Saturday, May 16, 2009

ശൃംഗാരത്തിന്റെ ശക്തി

ശൃംഗാരത്തിന്റെ ശക്തി

പോലീസില്‍ ഏറെ പ്രാധാന്യം കല്‌പിക്കുന്ന ഒന്നാണ്‌ സീനിയോരിറ്റി.ഒരു നമ്പര്‍ സീനിയര്‍ പോലും സീനിയര്‍ ആണെന്നും സാര്‍ എന്നു മാത്രമേ അഭിസംഭോധന ചെയ്യാവൂ എന്നുമാണ്‌ ട്രയിനിംങ്ങിന്റെ നാളുകളില്‍ അച്ചടക്കത്തിന്റെ ആണിക്കല്ലായി ഓരോ ട്രയിനിയേയും ഇന്‍സ്‌ട്രക്ടര്‍ ഇടക്കിടക്ക്‌ ഓര്‍മ്മിപ്പിക്കുക.(അത്‌ സ്‌ത്രീകളാണെങ്കില്‍ മേഡം എന്നുമതിയെന്നത്‌ മുകളിലുള്ള ചില സാറമ്മാരുടെ അപകര്‍ഷതാബോധത്തില്‍ നിന്നുണ്ടായ ഉത്തരവു മാത്രം.sir എന്ന പദത്തിന്‌ superior in rank എന്ന്‌ ഓക്‌സ്‌ഫോര്‍ഡ്‌ dictionry ല്‍ പറയുന്നു എങ്കിലും അതിന്റെ കൈവശാവകാശവും തങ്ങള്‍ക്കുതന്നെയാണെന്ന്‌ സ്ഥാപിക്കുനാനുള്ള തന്ത്രപ്പാടിലാണിവര്‍)ട്രയിനിംങ്‌ നാളില്‍ കേട്ടു ശീലിച്ച ഈ സീനിയോരിറ്റി വനിതാപോലീസുകാരോട്‌ പുരുഷപോലീസിന്‌ പ്രകടിപ്പിക്കേണ്ടതില്ലെന്ന്‌ മനസ്സിലാക്കാന്‍ അധിക കാലമൊന്നും എനിക്ക്‌ വേണ്ടി വന്നില്ല.

സാധാരണ മറ്റേതു വകുപ്പിലും അതത്‌ ഓഫീസിലെ സ്റ്റാഫിന്റെ പേരുകള്‍ ഓഫീസ്‌ റജിസ്റ്ററില്‍ രേഖപ്പെടുത്തുന്നത്‌ സീനിയോരിറ്റി ക്രമത്തില്‍ തന്നെയായിരിക്കും .എന്നാല്‍ പോലീസ്‌ വകുപ്പില്‍ മുഴുവന്‍ പുരുഷപോലീസുകാരുടേയും പേരും നമ്പരും രേഖപ്പെടുത്തിയതിനു ശേഷം മാത്രമേ വനിതാപോലീസുകാരുടെ പേരുകള്‍ എഴുതാറുണ്ടായിരുന്നുള്ളൂ.(ഉദാഹരണത്തിന്‌ 2004-ല്‍ സര്‍വ്വീസില്‍ ചേര്‍ന്ന പോലീസുകാരന്റെ പേരും നമ്പരും രേഖപ്പെടുത്തിയതിന്റെ ശേഷംമാത്രമേ 1991 ല്‍ സര്‍വ്വീസില്‍ ചേര്‍ന്ന പോലീസുകാരിയുടെ പേരും നമ്പരും രേഖപ്പെടുത്തൂ)ഈ പ്രകടമായ ആണ്‍കോയ്‌മയെ ഞാന്‍ പലപ്പോഴും പല രീതിയില്‍ ചോദ്യം ചെയ്‌തെങ്കിലും എഴുത്തിന്റെ രീതിയില്‍ യാതൊരു മാറ്റവും വരുത്താതെ ഈ പോക്രിത്തരം അധികാരികള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതിനിടയിലാണ്‌ ഞാന്‍ കേരളാ ഹൈക്കോടതിയില്‍ പോയി സര്‍ക്കാര്‍ ഓഫീസുകളില്‍ സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതുമായ രേഖകളിലും ഫോമുകളിലും ആണ്‍കോയ്‌മാപരമായുള്ള രീതികള്‍ ഒഴിവാക്കണമെന്നും gender nutral ആയി മാത്രമേ രേഖകളില്‍ പരാമര്‍ശമുണ്ടാകാവൂ എന്നുമുള്ള അനുകൂല വിധിവാങ്ങിയത്‌.ഈ വിധി ചൂണ്ടിക്കാട്ടി പരാതി പറഞ്ഞിട്ടും യാതൊരു ഫലവുമുണ്ടായില്ല.വനിതാപോലീസുകാരുടെ പേരുകള്‍ താഴേതട്ടില്‍ തന്നെ കിടന്നു.

പരാതിപറഞ്ഞിട്ടു കാര്യമില്ലെന്നു ബോധ്യമായ ഞാന്‍ ശൃംഗാരം ഗുണം ചെയ്യുമോ എന്നൊന്നു പരീക്ഷിക്കാന്‍ തീരുമാനിച്ചു.വിശ്വാമിത്രന്‍ പോലും മേനകയുടെ ശൃംഗാരത്തില്‍ വീണുപോയില്ലേ........ ? പിന്നെയാണോ ഒരു സ്‌റ്റേഷന്‍ റൈട്ടര്‍............ (സ്‌റ്റഷനിലെ രേഖകള്‍ സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും സ്‌റ്റേഷന്‍ റൈട്ടറാണ്‌.)ഞാന്‍ മനസ്സിനെ അതിനായി പരുവപ്പെടുത്തി.ഏതൊരു പെണ്ണിനും എളുപ്പം സാധിക്കുന്നതും ഏറ്റവും പ്രയാസമെന്ന്‌ അവള്‍ കരുതുന്നതുമായ ഒന്നാണ്‌ ശൃംഗാരം

ഒരു ദിവസം വൈകുന്നേരം ഞാന്‍ റൈട്ടര്‍ക്കഭിമുഖമായി ഒന്നും മിണ്ടാതെ അയാളെതന്നെ നോക്കിയിരുന്നു.എന്റെ സാമീപ്യത്തെ ആര്‍ത്തിയോടെ ഏതു നിമിഷവും സ്വാഗതം ചെയ്‌തു പോന്ന അയാള്‍ "എന്തിനാ............ വിനയേ ഈ ഗൗരവം ? എനിക്ക്‌ പണ്ടേ വിനയയെ ഇഷ്ടമാണ്‌.................. എന്നു തുടങ്ങി പഞ്ചാരയടിക്ക്‌ തുടക്കം കുറിച്ചു.

"നിങ്ങള്‍ക്കെന്നോടിഷ്ടമൊന്നുമില്ല " ഞാനും ചിണുങ്ങി.

"അതെന്താ............ വിനയേ " അയാള്‍ പരിഭവത്തോടെ മൃദുവായ രീതിയില്‍ അടക്കിയ ശബ്ദത്തില്‍ പറഞ്ഞു.

"ഇഷ്ടമുണ്ടെങ്കില്‍ ഞാനൊരു കാര്യം പറഞ്ഞാല്‍ കേള്‍ക്കുമോ.......... ?" ഞാന്‍ നിബന്ധന വെച്ചു.

"എന്താ വേണ്ടതെന്നുവെച്ചാല്‍ പറഞ്ഞാല്‍ മതി.എന്നെക്കൊണ്ട്‌ കഴിയുന്നതാണെങ്കില്‍ ഞാന്‍ ചെയ്യും" അയാള്‍ അയാളുടെ പരിമിതി വ്യക്തമാക്കി.

"സാറിനു കഴിയുന്നതു തന്നെയാണ്‌.ഞാന്‍ പറയട്ടെ.................." ഞാന്‍ വീണ്ടും ചിണുങ്ങി.

"പറയ്‌ വിനയേ............ "അയാള്‍ക്ക്‌ ക്ഷമകെട്ടു.അയാള്‍ പ്രണയാതുരനായി തന്റെ സീറ്റില്‍ നിന്നുമെണീറ്റ്‌ എന്റെടുക്കല്‍ ഒരു കൈ എന്റെ കസേരക്കു പിറകില്‍ പിടിച്ച്‌ എന്നോടു ചേര്‍ന്നു നിന്നുകൊണ്ട്‌ എന്റെ വാക്കുകള്‍ക്കായി കാത്തു നിന്നു.

"വേറൊന്നുമല്ല സാര്‍, നാളെമുതല്‍ duty book സീനിയോരിറ്റി ക്രമത്തില്‍ എഴുതണം. അത്രേയുള്ളൂ" ഞാന്‍ കാര്യം പറഞ്ഞു.(അപ്രകാരം എഴുതുമ്പോള്‍ എന്റെ നമ്പര്‍ ആദ്യം വരും.)"

ഓ......... അതാണോ അതെഴുതാം."വര്‍ഷങ്ങളായി ഞാന്‍ പാടുപെട്ട്‌ ചെയ്യിക്കാന്‍ ശ്രമിച്ച ഒരു മഹാകാര്യം അരമണിക്കൂര്‍കൊണ്ട്‌ സാധിച്ചത്‌കേട്ട്‌ അത്ഭുതത്തോടെ ഞാന്‍ എണീറ്റു.സമയം ഏറെ വൈകിയതുകൊണ്ട്‌ അയാളുടെ കൈയ്യില്‍ അമര്‍ത്തിപ്പിടിച്ച്‌ എന്റെ പ്രണയം ഉറപ്പിച്ച്‌ "പോട്ടെ സാര്‍ സമയം വൈകി" എന്ന്‌ പറഞ്ഞ്‌ ഏറെ പ്രതീക്ഷയോടെ ഞാനിറങ്ങി.

പിറ്റേന്ന്‌ വന്നയുടനെ തന്നെ ഞാന്‍ ഡ്യൂട്ടിബുക്ക്‌ നോക്കി.അത്ഭുതം !അതെഴുതിയിരിക്കുന്നത്‌ സീനിയോരിറ്റി പ്രകാരം തന്നെയാണ്‌. പോലീസുകാരുടെ നമ്പര്‍ തുടങ്ങുന്നതു തന്നെ എന്റെ നമ്പര്‍ മുതലാണ്‌.എനിക്കു ശേഷം ഏകദേശം പതിനഞ്ചോളം പോലീസുകാര്‍................. ആദ്യമായി കിട്ടിയ അംഗീകാരം ഞാന്‍ നെടുവീര്‍പ്പിട്ടു.ഈ ശൃംഗാരം കൊണ്ട്‌ ഈ സ്റ്റേഷനിലെ ഡ്യൂട്ടി ബുക്കില്‍ മാറ്റം വരുത്താനല്ലാതെ കേരളത്തിലെ മുഴുവന്‍ ഡ്യൂട്ടിബുക്കിലും മാറ്റം വരുത്താനാവില്ലല്ലോ.......... അല്ലെങ്കില്‍ എല്ലാ സ്‌റ്റേഷനിലേക്കും വിളിച്ച്‌ അവിടുത്തെ പോലീസുകാരികളോട്‌ ഞാനിവിടെ സ്വീകരിച്ച മാര്‍ഗ്ഗം ഉപദേശിച്ചുകൊടുക്കേണ്ടി വരും.അഭിമാനത്തോടെ ജോലിചെയ്യണമെങ്കില്‍ റൈട്ടറോട്‌ ശൃംഗരിക്കൂ എന്നുപദേശിക്കലും അത്ര എളുപ്പമല്ലല്ലോ............

ആ രീതി തന്നെ പിറ്റേ ദിവസം മുതല്‍ തുടരുമെന്ന്‌ഞാന്‍ വിചാരിച്ചു.പിറ്റേന്ന്‌ അയാളോട്‌ ശൃംഗരിക്കാന്‍ ഞാന്‍ മിനക്കട്ടില്ല.പല കാരണങ്ങളുണ്ടാക്കി അയാളെന്നെ അയാളുടെ അടുക്കലേക്ക്‌ ക്ഷണിച്ചു.ഏതായാലും റിക്കാര്‍ഡിക്കലായി ഒരു കാര്യം തുടങ്ങിവെച്ചല്ലോ ......... ?ഇനി അത്ര എളുപ്പമല്ല അതു മാറ്റാന്‍ എന്നു ചിന്തിച്ച്‌ അയാളോട്‌ പോയി പണി നോക്കാന്‍ മനസ്സില്‍ പറഞ്ഞ്‌ ഞാന്‍ എന്റെ ഡ്യൂട്ടിയില്‍ മുഴുകി.പിറ്റേ ദിവസം രാവിലെ ഞാന്‍ വന്നപ്പോള്‍ അയാളുടെ മുഖം കടന്നലു കുത്തിയപോലെ .........ഞാനുടനെ തന്നെ DUTY BOOK എടുത്തുനോക്കിഅയ്യോ............! ദേ കിടക്കുന്നു ഞാന്‍ പഴയതുപോലെ ഏറ്റവും അവസാനം തന്നെ .......!( ഈ രീതിയില്‍ മാറ്റം വരുത്താനും പിന്നീടെന്റെ നിയമപരമായ ഇടപെടലിലൂടെ സാധിച്ചു.)

17 comments:

പ്രിയ said...

:)

( ഈ രീതിയില്‍ മാറ്റം വരുത്താനും പിന്നീടെന്റെ നിയമപരമായ ഇടപെടലിലൂടെ സാധിച്ചു.)

ഇപ്പോള്‍ എല്ലായിടത്തും സീനിയോരിറ്റി ഓര്‍ഡറില്‍ ആണോ എഴുതുന്നത്?

അനില്‍@ബ്ലോഗ് // anil said...

അങ്ങിനേയും ഒരു പ്രയോഗം ഉണ്ടല്ലെ !?
:)

VINAYA N.A said...

അതെ പ്രിയാ.ഇപ്പോള്‍ എല്ലാ സ്റ്റേഷനിലും സീനിയോരിറ്റി ക്രമം പാലിക്കുന്നുണ്ട്.Right To Infofmation Act പ്രകാരമുള്ള എന്റെ ചോദ്യത്തിന് എനിക്കനുകൂല മറുപടി തരാന്‍ Dept.അധികാരികള്‍ നിര്‍ബന്ധിതരായി

കണ്ണനുണ്ണി said...

വളരെ കൌതുകകരമായിരിക്കുന്നു

സന്തോഷ്‌ പല്ലശ്ശന said...

രെജിസ്റ്ററില്‍ പേര്‌ മുന്‍പിലും പിന്‍പിലും ഒക്കെ വരുന്നതിലും കാര്യങ്ങള്‍ ഉണ്ടെന്നു മനസ്സിലായി

ഹന്‍ല്ലലത്ത് Hanllalath said...

സീനിയോരിറ്റി സീനിയോരിറ്റി തന്നെയാണല്ലോ അല്ലെ...

ജിജ സുബ്രഹ്മണ്യൻ said...

പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കണം വിനയ.എന്നാലേ ഫലം ചെയ്യൂ.വിനയയുടെശീലങ്ങൾ എനിക്കേറേ ഇഷ്ടമാണ്.

സൂത്രന്‍..!! said...

:) gud

chithrakaran:ചിത്രകാരന്‍ said...

അതുകൊള്ളാം.സ്ത്രീയുടേയും,പുരുഷന്റേയും ശക്തി-ദൌര്‍ബല്യങ്ങള്‍ അറിയുന്ന വിനയ !!!
വിവേചനത്തിനെതിരെയുള്ള
ഒറ്റയാള്‍ പട്ടാളത്തിന്റെ ചരിത്ര വിജയത്തിന് അഭിവാദ്യങ്ങള്‍ !

VINAYA N.A said...

ellavarkkum nanni

Pongummoodan said...

ഏതായാലും റിക്കാര്‍ഡിക്കലായി ഒരു കാര്യം തുടങ്ങിവെച്ചല്ലോ ......... ?ഇനി അത്ര എളുപ്പമല്ല അതു മാറ്റാന്‍ എന്നു ചിന്തിച്ച്‌ അയാളോട്‌ പോയി പണി നോക്കാന്‍ മനസ്സില്‍ പറഞ്ഞ്‌ ഞാന്‍ എന്റെ ഡ്യൂട്ടിയില്‍ മുഴുകി.പിറ്റേ ദിവസം രാവിലെ ഞാന്‍ വന്നപ്പോള്‍ അയാളുടെ മുഖം കടന്നലു കുത്തിയപോലെ .........ഞാനുടനെ തന്നെ DUTY BOOK എടുത്തുനോക്കിഅയ്യോ............! ദേ കിടക്കുന്നു ഞാന്‍ പഴയതുപോലെ ഏറ്റവും അവസാനം തന്നെ .......!


ഇപ്പോൾ മനസ്സിലായല്ലോ എങ്ങനെയാണ് പുരുഷന്മാർക്ക് മുന്നിൽ സ്ത്രീകളുടെ ശൃംഗാരം വെറുതേ പാഴാവുന്നതെന്ന്...

പോസ്റ്റിന് പേർ ‘പാഴായ ശൃംഗാരം ‘ എന്നാവുന്നതായിരുന്നു ഉചിതം.

എന്റെ വിശ്വാസം പൊതുവെ വിനയവും പ്രതിപക്ഷബഹുമാനവുമുള്ള സ്ത്രീകളോട് പുരുഷന്മാർക്കൊരു മതിപ്പുണ്ടെന്നതാണ്. ആ ലൈൻ ഒന്ന് പരീക്ഷിക്കാമായിരുന്നു. :)

VINAYA N.A said...

pongummoodan sare........ Ayalum(writer) eppol njan aavashyappettathupole thanneyanu ezhuthunnath. office reghakal swantham veettile reethiyil mattaam enna chila aanungalude chithayanu ennum enneppolulla chila pennungalude pravarthikonde pazhayi pokunnath.niyamathinte pinbalam evidullidatholam kalam oru penninum aaninte oudaryame... aavashyamilla

നാട്ടുകാരന്‍ said...

ബുദ്ധിമതീ...............

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: സ്ക്കൂള്‍ റജിസ്റ്ററില്‍ ഇപ്പഴും ആണ്‍ പിള്ളാരുടെയും പെണ്‍ പിള്ളാരുടെയും പേര് വേറേ വേറേ അല്ലേ എഴുതുന്നത്? അതിനാര്‍ക്കും ചോദിക്കാനും പറയാനും ഒന്നുമില്ലേ... ആ പേരും പറഞ്ഞ് ക്ലാസ് റ്റീച്ചറോട് ശൃംഗരിക്കാന്‍ മാത്രം ആരും വളര്‍ന്നില്ലെന്നാവും..

VINAYA N.A said...

ആരു പറഞ്ഞു ചാത്താ........... അത്‌ .ആ രീതിയൊക്കെ 2007 ല്‍ മാറി. ഇപ്പോള്‍ english അക്ഷരമാല ക്രമത്തിലാണ്‌ എഴുതുന്നത്‌.ഏതെങ്കിലും സ്‌ക്കൂള്‍ അപ്രകാരം ചെയ്യുന്നില്ലെങ്കില്‍ അത്‌ കോടതിവിധിക്കെതിരാണ്‌. ഏത്‌ സ്‌ക്കൂളിലാണ്‌ അപ്രകാരം ചെയ്യുന്നത്‌ ചാത്തന്റെ ശ്രദ്ധയില്‍ പെട്ടത്‌........ ? അറിയിച്ചാല്‍ അവരെക്കൊണ്ടും നമ്മുക്ക്‌ അക്ഷരമാല ക്രമത്തില്‍ തന്നെ എഴുതിക്കാം

കുട്ടിച്ചാത്തന്‍ said...

സ്ക്കൂള്‍ രജിസ്റ്റര്‍ ഒന്നു കണ്ടിട്ട് വര്‍ഷം 14 കഴിഞ്ഞു... മാറ്റിയ കാര്യം അറീ‍ലായിരുന്നു...:)

Asaan said...

aaNum peNNum thullyaraaNennuLLathu Sari thanne. angngane thanneyaavukayum vENam. pakshe niyamaththinte pinbalam uNTaakkiyathum aaNungngaLaaNennu maRakkaruth.