ഇതിനേക്കാളും എത്ര ഭേദാ എന്റെ ഇട്ടേച്ചു പോയ കെട്ട്യോന്‍
കോടതി ഡ്യൂട്ടിക്കിടെ ഒരു വിധിന്യായം കേട്ട് എന്റെ തൊട്ടടുത്തു നിന്ന സ്‌ത്രീ സ്വഗതമെന്നോണം പറഞ്ഞ വാചകമാണിത്.കോടതിക്കു പുറത്തു വന്ന് ഞാന്‍ ആ സ്‌ത്രീയോട് കേസിനെപ്പറ്റി ചോദിച്ചു. അവര്‍ സംഭവം വിവരിച്ചു.തന്നേയും നാലു മക്കളേയും പണക്കാരനായ ഭര്‌ത്താവ് അഞ്ചു വര്‍ഷം മുമ്പ് ഉപേക്ഷിച്ച് വേറെ താമസമാണ്. തനിക്കും മക്കള്‍ക്കും ഭര്‍ത്താവില്‍ നിന്നും ചിലവിനു കിട്ടുന്നതിനു വേണ്ടി കഴിഞ്ഞ നാലു വര്‍ഷമായി അവര്‍ കോടതി കയറിയിറങ്ങുകയാണ്.ഇക്കാലങ്ങളിലെല്ലാം തന്നെ തന്റെ മക്കളെ വഴിയില്‍ വെച്ചു കാണുമ്പോഴൊ, സ്‌ക്കൂളില്‍ ചെന്നു കണ്ടോ അരി,ഉള്ളി, ഗോതമ്പ്, കുട്ടികള്‍ക്കുള്ള പുസ്‌തകം അങ്ങനെ എന്തെങ്കിലുമൊക്കെയായി മിക്ക ദിവസങ്ങളിലും അയാള്‍ കൊടുത്തയക്കാറുണ്ടായിരുന്നു.സ്വന്തമായി വര്‍ക്ക്‌ഷോപ്പും,പലചരക്കു കടയും,ബാങ്ക് ഡിപ്പോസിറ്റുമെല്ലാമുള്ള ഭര്‍ത്താവിന്റെ ആസ്‌തിയെ പരിഗണിക്കാതെ മാസത്തില്‍ വെറും ആയിരം രൂപ തനിക്കും കുട്ടികള്‍ക്കുമായി അയാള്‍് നല്‌കണമെന്നാണ് കോടതി പറയുന്നത്.അപ്പം ഈ കോടതിയേക്കാള്‍ ഭേദം എന്റെ ഇട്ടേച്ചു പോയകെട്ട്യോന്‍ തന്നെയല്ലേ സാറേ.... ? അവരുടെ നിരീക്ഷണം കേട്ട് പരിസരം മറന്ന് ഞാന്‍ പൊട്ടിച്ചിരിച്ചു.