.

പാത്തുമ്മയുടെ ആട് said...

മെയില്‍ വാര്‍ഡില്‍ രാത്രി മാത്രമേയുള്ളൂ നിയന്ത്രണം. പക്ഷെ ഫീമെയില്‍ വാര്‍ഡില്‍ രാത്രി മാത്രമല്ല, പഹല്‍ ഡോക്റ്റര്‍ പരിശോധന്യ്ക്ക് വരുമ്പോള്‍, നേഴ്സ് കുത്താന്‍ വരുമ്പോള്‍, നേഴ്സുംകുഞ്ഞുങ്ങള്‍ പ്രെഷറെടുക്കാന്‍ വരുമ്പോള്‍, അറ്റന്റേഴ്സ് ശുചീകരണത്തിനു വരുമ്പോള്‍, വി ഐ പി മന്ത്രിണികള്‍ സന്ദര്‍ശനത്തിനു വരുമ്പോളൊന്നൂം അടുപ്പിക്കില്ല ആണുങ്ങളെ.


വാര്‍ഡില്‍ നില്‌ക്കാനായിട്ട്‌ അപ്പം ഒരു പെണ്‍കുട്ടി വേണമെന്നു വെച്ചാലും നടക്കില്ലല്ലോ

kadathanadan:കടത്തനാടൻ said...

മെയ്‌ 3 ന്‌ വടകര ശിൽപ ശാലയിൽ പങ്കെടു
ക്കാനും ശിൽപശാല വിജയിപ്പിക്കാനും താങ്കളെ താൽപര്യപൂർവ്വം ക്ഷണിക്കുകയാണ്. തീർച്ചയായും പങ്കെടുക്കുമല്ലോ.

മാണിക്യം said...

ആര്‍ക്കുവേണ്ടിയാണീ നിയമം ? അത്‌ ഇവിടുത്തെ രോഗികളുടെ നന്മക്കു വേണ്ടിയാണെങ്കില്‍ അല്‌പം കൂടി പ്രായോഗികമാക്കണം. .....

വളരെ ശരി.

VINAYA N.A said...

ശരിയാണ്. എനിക്ക് പലപ്പോഴും അത് തോന്നിയിട്ടുണ്ട്.ഇന്ന് ഞാന്‍ വണ്ടി ഓടിച്ച് ബത്തേരി അസംഷന്‍ ജംഗ്ഷന് മുന്‍വശം എത്തിയപ്പോള്‍ കാല്‍ നട യാത്രക്കാര്‍ക്കുള്ള സിഗ്നല്‍ ആയിരുന്നു.യാത്രക്കാരായി ഒരാള്‍ പോലും ഉണ്ടായിരുന്നുമില്ല.നിയമങ്ങള്‍ നമ്മുക്കുവേണ്ടിയാകണം അല്ലാതെ നാം നിയമത്തിനുവേണ്ടിയാകരുത്.അത്രേയുള്ളൂ

Anonymous said...

Vinaya, you and your family should first go to the court and get all womens college stopped, no more womemns only bus, no seat reservation for women in bus, no vanitha samvaranam anywhere. Then start demanding for equal rights everywhere.