Tuesday, June 30, 2009

ഹൗ...........ന്റെ മോളേ ഇനീം കയ്‌ച്ചൂട്ടണം മൂന്നീസം കൂടി.യ്‌ക്ക്‌ വയ്യേ.........

ഹൗ...........ന്റെ മോളേ ഇനീം കയ്‌ച്ചൂട്ടണം മൂന്നീസം കൂടി.യ്‌ക്ക്‌ വയ്യേ.........
ഒരു കല്ല്യാണത്തിന്‌ പാര്‍ട്ടിയോടൊപ്പം അമ്പലത്തില്‍ പോകുമ്പോഴാണ്‌ ഞാന്‍ പാറുകുട്ടിയമ്മയെ പരിചയപ്പെടുന്നത്‌. എന്റെ മരുമകള്‍ അവരെ അമ്മായി എന്നു പരിചയപ്പെടുത്തിയതു കൊണ്ട്‌ ഞാനും അവരെ അങ്ങനെ വിളിച്ചു.ഏകദേശം ഒരു കിലോമീറ്റര്‍ നാട്ടുവഴിയിലൂടെ നടന്നാണ്‌ ചെക്കനോടും പാര്‍ട്ടിയോടുമൊത്ത്‌ ഞങ്ങള്‍ അമ്പലത്തിലേക്ക്‌ പോയത്‌. ആ വഴിയിലൂടെ നടക്കുമ്പോള്‍ അവരെന്റെടുക്കല്‍ വന്ന്‌ സ്വകാര്യമെന്നോണം പറഞ്ഞു
"വാ മോളേ............. നമ്മക്ക്‌ പാടീം കളിച്ചും നടക്കാം.ഇങ്ങനെ വെടുതെ നടന്നാ വെറുപ്പ്‌ പിടിക്കൂലേ."
?
എനിക്ക്‌ വളരെ അടുപ്പം തോന്നി. "അമ്മായി പാട്‌ ഡാന്‍സ്‌ കളിക്കാന്‍ ഞാനും കൂടാം".ഞാന്‍ അവരെ പിന്താങ്ങി.അവര്‍ പാടിയ തിരുവാതിര പാട്ടിനു താളം പിടിച്ച്‌ ഞാനും അവരോടൊപ്പം കൈകോര്‍ത്ത്‌ ഉറക്കെ പാട്ടു പാടി നടന്നു. വീഡിയോക്കോര്‍ ഞങ്ങളുടെ സന്തോഷം പകര്‍ത്തി.വിവാഹം കഴിഞ്ഞ ഉടനെതന്നെ തിരക്കു കാരണം അവരോടു യാത്ര പറയാതെ ഞാന്‍ തിരിച്ചു.
മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്റെ മരുമകള്‍ അവളുടെ അമ്മാവന്‍ മരിച്ചെന്നും പറഞ്ഞ്‌ എന്റെടുത്തു നിന്നും പോയി. തിരിച്ചു വന്നപ്പോള്‍ വല്ല്യമ്മായി അമ്മായിയെ കാണണമെന്നു പറഞ്ഞിട്ടുണ്ട്‌ എന്നു പറഞ്ഞു.എനിക്കറിയില്ലല്ലോ അവരെ എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അന്ന്‌ കല്ല്യാണത്തിനു പോകുമ്പോള്‍ ഡാന്‍സു കളിച്ച അമ്മായിയുടെ ഭര്‍ത്താവാണ്‌ മരിച്ചു പോയതെന്ന്‌ പറഞ്ഞ്‌ അവള്‍ പാറുകുട്ടിയമ്മയെ എനിക്ക്‌ ഓര്‍മ്മപ്പെടുത്തിത്തന്നു.ഒരു ദിവസം ഓഫെടുത്ത്‌ ഞാന്‍ പാറുകുട്ടിയമ്മയെ കാണാന്‍ എന്റെ മരുമകളോടൊപ്പം അവരുടെ വീട്ടിലേക്കു പോയി. അന്നേക്ക്‌ അവരുടെ ഭര്‍ത്താവ്‌ മരിച്ചിട്ട്‌ എട്ടു ദിവസമായിരുന്നു.എഴുപത്തഞ്ചു വയസ്സോളം പ്രായം തോന്നുന്ന ആ സ്‌ത്രീയെ എങ്ങനെ ഇങ്ങനെയൊരു സാഹചര്യത്തില്‍ അഭിമുഖീകരിക്കും എന്നൊരു വല്ലായ്‌മ അവിടെത്തിയപ്പോള്‍ എനിക്കുണ്ടായി. വീട്ടിലെത്തിയ ഉടനെ തന്നെ മുറ്റത്തെ പന്തലില്‍ നിന്ന്‌ ചായ കുടിച്ച്‌ ഞാന്‍ പാറുകുട്ടിയമ്മയുടെ മകളോടും എന്റെ മരുമകളോടുമൊന്നിച്ച്‌ പാറുകുട്ടിയമ്മയുടെ മുറിയുടെ വാതില്‍ക്കലെത്തി.നിലത്ത്‌ ഒരു പായില്‍ ഇരുന്ന്‌ വേഷ്ടികൊണ്ട്‌ കഴുത്തില്‍ വീശിയും കുനിഞ്ഞ്‌ വായകൊണ്ട്‌ കഴുത്തിലേക്ക്‌ ഊതിയും ഏറെ അസ്വസ്ഥയായി വിയര്‍ത്തു കുളിച്ചിരിക്കുന്ന പാറുകുട്ടിയമ്മക്കു സമീപം കത്തികൊണ്ടിരിക്കുന്ന നിലവിളക്ക്‌.
"അമ്മേ ആരാ വന്നത്‌ന്ന്‌ നോക്കി " മകള്‍ എന്നെ ചേര്‍ത്തു പിടിച്ചുകൊണ്ട്‌ പറഞ്ഞു. പെട്ടന്ന്‌ പാറുകുട്ടിയമ്മ വീശിക്കൊണ്ടു തന്നെ എന്നെ നോക്കി.
"ആരാത്‌" ! പാറുകുട്ടിയമ്മയുടെ മുഖത്ത്‌ വല്ലാത്ത സന്തോഷം
"ദാ.... ഇങ്ങോട്ടിരിക്ക്‌" അകത്തെ ഒഴിഞ്ഞു കിടക്കുന്ന കസേര കാണിച്ചുകൊണ്ട്‌ പാറുകുട്ടിയമ്മ എന്നെ ക്ഷണിച്ചു.ഞാന്‍ അവിടെച്ചെന്നിരുന്നു. പ്രതീക്ഷിച്ച വിഷമാവസ്ഥ കാണാത്തതില്‍ എനിക്കാശ്വാസം തോന്നി." നല്ല ചൂട്‌ ല്ലേ വല്ലാതെ വിയര്‍ക്കുന്നുണ്ട്‌ ഞാന്‍ വീശിത്തരാം" എന്നു പറഞ്ഞ്‌ ഞാന്‍ അവിടുന്നൊരു പേപ്പറെടുത്ത്‌ മടക്കി അവരെ വീശി.അവര്‍ വീശല്‍ നിര്‍ത്തി ആശ്വാസം കൊണ്ടെന്നപോലെ എന്നോടായി പറഞ്ഞു
"ഹൗ...........ന്റെ മോളേ ഇനീം കയ്‌ച്ചൂട്ടണം മൂന്നീസം കൂടി.യ്‌ക്ക്‌ വയ്യേ......... ചൂടുംപൊകച്ചിലെടുത്തിറ്റ്‌ ....................... " മുറിയില്‍ ഫാന്‍ ഉണ്ടെങ്കിലും വിളക്കു കെട്ടുപോകുമെന്നുള്ളതിനല്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയില്ല.അനവധി സ്ഥലങ്ങളില്‍ ഈ കാഴ്‌ച മറ്റൊരു ചിന്തയ്‌ക്കിടയില്ലാതെ ഞാന്‍ നോക്കി കടന്നു പോയിട്ടുണ്ട്‌. എന്നാല്‍ പാറുകുട്ടിയമ്മയുടെ നിഷ്‌കളങ്കമായ പ്രതികരണം സ്‌ത്രീയ്‌ക്ക്‌മേല്‍ സമൂഹം അടിച്ചേല്‍പ്പിക്കുന്ന ആചാരം എന്ന അടിമത്തത്തെപ്പറ്റി ചിന്തിക്കുന്നതിനിടയാക്കി.ഭര്‍ത്താവു മരിച്ചാല്‍ അതേ ദിവസം തലക്കല്‍ (തലഭാഗത്ത്‌) കത്തിച്ചു വെക്കുന്ന നിലവിളക്ക്‌ അണയാതെ പതിനൊന്ന്‌ ദിവസം കത്തിക്കണം.വിളക്കണയാതെ കുത്തിയിരിക്കുക എന്നത്‌ ഭാര്യമാരുടെ ചുമതലയാണ്‌. ഈ ക്രൂരകൃത്യം ധാരാളം കണ്ടിട്ടുണ്ടെങ്കിലും പരിഭവമില്ലാതെ ഈ കൃത്യം തുടരുന്ന സ്‌ത്രീകളുടെ മാനസീകാവസ്ഥയുടെ പ്രകടമായ രൂപമാണ്‌ പാറുകുട്ടിയമ്മയിലൂടെ എനിക്കു കാണാന്‍ കഴിഞ്ഞത്‌.ഒരിക്കലും ഭാര്യ മരിച്ചാല്‍ ഭര്‍ത്താവ്‌ ഇത്തരത്തില്‍ കാവലിരിക്കേണ്ട. ഭര്‍ത്താവെന്നല്ല ഒരാണും ക്ഷമകെട്ട്‌ ഇരിക്കുന്നതിന്‌ ആരും അയാളെ നിര്‍ന്ധിക്കില്ല.മരിച്ചതാരായാലും ആ ശരീരത്തിനു കൂട്ടിരിക്കുക എന്ന ബാധ്യത സ്‌ത്രീകളെത്തന്നെ ഏല്‌പിച്ച്‌ പുരുഷന്മാര്‍ മുട്ടാന്യായം പറഞ്ഞ്‌ ഉള്‍വലിയുന്നത്‌ ശ്രദ്ധിച്ചാല്‍ ആര്‍ക്കും മനസ്സിലാകും.

6 comments:

അനില്‍@ബ്ലോഗ് // anil said...

അങ്ങിനെ പറയുമോ?
പറയാമോ?

എന്റെ അച്ഛന്‍ മരിച്ചിട്ട് വിളക്ക് കെടാതെ സൂക്ഷിക്കണമെന്ന് എല്ലാവരും പറഞ്ഞു, അതിനനുസരിച്ച് ചെയ്യുകയും ചെയ്തു. ഒറ്റ ദിവസം പോലും അമ്മ ആ വഴിക്ക് വന്നില്ല, ആര്‍ക്കാണോ സൌകര്യപ്പെടുന്നത് അവര്‍ ചെയ്തു, അനിയന്‍, അളിയന്‍, ഞാന്‍ അങ്ങിനെ പലരും. ഏതായാലും വിളക്ക് കെട്ടില്ല.
:)

VINAYA N.A said...

ശരിയാണ്‌ അനീ,. ആര്‍ക്കാണ്‌ സൗകര്യപ്പെടുന്നത്‌ അവരതു ചെയ്‌തു.തുല്ല്യ ഉത്തരവാദിത്തത്തോടെ.അതാണ്‌ വേണ്ടത്‌.പക്ഷേ നിര്‍ഭാഗ്യവശാല്‍ ഒരിക്കലും എവിടേയും ഒരു പുരുഷന്‍ മാത്രമായി ഈ ഉത്തരവാദിത്തം ഏറ്റെടുക്കില്ല.അവരതു ഷെയര്‍ ചെയ്യുക തന്നെ ചെയ്യും.ഈയിടെ എന്റെ വീടിനടുത്തു നടന്ന മരണത്തിലും വിളക്കിനു കാവല്‍ ഭാര്യതന്നെ.ഒട്ടും അടങ്ങിയിരുന്ന്‌ ശീലമില്ലാത്ത ആ സ്‌ത്രീ ഒന്നിരിക്ക്‌ മോളേ എന്നു പറഞ്ഞ്‌ അവരുടെ മോളെ ഏല്‌പിച്ച്‌ പലപ്പോഴും എഴുന്നേറ്റു പോകുന്നത്‌ ഏറെ അസ്വസ്ഥതയാലെ ഞാന്‍ നോക്കി നിന്നു. അഞ്ചു ദിവസത്തോളം ആ വീട്ടില്‍ നല്ലൊരു സമയവും ചിലവഴിച്ച എനിക്ക്‌ ഒരു അര മണിക്കൂര്‍ പോലും സ്വമേധയാ ഒരു പുരുഷന്‍ ഇരിക്കുന്നതോ,ആരേലും അവിടിരിക്കാന്‍ ഒരു പുരഷനോട്‌ പറയുന്നതോ കാണാനോ, കേള്‍ക്കാനോ കഴിഞ്ഞില്ല.

അനോണി ആന്റണി said...

കമന്റ്> കമന്ററുടെ പ്രൊഫൈല്‍> പ്രൊഫൈലില്‍ കണ്ട ബ്ലോഗ് എന്ന് ക്ലിക്ക് ചെയ്തുചെയ്ത് എത്തിയതാണ്‌ :)

വിളക്കിന്റെ പരിപാടി ഞങ്ങടെ തിരുവന്തോരത്ത് ഇല്ലെന്ന് തോന്നുന്നു (അതോ ആചാരങ്ങളെ എനിക്ക് പരിചയം പോരാത്തതാണോ ആവോ)

ശിവരാജന്‍ സാറ് അഞ്ചെട്ടു മാസം കുടലില്‍ ക്യാന്‍സറുമായി ബുദ്ധിമുട്ടിയാണ്‌ മരിച്ചത്. മെഡിക്കല്‍ കോളേജിലെ ഇദ്ദേഹത്തിന്റെ അവസാനത്തെ ദിവസങ്ങള്‍ പുള്ളിക്കു മാത്രമല്ല, വീട്ടുകാര്‍ക്കും വലിയ വേദനയും യാതനയുമൊക്കെയായിരുന്നു. ആശുപത്രിയില്‍ ഒരു ദിവസം പുള്ളിക്ക് ബൈസ്റ്റാന്‍ഡര്‍ ആയി പോയി നില്‍ക്കാനൊത്തില്ലെങ്കിലും മരിച്ചപ്പോ കാണാന്‍ പോയി ഞാനും, സഹായമല്ലല്ലോ നാട്ടുനടപ്പല്ലേ വലുത്.

രാത്രിയാണ്‌. അധികം ആരുമില്ല.ഞാന്‍ ചെന്നു കയറിയപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയും മകളും ശവത്തിനരുകില്‍ ഇരിപ്പുണ്ട്. "അയ്യോ ഇട്ടിട്ടു പോയില്ലേ" എന്നോ മറ്റോ വലിയ വായില്‍ ഒരു നിലവിളി മുഴങ്ങി. മരിച്ച വീട്ടില്‍ ചെന്നാല്‍ എന്തു ചെയ്യണമെന്ന് എനിക്ക് ഒരു പിടിയും ഇല്ല. അവിടെ കുറ്റിയടിച്ചു നിന്നു. ഏതാണ്ട് അര മിനുട്ടിനകം അദ്ദേഹത്തിന്റെ ഭാര്യ ഇരുന്ന ഇരിപ്പില്‍ ഉറങ്ങിപ്പോയി. അപ്പോഴേക്ക് അടുത്തയാള്‍ വന്നു. മകള്‍ അമ്മയുടെ വാരിയെല്ലിന്‌ കൈമുട്ടുകൊണ്ട് ഒരിടി. ഞെട്ടിയെഴുന്നേറ്റ് അവര്‍ വീണ്ടും ഒരു വായ നിലവിളിച്ചു. പിന്നെയും ഉറക്കത്തിലേക്ക് വഴുതുകയാണ്‌.

കുറേ ദിവസം ആശുപത്രിയില്‍ ഉറങ്ങാനെ കാവല്‍ നിന്നവര്‍ ആണ്‌. ഭക്ഷണം കഴിച്ചിട്ടുണ്ടാവില്ല. പോരാത്തതിനു ഭര്‍ത്താവ് മരിച്ചും പോയി. ഇതു വായിക്കുന്നവരില്‍ ആരെങ്കിലും ജീവിതത്തില്‍ വലിയ വായില്‍ നിലവിളിച്ചു പോയിട്ടുണ്ടോ എന്നറിയില്ല, എന്റെ അനുഭവത്തില്‍ അത് വളരെ നേരം നില്‍ക്കില്ല, കുറേ നിലവിളിച്ചാല്‍ ഒരു തരം ഭ്രാന്തിന്റെ അവസ്ഥയിലെത്തും, പിന്നെ കുടിയന്റെ ബോധം കെട്ടുള്ള ഉറക്കം പോലെ ഒരവസ്ഥയിലേക്ക് പോകും. ഇതിന്റെയെല്ലാം കൂടിച്ചേര്‍ന്ന അവസ്ഥയിലാണ്‌ ഈ സ്ത്രീ.

നാട്ടുനടപ്പ് അനുസരിച്ച് സന്ദര്‍ശകര്‍ വരുമ്പോഴെല്ലാം ഇവര്‍ കരയണമായിരിക്കും. അതാണ്‌ സന്ദര്‍ശകര്‍ പ്രവേശിക്കുമ്പോഴെല്ലാം മകള്‍ മുട്ടുകൊണ്ട് ആറാം വാരിക്ക് ഇടിച്ച് ബോധം വഴുതിപ്പോകുന്ന ഈ സ്ത്രീയെ ഉണര്‍ത്തുന്നത്. മരിച്ചയാളിനെയല്ല, ഇവരുടെ ഗതികേട് കണ്ടപ്പോഴാണ്‌ ശരിക്കും കരച്ചില്‍ വന്നത്.

(ഇരുപത് വര്‍ഷം മുന്നേ നടന്ന കാര്യമാണ്‌. മരണവീട്ടില്‍ ആളുകള്‍ നിലവിളിച്ചുകൊണ്ടേ ഇരിക്കണം എന്ന നിര്‍ബ്ബന്ധത്തിനു ഇപ്പോഴൊക്കെ കുറവ് വന്നിട്ടുണ്ട്. വീഡിയോഗ്രാഫര്‍ വരുമ്പോള്‍ കരഞ്ഞാല്‍ മതി എന്നു തോന്നുന്നു)

VINAYA N.A said...

ആന്റെണീ താങ്കള്‍ പറഞ്ഞതും വളരെ ശരി.സങ്കടം സ്വാഭാവികം.മുഴുവന്‍ സമയവും സങ്കടപ്പെട്ടിരിക്കാന്‍ മനുഷ്യന്‌ സാധ്യമല്ല.മുഴുവന്‍ സമയവും ഇരിക്കണം എന്ന അവസ്ഥയെ മുന്‍കൂട്ടി കാണുന്ന സ്‌ത്രീ ഓരോരുത്തരെ കാണുമ്പോഴും സങ്കടം തീര്‍ന്നുപോയാലും കരയുന്നതിന്‌ സ്വയം തയ്യാറെടുത്തുകൊണ്ടേയിരിക്കും. താങ്കളുടെ കമന്റെിനു നന്ദി

Rajeeve Chelanat said...

വിനയയെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. ഈയിടെ നളിനി ജമീലയുടെ പുസ്തകത്തിലും താങ്കളെക്കുറിച്ചുള്ള പരാമര്‍ശം കാണാന്‍ ഇടവന്നു. ബ്ലൊഗ്ഗ് ഇന്നാണ് ആദ്യമായി കണ്ടത്.

ഇത്തരം പോസ്റ്റുകളിലൂടെയും പോരാട്ടം തുടരുന്നു എന്നറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം. തുടരുക. അഭിവാദ്യങ്ങളോടെ

മാണിക്യം said...

അനില്‍@ബ്ലോഗ് said...
****അങ്ങിനെ പറയുമോ?
പറയാമോ?****
ഇതാവും 95% ആള്ക്കാരുടെയും പ്രതികരണം
ആ അമ്മയുടെ പ്രായം കൂടി നോക്കണം പിന്നെ വിധവ ആയതിന്റെ മാനസീക ആഘാതവും .. ആ അടച്ച മുറിയില്‍ കാറ്റില്ലാതെ..........
ശരിക്കും മരിച്ച ആളിനു സന്തോഷമാവുമോ?
അദ്ദേഹം പോയപ്പോള്‍ അത്രയും നാള്‍ സ്നേഹിച്ച തന്റെ പ്രീയപത്നിയോട് ഈ ചെയ്യുന്നത്? ..
അപ്പോള്‍ അനുഗ്രഹമാകുമോ കിട്ടാന്‍ പോകുന്നത്? ചില ആചാരങ്ങള്‍ ഒന്നും കൂടി പുനപരിശോധിക്കണം..