Tuesday, June 30, 2009

ഹൗ...........ന്റെ മോളേ ഇനീം കയ്‌ച്ചൂട്ടണം മൂന്നീസം കൂടി.യ്‌ക്ക്‌ വയ്യേ.........

ഹൗ...........ന്റെ മോളേ ഇനീം കയ്‌ച്ചൂട്ടണം മൂന്നീസം കൂടി.യ്‌ക്ക്‌ വയ്യേ.........
ഒരു കല്ല്യാണത്തിന്‌ പാര്‍ട്ടിയോടൊപ്പം അമ്പലത്തില്‍ പോകുമ്പോഴാണ്‌ ഞാന്‍ പാറുകുട്ടിയമ്മയെ പരിചയപ്പെടുന്നത്‌. എന്റെ മരുമകള്‍ അവരെ അമ്മായി എന്നു പരിചയപ്പെടുത്തിയതു കൊണ്ട്‌ ഞാനും അവരെ അങ്ങനെ വിളിച്ചു.ഏകദേശം ഒരു കിലോമീറ്റര്‍ നാട്ടുവഴിയിലൂടെ നടന്നാണ്‌ ചെക്കനോടും പാര്‍ട്ടിയോടുമൊത്ത്‌ ഞങ്ങള്‍ അമ്പലത്തിലേക്ക്‌ പോയത്‌. ആ വഴിയിലൂടെ നടക്കുമ്പോള്‍ അവരെന്റെടുക്കല്‍ വന്ന്‌ സ്വകാര്യമെന്നോണം പറഞ്ഞു
"വാ മോളേ............. നമ്മക്ക്‌ പാടീം കളിച്ചും നടക്കാം.ഇങ്ങനെ വെടുതെ നടന്നാ വെറുപ്പ്‌ പിടിക്കൂലേ."
?
എനിക്ക്‌ വളരെ അടുപ്പം തോന്നി. "അമ്മായി പാട്‌ ഡാന്‍സ്‌ കളിക്കാന്‍ ഞാനും കൂടാം".ഞാന്‍ അവരെ പിന്താങ്ങി.അവര്‍ പാടിയ തിരുവാതിര പാട്ടിനു താളം പിടിച്ച്‌ ഞാനും അവരോടൊപ്പം കൈകോര്‍ത്ത്‌ ഉറക്കെ പാട്ടു പാടി നടന്നു. വീഡിയോക്കോര്‍ ഞങ്ങളുടെ സന്തോഷം പകര്‍ത്തി.വിവാഹം കഴിഞ്ഞ ഉടനെതന്നെ തിരക്കു കാരണം അവരോടു യാത്ര പറയാതെ ഞാന്‍ തിരിച്ചു.
മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്റെ മരുമകള്‍ അവളുടെ അമ്മാവന്‍ മരിച്ചെന്നും പറഞ്ഞ്‌ എന്റെടുത്തു നിന്നും പോയി. തിരിച്ചു വന്നപ്പോള്‍ വല്ല്യമ്മായി അമ്മായിയെ കാണണമെന്നു പറഞ്ഞിട്ടുണ്ട്‌ എന്നു പറഞ്ഞു.എനിക്കറിയില്ലല്ലോ അവരെ എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അന്ന്‌ കല്ല്യാണത്തിനു പോകുമ്പോള്‍ ഡാന്‍സു കളിച്ച അമ്മായിയുടെ ഭര്‍ത്താവാണ്‌ മരിച്ചു പോയതെന്ന്‌ പറഞ്ഞ്‌ അവള്‍ പാറുകുട്ടിയമ്മയെ എനിക്ക്‌ ഓര്‍മ്മപ്പെടുത്തിത്തന്നു.ഒരു ദിവസം ഓഫെടുത്ത്‌ ഞാന്‍ പാറുകുട്ടിയമ്മയെ കാണാന്‍ എന്റെ മരുമകളോടൊപ്പം അവരുടെ വീട്ടിലേക്കു പോയി. അന്നേക്ക്‌ അവരുടെ ഭര്‍ത്താവ്‌ മരിച്ചിട്ട്‌ എട്ടു ദിവസമായിരുന്നു.എഴുപത്തഞ്ചു വയസ്സോളം പ്രായം തോന്നുന്ന ആ സ്‌ത്രീയെ എങ്ങനെ ഇങ്ങനെയൊരു സാഹചര്യത്തില്‍ അഭിമുഖീകരിക്കും എന്നൊരു വല്ലായ്‌മ അവിടെത്തിയപ്പോള്‍ എനിക്കുണ്ടായി. വീട്ടിലെത്തിയ ഉടനെ തന്നെ മുറ്റത്തെ പന്തലില്‍ നിന്ന്‌ ചായ കുടിച്ച്‌ ഞാന്‍ പാറുകുട്ടിയമ്മയുടെ മകളോടും എന്റെ മരുമകളോടുമൊന്നിച്ച്‌ പാറുകുട്ടിയമ്മയുടെ മുറിയുടെ വാതില്‍ക്കലെത്തി.നിലത്ത്‌ ഒരു പായില്‍ ഇരുന്ന്‌ വേഷ്ടികൊണ്ട്‌ കഴുത്തില്‍ വീശിയും കുനിഞ്ഞ്‌ വായകൊണ്ട്‌ കഴുത്തിലേക്ക്‌ ഊതിയും ഏറെ അസ്വസ്ഥയായി വിയര്‍ത്തു കുളിച്ചിരിക്കുന്ന പാറുകുട്ടിയമ്മക്കു സമീപം കത്തികൊണ്ടിരിക്കുന്ന നിലവിളക്ക്‌.
"അമ്മേ ആരാ വന്നത്‌ന്ന്‌ നോക്കി " മകള്‍ എന്നെ ചേര്‍ത്തു പിടിച്ചുകൊണ്ട്‌ പറഞ്ഞു. പെട്ടന്ന്‌ പാറുകുട്ടിയമ്മ വീശിക്കൊണ്ടു തന്നെ എന്നെ നോക്കി.
"ആരാത്‌" ! പാറുകുട്ടിയമ്മയുടെ മുഖത്ത്‌ വല്ലാത്ത സന്തോഷം
"ദാ.... ഇങ്ങോട്ടിരിക്ക്‌" അകത്തെ ഒഴിഞ്ഞു കിടക്കുന്ന കസേര കാണിച്ചുകൊണ്ട്‌ പാറുകുട്ടിയമ്മ എന്നെ ക്ഷണിച്ചു.ഞാന്‍ അവിടെച്ചെന്നിരുന്നു. പ്രതീക്ഷിച്ച വിഷമാവസ്ഥ കാണാത്തതില്‍ എനിക്കാശ്വാസം തോന്നി." നല്ല ചൂട്‌ ല്ലേ വല്ലാതെ വിയര്‍ക്കുന്നുണ്ട്‌ ഞാന്‍ വീശിത്തരാം" എന്നു പറഞ്ഞ്‌ ഞാന്‍ അവിടുന്നൊരു പേപ്പറെടുത്ത്‌ മടക്കി അവരെ വീശി.അവര്‍ വീശല്‍ നിര്‍ത്തി ആശ്വാസം കൊണ്ടെന്നപോലെ എന്നോടായി പറഞ്ഞു
"ഹൗ...........ന്റെ മോളേ ഇനീം കയ്‌ച്ചൂട്ടണം മൂന്നീസം കൂടി.യ്‌ക്ക്‌ വയ്യേ......... ചൂടുംപൊകച്ചിലെടുത്തിറ്റ്‌ ....................... " മുറിയില്‍ ഫാന്‍ ഉണ്ടെങ്കിലും വിളക്കു കെട്ടുപോകുമെന്നുള്ളതിനല്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയില്ല.അനവധി സ്ഥലങ്ങളില്‍ ഈ കാഴ്‌ച മറ്റൊരു ചിന്തയ്‌ക്കിടയില്ലാതെ ഞാന്‍ നോക്കി കടന്നു പോയിട്ടുണ്ട്‌. എന്നാല്‍ പാറുകുട്ടിയമ്മയുടെ നിഷ്‌കളങ്കമായ പ്രതികരണം സ്‌ത്രീയ്‌ക്ക്‌മേല്‍ സമൂഹം അടിച്ചേല്‍പ്പിക്കുന്ന ആചാരം എന്ന അടിമത്തത്തെപ്പറ്റി ചിന്തിക്കുന്നതിനിടയാക്കി.ഭര്‍ത്താവു മരിച്ചാല്‍ അതേ ദിവസം തലക്കല്‍ (തലഭാഗത്ത്‌) കത്തിച്ചു വെക്കുന്ന നിലവിളക്ക്‌ അണയാതെ പതിനൊന്ന്‌ ദിവസം കത്തിക്കണം.വിളക്കണയാതെ കുത്തിയിരിക്കുക എന്നത്‌ ഭാര്യമാരുടെ ചുമതലയാണ്‌. ഈ ക്രൂരകൃത്യം ധാരാളം കണ്ടിട്ടുണ്ടെങ്കിലും പരിഭവമില്ലാതെ ഈ കൃത്യം തുടരുന്ന സ്‌ത്രീകളുടെ മാനസീകാവസ്ഥയുടെ പ്രകടമായ രൂപമാണ്‌ പാറുകുട്ടിയമ്മയിലൂടെ എനിക്കു കാണാന്‍ കഴിഞ്ഞത്‌.ഒരിക്കലും ഭാര്യ മരിച്ചാല്‍ ഭര്‍ത്താവ്‌ ഇത്തരത്തില്‍ കാവലിരിക്കേണ്ട. ഭര്‍ത്താവെന്നല്ല ഒരാണും ക്ഷമകെട്ട്‌ ഇരിക്കുന്നതിന്‌ ആരും അയാളെ നിര്‍ന്ധിക്കില്ല.മരിച്ചതാരായാലും ആ ശരീരത്തിനു കൂട്ടിരിക്കുക എന്ന ബാധ്യത സ്‌ത്രീകളെത്തന്നെ ഏല്‌പിച്ച്‌ പുരുഷന്മാര്‍ മുട്ടാന്യായം പറഞ്ഞ്‌ ഉള്‍വലിയുന്നത്‌ ശ്രദ്ധിച്ചാല്‍ ആര്‍ക്കും മനസ്സിലാകും.

Thursday, June 25, 2009

ATM card

ATM card
എന്റെ മക്കള്‍ക്കു ഞാനിന്നൊരു
ATM card മാത്രം

Tuesday, June 23, 2009

കാത്തിരിപ്പ്‌

കാത്തിരിപ്പ്‌

ഡ്യൂട്ടി കഴിഞ്ഞ്‌ വന്നയുടനെ വൈകിട്ടത്തേക്കുള്ള ഭക്ഷണത്തിന്‌ തയ്യാറെടുത്തു. രാവിലെ മുതല്‍ തുടര്‍ച്ചയായുണ്ടായ ഡ്യൂട്ടി നിമിത്തം ഉച്ചത്തെ ഭക്ഷണം കഴിക്കാനായില്ല. ശീലത്തിന്റെ ഭാഗമായ നഷ്ടബോധം ഉള്ളില്‍. വേഗം തന്നെ ഭക്ഷണമാക്കി പെട്ടന്ന്‌ കിടന്നുറങ്ങാന്‍ എനിക്കു തിടുക്കമായി. എട്ടു മണിയായപ്പോഴേക്കും ഭക്ഷണം തയ്യാര്‍.ഞാന്‍ ദാസേട്ടന്റെ വരവിനായി കാത്തിരുന്നു.അര മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ദാസേട്ടന്‍ വന്നു .അടുപ്പില്‍ വെച്ച വെള്ളം ചൂടായിട്ടുണ്ട്‌ .ഞാന്‍ വെള്ളം ബക്കറ്റിലൊഴിച്ച്‌ കുളിമുറിയില്‍ കൊണ്ടുവെച്ച്‌ ദാസേട്ടനോട്‌ അല്‌പം ദേഷ്യത്തില്‍ പറഞ്ഞു " ദാസേട്ടാ ഒന്നു വേഗം കുളിച്ചിട്ടു വാ മനുഷ്യനിവിടെ വിശന്നിട്ടു വയ്യ."

"അതെ ഞാന്‍ വേഗം വരാം." ശബ്ദത്തിലെ കാഠിന്യം ഞാന്‍ തിരിച്ചറിഞ്ഞു.

"ഞാന്‍ രാവിലെ പറഞ്ഞിട്ടും പെട്രോള്‍ അടിക്കാന്‍ മറന്നല്ലോ ? "

ലൈറ്റിടാതെ വണ്ടി തള്ളിക്കൊണ്ട്‌ വന്നത്‌ അടുക്കള വാതിലിലൂടെ ഞാന്‍ കണ്ടിരുന്നു. അതിന്റെ പൊരുള്‍ എനിക്ക്‌ പെട്ടന്ന്‌ പിടികിട്ടി.സ്‌റ്റേഷനിലേക്ക്‌ പോകുമ്പോള്‍ ബത്തേരിയിവുള്ള ഹോസ്‌പിറ്റലിലാണ്‌ വണ്ടി വെക്കാറ്‌ .അവസാനം വരുന്നവര്‍ വണ്ടിയെടുത്ത്‌ പോരും അതാണ്‌ പതിവ്‌.അന്ന്‌ രാവിലെ എന്തോ ചില തിരക്കുകള്‍ കാരണം ഞാനാണ്‌ വണ്ടിയെടുത്തത്‌ .ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ഒരിരുപത്‌ കിലോമീറ്ററോളം കൂടുതല്‍ ഓടിയിരുന്നു.രാവിലെ വണ്ടിയെടുക്കുമ്പോള്‍ തന്നെ ദാസേട്ടന്‍ റിസര്‍വ്വിലാണേ.. എണ്ണയടിക്കണേ എന്നു പറഞ്ഞിരുന്നതും ഞാനോര്‍ത്തു.

" കോളിയാടി മുതല്‍(വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ) ഇവിടം വരെ വണ്ടി ഉന്തിയിട്ടാണ്‌ വന്നത്‌ .എണ്ണയടിക്കാന്‍ പറ്റില്ലെങ്കില്‍ മേലാല്‍ വണ്ടി എടുക്കരുത്‌.................................."

തെറ്റ്‌ എന്റെ ഭാഗത്താണല്ലോ ഞാന്‍ മിണ്ടാതിരുന്ന്‌ എല്ലാം കേട്ടു. ദസേട്ടന്‍ കുളിക്കാനായി പോയി .ഞാന്‍ ഭക്ഷണം വിളമ്പി മേശപ്പുറത്തു വെച്ചു.കട്ടികളേയും വിളിച്ചു. അപ്പോഴേക്കും ദാസേട്ടനും വന്നു. കഞ്ഞി കുടിക്കാന്‍ ഇരിക്കലും നടന്നു കുഴഞ്ഞ കാര്യവും ദുരിതങ്ങളുടെ നിരയും ആവര്‍ത്തിക്കാന്‍ തുടങ്ങി. എനിക്ക്‌ ദേഷ്യം പിടിച്ചു." ബത്തേരീന്നല്ലേ ഇങ്ങോട്ടു വന്നത്‌ നിങ്ങക്കും നോക്കായിരുന്നല്ലോ വണ്ടിയില്‍ എണ്ണയുണ്ടോ എന്ന്‌"

"എന്താ... ഇനീം ന്യായീകരിക്കാ............. " ദാസേട്ടന്‍ ഒന്നു കൂടി കര്‍ക്കശമായി കണ്ണുരുട്ടി മുഖം ഭീഭത്സമാക്കി എന്നെ നോക്കി.

" കഞ്ഞീം വേണ്ട വെള്ളോം വേണ്ട ഇത്തിരി സൈ്വര്യം കിട്ട്യാ മതി."ഞാന്‍ ഭക്ഷണം കഴിക്കാതെ എണീറ്റ്‌ അകത്തുപോയി കിടന്നു.ദാസേട്ടനോ കുട്ടികളോ എന്നെ വിളിക്കും എന്നു ഞാന്‍ പ്രതീക്ഷിച്ചു.ആരും എന്നെ വിളിച്ചില്ലെന്നു മാത്രമല്ല കുറച്ചു കഴിഞ്ഞ്‌ എല്ലാവരും ലൈറ്റ്‌ ഓഫാക്കി കിടന്നു.ഏകദേശം പത്തരമണിയോടെ എല്ലാവരും ഉറങ്ങിയെന്നുറപ്പു വരുത്തി ഞാന്‍ എഴുന്നേറ്റു. വിശപ്പ്‌ ഒന്നുകൂടി കൂടി .വറുത്ത പച്ച മീനും ചമ്മന്തിയും പയറുപ്പേരിയും നല്ല മാങ്ങ അച്ചാറും.......... ഞാന്‍ പ്രതീക്ഷയോടെ ഡയനിംഗ്‌ ഹളിലെത്തി ലൈറ്റിട്ടു. മേശപ്പുറം കാലി പ്രതീക്ഷകൈവിടാതെ അടുക്കളയിലെത്തി എനിക്ക്‌ കഞ്ഞിയും ഉപ്പേരിയും മറ്റും വിളമ്പിവെച്ച എല്ലാ പാത്രങ്ങളും കാലിയാക്കി സിങ്കിലിട്ട്‌ വെള്ളമൊഴിച്ചു വെച്ചിരിക്കുന്നു.കഞ്ഞി പാത്രവും കാലി അതിലും പച്ചവെള്ളം മാത്രം. ഞാന്‍ പച്ചവെള്ളം കുടിച്ച്‌ ശബ്ദമുണ്ടാക്കാതെ അകത്തു പോയി കിടന്നു.

എന്തു ചെയ്യാം എത്ര പിണങ്ങിയാലും ദാസേട്ടന്‍ ഭക്ഷണം ഒഴിവാക്കില്ല. ദാസേട്ടന്‍ ഭക്ഷണം വേണ്ടെന്ന്‌ പറഞ്ഞ്‌ ഒന്നു കിടക്കാനും ആ ഭക്ഷണം കാലിയാക്കി പാത്രത്തില്‍ വെള്ളമൊഴിച്ചിടാനും.നീണ്ട എട്ടു വര്‍ഷമായി ഞാന്‍ കാത്തിരിക്കുകയാണ്‌......................................പ്രതീക്ഷയോടെ തന്നെ

Tuesday, June 16, 2009

ഇവാന്റെ പോട്ടൊന്നും എനാക്ക്‌ ബോണ്ടാ..........

ഇവാന്റെ പോട്ടൊന്നും എനാക്ക്‌ ബോണ്ടാ..........

കരിമുണ്ട കോളനിയിലെ ശല്യക്കാരനായിരുന്നു ചന്ദ്രന്‍.ചെറുപ്പക്കാരനായ ചന്ദ്രന്‍ ദിവസവും കൂലിപ്പണിക്കു പോവുകയും കിട്ടിയ കൂലിയില്‍ പകുതിയും അയാള്‍ മാറ്റിവെച്ചത്‌ മദ്യപിക്കുന്നതിനായിരുന്നു.ചന്ദ്രന്റെ ഭാര്യ പൊറുതിമുട്ടി.ആയിടക്കാണ്‌ ശ്രീ ശ്രീ രവിശങ്കറിന്റെ അഞ്ചുദിവസത്തെ പരിശീലനക്ലാസ്‌ ബന്ധപ്പെട്ടവര്‍ കോളനിയില്‍ സംഘടിപ്പിച്ചത്‌.കോളനിയിലെ എല്ലാ അംഗങ്ങളും ക്ലാസില്‍ പങ്കെടുത്തു.ആദ്യ ദിവസത്തെ ക്ലാസില്‍ തന്നെ ചന്ദ്രന്‍ നന്നായി കുടിച്ചിട്ടാണ്‌ വന്നത്‌.ക്ലാസിന്‌ നേതൃത്വം നല്‌കിയ ഉഷ ടീച്ചര്‍ അതിസുന്ദരിയായിരുന്നു.ചന്ദ്രന്റെ ഭാര്യ പൊന്നി ക്ലാസിന്റെ തുടക്കത്തില്‍ തന്നെ ടീച്ചറിനോട്‌ തന്റെ സങ്കടം വിവരിച്ചു.

"ചേച്ചീ ചന്ദ്രന്‍ എന്നും കുട്യാണ്‌.കുടിച്ചു ബന്നാല്‌ പൊരേല്‌ ചൊയ്‌ര്യം തരൂല ദെബസോം അടീം പിടീം തന്നെ.ചേച്ചിയൊക്കെ പറഞ്ഞാല്‌ അബന്‍ കേക്കും".ടീച്ചര്‍ പൊന്നിയുടെ വിഷമം മനസ്സിലാക്കി.ക്ലാസിന്റെ തുടക്കം മുത്‌ല്‍ തന്നെ ചന്ദ്രനെ കൂടുതല്‍ ശ്രദ്ധിക്കാന്‍ ടീച്ചര്‍ സംഘാങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‌കി.ടീച്ചര്‍ ചന്ദ്രന്റെ അടുത്തെത്തി ചന്ദ്രനോട്‌ നയത്തില്‍ പറഞ്ഞു."ചന്ദ്രാ......... നാളെ ക്ലാസില്‍ വരുമ്പോള്‍ ഇന്നു കുടിച്ചത്ര കുടിക്കരുത്‌.എത്ര കൊറച്ചൂന്ന്‌ നാളെ വന്നെന്നോട്‌ പറയണം .തന്റെടുത്തിരുന്ന്‌ സൗമ്യമായി സംസാരിച്ച ടീച്ചറെ ചന്ദ്രന്‌ നന്നായി ബോധിച്ചു."ചേച്ചീ നാളെ ഞാന്‍ കൊറച്ചേ കുടിക്കൂ........ ചന്ദ്രന്‍ ടീച്ചറിന്‌ വാക്കു കൊടുത്തു.പിറ്റേ ദിവസം വന്നയുടനെ തന്നെ ചന്ദ്രന്‍ ടീച്ചറിനോടാടി പറഞ്ഞു " ചേച്ചീ ഇന്നു ഞാന്‍ കൊറച്ചേ കുടിച്ചുള്ളൂ.എങ്ങനെങ്കിലും ഈ മുടിഞ്ഞ കുട്യൊന്ന്‌ നിര്‍ത്തണം.ചന്ദ്രന്‍ സ്വയം പ്രാകി.ടീച്ചര്‍ ചന്ദ്രന്‌ പല വിധ ഉപദേശങ്ങ്‌ള്‍ നല്‌കി .സംഘാങ്ങള്‍ എല്ലാവരും ചന്ദ്രനെ പ്രത്യേകം ശ്രദ്ധിച്ചു. ക്ലാസില്‍ ഒരു പ്രത്യേക പരിഗണന തന്നെ ചന്ദ്രന്‌ ലഭിച്ചു.മൂന്നാമത്തെ ദിവസം ഒട്ടും കുടിക്കാതെയാണ്‌ ചന്ദ്രന്‍ ക്ലാസിലെത്തിയത്‌ "ചേച്ചീ ഇന്നു ഞാന്‍ കുടിച്ചിട്ടില്ല.വന്നപാടേ ചന്ദ്രന്‍ സന്തോഷത്തോടെ പറഞ്ഞു.ചന്ദ്രന്‍ കുടി നിര്‍ത്തിയ സന്തോഷം ടീച്ചര്‍ ക്ലാസില്‍ പങ്കുവെച്ചു.ക്ലാസിന്റെ അവസാന ദിവസം ക്ലാസ്‌ അവസാനിക്കുന്നതിന്‌ അര മണിക്കൂര്‍ മുമ്പായി ടീച്ചര്‍ ചന്ദ്രന്റെ അടുത്തെത്തി

"ചന്ദ്രാ......... ഇനി കുടിക്യോ.....? " എന്നു ചോദിച്ചു." ഇല്ല ചേച്ചീ ഇനി ഞാന്‍ കുടിക്കില്ല" ചന്ദ്രന്‍ ടീച്ചര്‍ക്ക്‌ വാക്കു കൊടുത്തു.

"ആ........... അഥവാ ഇനി കുടിക്കണം ന്ന്‌ തോന്നുമ്പം ഗുരിജിയെ ഓര്‍ക്കണം.കുടിക്കാണെങ്കില്‍ ഗുരുജിക്കും കൂടി കൊറച്ച്‌ കൊടുക്കണം" എന്നും പറഞ്ഞ്‌ ടീച്ചര്‍ കൈവശം വെച്ചിരുന്ന ഗുരുജിയുടെ(രവിശങ്കറിന്റെ) ഒരു ഫോട്ടോ എടുത്ത്‌ ചന്ദ്രന്റെ കൈയ്യിലേക്ക്‌ കൊടുക്കാന്‍ നീട്ടി.പെട്ടന്ന്‌ ചന്ദ്രന്‍ കൈ പുറകോട്ട്‌ വലിച്ച്‌ ഏറെ പരിഭവത്തോടെ ഇങ്ങനെ പറഞ്ഞു "ഇവാന്റെ പോട്ടൊന്നും എനാക്ക്‌ ബോണ്ടാ.....നിന്റെ പോട്ടൊന്നുണ്ടെങ്കില്‌ താ........."

Monday, June 15, 2009

ആ ......... ചൂലൊക്കെ ഞങ്ങള്‍ക്കും പറ്റും.

ആ ......... ചൂലൊക്കെ ഞങ്ങള്‍ക്കും പറ്റും.
മകന്‍ പഠിക്കുന്ന കോളിയാടി സ്‌ക്കൂളില്‍ 2004 ല്‍ ഞാനായിരുന്നു.PTA പ്രസിഡണ്ട്‌.ആ വര്‍ഷത്തെ ഉപജില്ലാ ശാസ്‌ത്രമേള കോളിയാടി സ്‌ക്കൂളില്‍ വെച്ചായിരുന്നു നടത്തിയത്‌.ശാസ്‌ത്രമേളയില്‍ ഏറെ സജീവമായി ഞങ്ങള്‍ പങ്കെടുത്തു.രാവിലെ പത്തു മണിയോടെ അത്രയും സമയം എന്നോടൊപ്പം സജീവമായുണ്ടായിരുന്ന രക്ഷിതാക്കളില്‍ പെണ്‍ രക്ഷിതാക്കള്‍ പെട്ടന്ന്‌ അപ്രത്യക്ഷരായപ്പോള്‍ ഞാനവരുടെ പേരു പറഞ്ഞുകൊണ്ടു തന്നെ അവരെ തിരക്കി." ആ.......... അതവര്‍ പള്ളി അടിച്ചു വാരാന്‍ പോയതാണ്‌." തെല്ലൊരു ജാള്യതയോടെ ഒരധ്യാപകന്‍ മറുപടി പറഞ്ഞു.ശാസ്‌ത്രമേളക്കു വന്ന കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഭക്ഷണമൊരുക്കിയത്‌ സ്‌ക്കൂളില്‍ നിന്നും 200 മീറ്റര്‍ മാറിയുള്ള ഒരു പള്ളി ഹാളിലായിരുന്നു."ഓ....... മദര്‍ PTAയുടെ ലക്ഷ്യം തന്നെ ഇതൊക്കെയല്ലേ.ഇത്ര നേരമായിട്ടും ആകപ്പാടെ രണ്ടാണുങ്ങളല്ലേ എത്തിയത്‌്‌......... " ഞാന്‍ ലക്ഷ്യമില്ലാതെ പ്രതികരിച്ചു.അന്നു രാവിലെ തന്നെ എത്തിയ പത്തു രക്ഷിതാക്കളില്‍ എട്ടുപേരും സ്‌ത്രീകളായിരുന്നു.ടീച്ചര്‍മാരുടെ അടുത്തുനിന്നും തെല്ലു ദേഷ്യത്തോടെ ഞാന്‍ മറ്റൊരു സ്‌റ്റാള്‍ ലക്ഷ്യമാക്കി നടന്നു.പെട്ടന്ന്‌ സ്‌ക്കൂള്‍ മുറ്റത്ത്‌ എന്റെ തൊട്ടടുത്തായി ഒരു ബൈക്ക്‌ വന്നു നിന്നു.PTAവൈസ്‌ പ്രസിഡണ്ടായ യാക്കോബും,exicutive member ആയ ജോര്‍ജ്ജേട്ടനും ആയിരുന്നു അത്‌.(ആകപ്പാടെ നേരത്തെ എത്തിയ രണ്ട്‌ ആണ്‍തരികള്‍)പുറകിലിരുന്ന യാക്കോബിന്റെ കൈയ്യില്‍ നീളമുള്ള രണ്ട്‌ ഈര്‍ക്കില്‍ ചൂലുകളുമുണ്ടായിരുന്നു..വണ്ടി നിര്‍ത്തിയതും യാക്കോബ്‌ തെല്ലൊരു തമാശയോടെ പറഞ്ഞു.."വിനയേ........... ഞങ്ങളും ഉണ്ടായിരുന്നു അടിച്ചുവാരാന്‍ , വിനയയുടെ പരാതി തീര്‍ന്നില്ലേ.........?"എന്നും പറഞ്ഞ്‌ യാക്കോബ്‌ ബൈക്കില്‍ നിന്നും ഇറങ്ങാന്‍ ആയലും എന്നോട്‌ തൊട്ടുമുന്നേ മറുപടി പറഞ്ഞ മാഷ്‌ ഓടി വന്ന്‌ "ആ......... ഞങ്ങള്‍ക്കും ഇതൊക്കെ പറ്റും എന്നു പറഞ്ഞ്‌്‌ വിജയശ്രീലാളിതരായ കുട്ടികള്‍ ട്രോഫി വാങ്ങും പോലെ രണ്ടു കൈകള്‍ കൊണ്ടും ആ ചൂലുകള്‍ ഏറ്റുവാങ്ങിക്കൊണ്ട്‌ എന്നെ നോക്കി 'ആക്കിയ' ഒരു ചിരിചിരിച്ചു.ശാസ്‌ത്രമേളയോടനുബന്ധിച്ചു നടന്ന കമ്മറ്റിയിലും എന്റെ ആശയം ഉറപ്പിക്കുന്നതിന്‌ പ്രസിഡണ്ട്‌ എന്ന അധികാരമുപയോഗിച്ചു തന്നെ ഞാന്‍ ശ്രമിച്ചിരുന്നു.കമ്മറ്റി രൂപീകരണത്തിന്റെ തുടക്കത്തില്‍ തന്നെ ഒരധ്യാപകന്‍ "food കമ്മറ്റിയിലേക്ക്‌ കുറച്ച്‌ അമ്മമാര്‍ വേണം.അവരാകുമ്പോള്‍ അത്‌ വൃത്തിയായി കൈകാര്യം ചെയ്‌തുകൊള്ളും" വേദിയിലിരിക്കുന്ന എന്നെ നോക്കികൊണ്ട്‌ സ്‌ത്രീകളെ മൊത്തം താന്‍ ശരിക്കൊന്നു പ്രശംസിച്ചു എന്നുള്ള ഭാവത്തില്‍ ചിരിച്ചു കൊണ്ടു പറഞ്ഞു." അത്രക്കുള്ള വൃത്തിയൊക്കെ മതി.ഓരോ കമ്മറ്റിയിലും പകുതി ആണുങ്ങളും പകുതി പെണ്ണുങ്ങളുമായിരിക്കണം" ഞാന്‍ പ്രസിഡണ്ടിന്റെ അധികാരം പുറത്തെടുത്തു.ആരും എതിര്‍ത്തില്ല.അങ്ങിനെ എല്ലാ കമ്മറ്റികളിലും സ്‌ത്രീ പ്രാധിനിത്യം ഉറപ്പിക്കാന്‍ എന്റെ ഇടപെടല്‍ കാരണമായി.(തൊട്ടു മുമ്പത്തെ വര്‍ഷത്തില്‍ മകള്‍ പഠിക്കുന്ന ബത്തേരി സെന്റെ്‌ ജോസഫ്‌ ഹൈസ്‌ക്കൂളില്‍ വെച്ച്‌ ആനുവേഴ്‌സറിയോടനുബന്ധിച്ച കമ്മറ്റി രൂപീകരണത്തില്‍ പബ്ലിസിറ്റി കമ്മറ്റിയുടെ കണ്‍വീനറായി ഞാന്‍ ഒരു സ്‌ത്രീയുടെ പേരു നിര്‍ദ്ദേശിച്ചപ്പോള്‍ ആധികാരികമായിട്ടെന്നവണ്ണം ഒരു പുരുഷ രക്ഷാകര്‍ത്താവ്‌ എഴുന്നേറ്റു നിന്നു പറഞ്ഞു "ഏയ്‌ പബ്ലിസിറ്റിക്ക്‌ പെണ്ണുങ്ങള്‌ പറ്റൂലാ " ഒരു പെണ്ണിന്റെ പബ്ലിസിറ്റികൊണ്ടു മാത്രമാണ്‌ നിങ്ങളിവിടെ എത്തിയത്‌" എന്നുള്ള എന്റെ മറുപടിയില്‍ അയാളുടെ വാദം ചീറ്റിപ്പോയി.)ഏകദേശം അന്നുച്ചയോടെ കമ്മറ്റിയിലുള്ള ഒട്ടു മിക്ക ആണുങ്ങളും സ്‌ക്കൂളിലെത്തി ഏറെ ആത്മാര്‍ത്ഥതയോടെ തന്നെ എല്ലാറ്റിലും ( അടിച്ചുവാരലും, പാത്രം കഴുകലും ഉള്‍പ്പെടെ)സന്തോഷത്താലെ പങ്കു ചേരുന്നത്‌ ഞാന്‍ കണ്ടു.ഓരോ കമ്മറ്റിയില്‍പെട്ട ജോലിയിലും ഏര്‍പെട്ടിരുന്ന പുരുഷ രക്ഷിതാക്കള്‍ ഏറെ മാനസീകാഹ്ലാദത്തോടെ തന്നെയായിരുന്നു ഓരോ ജോലിയും ചെയ്‌തത്‌. (സ്‌ത്രീകളും....... )യാതൊരു മാനസീക പിരിമുറുക്കവും അവരില്‍ കാണാനെനിക്കായില്ല എന്നുമാത്രമല്ല ആണ്‍ പെണ്‍ സാന്നിധ്യവും സൗഹാര്‍ദ്ദവും കൊണ്ട്‌ ആ ജോലികള്‍ ലളിതവും ആവേശഭരിതവുമായി ഞങ്ങള്‍ക്കോരോരുത്തര്‍ക്കും അനുഭവപ്പെടുകയും ചെയ്‌തു.കൃത്യമായ ഇടപെടലിലൂടേയും ചോദ്യം ചെയ്യലിലൂടേയും തീര്‍ച്ചയായും മാറ്റിയെടുക്കാവുന്ന തൂത്തെറിയാവുന്ന ഒഗു വ്യവസ്ഥിതി മാത്രമാണ്‌ നിലവിലുള്ള പുരുഷാധിപത്യ വ്യവസ്ഥ എന്നത്‌ എനിക്ക്‌ നല്ല ബോധ്യമുണ്ട്‌പ്രകൃതിയില്‍ മനുഷ്യനൊഴികെ എല്ലാ ജീവജാലങ്ങളും ആണ്‍ പെണ്‍ സൗഹൃദത്തിന്റെ മാധുര്യവും ആനന്ദവും അനുഭവിക്കുന്നു.മാനസീകാരോഗ്യത്തിന്‌ ഏറെ അനിവാര്യമായതും സമൃദ്ധമായതുമായ ഈ ആനന്ദം മനുഷ്യനുണ്ടാക്കിതീര്‍ത്ത ചങ്ങലകെട്ടിനാല്‍ മനുഷ്യര്‍ക്ക്‌ നഷ്ടമാകുന്നു.ഇത്‌ തികച്ചും പ്രകൃതി വിരുദ്ധമാണ്‌.മനുഷ്യന്‍ ബുദ്ധിയുടെ തലത്തില്‍ നിന്നുകൊണ്ട്‌ ആനന്ദവും സന്തോഷവും കണ്ടെത്താന്‍ പ്രയത്‌നിച്ച്‌ പരാജയപ്പെടുമ്പോള്‍ (മനുഷ്യന്റെ ആനന്ദവും ആഹ്ലാദവും താത്‌ക്കാലികം മാത്രമാണ്‌)മറ്റു ജീവജാലങ്ങള്‍ക്ക്‌ ഇത്‌ പ്രകൃത്യാ സാധ്യമാകുന്നത്‌ നാമവയെ നിരീക്ഷിച്ചാല്‍ മനസ്സിലാകും.

Saturday, June 13, 2009

കൂടുതല്‍ ശരി.

കൂടുതല്‍ ശരി.
സമൂഹം നല്ലവരെന്നു പറയുന്ന എല്ലാവരും നല്ലവരാണ്‌ എന്നു പറയുന്നുന്നതിനേക്കാള്‍ നല്ല അഭ്യാസികളാണ്‌ എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി.

Thursday, June 11, 2009

പ്രണയം

പ്രണയം
കുറ്റപ്പെടുത്തലില്‍ കുത്തൊഴുക്കില്‍
കുത്തിയൊലിച്ചുപോയ്‌ എന്‍ പ്രണയം

Monday, June 8, 2009

നാളത്തെ സന്തോഷം

നാളത്തെ സന്തോഷം
എന്റെ മനസ്സിലേക്കൊരുകുടന്ന കാളകൂട വിഷം
ഒഴിച്ചുകൊണ്ട്‌ നീ എന്നോടു പറഞ്ഞു "നിന്റെ നാളത്തെ സന്തോഷത്തിനാ............. "

Sunday, June 7, 2009

കുടുംബം

കുടുംബം
വ്യക്തിത്ത വികസനത്തിന്‌ വിരാമ ചിഹ്നം ചാര്‍ത്താന്‍ പരസ്‌പരം മത്സരിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ ഒന്നിച്ചു താമസിക്കുന്ന ഇടം

ധിക്കാരം

മടുപ്പ്‌
അടുത്തോരോടടുത്ത്‌ മടുത്തു.
വിരക്തി
മോഹമില്ല മോഹഭംഗമില്ല
എല്ലാറ്റിനോടും വിരക്തി മാത്രം
ധിക്കാരം
എന്റെ സ്വര്‍ഗ്ഗത്തിനെ സ്‌പര്‍ശിക്കുവാനായി
ഈ ഭൂവിലാരും ജനിച്ചിട്ടില്ല.
നീ
സ്‌നേഹവും,കാമവും,പ്രണയവും
വിരഹവും വേര്‍പാടും കാത്തിരിപ്പും
സന്തോഷവും,ആനന്ദവും,ആഹ്ലാദവും
എന്തെന്ന്‌ എന്നെ പഠിപ്പിച്ചവന്‍ നീ.........
ഇന്നു നീയെന്റെ മനസ്സിന്റെ പുറമ്പോക്കില്‍വെ
റുമൊരു ചവറ്റു കൂനകളിലൊന്നുമാത്രം

Saturday, June 6, 2009

തേളും നബിയും

തേളും നബിയും
ഒരിക്കല്‍ ഞാന്‍ മറ്റൊരു പോലീസ്‌ സ്‌റ്റേഷനില്‍ പോയപ്പോള്‍സ്വാഭാവികമായ ചില സംഭാഷണങ്ങള്‍ക്കിടയില്‍ പറഞ്ഞുകൊണ്ടിരിക്കുന്ന വിഷയവുമായി ഒരു ബന്ധവുമില്ലാതെ എന്നോടായിഒരു പോലീസുകാരന്‍ ഇങ്ങനെ പറഞ്ഞു. " സാറേ എത്രയായാലും ഡിപ്പാര്‍ട്ടുമെന്റെിന്റെ രീതിയൊന്നും മാറാന്‍ പോകുന്നില്ല ഇനി ഇതൊക്കെയൊന്ന്‌ നിര്‍ത്തിക്കൂടേ ?"അയാള്‍ മുഖം കോട്ടി എന്നെ പരസ്യമായി എന്നെ കൊച്ചാക്കിയ സന്തോഷത്തില്‍ വക്രിച്ചു ചിരിച്ചുകൊണ്ട്‌ എന്നെ നോക്കി.ഞാനുടനെ അയാളോടായി ഇങ്ങനെ പറഞ്ഞു. " ഒരിക്കല്‍ മുഹമ്മദ്‌ നബി ഒരു കുളത്തില്‍ കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു.പെട്ടന്ന്‌ ഒരു തേള്‍ കുളത്തില്‍ പെട്ടുപോയതായി കണ്ടു.നബി തേളിനെ കര കയറ്റാനായി പിടിക്കും ഉടനെ തേളുകുത്തും നബി തേളിനെ വിടും .വീണ്ടും വീണ്ടും ഇതു തുടര്‍ന്നുകൊണ്ടേയിരുന്നു.ഇതെല്ലാം വീക്ഷിച്ചുകൊണ്ട്‌ കരയിലിരിക്കുന്ന ഒരാള്‍ നബിയോടു ചോദിച്ചു. ഏയ്‌ മനുഷ്യാ നിങ്ങളെന്തു വിഡ്ഡിത്തമാണ്‌ കാണിക്കുന്നത്‌ തേള്‌ കുത്തില്ലേ......... ? "ആ........ അത്‌ അതിന്റെ സ്വഭാവം കാണിക്കും ഞാന്‍ എന്റെ സ്വഭാവം കാണിക്കും അത്ര തന്നെ " നബി വീണ്ടും അതേ പ്രവര്‍ത്തി തുടര്‍ന്നു.എന്റെ കാര്യവും അത്രേയുള്ളൂ.............. ഞാന്‍ വീണ്ടും തുടങ്ങി വെച്ച സൗഹൃദ സംഭാഷണം തുടര്‍ന്നു.

Wednesday, June 3, 2009

സ്‌പീക്കറെ എന്തു വിളിക്കണം.............. ?

സ്‌പീക്കറെ എന്തു വിളിക്കണം.............. ?
ഇന്നത്ത മാതൃഭൂമി പത്രത്തില്‍ വന്ന സ്‌പീക്കറുടെ ഇഷ്ടങ്ങള്‍ ശാകുന്തളം മുതല്‍ കുതിരപന്തയം വരെ എന്ന തലക്കെട്ടില്‍ നാലാം ഭാഗമായിട്ടാണ്‌ ഈ ചര്‍ച്ചയെപ്പറ്റി പരാമര്‍ശിക്കുന്നത്‌. sir എന്ന പദത്തിന്‌ ബഹുമാനാര്‍ത്ഥം പേരിനു മുന്നില്‍ കൊടുക്കുന്ന പദം എന്നു മാത്രമേ അര്‍ത്ഥമുള്ളൂ SUPERIOR IN RANK എന്നും അര്‍ത്ഥമുണ്ട്‌. ഡിക്ഷനറിയില്‍ a word of respect used in addressing a man എന്നതിന്റെ പരിഭാഷയായി ചേര്‍ത്തിരിക്കുന്നത്‌ ബഹുമാനാര്‍ത്ഥം പേരിനു മുന്നില്‍ വെക്കുന്ന പദവി എന്നാണ്‌.man എന്നു പറഞ്ഞാല്‍ മനുഷ്യന്‍ എന്നുകൂടി അര്‍ത്ഥമുണ്ട്‌.man is a social animal എന്നു പറയുമ്പോള്‍ മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണെന്നാണ്‌ അര്‍ത്ഥമാക്കുന്നത്‌ അല്ലാതെ പുരുഷന്‍ ഒരു സാമൂഹിക ജീവിയാണെന്നല്ല. madam എന്ന വാക്കിന്‌ മാന്യയായ സ്‌ത്രീ എന്നുള്ള അര്‍ത്ഥത്തിനു പുറമേ വേശ്യാലയം നടത്തിപ്പുകാരി എന്നുകൂടി അര്‍ത്ഥമുണ്ട്‌. അങ്ങിനെ വരുമ്പോള്‍ സാര്‍ എന്ന്‌ അഭിസംബോധന ചെയ്യുന്നത്‌ തന്നെയാണ്‌.മാന്യതയും മര്യാദയും

ദയവു ചെയ്‌ത്‌ നേരരുതേ.......................

ദയവു ചെയ്‌ത്‌ നേരരുതേ.......................
ഇതെന്റെ അഭ്യര്‍ത്ഥന.എന്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടും വീട്ടുകാരോടുമായി ഞാന്‍ നടത്തുന്നത്‌.എനിക്കിടക്കിടെ വന്നു ചേരുന്ന ആഘാതങ്ങളില്‍ സദാ എന്നെ കുറ്റപ്പെടുത്തി വേണ്ടുവോളം എന്നെ മുറിവേല്‍പിക്കുവാനാണ്‌ ഇക്കൂട്ടരെപ്പോഴും ശ്രദ്ധിക്കാറ്‌.എന്റെ തീഷ്‌ണമായ പ്രയത്‌നത്തിലൂടെ(കോടതി/ സ്വാധീനം etc) ഞാനൊന്ന്‌ കരകയറി നിവര്‍ന്നു നില്‍ക്കാന്‍ തുടങ്ങുമ്പോള്‍ വരവായി നേര്‍ച്ചക്കാര്‍വിനയേ.................. ,വിനയേച്ചീ........................., അമ്മായീ................., അങ്ങനെ പലതരം അഭിസംബോധനയോടെ ഓരോരുത്തരായി തുടങ്ങും "നോക്ക്‌ ശിവന്റെ അമ്പലത്തില്‌ ഒരു വിളക്ക്‌ കൊടുക്കണം.ഞാന്‍ നേര്‍ന്നതാ............... ആ പള്ളിയില്‍ നാലു കൂട്‌ മെഴുകുതിരി കൊടുക്കണം എല്ലാം നേരെയായാല്‍ കൊടുക്കാമെന്ന്‌ ഞാന്‍ നേര്‍ന്നതാ......... അനാഥ പിള്ളേര്‍ക്ക്‌ ഒരു നേരത്തെ ഭക്ഷണം അന്നേ ഞാന്‍ നേര്‍ന്നതാ................... യാതൊരു മുടക്കുമില്ലാതെ എന്റെ കൈയ്യിലെ കാശ്‌ കളയിക്കുന്ന ഇത്തരം സ്‌നേഹപ്രകടനങ്ങളില്‍ വീഴാതിരിക്കാന്‍ മാനസീകമായ തയ്യാറെടുപ്പിലാണു ഞാനിപ്പോള്‍.
അഭ്യര്‍ത്ഥന
"എന്നോടൊരിറ്റ്‌ സ്‌നേഹമുണ്ടെങ്കില്‍
ദയവു ചെയ്‌തെന്നെയൊന്ന്‌ സ്‌നേഹിക്കാതിരിക്കൂ.........."

Tuesday, June 2, 2009

ഒരു മാനനഷ്ടക്കേസുകൂടി.........

ഒരു മാനനഷ്ടക്കേസുകൂടി.........
ഇന്ന്‌ ഞാന്‍ വീണ്ടും ഒരു മാന നഷ്ടകേസുകൂടി കൊടുത്തു.കോടതി അത്‌ ഫയലില്‍ സ്വീകരിച്ച്‌ എതിര്‍കക്ഷികള്‍ക്ക്‌ നോട്ടീസയക്കാന്‍ ഉത്തരവായി.2008 Dec.മാസം ഒരു സഹപ്രവര്‍ത്തകന്റെ യാത്രയയപ്പു പാര്‍ട്ടിയില്‍ ഞാന്‍ പങ്കെടുത്തതു സംബന്ധിച്ച്‌ (കുടിച്ചു കൂത്താടി, കുടിച്ചു പൂസായി..........ചടങ്ങ്‌ അലങ്കോലമാക്കി)പത്രത്തില്‍ വന്ന വാര്‍ത്തക്കെതിരെയാണ്‌ ക്രിമിനല്‍ കേസ്‌ ഫയല്‍ ചെയ്‌തത്‌.പത്രത്തിലൂടെ എന്തും പറയാം എന്ന രീതിയെയാണ്‌ ഞാന്‍ ചോദ്യം ചെയ്യുന്നത്‌.എന്റെ ഭാഗം പറയാന്‍ എനിക്ക്‌ സ്വന്തമായൊരു പത്രമിറക്കാന്‍ കഴിയില്ലല്ലോ.എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകുമല്ലോ.