Friday, January 22, 2010

സര്‍വ്വേ

സര്‍വ്വേ

ഒരു കുടുംബശ്രീ സംഘടിപ്പിച്ച ക്ലാസ്സില്‍ സംസാരിക്കുകയായിരുന്നു ഞാന്‍.ക്ലാസ്സിനിടയില്‍ ക്ലാസ്സിലെ അംഗങ്ങളെ ഞാന്‍ രണ്ടായി ഭാഗിച്ചു.രണ്ടു കുട്ടികളുള്ളവരും രണ്ടാമത്തെ കുട്ടിയെ സ്‌ക്കൂളിലയക്കുകയും ചെയ്യുന്ന അമ്മമാര്‍ മാറിയിരിക്കുക.അങ്ങനെ മാറിയിരുന്നതില്‍ 13 സ്‌ത്രീകളുണ്ടായിരുന്നു.അവര്‍ക്ക്‌ ഞാന്‍ ഒരു കഷണം പേപ്പര്‍ കൊടുത്തു. എന്നിട്ട്‌ ഇങ്ങനെ പറഞ്ഞു."ഞാന്‍ നിങ്ങളോട്‌ ഒരു ചോദ്യം ചോദിക്കുകയാണ്‌.അതിന്റെ ഉത്തരം ശരിയെന്നോ ( ) തെറ്റെന്നോ (x) മാത്രം അടയാളപ്പെടുത്തുക.മറ്റൊരടയാളവും അതിലുണ്ടാകാന്‍ പാടില്ല.നിങ്ങള്‍ ഉത്തരമെഴുതിയ പേപ്പര്‍ ഒരിക്കലും ഇവിടെവെച്ച്‌ ഞാന്‍ തുറക്കില്ല.ആരേയും ഫോണില്‍ അറിയിക്കുകയുമില്ല.ചോദ്യമിതാണ്‌.ി്‌നിങ്ങള്‍ക്ക്‌ ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഇപ്പോഴത്തെ ആളുതന്നെ ആയിരിക്കണം നിങ്ങളുടെ ഭര്‍ത്താവ്‌ എന്ന്‌ ആഗ്രഹിക്കുന്നവര്‍ ശരി എന്നും അല്ലാത്തവര്‍ X എന്നും അടയാളപ്പെടുത്തുക .അടയാളം രേഖപ്പെടുത്തിയ പേപ്പര്‍ നാലായി മടക്കി ഈ ബോക്‌സില്‍ ഇടണം (എന്റെ കൈയ്യിലെ ബോക്‌സു കാണിച്ചുകൊണ്ട്‌ ഞാന്‍ പറഞ്ഞു.)ഞാന്‍ വിതരണം ചെയ്‌ത പേപ്പര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നാലായി മടക്കി അവര്‍ ബോക്‌സില്‍ നിക്ഷേപിച്ചു.വീട്ടിലെത്തിയ ഞാന്‍ ഓരോ പേപ്പറും പരിശോധിച്ചു. 13 പേപ്പറിലേയും മാര്‍ക്ക്‌ X എന്നു തന്നെയായിരുന്നു.

വേണ്ടിടത്ത്‌ വിളങ്ങണം.......................(2)

വേണ്ടിടത്ത്‌ വിളങ്ങണം.......................(2)

ഒരിക്കല്‍ ഞാന്‍ ബത്തേരി മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ പോയി കവറില്‍ വെച്ച അരക്കിലോ വെല്ലത്തിന്‌ അടുത്തുനിന്ന സെയില്‍സ്‌ ഗേളിനോട്‌ വില ചോദിച്ചു.ഉടനെ തന്നെ ആ പെണ്‍കുട്ടി ആ കവര്‍ കൈയ്യിലെടുത്ത്‌ ഉറക്കെ വിളിച്ചു

"സദൂ ഇതിനെത്രയാ വില...? "അതു കാണേണ്ട താമസം ആ സെയില്‍സ്‌ ബോയ്‌ അതിന്റെ വില പറഞ്ഞു.

"താനെത്ര കാലമായി ഇവിടെ " ഞാന്‍ ആ പെണ്‍കുട്ടിയോടായി ചോദിച്ചു.

"രണ്ടു വര്‍ഷം" അവള്‍ ഉത്തരം പറഞ്ഞു

"ആ കുട്ടിയോ ? " ഞാന്‍ ആ പയ്യനെ ഉദ്ദേശിച്ചുകൊണ്ട്‌ ചോദിച്ചു.

"അവനും അതേ...." അവള്‍ നിസ്സാാര ഭാവത്തില്‍ പറഞ്ഞു.

"പിന്നെന്തിനാ താന്‍ അയാളോട്‌ വില ചോദിക്കുന്നത്‌? ഒഴിവുള്ളപ്പോള്‍ ഇതൊക്കെ ചോദിച്ച്‌ പഠിച്ചൂടെ ? നാണക്കേടാണ്‌ മറ്റുള്ളോരുടെ മുമ്പിന്ന്‌ ഇങ്ങനെ ചോദിക്കാന്‍ ഒരു മടിയുമില്ലല്ലോ. സമ്മതിക്കണം " ഇത്രയും ആ കുട്ടിയോടു മാത്രമായ്‌ പറഞ്ഞ്‌ ഞാന്‍ സാധനവും വാങ്ങി ഇറങ്ങി.പിന്നീടൊരിക്കല്‍ ഞാനവിടെപ്പോയി കവറില്‍ വെച്ച അരക്കിലോ ചെറുപയറിനു വില ചോദിച്ചു. ഉടനെ ആ കുട്ടി അതിന്റെ വില പറയുകയും ചിരിച്ചുകൊണ്ട്‌ എന്നെ നോക്കി " സാറേ ഇപ്പം ഞാന്‍ ശ്രദ്ധിക്കാറുണ്ട്‌ എന്നു പറയുകയും ചെയ്‌തു . അപ്പോഴാണ്‌ ഞാനവളുടെ മുഖം ശ്രദ്ധിച്ചത്‌.

Wednesday, January 20, 2010

വേണ്ടിടത്തു വിളങ്ങണം.................(1)

വേണ്ടിടത്തു വിളങ്ങണം.................(1)

ഏറെ പാടുപെട്ടാണ്‌ ഡ്യൂട്ടിക്കിടയില്‍ രണ്ടു മണിക്കൂര്‍ പെര്‍മിഷന്‍ ഒപ്പിച്ചെടുത്തത്‌. എങ്ങനെയെങ്കിലും കംപ്യൂട്ടര്‍ പഠിക്കണം, ലക്ഷ്യം നിറവേറ്റാനായി ഞാന്‍ കല്‍പറ്റയിലുള്ള ഒരു കംപ്യൂട്ടര്‍ സെന്റെറില്‍ എത്തി.അവിടെ രണ്ടു പെണ്‍കുട്ടികളാണ്‌ സ്റ്റാഫായി ഉണ്ടായിരുന്നത്‌. ഞാന്‍ ക്ലാസിന്റെ സമയത്തെപ്പറ്റി പറഞ്ഞപ്പോള്‍ അവര്‍ പരസ്‌പരം നോക്കി പിന്നീട്‌ അവരിലൊരാള്‍ എന്നോടായി ചോദിച്ചു

"മാഡം..... 4 to 5 1/2 എന്നത്‌ 3 to 4 1/2 ആക്കാമോ ....................."

''അയ്യോ അതു പറ്റില്ല. ആ സമയത്തേ എനിക്ക്‌ പറ്റുള്ളൂ " ഞാനെന്റെ കാര്യം പറഞ്ഞു

''ആ സമയം ഞങ്ങള്‍ക്കും പ്രയാസമാണ്‌ " അല്‌പം നീരസത്തോടവരിലൊരാള്‍ പറഞ്ഞു.

"എന്താണ്‌ പ്രയാസം കംപ്യൂട്ടര്‍ ഒഴിവില്ലേ ? " ഞാന്‍ തിരിച്ചു ചോദിച്ചു

"ഏയ്‌ അതല്ല ഞങ്ങളുടെ ബസ്‌ പോകും. 5 മണിക്കാണ്‌ ആ ബസ്‌.അതു കഴിഞ്ഞാല്‍ ഞങ്ങള്‍ക്കാ റൂട്ടില്‍ ബസില്ല."

" ഞാനിപ്പോഴെന്താ വേണ്ടത്‌....... ?" അവരുടെ മുഖത്തു പ്രകടമായ വല്ലായ്‌മക്കറുതി വരുത്തുവാനെന്ന വണ്ണം ഞാ്‌ന്‍ ചോദിച്ചു.

" ഒന്നുകില്‍ മാഡം 3 to 4 1/2 വരെ എടുക്കണം അല്ലെങ്കില്‍ 4 to 5 മണിക്കുളളില്‍ വരെ എടുക്കണം അപ്പപ്പിന്നെ ഒരു മണിക്കൂര്‍ മാത്രമേകിട്ടൂ അതിനപ്പുറത്തേക്ക്‌ ഞങ്ങള്‍ക്ക്‌ ബുദ്ധിമുട്ടാണ്‌."

അവര്‍ കാര്യങ്ങള്‍ വ്യക്തമാക്കി.

"ശരി ,നിങ്ങളുടെ ബുദ്ധിമുട്ടൊഴിവാക്കാന്‍ എനിക്ക്‌ രണ്ടു മാര്‍ഗ്ഗങ്ങളുണ്ട്‌.ഒന്നുകില്‍ ഞാനെന്റെ ജോലി രാജിവെച്ച്‌ നിങ്ങളുടെ സമയത്തെത്തണം അല്ലെങ്കില്‍ ഈ institute മാറണം.ഏതായാലും ഒന്നാമത്തെ മാര്‍ഗ്ഗം സ്വീകരിക്കാനുദ്ദേശിക്കുന്നില്ല. ഞാന്‍ അടുത്ത institute ലക്ഷ്യമാക്കി നടന്നു.

Sunday, January 17, 2010

അറിയിപ്പ്‌

അറിയിപ്പ്‌

പ്രിയ സുഹൃത്തുക്കളേ..................നാളെ തിങ്കളാഴ്‌ച (18-01-10 ) രാത്രി 8.30 ന്‌ മലയാളം ചാനലില്‍ -നിങ്ങളില്‍ ഒരാള്‍ - എന്ന പരിപാടിയില്‍ എന്നെ പരിചയപ്പെടുത്തുന്നുണ്ട്‌. കാണണേ.അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

Thursday, January 14, 2010

ഇങ്ങിനേയും ആകാം

ഇങ്ങിനേയും ആകാം

കോടതി ഡ്യൂട്ടിക്കായി കോടതിയിലെത്തിയപ്പോള്‍ സമയം 10.55 പതിനൊന്നു മണിക്ക്‌ കോടതി തുടങ്ങും.യൂണിഫോം മാറ്റാനായി സാധാരണ കയറാറുള്ള മുറിയിലേക്ക്‌ പാഞ്ഞു കയറി. അവിടെയതാ എന്നെപ്പോലെ തന്നെ വൈകിവന്ന രണ്ടു പോലീസുകാര്‍ ധൃതിപ്പെട്ട്‌ വസ്‌ത്രം മാറാന്‍ തുടങ്ങുന്നു.മാറി നില്‍ക്കുമോ എന്നു ചോദിക്കാന്‍ യാതൊരു ന്യായവുമില്ല.ആലോചിക്കാന്‍ സമയവുമില്ല.ആപോലീസുകാര്‍ വസ്‌ത്രം മാറുന്ന അതേ മുറിയില്‍ നിന്നു തന്നെ അവരോടൊപ്പം ഞാനും യൂണിഫോം ധരിച്ച്‌ പുറത്തേക്കിറങ്ങി ഇറങ്ങുന്നതിനിടയില്‍ ഒരു പോലീസുകാരന്‍ ചോദിച്ചു " ഇത്ര അടുത്തായിട്ടും സാറെന്താ വൈകിയത്‌ " ഉത്തരം ഒരു ചിരിയിലൊതുക്കി ഞാന്‍ കൃത്യ സമയത്തു തന്നെ കോടതിയിലെത്തി.

Sunday, January 3, 2010

ആരുടെ പിടിപ്പുകേട്‌...?

ആരുടെ പിടിപ്പുകേട്‌...?

ജില്ലാ സ്‌ക്കൂള്‍ കലോത്സവത്തോടനുബന്ധിച്ച ഘഷയാത്ര .ഏറ്റവും പിന്നിലായി 30 -ഓളം ആണ്‍കുട്ടികളുടെ സൈക്കിള്‍റാലി.ഘോഷയാത്രയുടെ അവസാനഭാഗമായ സൈക്കിള്‍ റാലി എന്റെ ഡ്യൂട്ടി പോയന്റെിലെത്തിയപ്പോള്‍ റാലിക്കു നിര്‍ദ്ദേശം കൊടുക്കുന്ന ടീച്ചറോടായി ഞാന്‍ ചോദിച്ചു."എന്താ............. ടീച്ചറേ സൈക്കിള്‍ റാലിക്ക്‌ ഒരു പെണ്‍കുട്ടിയെപ്പോലും കിട്ടിയില്ലേ....?"എന്തു ചെയ്യാനാ വിനയേ.... പെണ്‍പിള്ളേരുടെ പിടിപ്പുകേട്‌.ഇക്കൊല്ലം NCC യിലുള്ള 30 പെണ്‍കുട്ടികള്‍ക്ക്‌ സ്‌ക്കൂളില്‍ നിന്നും സൈക്കിള്‍ കൊടുത്തതാ..... "ടീച്ചര്‍ വലിയ കാര്യം പോലെ പറഞ്ഞു" എന്നിട്ട്‌ ? ....ഞാന്‍ ആകാംക്ഷയാലെ ടീച്ചറെ നോക്കി." ഒരെണ്ണെങ്കിലും അതും ചവിട്ടി വരുന്നത്‌ ഞാന്‍ കണ്ടിട്ടില്ല.ഒക്കെ ഏട്ടന്‍മാര്‍ക്കും അനിയന്‍മാര്‍ക്കും കൊടുത്തിട്ടുണ്ടാകും." അത്രയും ധൃതിയില്‍ പറഞ്ഞ്‌ ടീച്ചര്‍ റാലിക്കൊപ്പം നടന്നു നീങ്ങി.ഇവിടെ ടീച്ചര്‍ പറഞ്ഞ പിടിപ്പുകേട്‌ ആര്‍ക്കാണ്‌ ?. ഒരു ആനുകൂല്ല്യം കൊടുക്കുമ്പോള്‍ - ആര്‍ക്ക്‌ ആ ആനുകൂല്യം നല്‌കിയോ അത്‌ കൃത്യമായി അവര്‍ ഉപയോഗിക്കുന്നുണ്ടോ എന്ന്‌ ഉറപ്പുവരുത്തേണ്ടത്‌ ആനുകൂല്യങ്ങള്‍ അനുവദിക്കുന്ന കേന്ദ്രങ്ങള്‍ തന്നെയല്ലേ...?ശരിയാം വിധം പരിശോധിക്കാനാകുന്നില്ലെങ്കില്‍ ഇത്തരം ആനുകൂല്യങ്ങള്‍ക്കൊണ്ടെന്തു പ്രയോജനം?