Saturday, August 15, 2009

നല്ലവള്‍

നല്ലവള്‍
തുടര്‍ച്ചയായി അടിച്ച മൊബൈല്‍ ഫോണിനു മറുപടി പറയാനായി വണ്ടി നിര്‍ത്തി ഒട്ടും താത്‌പര്യമില്ലാത്ത അവസ്ഥയില്‍ സംസാരിക്കുകയായിരുന്നു ഞാന്‍.എതിര്‍ സൈഡില്‍ നിന്നും ഒരു മോട്ടോര്‍ സൈക്കിള്‍ എന്റെടുത്തായി നിര്‍ത്തി.അയാള്‍ ഹെല്‍മെറ്റെടുത്ത്‌ എന്റെടുക്കലെത്തി ഭവ്യതയോടെ എന്നോടെന്തോ പറയാനായി എന്നെത്തന്നെ നോക്കി നിന്നു.ഞാന്‍ പിന്നെ വിളിക്കാം എന്നു പറഞ്ഞ്‌ ഫോണ്‍ കട്ട്‌ ചെയ്‌തു."എന്തേ............. മനസിലായില്ല."ഞാന്‍ കാര്യം തിരക്കി."സാറെ ഞാന്‍ മുമ്പൊരിക്കല്‍ പരിചയപ്പെട്ടിട്ടുണ്ട്‌.ഒന്നു രണ്ടു പ്രവശ്യം ഫോണില്‍ സംസാരിച്ചിട്ടുമുണ്ട്‌." അയാള്‍ മുഖവുരയായിട്ടു പറഞ്ഞു."ok ഇപ്പോഴെന്താണു കാര്യം" ഞാന്‍ അയാളുടെ ശങ്കയകറ്റി."അന്നു ഞാന്‍ ഒരു ലതികേച്ചിയുടെ കാര്യം ഫോണിലൂടെ കുറേ നേരം സംസാരിച്ചിരുന്നു.... " അയാള്‍ എന്നെ ത്തന്നെ ഉറ്റുനോക്കി. "ആ..... പച്ച കുത്തിയ ലതികേച്ചി." എനിക്കു പെട്ടന്നോര്‍മ്മ വന്നു. ആ..... അവര്‍ നിങ്ങളുടെ ആരാണ്‌.........? ശീലിച്ച ശൈലിയില്‍ ഞാന്‍ ചോദിച്ചുപോയി."എന്റെ വലിയമ്മയുടെ മകളാണ്‌.സാറിനിപ്പം സൗകര്യപ്പെടുമോ......"? ഒന്നവിടം വരെ പോകാനാ....... സമയം വൈകിട്ട്‌ ആറരമണി കഴിഞ്ഞിരിക്കുന്നു. എന്റെ വീട്ടില്‍ പോകുന്ന വഴിയില്‍ തന്നെയായതുകൊണ്ടും എന്തോ അത്യാവശ്യം എന്നെക്കൊണ്ട്‌ അവര്‍ക്കുണ്ടെന്നു തോന്നിയതുകൊണ്ടും ഞാന്‍ സമ്മതിച്ചു. അയാള്‍ വണ്ടി തിരിച്ചു.ഏകദേശം അഞ്ചു കിലോമീറ്റര്‍ അയാള്‍ തിരിച്ച്‌ വണ്ടിയോടിക്കണം. ഞങ്ങള്‍ ആ സ്‌ത്രീയുടെ വീട്‌ ലക്ഷ്യമാക്കി യാത്രയായി. മെയിന്‍ റോഡില്‍ നിന്നും അവരുടെ വീട്ടിലേക്ക്‌ തിരിയുന്ന റോട്ടില്‍ അയാള്‍ മുന്നിലും ഞാന്‍ പിന്നിലുമായി വണ്ടി തിരിച്ചു.ആ ജംഗ്‌ഷനില്‍ നിന്നും വണ്ടിക്കു പിറകേ ആളുകള്‍ എത്തി നോക്കുന്നത്‌ കണ്ണാടിയിലൂടെ ഞാന്‍ കണ്ടു.മുന്നിലും പുറകിലുമായി അവരുടെ ഗേറ്റിനു മുന്‍വശം ഞങ്ങള്‍ വണ്ടി നിര്‍ത്തി.അയാള്‍ കോളിംഗ്‌ ബെല്ലമര്‍ത്തി.അല്‌പസമയത്തിനുള്ളില്‍ അവര്‍ വാതില്‍ തുറന്നു "ആ............... വിനയ എവിടുന്നു കിട്ടി ഗിരീ.............. " എന്നു പറഞ്ഞ്‌ അവര്‍ ഞങ്ങളെ ഇരിക്കാന്‍ ക്ഷണിച്ചു."ആ............ എന്താ ലതികേച്ചീ അന്ന്‌ ഫോണിലൂടെ പറഞ്ഞിട്ട്‌ ഒന്നും മനസിലായില്ല.ഒരു ദിവസം ഗിരിയും വിളിച്ചിരുന്നു."ഞാന്‍ കാര്യമറിയാന്‍ തിടുക്കം കൂട്ടി. അവര്‍ വിഷയത്തിലേക്കു കടന്നു.മുകുന്ദേട്ടന്‍ മരിച്ചിട്ടിപ്പോ എട്ടു വര്‍ഷായി .ഇപ്പം രണ്ടു വര്‍ഷായി കുട്ടികള്‍ രണ്ടാളും ജോലിക്കായി പുറത്തും. ഇവിടേക്ക്‌ ഒരാക്കും വരാമ്പറ്റൂല .ആരു വന്നാലും കൂറച്ചു ചെറുപ്പക്കാര്‌ ഗെയിറ്റിനു മുന്നിലൂടെ നടക്കും .തിരിച്ചു പോകുമ്പോ അവരെ ചോദ്യം ചെയ്യാ. വളരെ ചെറിയ പയ്യന്‍മാരാ.... മോ്‌ന്റെ ഒന്നിച്ച്‌ പഠിച്ച ഒരുത്തനൂണ്ട്‌ അക്കൂട്ടത്തില്‍.ഞാന്‍ വിനയക്ക്‌ ഫോണ്‍ ചെയ്‌തതിന്റെ പിറ്റേ ദിവസം പേരാമ്പ്രയുള്ള എന്റെ ഇളയച്ഛന്‍ മരിച്ചിട്ട്‌ ഞാന്‍ പോയിരുന്നു. പിന്നെ സഞ്ചയനം കഴിഞ്ഞാണ്‌ വന്നത്‌. തിരികെ ഒറ്റക്ക്‌ പോകണ്ട എന്നും പറഞ്ഞ്‌ എന്റെ ചേച്ചിയുടെ മകനും എനിക്കു കൂട്ടു വന്നു.ഞങ്ങള്‍ രാത്രി പത്തു മണിക്കാണ്‌ ഇവിടെ ബസ്സിറങ്ങിയത്‌.പിറ്റേന്ന്‌ രാവിലെ ഭക്ഷണവും കഴിച്ച്‌ അവന്‍ പോകുകയും ചെയ്‌തു.അന്ന്‌ ഉച്ചകഴിഞ്ഞ്‌ ഞാന്‍ കൃഷിഭവനില്‍ പോകുമ്പോള്‍ ടൗണില്‍ വെച്ച്‌ മുഹമ്മദിക്ക എന്നോട്‌ ഇങ്ങനെ പറഞ്ഞുഇന്നലെ ഇബടെള്ള ചെക്കമ്മാരൊക്കേം കൂടി ഇങ്ങളെ വീട്‌ വളഞ്ഞീനു, വെറുതെ ഇങ്ങളെ നാണം കെടുത്തരുത്‌ന്നും പറഞ്ഞ്‌ ഞാനൊഴിവാക്കിയതാ ന്ന്‌" അവര്‍ അത്ഭുതത്തോടും പകയോടും എന്നെ നോക്കി.എന്തിനാ അവര്‍ വീടു വളഞ്ഞത്‌. ഞാന്‍ എന്റെ ആകാംഷ മറച്ചു വെച്ചില്ല."വേറെന്തിനാ................ ഞാന്‍ പോക്കാ.............. എന്ന്‌ പറയിക്കാന്‍""നിങ്ങള്‌ പോലീസില്‍ പരാതി പറഞ്ഞോ""ഇല്ല""നിങ്ങള്‌ കുട്ടികളെ അറിയിച്ചോ.................""അറിയിച്ചു.അവര്‍ക്കു രണ്ടാക്കും ഒരേ അഭിപ്രായാ ആരേം അറിയിക്കണ്ട നാണക്കേടാണെന്നാ അവരു പറയുന്നത്‌ അതോണ്ടാ പോലീസിലും അറിയിക്കാത്തത്‌ ".നല്ല കുട്ടികള്‍.ആരുമില്ലാതെ തനിച്ചു ജീവിക്കുന്ന അമ്മക്കു വേണ്ടി ഫോണ്‍ മുഖേനെപ്പോലും ഒരാശ്വാസം കൊടുക്കാതെ അവര്‍ക്കു നാണക്കേടാണ്‌ എന്നു പറഞ്ഞ്‌ എന്തെങ്കിലും ആയിക്കോട്ടെ എന്ന അവസ്ഥയില്‍ സ്വന്തം അമ്മയെ തള്ളിയിട്ട്‌ അവരെ പ്രതിസന്ധിയില്‍േ ആക്കി എങ്ങിനെ അവര്‍ സ്വസ്ഥമായിട്ടിരിക്കുന്നു."എന്താ ലതികേച്ചി ഉദ്ദേശിക്കുന്നത്‌ " എനിക്കും ക്ഷമകെട്ടു." സാറേ സാറെന്തെങ്കിലും ഒരു തീരുമാനം ഉണ്ടാക്കി തരണം. മുമ്പ്‌ രണ്ടു പ്രാവശ്യം ഈ അഷറഫ്‌ വാതിലു മുട്ടി എന്നും പറഞ്ഞ്‌ ലതിയേച്ചി വീട്ടിലേക്ക്‌ വിളിച്ചു.ആളെ കൃത്യമായിട്ട്‌ അറിഞ്ഞസ്ഥിതിക്ക്‌ എന്താ പരാതി കൊടുത്താല്‌.എല്ലാ ദിവസവും ഞങ്ങള്‍ക്ക്‌ വരാന്‍ പറ്റോ.ഇവരെപ്പറ്റി പറഞ്ഞ്‌ ഞങ്ങള്‍ക്കെന്നും വിഷമാ..... പരാതി കൊടുക്കാന്‍ പറഞ്ഞാ ചേച്ചിയൊട്ട്‌ കൊടുക്കുന്നുമില്ല.മക്കള്‍ക്ക്‌ അവരെ കാര്യം എന്നല്ലാതെ യാതൊരു ബാധ്യതയുമുണ്ടെന്ന്‌ എനിക്കു തോന്നീട്ടില്ല." അയാള്‍ ഒറ്റ ശ്വാസത്തില്‍ അയാളുടെ അവസ്ഥ പറഞ്ഞു."ലതികേച്ചീ................ പോലീസ്‌ സ്‌റ്റേഷന്‍ അത്രക്ക്‌ മോശപ്പെട്ട സ്ഥലമൊന്നുമല്ല. ഇപ്പോഴത്തെ എസ്‌.ഐ നല്ല മനുഷ്യനാണ്‌.എത്രയും പെട്ടന്ന്‌ നിങ്ങള്‍ സ്റ്റേഷനില്‍ വന്നൊരു പരാതി തരണം. ബാക്കിയെല്ലാം പിന്നെ. ""അതൊക്കെ മോശല്ലേ...................... "അവര്‍ പിന്നേയും നിസ്സഹായതയോടെ എന്നെ നോക്കി."ലതികേച്ചീ നിങ്ങളിതുവരെ സ്‌റ്റേഷനിലൊന്നും പോയിട്ടില്ല.എന്നിട്ടും നിങ്ങള്‌ നല്ലവളാണെന്ന്‌ നാട്ടുകാര്‍ കരുതീട്ടില്ല. (മുപ്പതു മീറ്റര്‍ മാറിയുള്ള ജംഗ്‌ഷനില്‍ നിന്നും മാറിമാറി ആളുകള്‍ എത്തിനോക്കുന്നത്‌ കോലായിലിരിക്കുന്ന ഞങ്ങള്‍ക്ക്‌ കാണാമായിരുന്നു.)നിങ്ങളൊന്ന്‌ മനസ്സിലാക്കുക നിങ്ങളെക്കൊണ്ടാരും നല്ലതു പറയുന്നില്ല.ആരും നല്ലതു പറയുകയും വേണ്ട.പക്ഷേ നിങ്ങള്‍ കാശു മുടക്കി കഷ്ടപ്പെട്ടുണ്ടാക്കിയ നിങ്ങളുടെ വീട്ടില്‍ നിങ്ങള്‍ക്ക്‌ ഒരുത്തരുടെയും ശല്യമില്ലാതെ മനസ്സമാധാനത്തോടെ കിടന്നുറങ്ങണം. അതിന്‌ നിങ്ങള്‍ കുറച്ച്‌ റിസ്‌കെടുത്തേ മതിയാകൂ.പോലീസും ഇവിടുള്ള നല്ലവരായ ആളുകളും നിങ്ങള്‍ക്കൊപ്പമുണ്ട്‌ ".അയല്‍പക്കത്തുള്ള രണ്ടു സ്‌തീകള്‍ അവര്‍ക്ക്‌ കൂട്ടു കിടക്കാന്‍ ഈയിടെയായി വരുന്നുണ്ടെന്ന്‌ സംസാരമധ്യേ അവര്‍ സൂചിപ്പിച്ചിരുന്നു.ഏകദേശം എട്ടുമണിയോടെ ഞങ്ങള്‍ ആ വീട്ടില്‍ നിന്നും തിരിച്ചു."ഇപ്പം ധൈര്യായോ........................... " ഇറങ്ങാന്‍ നേരം മനസമാധാനത്തിനായി ഞാന്‍ അവരോടു ചോദിച്ചു."രണ്ടീസത്തിനുള്ളില്‍ ഞാന്‍ സ്‌റ്റേഷനില്‍ വരാം" എങ്ങും തൊടാതെയുള്ള അവരുടെ മറുപടി കേട്ട്‌ ചിരിച്ചുകൊണ്ട്‌ അവിടെനിന്നും ഇറങ്ങുകയല്ലാതെ എനിക്ക്‌ മറ്റു നിവൃത്തിയൊന്നുമുണ്ടായിരുന്നില്ല.

8 comments:

അനിൽ@ബ്ലൊഗ് said...

എന്നിട്ട് അവര്‍ പരാതി തരാന്‍ വന്നോ?

ചാണക്യന്‍ said...

അവർ ആരെയാ ഭയക്കുന്നത് നാട്ടുകാരെയോ പോലിസിനെയോ?

അവർക്കെന്താ പരാതി കൊടുക്കാൻ മടി?

VINAYA N.A said...

അതു നാളെ അറിയാം. രണ്ടു കൂട്ടരേയും അവര്‍ക്കു പേടിയാണ്‌.അവരെന്നല്ല പോലീസ്‌ സ്‌റ്റേഷനില്‍ വരാനും പരാതി തരാനും മിക്കവര്‍ക്കും മടി തന്നെയാണ്‌. കാരണം കൂടുതല്‍ ആളുകള്‍ അറിയില്ലേ........ എല്ലാവര്‍ക്കും നല്ലരാകണം ചുരുക്കിപറഞ്ഞാല്‍ കക്ഷത്തിലുള്ളതു പോകാനും പാടില്ല ഉത്തരത്തിലുള്ളത്‌ എടുക്കുകയും വേണം. അത്രതന്നെ

VINAYA N.A said...
This comment has been removed by the author.
യൂസുഫ്പ said...

പാവം നാണക്കേട് ഓര്ത്താക്കും പരാതി പറയാത്തത്.

Anonymous said...

അന്യന്റെ സ്വകാര്യത(ലൈംഗികത)യിലേക്കുള്ള ഒളിഞ്ഞുനോട്ടമാണ് അടിസ്ഥാന പ്രശ്നം. ഈ സദാചാര വാദികളെക്കൊണ്ടു പൊറുതിമുട്ടിയാണ് ലൈംഗികത അനുഭവിക്കാൻ കൊച്ചുകുട്ടികളെയും സ്വന്തം മക്കളെയും വരെ ആളുകൾ ഇരകളാക്കുന്നത്. ഈ സ്ത്രീ ‘ചീത്ത’യാവാതെ നോക്കാൻ നാട്ടുകാരുടെ താത്പര്യം എന്താണ്? ഒന്നാന്തരം അസൂയ. (ഈ കുറിപ്പ് ആ സ്ത്രീ ഏതെങ്കിലും വിധത്തിൽ ‘അപഥ’ സഞ്ചാരം നടത്തി എന്നർഥമാക്കുന്നില്ല)

Dr.jishnu chandran said...

ആ മക്കള്‍ അങ്ങനെ പറയരുതായിരുന്നു.........

mini//മിനി said...

ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം അവരുടെ ധൈര്യക്കുറവല്ലെ. പ്രശ്നങ്ങള്‍ ഉണ്ടാക്കിയാല്‍ ഉടനെ പ്രതികരിച്ചില്ലെങ്കില്‍ വീണ്ടും പ്രശ്നം ഉണ്ടാക്കികൊണ്ടിരിക്കും. ചില സ്ത്രീകളുണ്ട്, പിന്നിലിരിക്കുന്നവന്‍ ബസ്സില്‍ നിന്ന് ഉപദ്രവിക്കുമ്പോള്‍ ഒരു വാക്കും പറയാതെ എഴുന്നീറ്റ് പോകും. ധൈര്യമായി രണ്ട് വാക്ക് പറഞ്ഞാല്‍ ഉപദ്രവം കുറയും എന്നാണ് എനിക്ക് പറയാനുള്ളത്. പിന്നെ മറ്റുള്ളവര്‍ പറയുന്നത് നോക്കിയിരുന്നാല്‍ ജീവിക്കാന്‍ പറ്റില്ല.