Friday, January 22, 2010

സര്‍വ്വേ

സര്‍വ്വേ

ഒരു കുടുംബശ്രീ സംഘടിപ്പിച്ച ക്ലാസ്സില്‍ സംസാരിക്കുകയായിരുന്നു ഞാന്‍.ക്ലാസ്സിനിടയില്‍ ക്ലാസ്സിലെ അംഗങ്ങളെ ഞാന്‍ രണ്ടായി ഭാഗിച്ചു.രണ്ടു കുട്ടികളുള്ളവരും രണ്ടാമത്തെ കുട്ടിയെ സ്‌ക്കൂളിലയക്കുകയും ചെയ്യുന്ന അമ്മമാര്‍ മാറിയിരിക്കുക.അങ്ങനെ മാറിയിരുന്നതില്‍ 13 സ്‌ത്രീകളുണ്ടായിരുന്നു.അവര്‍ക്ക്‌ ഞാന്‍ ഒരു കഷണം പേപ്പര്‍ കൊടുത്തു. എന്നിട്ട്‌ ഇങ്ങനെ പറഞ്ഞു."ഞാന്‍ നിങ്ങളോട്‌ ഒരു ചോദ്യം ചോദിക്കുകയാണ്‌.അതിന്റെ ഉത്തരം ശരിയെന്നോ ( ) തെറ്റെന്നോ (x) മാത്രം അടയാളപ്പെടുത്തുക.മറ്റൊരടയാളവും അതിലുണ്ടാകാന്‍ പാടില്ല.നിങ്ങള്‍ ഉത്തരമെഴുതിയ പേപ്പര്‍ ഒരിക്കലും ഇവിടെവെച്ച്‌ ഞാന്‍ തുറക്കില്ല.ആരേയും ഫോണില്‍ അറിയിക്കുകയുമില്ല.ചോദ്യമിതാണ്‌.ി്‌നിങ്ങള്‍ക്ക്‌ ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഇപ്പോഴത്തെ ആളുതന്നെ ആയിരിക്കണം നിങ്ങളുടെ ഭര്‍ത്താവ്‌ എന്ന്‌ ആഗ്രഹിക്കുന്നവര്‍ ശരി എന്നും അല്ലാത്തവര്‍ X എന്നും അടയാളപ്പെടുത്തുക .അടയാളം രേഖപ്പെടുത്തിയ പേപ്പര്‍ നാലായി മടക്കി ഈ ബോക്‌സില്‍ ഇടണം (എന്റെ കൈയ്യിലെ ബോക്‌സു കാണിച്ചുകൊണ്ട്‌ ഞാന്‍ പറഞ്ഞു.)ഞാന്‍ വിതരണം ചെയ്‌ത പേപ്പര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നാലായി മടക്കി അവര്‍ ബോക്‌സില്‍ നിക്ഷേപിച്ചു.വീട്ടിലെത്തിയ ഞാന്‍ ഓരോ പേപ്പറും പരിശോധിച്ചു. 13 പേപ്പറിലേയും മാര്‍ക്ക്‌ X എന്നു തന്നെയായിരുന്നു.

22 comments:

ഏ.ആര്‍. നജീം said...

മാഡം...

ഇതു ശരിക്കും സംഭവിച്ചതാണോ..? വെറും ഭാവനാ സൃഷ്ടി മാത്രമല്ലേ..?

ചോദിക്കാന്‍ കാരണം ഇത് കേരളമായത് കൊണ്ടാ :)

Cibu C J (സിബു) said...

ഇതിൽ രണ്ടുകുട്ടികളുള്ളതിനും അവര്‌ സ്കൂളിൽ പോകുന്നതിനും എന്താ പ്രത്യേകത? ഭയങ്കര സസ്പെൻസ്; വിശ്വസിക്കാനും പ്രയാസം.

Anonymous said...

രഹസ്യമായി മാര്ക്ക് ഇട്ടവര് പരസ്യമായി മറിച്ചുപറയും.അതാണു കേരളീയ സ്ത്രീകള്.

ആവനാഴി said...

സിബുവിന്റെ സംശയം തന്നെയാണു എന്റേതും.

ആവനാഴി said...

സിബുവിന്റെ സംശയം തന്നെയാണു എന്റേതും.

Unknown said...

ഇത് രസകരമായിരിക്കുന്നു, ഭാവന ആണെന്ന് വിശ്വസിക്കാനാ എനിക്കിഷ്ടം.
ഇതേ പോലെ ഒരു പരിപാടി ഭര്‍ത്താക്കന്‍ മാരുടെ ഇടയില്‍ നടത്തിയാല്‍
എന്തായിരിക്കും റിസള്‍ട്ട് ???
ഷാജി ഖത്തര്‍.

നന്ദന said...

വിനയ!!
എന്നെ ഇതൽഭുതപ്പെടുത്തുന്നില്ല
ഈ ചൊദ്യം ഒറ്റ കുട്ടികളും ഇല്ലാത്ത പുരുഷന്മാരോട് ചോദിച്ചു നോക്കൂ !!
വിനയയുടെ കടലാസിൽ രണ്ട് തവണ x മാർക്ക് ഇട്ട് മടക്കിത്തരും??
ഇവിടെ വന്ന ഏതെങ്കിലും പുരുഷ കേസരികൽ നിഷേധിക്കുമോ?? (ഇരുട്ടത്ത്)

VINAYA N.A said...

ഇതു ഭാവനയല്ല.സംഭവിച്ചതു തന്നെ. രണ്ടു കുട്ടികളുള്ളവരും രണ്ടാമത്തെ കുട്ടി യെസ്‌ക്കൂളില്‍ അയക്കുന്നവരുമായ അമ്മമാര്‍ വിരസത ശരിക്കനുഭവപ്പെടുന്നവരായിരിക്കും.കുട്ടിയെ സ്‌ക്കൂളിലയച്ചുകഴിഞ്ഞാല്‍ താന്‍ ആര്‍ക്കും ആവശ്യമില്ലാത്ത ഒരു ഘടകമായി അവര്‍ക്കു തോന്നിത്തുടങ്ങും.തന്നിലെ പ്രതിഭയെ നശിപ്പിച്ച ഒരാള്‍ മാത്രമായി അവര്‍ ഭര്‍ത്താവിനെ വിലയിരുത്തും. കൂടാതെ അയാളിന്നനുഭവിക്കുന്ന എല്ലാ സുഖങ്ങളും താന്‍ തന്നെ പഠിപ്പിച്ചതാണെന്നും അടുത്ത ജന്മത്തില്‍ അതു തിരുത്തണമെന്നും അവള്‍ മോഹിക്കും.കുട്ടികളുടെ ചെറുപ്പകാലത്ത്‌ അവള്‍ കുട്ടികളുടെ പരിപാലനത്തില്‍ മുഴുകിയിരിക്കുന്നതുകൊണ്ട്‌ വേണ്ടപ്പെട്ടവളാണെന്ന ചിന്ത അവള്‍ക്ക്‌ ഊര്‍ജ്ജം പകരും. ഒരു കുട്ടി മാത്രമുള്ള സ്‌ത്രീ രണ്ടാമത്തെ കുട്ടിക്കു വേണ്ടിയുള്ള കാത്തിരിപ്പില്‍ വേണ്ടപ്പെട്ടവളായി സ്വയം കരുതും.

ഏ.ആര്‍. നജീം said...

തോന്നിത്തുടങ്ങും..
തോന്നിത്തുടങ്ങും
മോഹിക്കും


ഇതൊക്കെ വിനയ എന്നൊരു വ്യക്തിക്കു തോന്നുന്നതായിക്കൂടെ. ഇതൊക്കെയാണ് ജീവിതം എന്ന് കരുതി അതില്‍ സന്തോഷിക്കുന്നവര്‍, ആഹ്ലാദിക്കുന്നവരും ഈ സമൂഹത്തില്‍ കാണില്ലെ..?

ആവനാഴി said...

"ഒരു കുട്ടി മാത്രമുള്ള സ്‌ത്രീ രണ്ടാമത്തെ കുട്ടിക്കു വേണ്ടിയുള്ള കാത്തിരിപ്പില്‍ വേണ്ടപ്പെട്ടവളായി സ്വയം കരുതും." അങ്ങിനെയാണല്ലേ? :) ഒരു പുതിയ അറിവ്!

Unknown said...

നന്ദന പറഞ്ഞതിന്റെ താഴെ ഒരു വലിയ ഒപ്പ്

Cibu C J (സിബു) said...

സ്കൂളിൽ പോകുന്ന രണ്ടുകുട്ടികളുണ്ട്; അതുകൊണ്ട് നന്ദനയുടെ ടെസ്റ്റിനു ക്വാളിഫൈഡാവുമോ എന്നറിയില്ല. ഇന്നത്തെ അവസ്ഥയിൽ രണ്ട് ശരി (ടിക്ക്) മാർക്കിട്ട് മടക്കിത്തരും. ഒരു സംശയവും വേണ്ട. എന്തിനാണ്‌ പുരുഷന്മാരെ അനാവശ്യമായി ടൈപ്പ്ക്കാസ്റ്റ് ചെയ്യുന്നത്.

Unknown said...

“രണ്ടു കുട്ടികളുള്ളവരും രണ്ടാമത്തെ കുട്ടി യെസ്‌ക്കൂളില്‍ അയക്കുന്നവരുമായ അമ്മമാര്‍ വിരസത ശരിക്കനുഭവപ്പെടുന്നവരായിരിക്കും“
“കുട്ടിയെ സ്‌ക്കൂളിലയച്ചുകഴിഞ്ഞാല്‍ താന്‍ ആര്‍ക്കും ആവശ്യമില്ലാത്ത ഒരു ഘടകമായി അവര്‍ക്കു തോന്നിത്തുടങ്ങും.തന്നിലെ പ്രതിഭയെ നശിപ്പിച്ച ഒരാള്‍ മാത്രമായി അവര്‍ ഭര്‍ത്താവിനെ വിലയിരുത്തും“
. “കൂടാതെ അയാളിന്നനുഭവിക്കുന്ന എല്ലാ സുഖങ്ങളും താന്‍ തന്നെ പഠിപ്പിച്ചതാണെന്നും അടുത്ത ജന്മത്തില്‍ അതു തിരുത്തണമെന്നും അവള്‍ മോഹിക്കും“

രണ്ടു മക്കളും ഭാര്യയും ഉൾപെടുന്ന കുടുംബത്തിന്റെ മുഴുവൻ ഭാരവും ചുമന്നു ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന ഭർത്താവിനെ പറ്റിയാണു മേൽ പറഞ്ഞ വാചകങ്ങൾ ആ ഭാര്യമാർ ചിന്തിക്കുന്നതെങ്കിൽ ആ സ്ത്രീകളോടെനിക്കു പറയാനുള്ളതു അല്പയായ സ്ത്രീകളേ നിങ്ങൾ മാനസികരോഗികളാണ് .

Anonymous said...

ഒരു ചേഞ്ച് ആര്‍‌‌‌‌ക്കാണിഷ്ടമില്ലാത്തത്? :-)

നന്ദന said...

എന്തൊ എനിക്ക് യൊജിക്കൻ കഴിയുന്നില്ല
വിനയയുടെ ചിന്തൾ മറ്റൊരു തലത്തിലേക്ക് വളർന്നത് കൊണ്ടാണെന്നു ഞാൻ മനസ്സിലാക്കുന്നു,
കാരണം ഒരുകുട്ടി വളർന്നാൽ രണ്ടാമത്തെ കുട്ടിയെ കാത്തിരിക്കുന്ന സ്ത്രീ, തീർച്ചയായും അവളുടെ ജോലിക്ക് പോയ ഭർത്താവിനേയും സ്കൂളിൽ പോയ കുട്ടിയേയും കാത്തിരിക്കും. ഈ കാര്യങ്ങൾ ജീവിതത്തിൽ ഒരു തുടർകഥയായിരിക്കും, അപ്പോൾ വിനയ പറയുന്നത് പോലെ മറ്റുള്ള ചിന്തകൾ കുറവായിരിക്കുമെന്നാണ് എന്റെ പക്ഷം.
ഇതൊരു ഫെമിനിസ്ട് ചിന്തയായേ കണാൻ കഴിയുന്നുള്ളൂ.

Unknown said...

ബ്രൈറ്റിന്റെ പോസ്റ്റ്‌ വായിച്ചു വരുന്ന വഴി വീണ്ടും
ഇവിടെ ഒന്ന് കയറിയതാ, ഇത് ഏത് ടൈപ്പ് ഫെമിനിസം ആണോ ആവോ ?!!

ചിലപ്പോ എനിക്ക് തോന്നിതുടങ്ങുന്നതായിരിക്കും... ആല്ലേ.. ?!

ഷാജി ഖത്തര്‍.

mazhamekhangal said...

real or imaginary?

poor-me/പാവം-ഞാന്‍ said...

They were telling that the question it self is wrong!

VINAYA N.A said...

എന്റെ സര്‍വ്വേ നിങ്ങളും ഒന്നു പരീക്ഷിച്ച്‌ നോക്കൂ.എന്റെ നിരീക്ഷണങ്ങളും കണ്ടെത്തലുകളും ഞാന്‍ പങ്കുവെക്കുന്നു എന്നു മാത്രം. ഭൂരിപക്ഷമോ ന്യൂനപക്ഷമോ എന്നറിയില്ല.പക്ഷേ ഒരു കാര്യം സത്യം.അമ്മായി അമ്മയും മരുമകളും ഒരുപോലെ എന്നോട്‌ രഹസ്യം പറയാനിഷ്ടപ്പെടുന്നു.എല്ലാം പുരുഷലോകം തങ്ങളെ ചൂഷണം ചെയ്‌തുകൊണ്ടിരിക്കുന്ന /ചൂഷണം ചെയ്‌ത കഥകള്‍ തന്നെ.

ഗുപ്തന്‍ said...

ഇത് സംഭവിച്ചതാവട്ടെ ..എന്ത് തെളിയിക്കുന്നു എന്നാണ്?

1. കല്യാണം കഴിച്ച് രണ്ട് മാസം കഴിഞ്ഞ 12 പുരുഷന്മാരെ വിളിച്ചിട്ട് അടുത്ത ആഴ്ചയില്‍ ഇതേ ഭാര്യയുടെ കൂടെ ജീവിക്കണം എന്ന് ആഗ്രഹമില്ലാത്തവര്‍ X എന്നു മാര്‍ക്ക് ചെയ്യാന്‍ പറഞ്ഞാല്‍ പകുതിപ്പേര്‍ ചെയ്തെന്ന് വരും. ചിലര്‍ തമാശക്ക് ചിലര്‍ കാര്യമായിട്ടുതന്നെ. അതൊന്നും ഭാര്യയുടെ കുഴപ്പംകൊണ്ടാവണമെന്നില്ല.

2. ഈ മനുഷ്യനങ്ങ് ചത്തുകിട്ടിയിരുന്നെങ്കില്‍ എന്ന് പ്രാകുന്ന എത്ര ഭാര്യമാരാണ് യഥാര്‍ത്ഥത്തില്‍ ഭര്‍ത്താവ് ചത്തുകിട്ടാന്‍ ആഗഹിക്കുന്നത്? ചില സാഹചര്യങ്ങളിലെ പ്രതികരണങ്ങള്‍ക്ക് അത് ഫീല്‍ ചെയ്ത് ചെയ്യുന്നതാണെങ്കില്‍ പോലും സാഹചര്യബദ്ധമായ വിലയേ ഉള്ളൂ. ഇറ്റ് ഡസ് നോറ്റ് പ്രൂവ് എനിതിംഗ്.


പറയാനുദ്ദേശിക്കുന്നു എന്ന് മനസ്സിലാവുന്ന പൊതുവായ ആശയത്തോട് സഹാനുഭൂതിയുണ്ട്. പക്ഷെ ഇത്തരം കഥപറച്ചിലുകള്‍ ആശയങ്ങളെ എങ്ങും എത്തിക്കുമെന്ന് തോന്നുന്നില്ല.

mini//മിനി said...

അല്ലാ എനിക്കൊരു സംശയം, ഇവർ അടുത്ത ജന്മവും ഇതുപോലെ തന്നെ പറയില്ലെ? ഇതാണ് അക്കരപ്പച്ച. വെറുതെ അവനവനെ കുറ്റം പറഞ്ഞ് മറ്റുള്ളവരുടെതിൽ അസൂയ പുലർത്തി സ്വന്തം ജീവിതം നശിപ്പിക്കുന്നവർ.

ചാർ‌വാകൻ‌ said...

പോലീസേ,സത്യമാകാനാണു സാദ്ധ്യത.എന്റെ കക്ഷി ,അടുത്തുള്ള സ്കൂളില്‍‌ റ്റീച്ചര്‍‌ പണിക്കു പോകാന്‍‌ പറഞ്ഞ ന്യായം ഇതുതന്നെ.പിന്നെ ഈ പുരുഷകേസരികള്‍‌ എത്ര ബോറന്മാരാണന്നറിയാന്‍‌ അവരല്ലാതെ ആരോടുചോദിക്കും..?