Tuesday, August 19, 2014

 സാധ്യത
കുഞ്ഞു നാള്‍ മുതലേ പെണ്‍കുട്ടിക്ക്‌ കളിക്കാനുള്ള സാധ്യത അവളുടെ വസ്‌ത്രം ഇല്ലാതാക്കുന്നു.അടിവസ്‌ത്രം കാണാത്ത രീതിയില്‍ ഉതകുന്ന കളികള്‍ മാത്രം അവള്‍ തിരഞ്ഞെടുക്കുന്നു 

Wednesday, August 6, 2014

ആനന്ദവും അംഗീകാരവും

 ആനന്ദവും അംഗീകാരവും

സ്‌ത്രീകളെക്കാള്‍ പുരുഷന്മാര്‍ കൂടുതല്‍ അംഗീകരിക്കപ്പെടുന്നു.എന്താണു കാരണം (എന്നോടു ചോദിച്ച ചോദ്യങ്ങള്‍)

ഉപജീവന മാര്‍ഗ്ഗത്തിനു പുറമേ മനുഷ്യന്‍ ഏര്‍പ്പെടുന്ന എല്ലാ വിനോദോപാധികളും ആനന്ദം അനുഭവിക്കുന്നതിനു മാത്രമാണ്‌.

ആനന്ദവും അംഗീകാരവും രണ്ടും രണ്ടാണ്‌.ആനന്ദം ഒരു വ്യക്തിയില്‍ സ്വയം അനുബവപ്പെടുന്ന മാനസീകവും ശാരീരികവുമായ ഏറെ സുഖകരമായ ഒരവസ്ഥയാണ്‌.മറ്റുള്ളവരില്‍ നിന്നും ലഭിക്കുന്ന മാന്യമായ പെരുമാറ്റമാണ്‌ അംഗീകാരം.എപ്പോഴെല്ലാം അംഗീകാരം ലഭിക്കുന്നുവോ അപ്പോഴെല്ലാം ആനന്ദവും അനുഭവപ്പെടും.എന്നാല്‍ വ്യക്തിക്ക്‌ ആനന്ദം ലഭിക്കുന്ന എല്ലാ അവസരങ്ങളിലും അംഗീകാരം ലഭിച്ചുകൊള്ളണമെന്നില്ല.

അംഗീകാരമാണോ ആനന്ദമാണോ വേണ്ടത്‌ എന്നൊരു ചോദ്യം സ്‌ത്രീകളോടു ചോദിച്ചാല്‍ തീര്‍ച്ചയായും അവരുടെ ഉത്തരം അംഗീകാരം എന്നു തന്നെ ആയിരിക്കും.എന്നാല്‍ അവള്‍ എല്ലായ്‌പ്പോഴും ആനന്ദത്തിനു പുറകെയാണെന്ന്‌ അവളെ നിരീക്ഷിക്കുന്ന ആര്‍ക്കും ബോധ്യമാകും.

ഏറ്റവും ചുരുങ്ങിയ ചിലവില്‍ സ്‌ത്രീക്ക്‌ ആനന്ദം ലഭ്യമാകുന്നതിനുള്ള സാധ്യതകള്‍ അവളുടെ മുടി , ആഭരണം , ശാരീരികാലങ്കാരം എന്നിവ നല്‌കുന്നു.അതുകൊണ്ടു തന്നെ ആനന്ദത്തിനു വേണ്ടി അവള്‍ക്ക്‌ പരക്കം പോയേണ്ടി വരുന്നില്ല.
രാഷ്ട്രീയം , പൊതുകാര്യം , പരിസര നിരീക്ഷണം തുടങ്ങി എല്ലാറ്റില്‍ നിന്നും അവളെ പിന്തിരിപ്പിക്കുവാന്‍ ശരീരം , വസ്‌ത്രം , മുടി , ചെരുപ്പ്‌ , വാച്ച്‌ , തുടങ്ങിയവയെച്ചുറ്റിപ്പറ്റിയുള്ള ഈ ആനന്ദാവസ്ഥ കാരണമാകുന്നു.

പുരുഷന്‌ ഒരു സ്‌ത്രീ ചിലവഴിക്കുന്നതിന്റെ പകുതി സമയം പോലും ചിലവഴിക്കുന്നതിനുള്ള സാധ്യത അവന്റെ വസ്‌ത്രവും മുടിയും മറ്റു സൗന്ദര്യസങ്കല്‌പങ്ങളും നല്‌കുന്നില്ല.അതുകൊണ്ടു തന്നെ അവന്‍ തന്റെ ആനന്ദത്തിനുള്ള മേഖല സ്വ ശരീരം വിട്ട്‌ പുറത്തേക്ക്‌ വ്യാപിപ്പിക്കുവാന്‍ നിര്‍ബന്ധിതനാകുന്നു. അല്ലെങ്കില്‍ അവന്‍ അംഗീകാരത്തിനായി മെനക്കെടുന്നു.  

Friday, August 1, 2014

ആരും സംസാരിക്കാറില്ല.

ആരും സംസാരിക്കാറില്ല.

സ്‌ത്രീ സുരക്ഷ എന്ന വിഷയത്തെക്കുറിച്ച്‌ സംസാരിക്കാനായിരുന്നു ഞാന്‍ കോഴിക്കോട്‌ ഫറൂഖ്‌ കോളേജിലെത്തിയത്‌.കോളേജിലെ സോഷ്യോളജി വിഭാഗമായിരുന്നു ചര്‍ച്ച സംഘടിപ്പിച്ചത്‌.പരിസര നിരീക്ഷണത്തിനു വിഘാതമായ വസ്‌ത്രധാരണം ചൂഷണത്തിനു സാധ്യത കൂട്ടും എന്ന എന്റെ സംഭാഷണത്തിന്റെ തുടക്കം കടന്നല്‍ കൂടിനു കിട്ടിയ ഏറുപോലെ സദസ്സിനെ അസ്വസ്ഥതപ്പെടുത്തുന്നത്‌ ഞാന്‍ കണ്ടു.അവര്‍ പ്രകോപിതരായി.ഊര്‍ജ്ജസ്വലതയോടെ മക്കനയിട്ട പെണ്‍കുട്ടികള്‍ എന്റെ നേരെ വിരല്‍ ചൂണ്ടിക്കൊണ്ട്‌ പല പ്രസ്‌താവനകളും ഇറക്കി.ഒട്ടും മാന്യമല്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച്‌ അവര്‍ എന്നെ അധിക്ഷേപിച്ചു.അവര്‍ പറഞ്ഞ വാചകത്തില്‍ എന്റെ മനസില്‍ തങ്ങി നില്‌ക്കുന്ന വാചകം ഇതാണ്‌.ഈ വസ്‌ത്രത്തില്‍ ഞങ്ങള്‍ സുരക്ഷിതരാണ്‌.ഈ വസ്‌ത്രം ഞങ്ങള്‍ക്കൊരുതരത്തിലുള്ള പ്രയാസവും ഉണ്ടാക്കുന്നില്ല.
എന്തിനെയൊക്കയോ ഭയക്കുന്ന ആര്‍ക്കൊക്കയോ വേണ്ടി -മുന്നിലൊരു നിരാലംബയായ ശത്രവിനെക്കിട്ടിയതുപോലെ അവര്‍ എന്റെ മുന്നില്‍ ആര്‍ത്തട്ടഹസിച്ചു.വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഞാന്‍ എന്റെ സംഭാഷണം അവസാനിപ്പിച്ചു.
കേരളത്തിലെ ഒട്ടുമിക്ക കോളേജുകളിലും സംഭാഷണം നടത്താറുള്ള എനിക്ക്‌ ഇത്രക്കേറെ അന്യത്വം തോന്നിയ ഒരിടം ഉണ്ടായിട്ടില്ല.ഒരാളുപോലും എന്നോടൊപ്പം ഫോട്ടോ എടുക്കാനോ ഓട്ടോഗ്രാഫ്‌ എഴുതിക്കാനോ എന്റെടുത്തു വന്നില്ല.എന്താണു സംഭവിച്ചതെന്ന്‌ എനിക്കു മനസ്സിലായില്ല.
"ഞാനൊത്തിരി കോളേജില്‍ പോയിട്ടുണ്ട്‌ പക്ഷേ ഇത്രക്കസ്വസ്ഥത എവിടേയും കണ്ടിട്ടില്ല.എന്താണിവിടെ സംഭവിച്ചത്‌ ? '' ഞാന്‍ എന്നെ സ്വീകരിക്കാന്‍ ചുമതലപ്പെടുത്തിയ ടീച്ചറോടു ചോദിച്ചു.
"ഇവിടെ വസ്‌ത്രത്തെക്കുറിച്ച്‌ ആരും സംസാരിക്കാറില്ല.മേഡത്തിനോടതു പറയാന്‍ മറന്നു''. ടീച്ചര്‍ കുറ്റസമ്മതം നടത്തി.

Thursday, July 31, 2014

പരിഹാരം

പരിഹാരം 

എന്തുകൊണ്ടാണ്‌ എല്ലാ മേഖലയിലും സംവരണത്തിനുവേണ്ടി ഇപ്പോഴും സ്‌ത്രീകള്‍ക്ക്‌ കേഴേണ്ടി വരുന്നത്‌? എന്താണതിനു പരിഹാരം ? (ക്ലാസിലെ ചോദ്യങ്ങള്‍)

ഉത്തരം:- സമയോചിതമായുള്ള തീരുമാനങ്ങള്‍ ഉരുത്തിരിയുന്ന അവസരങ്ങളിലൊന്നും തന്നെ സ്‌ത്രീ സാന്നിധ്യം ഇല്ലാതിരിക്കുന്നതാണ്‌ അത്തരം കൂട്ടങ്ങളില്‍ സ്‌ത്രീകള്‍ ഉള്‍പ്പെടാതെ പോകുന്നത്‌.അതുകൊണ്ടു തന്നെ എല്ലായിടങ്ങളിലും മേഖലകളിലും മനപ്പൂര്‍വ്വം സ്‌ത്രീ സാന്നിധ്യം സാധ്യമാക്കുക എന്നതാണ്‌ നാം ആദ്യമായി നടപ്പിലാക്കേണ്ടത്‌.
എന്തെല്ലാം കാര്യങ്ങളാണ്‌ സമയോചിതമായി ഒരു ഗ്രാമം ചര്‍ച്ച ചെയ്യുന്നത്‌ എന്നകാര്യം അവള്‍ക്കജ്ഞാതമായിരിക്കും.സ്വന്തം നാടും നാട്ടുകാരും ഒരു സ്‌ത്രീയെ സംബന്ധിച്ചിടത്തോളം അന്യമാണ്‌.അപൂര്‍വ്വം സ്‌ത്രീകള്‍ ഇതു തിരിച്ചറിയുകയും സ്വയം മുന്നോട്ടു വരികയും ചെയ്യാറുണ്ട്‌.അതുകൊണ്ടു മാത്രമാണ്‌ നാമമാത്രമായ സ്‌ത്രീപങ്കാളിത്തമെങ്കിലും ചില മേഖലകളില്‍ സാധ്യമാകുന്നത്‌.

വൈകിട്ട്‌ ആറു മണി മുതല്‍ 9 മണി വരെയാണ്‌ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും പൊതു താത്‌പര്യ പ്രവര്‍ത്തനങ്ങളും ചിന്തകളും പരസ്‌പരം പങ്കു വെക്കുന്നത്‌ .ഈ സമയം സ്‌ത്രീകള്‍ പൂര്‍ണ്ണമായും വീടിനകത്തോ വീട്ടിലേക്കുള്ള നെട്ടോട്ടത്തിലോ ആയിരിക്കും.ക്ലബ്ബ്‌,പൗരസമിതികള്‍,വായനശാല,രാഷ്ട്രീയ പാര്‍ട്ടികള്‍,തീവ്രവാദം, തുടങ്ങി എല്ലാറ്റിന്റെയും ജനനവും വളര്‍ച്ചയും നടക്കുന്ന സമയമതാണ്‌.പ്രാദേശികമായ ഒരു ക്ലബ്ബില്‍ പോലും പ്രാതിനിത്യമില്ലാത്തവര്‍ അവിടം മുതല്‍ തുടങ്ങുന്നു സംവരണത്തിനു വേണ്ടിയുള്ള കേഴല്‍. മുക്കിലും മൂലയിലും പെണ്ണുങ്ങളെ കാണുന്ന കാലം സ്‌ത്രീ സംവരണത്തിനു വേണ്ടി നമ്മുക്ക്‌ കേഴേണ്ടി വരില്ല
http://www.youtube.com/watch?v=uDqcRqKbSLs

Tuesday, July 29, 2014

കളിക്കളങ്ങള്‍ വെറും കളിക്കളങ്ങളല്ല.

കളിക്കളങ്ങള്‍ വെറും കളിക്കളങ്ങളല്ല.

പെണ്‍കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കണമെന്ന്‌ നിങ്ങള്‍ പല യോഗങ്ങളിലും പറയുന്നുണ്ട്‌.എന്തുകൊണ്ടാണ്‌ ഫുട്‌ബോള്‍.?വോളീബോളോ ബാസ്‌ക്കറ്റ്‌ബോളോ ആയാലും പോരേ.....?( എന്നോടു ചോദിച്ച ചോദ്യങ്ങള്‍)

പോരാ പെണ്‍കുട്ടികള്‍ ഫുട്‌ബോള്‍ തന്നെയാണ്‌ കളിക്കേണ്ടത്‌.മറ്റു കളികള്‍ക്കില്ലാത്ത പല സാധ്യതകളും ഫുട്‌ബോളിനുണ്ട്‌.കാരണം താഴ്‌ത്തിയിട്ടിരിയെടീ......... എന്നു കേള്‍ക്കാതെ ഒരു പെണ്‍കുട്ടിയും വളരുന്നില്ല.കുഞ്ഞു നാള്‍ മുതലേ കേട്ടു ശീലിക്കുന്ന വിലക്കിന്റെ ഈ ശബ്ദം അവളുടെ കാലുകളെ പരസ്‌പരം ബന്ധിക്കുന്ന ഒരു സാങ്കല്‍പ്പിക മാംസച്ചങ്ങല സൃഷ്ടിക്കുന്നുണ്ട്‌.എപ്പോഴും മുട്ടുകള്‍ ചേര്‍ത്തിരുന്നു മാത്രം പരിശീലിക്കുന്ന പെണ്‍കുട്ടി തന്നോടൊപ്പം തന്നിലെ ആത്മവിശ്വാസമില്ലായ്‌മയേയും വളര്‍ത്തുകയാണ്‌ ചെയ്യുന്നത്‌.അവളുടെ കാലുകള്‍ അകത്തി വെക്കുന്നതിന്‌ ഉടുപ്പും,പാവാടയും,മിഡിയും സാരിയും ഒരുപോലെ എതിരു നിന്നു.അത്തരം വസ്‌ത്രങ്ങളെ നിലനിര്‍ത്താനുതകും വിധം വാഹനങ്ങളും അവള്‍ക്കുവേണ്ടി പിറവിയെടുത്തു.കൈനറ്റിക്‌ ഹോണ്ടയും ലേഡീസ്‌ സൈക്കിളും അവളുടെ ചലനസ്വാതന്ത്ര്യമില്ലാത്ത വസ്‌ത്രധാരണരീതിക്ക്‌ പിന്‍ബലമേകി.

നിലവിലുള്ള സമൂഹം തന്നെയാണ്‌ ഫുട്‌ബോള്‍ കളിയും.അതിന്‌ കൃത്യമായ ഒരു ഫ്രയ്‌മുണ്ട്‌.അതു മനസ്സിലാക്കി ആ ഫ്രയ്‌മിലെവിടേയും കളിക്കാര്‍ക്ക്‌ പ്രവേശിക്കാം.സ്ഥലവും പന്തും ടീം അംഗങ്ങളേയും നിരീക്ഷിക്കണം.പരമ്പരാഗതമായി അവളില്‍ അടിഞ്ഞു കൂടിയ ഉത്തരവാദിത്തമില്ലായ്‌മ,തീരുമാനമെടുക്കാനുള്ള പ്രാപതിയില്ലായ്‌മ,സൗഹൃദം....ഇവയെല്ലാം അവള്‍ക്ക്‌ സാധ്യമാകും.പൊതു ഇടവും പൊതുബോധവും അവരെത്തേടിയെത്തും.കാലുകളിലെ വിലക്ക്‌ പൂര്‍ണ്ണമായും ഇല്ലാതാകും .ശരീരം മുഴുവന്‍ ഫുട്‌ബോള്‍കളിയില്‍ പ്രയോജനപ്പെടുത്താം.അവള്‍ ആത്മാഭിമാനത്തോടെ നെഞ്ചു നിവര്‍ത്തി നടക്കും.ക്രമേണ ശരീര ബോധം അവളെവിട്ടകലും. കളിക്കളങ്ങള്‍ വെറും കളിക്കളങ്ങളല്ല.അത്‌ ജീവിതക്കളരിക്കളങ്ങള്‍കൂടിയാണ്‌.

Sunday, July 13, 2014

കടപ്പാട്‌

കാസര്‍ക്കോട്ടൈക്കുള്ള ബസ്‌ യാത്രയില്‍ എന്റെടുത്തിരുന്ന പെണ്‍കുട്ടി എന്നോടു ചോദിച്ചു.
ചോ- താങ്കളുടെ ഇന്നത്തെ ഈ ജീവിതത്തിന്‌ താങ്കള്‍ ആരോടൊക്കെ കടപ്പെട്ടിരിക്കുന്നു.അതിന്റെ വ്യക്തമായ കാരണങ്ങള്‍ എന്തൊക്കെയാണ്‌.

ഉ- ഇന്നത്തെ എന്റെ ജീവിതാവസ്ഥയോട്‌ ഞാന്‍ കടപ്പെട്ടിരിക്കുന്നത്‌ രണ്ടു സ്‌ത്രീകളോടാണ്‌. ഒന്നാമ്മാമത്തേത്‌ എന്റെ സുഹൃത്ത്‌ അഡ്വ.മരിയ. ചെറുപ്പത്തിലേ എന്നിലുണ്ടായിരുന്ന ഒരു ചിന്തക്ക്‌ ഉത്തരം കിട്ടാതിരിക്കുന്ന കാലത്താണ്‌ മറിയ എന്നെ പരിചയപ്പെടുന്നത്‌.പിന്നീടുള്ള എന്റെ സംശയങ്ങള്‍ നാട്ടുകാരും വീട്ടുകാരും ഒരുപോലെ പക്വതയില്ലാത്തത്‌ എന്നു പറഞ്ഞ്‌ അധിക്ഷേപിച്ചപ്പോള്‍ എന്റെ ഓരോരോ ആകാംക്ഷക്കും ചരിത്രപരമായ സംഭവങ്ങളുടെ പില്‍ബലത്തില്‍ ഉത്തരങ്ങള്‍ നല്‌കി ഇപ്പോഴും കൂടെ നില്‌ക്കുന്നു.മരിയയുടെ സൗഹൃദം എനിക്കു ലഭിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്ന്‌ സീമന്ത രേഖ വരച്ച്‌ ഭര്‍ത്താവിന്റെ പേരും വാലായ്‌ സ്വീകരിച്ച്‌ സ്വയം പ്രാകി ജീവിക്കുന്ന 'ഒരുത്തമ കുടുംബിനിയായ ്‌' ജീവിതം തുലക്കുമായിരുന്നു.
രണ്ടാമത്തെ സ്‌ത്രീ എന്റെ ഭര്‍ത്താവിന്റെ അമ്മ മീനാക്ഷിയമ്മയാണ്‌. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ എന്റെ വാക്കുകളിലും പ്രവര്‍ത്തികളിലും പ്രത്യകതകളും നന്മകളും മാത്രം കണ്ട്‌ കൗതുകത്തോടെ വീട്ടുകാരോടും,ബന്ധുക്കളോടും ,അയല്‍പക്കക്കാരോടും ,അവരുടെ മകനോടും എന്നെക്കുറിച്ച്‌ അഭിമാനത്തോടെ മാത്രം സംസാരിക്കുകയും,എന്റെ കുട്ടികളോട്‌ നിങ്ങളുടെ അമ്മ മിടുക്കിയാണ്‌,ബോധോം വിവരോം ,സ്‌നേഹോം ഉള്ളവള്‍ എന്നെല്ലാം പറഞ്ഞുകൊടുക്കുകയും,എന്റെ വീട്ടിലെ എന്റെ അസാന്നിധ്യത്തിന്‌ വലിയ വലിയ മാനങ്ങള്‍ നല്‌കി എനിക്കു ഭക്ഷണം എടുത്തു വെക്കാനും,എന്നെ പരമാവധി ശ്രദ്ധിക്കാനും, എന്നേയും മക്കളേയും എന്നെന്നും ചേര്‍ത്തുപിടിക്കാന്‍ മകനെ ഉപദേശിക്കുകയും ചെയ്യുന്ന അമ്മയുടെ ഇടപെടല്‍.ഞങ്ങളുടെ ജീവിതത്തില്‍ നിരന്തരം അമ്മ നടത്തുന്ന കരുതലും ഇടപെടലുമാണ്‌ സ്വസ്ഥതയുള്ള ഒരു കുടുംബ ജീവിതം നയിക്കാനെനിക്കിപ്പോഴും കഴിയുന്നത്‌

Saturday, July 12, 2014

തൊട്ടേന്റെ ബാക്കിയൊക്കെ കൊടുത്താ മതീന്ന്‌.

 തൊട്ടേന്റെ ബാക്കിയൊക്കെ കൊടുത്താ മതീന്ന്‌.

സ്ഥലം ആവിണിശ്ശേരി ഗ്രാമ പഞ്ചായത്ത്‌.ഒരു കുടുംബശ്രീ സംഗമം.എന്റെ ക്ലാസിനു ശേഷം ഒരു കൂട്ടം സ്‌ത്രീകളും പെണ്‍കുട്ടികളും എന്ന വളഞ്ഞു.അവര്‍ എന്നോടു പറഞ്ഞു
"ഞങ്ങള്‍ക്കും പൂരത്തിന്റെ തിരക്കില്‍പ്പെട്ട്‌്‌ ഒഴുകണം" അവര്‍ എന്റെ പ്രതികരണത്തിനായ്‌ ചോദ്യഭാവത്തില്‍ നോക്കി.
"അതിനെന്താ...... നിങ്ങള്‍ പോകണം ഇതുപോലെ കൂട്ടത്തോടെ സംഘംചേര്‍ന്ന്‌...."ഞാന്‍ ഒട്ടും ആവേശമില്ലാതെ മറുപടി പറഞ്ഞു.ഞാന്‍ വലിയ താത്‌പര്യമോ അതിശയമോ കാണിക്കുന്നില്ലെന്ന്‌ കണ്ട്‌ അവരിലൊരാള്‍ എല്ലാവര്‍ക്കും വേണ്ടി ഞാന്‍ പ്രതീക്ഷിച്ച്‌ പതിവു ചോദ്യം ആവര്‍ത്തിച്ചു.
"ഞങ്ങളുടെ ദേഹത്ത്‌ ആണുങ്ങള്‌ തൊടൂലേ............. അവന്മാര്‌ അവിടേം ഇവിടേം പിടിക്കൂലേ..... "
" ആ തൊടും , പിടിക്കും ...........അതിനെന്താ....? അവരുടെ ചോദ്യത്തെ മറ്റൊരു ചോദ്യം കൊണ്ട്‌ ഞാന്‍ നിസാരമാക്കി.
" അതു പ്രശ്‌നമാകൂലേ.......................? വീണ്ടും അവര്‍ക്ക്‌ സംശയം
"എന്തിനു പ്രശ്‌നമാക്കണം.അവര്‍ ബ്ലേഡു വെച്ചാണ്‌ നിങ്ങളെ തൊടുന്നതെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ പ്രശ്‌നമാക്കണം.അല്ലെങ്കില്‍ അതൊന്നും മൈന്‍ഡ്‌ ചെയ്യേണ്ടതില്ല."ഞാന്‍ വീണ്ടും പോരാനുള്ള തിടുക്കത്തിലായി.അവര്‍ എന്നെ വിടാനുള്ള ഭാവത്തിലല്ല ചോദ്യം വീണ്ടും ശക്തമായി.
"മേഡം. മേഡം പറയുന്നതു ശരിയാണോ........."
ഞാനും തയ്യാറായി."നിങ്ങള്‍ പൂരം കാണേണ്ടത്‌ ആരുടെ ആഗ്രഹമാണ്‌"
"ഞങ്ങളുടെ" അവര്‍ കൂട്ടത്തോടെ മറുപടി പറഞ്ഞു
;ചോ -"നിങ്ങള്‍ പൂരം കാണേണ്ടത്‌ ആരുടെ ആവശ്യമാണ്‌."
ഉ - "ഞങ്ങളുടെ"
ചോ- ഇങ്ങനെ ആണിനെക്കൊണ്ട്‌ നിങ്ങളെ തൊടാതിരിക്കേണ്ടത്‌ ആരുടെ ആവശ്യമാണ്‌?
അവര്‍ കൂട്ടത്തോടെ നിശബ്ദരായി.
കല്ല്യാണം കഴിച്ചവര്‍ ഭര്‍ത്താവെന്ന പുരുഷനു വേണ്ടിയും.അല്ലാത്തവര്‍ വരാനുള്ള ഭര്‍ത്താവെന്ന ആണിനു വേണ്ടിയും അല്ലേ....?
ഞാന്‍ അവരെ നോക്കി.
"അതെ" അവര്‍ കൂട്ടത്തോടെ മറുപടി പറഞ്ഞു.
"മറ്റുള്ള എല്ലാ ആണുങ്ങളില്‍ നിന്നും ഒരു സര്‍ക്കസുകാരിയുടെ മെയ്‌ വഴക്കത്തോടെ ശരീരത്തെ തൊടീക്കാണ്ട്‌ ഈ ശരീരോം വഹിച്ച്‌ പൂരം കാണാനൊന്നും പറ്റില്ല.സ്വന്തം ആഗ്രഹങ്ങളും ആവശ്യങ്ങളും ബലികഴിച്ച്‌ ജീവിക്കുന്നത്‌ മണ്ടത്തരമാണെന്ന്‌ ഇനിയെങ്കിലും തിരിച്ചറിയുക.നിങ്ങളു വിചാരിക്കുന്ന ആണിനും ആണുങ്ങള്‍ തൊട്ടേന്റെ ബാക്കിയൊക്കെ കൊടുത്താല്‍ മതി. ആരും തൊടാത്തേനെ അവര്‍ക്ക്‌ കിട്ടണമെങ്കില്‍ അവര്‍ സഹകരിച്ചോളും"
അവര്‍ 
കൂട്ടത്തോടെ ചിരിച്ചു. സമയം വൈകിയതുകൊണ്ട്‌ ഞാന്‍ തിടുക്കത്തില്‍ ഹാള്‍ വിട്ടിറങ്ങി 


Thursday, July 10, 2014

ബ്രസീലുകാരന്റെ നട്ടെല്ലു ചികിത്സ

ബ്രസീലുകാരന്റെ നട്ടെല്ലു ചികിത്സ

ഒരു പ്രോഗ്രം കഴിഞ്ഞുള്ള മടക്കയാത്ര.കാറില്‍ എന്നെകൂടാതെ രണ്ടു കുടുംബശ്രീ അംഗങ്ങളും ഒരു പുരുഷ പഞ്ചായത്തുമെമ്പറും .കാറോടിച്ചത്‌ പഞ്ചായത്തു മെമ്പറായിരുന്നു.കാറില്‍ കയറിയ ഉടനെ പുറകിലിരുന്ന രണ്ടു പേരും ഏറെ ആവേശത്തോടെ സ്‌ത്രീപ്രശ്‌നങ്ങള്‍ ഉന്നയിക്കുകയായിരുന്നു.തുടക്കം മുതലേ ഞങ്ങളുടെ സംഭാഷണത്തില്‍ ഒട്ടും താത്‌പര്യം കാണിക്കാത്ത പഞ്ചായത്തു മെമ്പര്‍ ഏറെ ആധികാരികമായിട്ടെന്ന വണ്ണം എന്നോടു പറഞ്ഞു."നെയ്‌മറിനു നമ്മുടെ മുഖ്യമന്ത്രി ചികിത്സ വാഗ്‌ദാനം 
ചെയ്‌തല്ലോ...........കേള്‍ക്കണ്ട താമസം പുറകിലിരുന്നവരില്‍ ഒരാള്‍ '' ഇവിടുത്തെ മൊത്തം പെണ്ണുങ്ങളുടെ നട്ടെല്ലും പൊട്ടിക്കിടക്കുവാ.... അതിനെപ്പറ്റി ചിന്തിക്കാന്‍ നേരമില്ലാത്ത മുഖ്യമന്ത്രിയാ അങ്ങു ബ്രസീലുകാരന്റെ നട്ടെല്ലു ചികിത്സയെപ്പറ്റി വീമ്പു പറയുന്നത്‌." പിന്നേയും അവര്‍ സ്‌ത്രീ പ്രശനത്തിലേക്കിറഞ്ഞി.
L 

Tuesday, July 8, 2014

രസച്ചരട്‌

 രസച്ചരട്‌

സ്ഥലം കാസര്‍ഗോഡ്‌ നെഹ്‌റു കോളേജ്‌.കോളേജ്‌ അധികൃതരുടെ ക്ഷണപ്രകാരം അലങ്കരിക്കപ്പെട്ട തടവറ എന്ന ഫോട്ടോപ്രഗര്‍ശനം നടത്തുന്നതിനായി എത്തിയതായിരുന്നു.കുറച്ചു കുട്ടികള്‍ ഫോട്ടോകള്‍ ക്രമീകരിക്കുന്നു.കുട്ടികള്‍ക്ക്‌ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഞാന്‍ എന്‍ടുത്തെത്തിയ കുട്ടികളുമായി (ആണ്‍കുട്ടികളും പെണ്‍കുട്ടികളും)സംസാരിക്കുന്നു.ഞങ്ങള്‍ക്കു മുന്നിലൂടെ ലേഡീസ്‌ റൂമിലേക്ക്‌ കയറിപ്പോയ പെണ്‍കുട്ടി പര്‍ദ്ദ അഴിച്ചുവെച്ച്‌ ചുരിദാര്‍ വേഷത്തില്‍ ഞങ്ങള്‍ക്കരികിലെത്തി.. ഉടനെ എന്റെടുക്കല്‍ നിന്ന പെണ്‍കുട്ടി വന്നു ചേര്‍ന്ന കുട്ടിയെ കളിയാക്കികൊണ്ടു ചോദിച്ചു.ലേഡീസ്‌ റൂമില്‍ ഊരിവെക്കാനായിട്ട്‌ നീയെന്തിനാ പര്‍ദ്ദയിട്ടു വരുന്നത്‌.?കല്യാണത്തിനോ അങ്ങനെന്തെങ്കിലും function നു പോകുമ്പോഴാ ഞാന്‍ പര്‍ദ്ദയിടുക.നര്‍മ്മം കലര്‍ന്നതും ഊര്‍ജ്ജ്വസ്വലവുമായ അവളുടെ സംഭാഷണം ഞങ്ങള്‍ നന്നായി ആസ്വദിക്കവേ ചുറ്റും നിന്ന ആണ്‍കുട്ടികളിലൊരാള്‍ അവള്‍ക്കു നേരെ കൈ ചൂണ്ടി ആ സംഭാഷണത്തിന്റെ രസച്ചരടു മുറിച്ചുകൊണ്ട്‌ പറഞ്ഞു.
"നീ പര്‍ദ്ദയിടുകയോ പര്‍ദ്ദയിടാതിരിക്കുകയോ ജീന്‍സിടുകയോ തലയിലിടാതിരിക്കുകയോ ചെയ്‌തോ.അതു നിന്റെ ഇഷ്ടം.പക്ഷേ വര്‍ത്താനം പറയരുത്‌". മിനിറ്റുകള്‍ക്കുള്ളില്‍ രൂപംകൊണ്ട ആ സൗഹൃദസംഘം ഒരേയൊരു നിമിഷംകൊണ്ട്‌ ചിഹ്നഭിന്നമായി. 

Tuesday, July 1, 2014

പതിവുശൈലി.

 പതിവുശൈലി.
ഓഫീസിലെത്തിയപ്പോള്‍ രണ്ടു സുഹൃത്തുക്ക
ള്‍  സൗഹൃദ സംഭാഷണത്തില്‍ ഏര്‍ ്‌പ്പെട്ടിരിക്കുന്നതാണു കണ്ടത്‌.സംഭാഷണമധ്യേ ഒരാള്‍ മറ്റേയാളോട്‌ 
."പറയാനുള്ള കാര്യങ്ങള്‍ നേരിട്ടു പറയണം.അല്ലാതെ ചുമ്മാ പെണ്ണുങ്ങളെപ്പോലെ അവിടേം ഇവിടേം പോയി പറയരുത്‌."

അതെന്താ നിങ്ങള്‍ ആണുങ്ങളിങ്ങനെ അവിടേം ഇവിടേം പോയി പറയാത്തവരാണോ ? അവരുടെ സംഭാഷണത്തില്‍ ഞാനിടപെട്ടു.

സര്‍, ഇതു ഞങ്ങളുടെ സ്വകാര്യ സംഭാഷണമാണ്‌.ആവശ്യമില്ലാതെ ഇതിലിടപെടേണ്ട കാര്യം നിങ്ങള്‍ക്കില്ല.സംസാരിച്ചുകൊണ്ടിരുന്ന ആള്‍ സീരി.സായി.

-സ്വകാര്യ സംഭാഷണങ്ങള്‍ സ്വകാര്യമായിത്തന്നെ പറയണം.പെണ്ണുങ്ങളെപ്പോലെ എന്നൊക്കെ പറയുമ്പോള്‍ സൂക്ഷിച്ചു.പറയണം

-എന്തിന്‌ ഞങ്ങളുടെ വീട്ടിലും പെണ്ണുങ്ങളുണ്ട്‌. അയാള്‍ തന്റെ ഭാഗം ഒന്നുകൂടി ന്യായീകരിച്ചു.
-അപ്പോള്‍ അതുപോലെത്തന്നെ തെളിച്ചു പറയണം എന്റെ വീട്ടിലെ പെണ്ണിനെപ്പോലെ എന്നോ, പെണ്ണുങ്ങളെപ്പോലെ എന്നോ.........
സംഭാഷണം സീരിയസാകുന്നു എന്നുകണ്ടപ്പോള്‍ രണ്ടാമന്‍ ഇടപെട്ടു.

"പോട്ടെ സാറെ അതൊരു പതിവു ശൈലിയല്ലേ........? അങ്ങനെ ഓര്‍ത്തിട്ടൊന്നുമല്ല. എന്നു പറഞ്ഞയാള്‍ എന്റെ കൈയ്യില്‍പിടിച്ച്‌ സൗഹൃദത്തോടെ പുറത്തിറങ്ങി.

പതിവു ശൈലികള്‍ പലതും മാറ്റണം സുഹൃത്തേ..... ലോകത്തിലുള്ള സകല പെണ്ണുങ്ങളേയും കുറ്റം പറയാന്‍ നിങ്ങള്‍ക്കവകാശമില്ല.സൗഹൃദത്തിന്‌ പരിക്കേല്‌പിക്കാതെ അയാളോട്‌ മറുപടി പറഞ്ഞ്‌ ഞാന്‍ എന്റെ ലക്ഷ്യം ലാക്കാക്കി മുന്നോട്ടു നടന്നു.

Monday, June 30, 2014

എന്നെപ്പോലാകാന്‍ എന്താണു പ്രയാസം?

 എന്നെപ്പോലാകാന്‍ എന്താണു പ്രയാസം?


29-06-2014 തിയ്യതി തൃശ്ശൂര്‍ മുല്ലശ്ശേരി താണവീഥി സ്‌ക്കൂളില്‍ വെച്ച്‌ കുടുംബശ്രീ പ്രവര്‍ത്തകരുമായി സൗഹൃദം പങ്കിടുകയായിരുന്നു. രണ്ടിടങ്ങളിലായി ഏകദേശം 200 -ഓളം സ്‌ത്രീകളുണ്ടായിരുന്നു.രാവിലെ പത്തു മണി മുതല്‍ വൈകിട്ട്‌ അഞ്ചു മണിവരെ അവരോടൊപ്പം ചിലവിടേണ്ടി വന്നു.രണ്ടിടങ്ങളിലുമുള്ള 100% സ്‌ത്രീകളുടേയും ആഗ്രഹം എന്നെപ്പോലെ ജീവിക്കണമെന്നാണെന്നും ,എങ്ങിനെയാണിങ്ങനെ ജീവിക്കാനൊക്കുന്നത?്‌.ഞങ്ങള്‍ക്കും നിങ്ങളെപ്പോലെ ആകാന്‍ കഴിയുമോ ? എന്നുമായിരുന്നു അവര്‍ ഒറ്റക്കും കൂട്ടായും സദസ്സില്‍ വെച്ചും എന്നോട്‌ ചോദിച്ചത്‌.ഞാന്‍ അവരോടിപ്രകാരം സംസാരിച്ചു.
കഴിയും നിങ്ങളോരോരുത്തരും ഓരോ നിമിഷവും നിങ്ങളോട്‌ നീതി പുലര്‍ത്തിയാല്‍ മാത്രം മതി.എന്നെപ്പോലാകാന്‍ പ്രത്യേകിച്ചൊരു പ്രയാസവുമില്ല.നീണ്ട 12 വര്‍ഷക്കാലമായി നിരാഹാരം തുടരുന്ന ഈറോംഷര്‍മ്മിളയാകാനോ സ്വന്തം ശരീര സൗന്ദര്യം ഇല്ലാതാക്കിയ ദയാഭായ്‌ ആകാനോ നമ്മുക്ക്‌ പ്രയാസം തന്നെയാണ്‌.അവരെല്ലാം സ്വന്തം ജീവിതത്തിലെ പല സുഖങ്ങളും,സ്വകാര്യതകളും, ത്യജിച്ചവരാണ്‌.അവരെപ്പോലൊക്കെയാകാന്‍ പ്രയാസം തന്നെയാണ്‌.അങ്ങനെയാകാന്‍ നാം ആഗ്രഹിച്ചിട്ടും കാര്യമില്ല.ഒരിക്കലും ഒരു സമൂഹത്തിനും അനുകരിക്കാനാകാത്ത മഹനീയ ത്യാഗങ്ങള്‍ തന്നെയാണവ.
എന്നാല്‍ ഞാനോ................?ജീവിതത്തില്‍ സ്വകാര്യജീവിതവും,ഔദ്യോഗിക ജീവിതവും,കുടുംബജീവിതവും,സൗഹൃദജീവിതവും ,സമൂഹജീവിതവും തുടങ്ങി ജീവിതമേഖലയിലെ ഒന്നുപോലും മാറ്റിവെക്കാതെ ഒരു സാധാരണ മനുഷ്യനില്‍ കാണുന്ന കുടിലത,പരദൂഷണം,സത്യസന്ധത,സത്യസന്ധതയില്ലായ്‌മ,സ്‌നേഹം,ദേഷ്യം,വെറുപ്പ്‌,തുടങ്ങിയ സകല വിചാര വികാരങ്ങളും അതേ അളവില്‍ പ്രകടിപ്പിച്ച്‌ ജീവിക്കുന്നവള്‍.എന്നെപ്പോലാകാന്‍ എന്താണു പ്രയാസം.

Tuesday, June 24, 2014

മാതൃകാ ജീവിതങ്ങള്‍

 മാതൃകാ ജീവിതങ്ങള്‍


ഈയിടെ അവിചാരിതമായി ഒരു സുഹൃത്തിന്റെ വീട്ടില്‍ താമസിക്കേണ്ടി വന്നു.വീടിന്റെ രണ്ടാം നിലയിലെ സുന്ദരവും വിശാലവുമായ മുറിയിലാരുന്നു എന്റെ താമസം.ഏറെ വൈകി ഉറങ്ങിയതുകൊണ്ട്‌ എണീറ്റതും ഏറെ വൈകിത്തന്നെയായിരുന്നു.രാവിലെ എണീറ്റ്‌ ജന്നല്‍ തുറന്നപ്പോള്‍ വിശാലമായ പാടത്തെ അവഗണിച്ച്‌ തൊട്ടടുത്ത വീട്ടിലെ സ്‌ത്രീയുടെ അലക്കു കല്ലിനടുത്താണ്‌ എന്റെ കണ്ണുടക്കിയത്‌.ഒരു ബക്കറ്റു നിറയെ കുതിര്‍ത്ത തുണി.വീടിന്റെ പിന്‍ഭാഗം വരാന്തയില്‍ നിന്നും അവരുടെ ഭര്‍ത്താവെന്നു തോന്നിക്കുന്ന ഒരാള്‍ ഒരു പുതിയ കരിംപച്ച ഫുള്‍കൈ ഷര്‍ട്ട്‌ ചുരുട്ടി ആ സ്‌ത്രീക്കു നേരെ എറിയുന്നതാണ്‌ ജനല്‍ തുറന്ന ഉടനെ ഞാന്‍ കണ്ടത്‌.അവര്‍ക്കു പിടിക്കാനാകാതെ ഷര്‍ട്ട്‌ നിലത്തു വീണു.അവരുടെ മുഖം വികൃതമായി .അവര്‍ ശക്തമായി എന്തോ പൊറുപൊറുത്തു. പരിസരബോധം പോലുമില്ലാതെ അയാള്‍ അലറി "എന്താ............ ഉറച്ചു പറ ഉറച്ചു പറ "ഒന്നുമില്ല എന്നുപറഞ്ഞവര്‍ വീണു കിടക്കുന്ന ഷര്‍ട്ടെടുക്കാതെ അലക്കു തുടര്‍ന്നു.അവര്‍ തിരിഞ്ഞു നോക്കി.അയാള്‍ അകത്തേക്കു കയറിപ്പോയി എന്നുറപ്പു വരുത്തിയ ഉടനെ ആ നല്ല ഷര്‍ട്ട്‌ അവരുടെ വലതുകാല്‍ക്കൊണ്ട്‌ എന്തോ അമര്‍ത്തിപ്രാകി ആ ചളിയിലിട്ട്‌ ചവിട്ടിക്കൊരട്ടി.അവര്‍ അലക്കു തുടര്‍ന്നു.ആ വൃത്തികെട്ട ഭര്‍ത്താവിനെ അവര്‍ എങ്ങനെ സഹിക്കുന്നു.............ഞാന്‍ അത്ഭുതപ്പെട്ടു.
11 മണിക്ക്‌ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാനുള്ളതുകൊണ്ട്‌ ബാക്കി കാഴ്‌ചകള്‍ക്കു കാത്തു നില്‌ക്കാതെ ഞാന്‍ എന്റെ പ്രാഥമിക കൃത്യങ്ങളിലേക്ക്‌ തിരിഞ്ഞു.
പ്രാതല്‍ കഴിക്കുന്നതിനിടെ ഞാന്‍ അയല്‍പക്കത്തെ പറ്റി അന്യേഷിച്ചു.
ഈ കോളനിയിലെ മാതൃകാ ദമ്പതികളാണെന്നും രണ്ടു പേരും ഹോമിയോ ഡോക്ടര്‍മ്മാരാണെന്നും മുതിര്‍ന്ന രണ്ടാണ്‍മക്കളാണുള്ളതെന്നും രണ്ടുപേരും പുറത്ത്‌ പഠിക്കുകയാണെന്നും സുഹൃത്ത്‌ വിശദീകരിച്ചു.ഞാന്‍ സംയമനത്തോടെ എല്ലാം കേട്ടു.
പത്തര മണിയോടെ സുഹൃത്തിനോടൊപ്പം കാറില്‍ ഇറങ്ങുമ്പോള്‍ ഞങ്ങളുടെ ഗേറ്റിനു മുന്നിലൂടെ ഹൃദ്യമായി ചിരിച്ച്‌ സുഹൃത്തിനോട്‌ ഹായ്‌ പറഞ്ഞ്‌ കാറില്‍ ഡോക്ടര്‍ ദമ്പതികള്‍ എങ്ങോട്ടോ യാത്ര പോകുന്നു.
നിലത്തിട്ട്‌ ചവിട്ടിയരക്കാന്‍ മാത്രം ദേഷ്യമുള്ള , തന്നോട്‌ ഒരു തരി ബഹുമാനം പോലുമില്ലാത്ത ഭാര്യയോടൊപ്പം കേമത്തം നടിച്ചു പോകുന്ന ഭര്‍ത്താവെന്ന പുരുഷനെ നോക്കി ഞാന്‍ പൊട്ടിച്ചിരിച്ചുപോയി.
മാതൃകാജീവിതങ്ങള്‍ അന്യം നിന്നുപോകാത്തതിനുള്ള കാരണം ഇങ്ങനേയും കൂടിയാണെന്ന്‌ എനിക്ക്‌ ശരിക്കും ബോധ്യപ്പെട്ടു. 

Wednesday, June 18, 2014



പെണ്ണുങ്ങള്‍ക്കായ്‌ എന്തിനൊരു പോലീസ്‌ സ്‌റ്റേഷന്‍

കേരളത്തില്‍ പുതിയതായി 6 വനിതാ പോലീസ്‌ സ്‌റ്റേഷനുകള്‍ കൂടി ആരംഭിക്കുന്നതായി പത്രദ്വാരാ അറിഞ്ഞു.(വനിതാ പോലീസ്‌ സ്‌റ്റേഷന്‍ എന്ന പേരുപോലും തികച്ചും സ്‌ത്രീവിരുദ്ധമാണ്‌.മലയാള നിഘണ്ടുവില്‍ വനിത എന്നാല്‍ വെപ്പാട്ടി എന്നാണ്‌ അര്‍ത്ഥം)
ആണും പെണ്ണും ഇടകലര്‍ന്നതാണ്‌ കുടുംബവും സമൂഹവും എന്നിരിക്കേ പെണ്ണുങ്ങള്‍ക്കു മാത്രമായ്‌ എന്തിനാണൊരു പോലീസ്‌ സ്‌റ്റേഷന്‍ ?(ആണ്‍പള്ളിക്കൂടങ്ങളും പെണ്‍പള്ളിക്കൂടങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു ഒരു കാലഘട്ടത്തില്‍ ജീവിക്കുന്നവരാണു നമ്മള്‍) നീണ്ട 23 വര്‍ഷക്കാലം കേരളാ പോലീസില്‍ ജോലി ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയിലും നിരന്തരം സ്‌ത്രീകളുടെ ജീവിതത്തില്‍ നേരിട്ടും അല്ലാതേയും ഇടപെടുന്ന ഒരു സ്‌ത്രീ എന്ന നിലയിലും സര്‍ക്കാരിന്റെ വനിതാപോലീസ്‌ സ്‌റ്റേഷന്റെ ആവശ്യകത എന്തെന്ന്‌ എനിക്ക്‌ ബോധ്യപ്പെടുന്നതേയില്ല.
സ്‌ത്രീകള്‍ക്ക്‌ സ്വകാര്യമായ്‌ സംസാരിക്കാനും അവരുടെ കുടുംബ പ്രശ്‌നങ്ങക്ക്‌ ഉപദേശം തേടാനും അവരുടെ പരാതികള്‍ പറയാനുമായി ഓരോ ജില്ലയിലും വനിതാ സെല്ലുകളും വനിതാ ഹെല്‍പ്പു ലൈനുകളുമുണ്ട്‌.
ഗുരുതര സ്വഭാവമുള്ള ഒരു കേസും രജിസ്റ്റര്‍ ചെയ്യാനോ അന്യോഷിക്കാനോ വനിതാ സ്‌റ്റേഷനെ സാധാരണ ചുമതലപ്പെടുത്തുക പതിവില്ല.ഒരു വനിതാ പോലീസ്‌ സ്‌റ്റേഷന്‍ മറ്റൊരു പോലീസ്‌ സ്‌റ്റേഷന്റെ പരിധിയിലായിരിക്കും എന്നതാണ്‌ മറ്റൊരു വിരോധാഭാസം.ഒരു വനിതാ എസ്‌.ഐ ഒരു പുരുഷ എസ്‌.ഐ യുടെ പരിധിയിലായിരിക്കും.
നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരുന്ന സ്‌ത്രീ പീഡനക്കേസുകള്‍ക്ക്‌ പരിഹാരമായാണ്‌ ഇങ്ങനെ ഒരു സംരഭം തുടങ്ങുന്നതെങ്കില്‍ സ്‌ത്രീക്ക്‌ സംരക്ഷണം വേണ്ടത്‌ സ്‌ത്രീയില്‍ നിന്നല്ല പീഡകരായ പുരുഷനില്‍ നിന്നുമാണല്ലോ.......? അതിന്‌ പെണ്‍ പോലീസുകാര്‍ എന്തു ചെയ്യും.
മുഴുവന്‍ അംഗങ്ങളും സ്‌ത്രീകളായ പോലീസ്‌ സ്‌റ്റഷനാണ്‌ വരിക എന്നും പത്രം പറയുന്നു.അപ്രകാരമുള്ള പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ ഭര്‍ത്താവിന്റേയോ മറ്റേതെങ്കിലും പുരുഷന്റേയോ ക്രൂരതയില്‍ നിന്നും ഓടി രക്ഷപ്പെട്ട്‌ മേല്‍പ്പറഞ്ഞ പോലീസ്‌ സ്‌റ്റഷനില്‍ അഭയം തേടുമ്പോള്‍ അവള്‍ക്കു പിന്നാലെ വരുന്ന പുരുഷനെ എങ്ങനെ പോലീസുകാരികള്‍ നേരിടും?(പുരുഷപീഡകര്‍ക്ക്‌ സധൈര്യം കടന്നു വരാനുള്ള പുതിയൊരിടമായി ഇത്‌ മാറുമോ)
അടിക്കടിയുണ്ടാകാനിടയുള്ള ഇത്തരം സന്ദര്‍ഭങ്ങളില്‍ പുരുഷപോലീസിനെ ആശ്രയിക്കുക സ്വാഭാവികം മാത്രം.
ചുരുക്കിപ്പറഞ്ഞാല്‍ വനിതാപോലീസ്‌ സ്‌റ്റേഷനു സമീപം തന്നെ ഒരു പുരുഷപോലീസ്‌ സഹായ കേന്ദ്രം(MALE POLICE AID POST) തുറക്കാനും അവിടെ ഒരു പുരുഷ പോലീസ്‌ സബ്‌ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ മതിയായ പുരുഷ പോലീസ്‌ ഉദ്യോഗസ്ഥരെ നിയമിച്ച്‌ പുരുഷപോലീസ്‌ ഉദ്യോഗസ്ഥരുടെ പ്രമോഷന്‍ സാധ്യത വീണ്ടും വീണ്ടും വര്‍ദ്ധിപ്പിക്കുന്നതിനും സാധ്യതയുണ്ട്‌.സ്‌ത്രീകളുടെ കാര്യം നോക്കാന്‍ സ്‌ത്രീകള്‍ മതി എന്നതാണ്‌ ആശയമെങ്കില്‍ Cattle Treaspas Act പ്രകാരമുള്ള കേസ്‌ രജിസ്റ്റര്‍ ചെയ്യാന്‍ പോത്തു വരേണ്ടി വരുമോ...? 

Friday, June 13, 2014

 ആര്‌ ജയിച്ചാലെന്ത്‌................... തോറ്റാലെന്ത്‌..............?


പൊതുവായതെന്തും ആണിന്റേത്‌ എന്ന തെറ്റായ സന്ദേശത്തെ അരക്കിട്ടുറപ്പിക്കാന്‍ ഓരോ നാലു വര്‍ഷം കൂടുമ്പോഴും ലോകപുരുഷന്‍ നടത്തുന്ന മാമാങ്കമാണ്‌ FIFA WORLD CUP.ഇത്‌ ലോകമെങ്ങുമുള്ള ആണുങ്ങള്‍ ആണുങ്ങള്‍ക്കുവേണ്ടി ആണുങ്ങളാല്‍ നടത്തപ്പെടുന്ന ആണുങ്ങളുടെ ആഘോഷമാണ്‌.FIFA WORLD CUP FOR MEN എന്ന നാമകരണം നടത്തേണ്ടതിനു പകരം FIFA WORLD CUP എന്ന പൊതു നാമം അനധികൃതമായി ചാര്‍ത്തി ലോകപുരുഷന്‍ സ്‌ത്രീ വര്‍ഗ്ഗത്തെ അപമാനിക്കുകയാണ്‌.ആരവങ്ങളോ ആഘോഷങ്ങളോ ഇല്ലാതെ നിശബ്ദമായി നടത്തുന്ന ഒരു ചടങ്ങായിമാത്രം Women's world cup നെ ചുരുക്കുന്നതും ഈ ആണ്‍ കൗശലം തന്നെ.
ജനിക്കുമ്പോള്‍ തന്നെ വെട്ടിയൊതുക്കപ്പെട്ട ചിറകുകളാല്‍ ജീവിതം തുടങ്ങുന്ന പെണ്‍കുട്ടിക്ക്‌ പൊതുയിടങ്ങളും,കളിക്കളങ്ങളും തന്ത്രപൂര്‍വ്വം നിഷേധിക്കുന്നു.പെണ്‍കുട്ടികളെ വളര്‍ത്തുന്നത്‌ ആണിന്‌ താലോലിക്കാനും,അവനെ പരിചരിക്കാനും,അവനെ സന്തോഷിപ്പിക്കാനും ,അവന്‌ വെച്ചു വിളമ്പാനും, അവന്റെ കിടപ്പുസുഖത്തിനുമാണെന്ന ധാര്‍ഷ്ട്യം റോട്ടിലും നാട്ടിലും ലോകത്തെവിടേയും മതിമറന്നാടുകയാണിപ്പോള്‍.ആ ധാര്‍ഷ്ട്യത്തിനു മുഖത്തേക്ക്‌ കാറിത്തുപ്പാനുള്ള തുപ്പലുമായി നിസ്സഹായതയോടെ നില്‌ക്കുകയാണ്‌ ലോകമെങ്ങുമുള്ള പെണ്‍വര്‍ഗ്ഗം.
വോട്ടവകാശം നിഷേധിച്ച ജനതക്ക്‌ തിരഞ്ഞെടുപ്പില്‍ ആര്‌ ജയിച്ചാലെന്ത്‌ ..........ആര്‌  
 തോറ്റാലെന്ത്‌.?
അഭിമാനമുള്ള പെണ്‍വര്‍ഗ്ഗം ആണിനോടൊപ്പം കൂട്ടത്തില്‍ തുള്ളാതെ തങ്ങളുടെ പ്രതിഷേധം ലോകത്തെ അറിയിക്കുകയാണ്‌ വേണ്ടത്‌. 

Wednesday, May 14, 2014

അലങ്കരിക്കപ്പെട്ട തടവറ

 അലങ്കരിക്കപ്പെട്ട തടവറ

Friday, May 2, 2014

വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്‌

വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്‌ പോലീസ്‌ സംഘടന വനിതാപോലീസിനോടു തുടര്‍ന്നുകൊണ്ടിരിക്കുന്ന അവഗണക്കെതിരെ ഇപ്രാവശ്യം വിട്ടു നിന്നുകൊണ്ട്‌ പ്രതിഷേധിക്കാം എന്നു തീരുമാനിച്ചതായിരുന്നു . എന്നാല്‍ 29-04-2014 തിയ്യതി സംഘടനാ ഭാരവാഹികള്‍ തങ്ങളുടെ കുടുംബത്തിലെ വിവാഹം ക്ഷണിക്കുന്ന ആത്മാര്‍ത്ഥതയോടെ എന്റെ വീട്ടില്‍ കയറിവന്ന്‌ ക്ഷണിച്ചതുകൊണ്ടു മാത്രമാണ്‌ ഞാന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായി പോയത്‌. സമ്മേളനദിവസം ബാനര്‍കെട്ടുന്നതു മുതല്‍ മുഖ്യാഥിതിയുടെ പ്രസംഗംവരെ വളരെ ആത്മാര്‍ത്ഥമായി ഞാന്‍ ആ സദസ്സിലിരുന്നു. സ്വാഗതപ്രാസംഗികന്‍ ചീഫ്‌ ഗസ്റ്റായ MLA യുടെ ശ്രദ്ധയിലേക്ക്‌ police driver,police armer, ആണ്‍ പോലീസുകാരുടെ ട്രാന്‍സ്‌ഫര്‍ തുടങ്ങി ആണ്‍പോലീസുകാരുടെ കാര്യങ്ങള്‍ വിശദമായി സംസാരിച്ച്‌ MLA യുടെ പ്രശംസ നേടി. എന്നാല്‍ വീട്ടില്‍ വന്ന്‌ പ്രത്യേകം ക്ഷണിച്ചു വരുത്തിയ ഞാനുള്‍പ്പെടെയുള്ള വനിതാപോലീസുകാരുടെ ഒരു കാര്യവും അവതരിപ്പിക്കാന്‍ അദ്ദേഹത്ത്‌നു കഴിഞ്ഞില്ല.(അറിയില്ലാത്തതുകൊണ്ടായിരിക്കാം) അങ്ങനെയൊരു വിഭാഗം തങ്ങള്‍ക്കിടയിലുണ്ടെന്നുപോലും അദ്ദേഹത്തിനു തോന്നിയില്ല.മുഖ്യാഥിതിയായ MLA തനിക്കു മുന്നിലിരിക്കുന്ന പോലീസുകാരികളെ താനുള്‍പ്പെടെയുള്ളവര്‍ക്ക്‌ ബൊക്കെ തരാന്‍ സമ്മേളനക്കാര്‍ വാടകക്കെടുത്ത ഒരു വിഭാഗമായും കണ്ട്‌ (താനുള്‍പ്പെടെയുള്ള നേതാക്കളുടെ പൈതൃകപ്രകാരവും )അവഗണിച്ചു. പെണ്ണിനെ അവഗണിക്കുന്ന ആ സമ്മേളനത്തില്‍ തുടരാന്‍ എനിക്കായില്ല.ഞാനെന്റെ ഔദ്യോഗിക ഇടത്തേക്ക്‌ തിരിച്ചു.ഉച്ച ഭക്ഷണം വീട്ടില്‍ ഉണ്ടാക്കിക്കഴിച്ചു. ഇന്ന്‌ (02-05-2014) തിയ്യതി കാലത്ത്‌ ഓഫീസിലേക്ക്‌ നടക്കുമ്പോള്‍ സമ്മേളനത്തിന്റെ സ്വാഗത പ്രാസംഗികന്‍ എന്നോടു ചോദിച്ചു "എന്തേ.......... മേഡം പൊതു സമ്മേളനത്തിനു കണ്ടില്ല ? "ഉദയന്‍ വനിതാ പോലീസുകാരെക്കുറിച്ചെന്തെങ്കിലും സ്വാഗത പ്രസംഗത്തില്‍ സൂചിപ്പിച്ചോ..?" ഞാന്‍ മറു ചോദ്യം ചോദിച്ചു. വനിതാ പോലീസിന്റെ കാര്യം മേഡം എന്നോടു പറഞ്ഞോ.............? എന്നെ പേടിപ്പിക്കുന്ന ഭാവത്തില്‍ അടുത്ത ചോദ്യം ഞാനെന്തിനു പറയണം....................?(ദൈവത്തിന്റെ മുന്നില്‍ പോയി ആഗ്രഹങ്ങള്‍ തുറന്നു പറഞ്ഞ്‌ പ്രാര്‍ത്ഥിക്കണമെന്ന്‌ ചെറുപ്പത്തില്‍ അമ്മ പറഞ്ഞു തന്നിട്ടുണ്ട്‌.സംഘടനക്കു മുന്നില്‍ എല്ലാം തുറന്നു പറയണമെന്ന്‌ ആരും പഠിപ്പിച്ചിട്ടില്ലായിരുന്നു.) "മേഡമെന്താ...................... വനിതാപോലീസല്ലേ........... ?വീണ്ടും ധാര്‍ഷ്ട്യം നിറഞ്ഞ മറു ചോദ്യം. വരിസംഖ്യ പിരിക്കാനും, സമ്മേളനത്തില്‍ ആളെക്കൂട്ടാനും മാത്രമായ്‌ സ്‌ത്രീകളെ കാണുന്ന രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നും ഒട്ടും വിഭിന്നമല്ല പോലീസ്‌ സംഘടനയും എന്ന്‌ മനസ്സിലാക്കാത്തത്‌ എന്റെ തെറ്റ്‌. ഉദയനോട്‌ മറുപടി പറയാതെ ഇളിഭ്യയായ്‌ ഞാന്‍ മുന്നോട്ടു നടന്നു.

Thursday, May 1, 2014

തമാശ

തമാശ.............. ഇന്‍കം ടാക്‌സ്‌ റിട്ടേണ്‍ കൊടുക്കുന്നതിനുള്ള അപേക്ഷാഫോറം ഒഫീസില്‍ നിന്നും വാങ്ങി ബേഗില്‍ വെച്ച്‌ പോകാനിറങ്ങുകയായിരുന്നു.ഉടനെ വന്നു എസ്‌.ഐ യുടെ കമന്റ്‌ ഓ.................... അതും ആ പാവം മോഹന്‍സാറിനെക്കൊണ്ട്‌ പൂരിപ്പിക്കാനായിരിക്കും(ദാസേട്ടനെ ഉദ്ദേശിച്ചാണ്‌ കമന്റെ്‌) പാവം....... മോഹന്‍സാറിനെ സമ്മതിക്കണം.അടുത്താളുടെ കമന്റെ്‌.......... പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ മറ്റുള്ളവരുടെ കൂട്ടച്ചിരി. അതേ സാറേ 22 വര്‍ഷം കഴിഞ്ഞിട്ടും അയാള്‍ക്കെന്നോടുള്ള സ്‌നേഹം കൂടിയിട്ടേയുള്ളൂ.അതുകൊണ്ടു തന്നെയാ നിങ്ങളൊക്കെ കെട്ട്യോന്‍മാരെ പ്രാകി ജന്മം തുലയ്‌ക്കുമ്പം ഞാനയാളെ കൈവെള്ളയില്‍ വെച്ച്‌ നടക്കുന്നത്‌.ചിരിച്ച മുഖങ്ങളിലെ തെളിച്ചം മായുന്നതും നോക്കി ചിരിച്ചുകൊണ്ടുതന്നെ ഞാന്‍ ഓഫീസ്‌ വിട്ടിറങ്ങി.

Wednesday, April 30, 2014

മ്മക്കൊന്ന്‌ കെടക്കണംന്ന്‌ച്ചാലും പറ്റ്വോ...................?

മ്മക്കൊന്ന്‌ കെടക്കണംന്ന്‌ച്ചാലും പറ്റ്വോ...................? സ്ഥലം കോഴിക്കോട്‌ റെയില്‍വേ സ്‌റ്റേഷന്‍.സമയം രാത്രി എട്ടു മണി.9 മണിക്കു കണ്ണൂരിലേക്കുള്ള ട്രയിന്‍ കാത്ത്‌ ഭാരിച്ച ബാഗും താങ്ങി നാലാം പ്ലാറ്റ്‌ഫോമിലൂടെ ഇരിക്കാനും പറ്റുമെങ്കില്‍ ഒന്നു കിടക്കാനുമുള്ള ഇടം നോക്കി നടക്കുകയായിരുന്നു.പെട്ടന്ന്‌ യാതൊരു മര്യാദയുമില്ലാതെ അത്‌ പെണ്ണ്‌ തന്ന്യാ പെണ്ണന്ന്യാ................എന്ന്‌ എന്നെ നോക്കി പൊട്ടിച്ചിരിക്കുന്ന മൂന്നു പര്‍ദ്ദ ധാരികളെയാണ്‌ ഞാന്‍ കണ്ടത്‌.മൂന്നു പേരും ചെറുപ്പക്കാര്‍.പ്രായം മുപ്പതു വയസ്സിനു താഴെ മാത്രം.ഞാന്‍ തെല്ലു നീങ്ങി അവരെ ഒന്നമര്‍ത്തിനോക്കി അവിടെത്തന്നെ നിന്നു.മൂന്നു പേരുടേയും ചിരി മെല്ലെ മാഞ്ഞു.ഞാന്‍ വീണ്ടും മുന്നോട്ടു നടന്നു.അവരില്‍ നിന്നും രണ്ടു തൂണ്‍ വിട്ട്‌ സൗകര്യപ്രദമായ ഇരിപ്പിടം കിട്ടിയപ്പോള്‍ ബാഗ്‌ നിലത്തുവെച്ച്‌ ആദ്യം ഒന്നിരുന്നു.പിന്നെ നീണ്ടു നിവര്‍ന്നു കിടന്നു.ഏകദേശം പത്തു മിനിറ്റു കഴിഞ്ഞപ്പോള്‍ തൊട്ടടുത്തുനിന്നും വല്ലാത്ത ബഹളം.ഞാന്‍ കിടന്ന തിണ്ണയുടെ എതിര്‍ഭാഗം തിണ്ണയില്‍ പത്തോളം ഒത്ത ആണുങ്ങള്‍ അന്നത്തെ മീന്‍ കയറ്റിറക്കുമായി ബന്ധപ്പെട്ട്‌ അവരുടെ മുതലാളി എന്നു തോന്നിക്കുന്ന ഒരാളുമായി തര്‍ക്കങ്ങളും ന്യായീകരണങ്ങളും നടത്തുന്നു.അതു കേള്‍ക്കാനും കാണാനുമുള്ള കൗതുകത്താല്‍ ഞാന്‍ വലതു വശത്തേക്ക്‌ ചരിഞ്ഞ്‌ കിടന്നതായിരുന്നു.അപ്പോഴുണ്ട്‌ തൊട്ടു മുന്നില്‍ മൂന്നു പര്‍ദ്ദധാരികളും .ടീച്ചറിനു മുന്നില്‍ കുറ്റസമ്മതം നടത്തുന്ന കുട്ടികളുടെ നിഷ്‌കളങ്ക ഭാവം.സ്‌നേഹവും ,ഭീതിയും സംശയവും അവരുടെ കണ്ണുകളില്‍ നിഴലിച്ചു. എന്താ പേര്‌...............? മൊഹസീന...........ഉമ്മുക്കുല്‍സു ..............താജുന്നീസ അവര്‍ ക്രമത്തില്‍ പേരു പറഞ്ഞു. ഞങ്ങള്‌ മനസിലൊന്നുണ്ടായിട്ടല്ലാട്ടോ.......... അവരുടെ കുറ്റസമ്മതം എനിക്കു മനസ്സിലായി .അല്‌പസമയംകൊണ്ട്‌ ഞങ്ങള്‍ ഏറെ അടുത്തു. മൊഹസീന ആദ്യം ചിരിച്ച അതേ ചിരിയില്‍ പറഞ്ഞു ഈ ബേസായതോണ്ട്‌ ഇര്‌ന്നാലും കെടന്നാലൊന്നും ആരും ശ്രദ്ധിക്കൂല. നല്ല സുഖം തന്നെ.അവര്‍ പിന്നേയും എന്റെ സമ്മതത്താലെ ചിരിച്ചു. മ്മക്കൊന്ന്‌ കെടക്കണംന്ന്‌ച്ചാലും പറ്റ്വോ...................?ഉമ്മുക്കുല്‍സു അതിനെ പിന്താങ്ങി.ഞാന്‍ എണീറ്റിരുന്ന്‌ ഉമ്മുക്കുല്‍സുവിന്റെ തോളില്‍ അമര്‍ത്തി അവരുടെ തമാശയില്‍ പങ്കു ചേര്‍ന്നു.അവര്‍ പിന്നേയും അതിശയങ്ങള്‍ പ്രകടിപ്പിക്കവേ പെട്ടന്ന്‌ ഒരു രക്ഷാധികാരി അവരുടെ അടുത്തെത്തി...............ഏറെ സംശയത്തോടെ എന്നെ നോക്കി ബേഗം വാാാാാാാാാാാാ ഭക്ഷണം കഴിക്കണം എന്നു പറഞ്ഞു .അവര്‍ മൂന്നുപേരും യാത്ര പറഞ്ഞ്‌ അയാളെ അനുഗമിച്ചു.

Saturday, April 26, 2014

ബ്രേക്ക്‌ഫാസ്റ്റ്‌ ആരുണ്ടാക്കും.

ബ്രേക്ക്‌ഫാസ്റ്റ്‌ ആരുണ്ടാക്കും. ഞാന്‍ രാവിലെ നടക്കാനിറങ്ങിയതായിരുന്നു.സഹപ്രവര്‍ത്തകനായ ദാമുസാറും നടന്ന്‌ എന്നോടൊപ്പമെത്തി. ബ്രേക്ക്‌ഫാസ്റ്റ്‌ ആരുണ്ടാക്കും....? സാര്‍ അത്ഭുതത്തോടെ എന്നോടു ചോദിച്ചു. സാറിന്റെ വീട്ടില്‍ ആരുണ്ടാക്കും....................? ഞാനും അത്ഭുതം പ്രകടിപ്പിച്ചു. അല്ല അത്‌.............. അദ്ദേഹം ചിരിച്ചു. (കാലത്ത്‌ സ്ഥിരം കേള്‍ക്കുന്ന പതിവു ചോദ്യങ്ങളിലൊന്നാണിത്‌) ഇണ ചേരാനും ഇര തേടാനും പ്രകൃതിയിലെ ഒരു ജീവിയേയും പഠിപ്പിക്കേണ്ടതില്ല സാര്‍.അതിനു പ്രാപ്‌തി ഇല്ലാത്തവക്കൊന്നും ഭൂമിയില്‍ ജീവിക്കാനും അര്‍ഹതയില്ല.ഞാന്‍ നിര്‍വ്വികാരമായ്‌ പറഞ്ഞു പിന്നീടദ്ദേഹം കൂടുതലൊന്നും അതിനെപ്പറ്റി ചോദിച്ചില്ല.ഇലക്ഷനോടടുത്ത സമയത്തായതുകൊണ്ട്‌ ആം ആദ്‌മി പാര്‍ട്ടിയെക്കുറിച്ചും കേരളത്തില്‍ അതിന്റെ പ്രസക്തിയെക്കുറിച്ചും.എക്‌സര്‍സൈസ്‌ ചെയ്യാത്തതിന്റെ കാരണത്താലുണ്ടാകുന്ന ആരോഗ്യപ്രശ്‌നത്തെക്കുറിച്ചും തുടങ്ങി പല വിഷയങ്ങളും സംസാരിച്ചുകൊണ്ട്‌ ഞങ്ങള്‍ നടന്നു.ഏറെ സ്‌നേഹത്തോടെ ഏറെ സന്തോഷത്തോടെതന്നെ.

Monday, April 21, 2014

ഇതൊക്കത്തന്ന്യാ മ്മള സന്തോഷം വിഷുവിന്‌ സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു.വിശേഷമായി ഒരുക്കിയ കണിയിലേക്ക്‌ ശ്രദ്ധിക്കാതിരിക്കാനായില്ല.പതിവു കണിസാധനങ്ങളില്‍ കൂടുതലായി കണിയടക്ക,ഉണ്ണിയപ്പം,അവുലോസുണ്ട,അച്ചപ്പം,കുഴലപ്പം തുടങ്ങി പേരറിയാത്ത മറ്റുഹാരങ്ങളും ഉണ്ടായിരുന്നു. അല്ലാ കണിയില്‍ ഇത്തരം പലഹാരങ്ങളൊന്നും പതിവില്ലല്ലോ............ ഞാന്‍ എന്റെ സംശയം ഗൃഹനായികക്കു മുന്നില്‍ അവതരിപ്പിച്ചു. ഏട്ടനിതൊക്കെ വലിയ ഇഷ്ടാ... അവര്‍ അഭിമാനത്തോടെ തലയുയര്‍ത്തിക്കൊണ്ടു പറഞ്ഞു.അവര്‍ക്ക്‌ 14 ഉം 16 ഉം വയസ്സുള്ള രണ്ടാണ്‍മക്കളാണ്‌."എല്ലാരുകൂടി ശരിക്കും മിനക്കെട്ടു അല്ലേ.......?ഞാന്‍ വീണ്ടും എന്റെ സന്ദേഹം അറിയിച്ചു. ഉ-ഏയ്‌ അച്ഛനും മക്കളും തിരിഞ്ഞുനോക്കീട്ടില്ല.അവര്‍ക്കു വീണ്ടും അഭിമാനം. ചോ-എന്തിനാ ആവശ്യമില്ലാതെ നിങ്ങളിത്രേം കഷ്ടപ്പെട്ടത്‌.ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ നമ്മള്‍ പറയാതെ ആരും മനസ്സിലാക്കില്ല. ഉ- ബുദ്ധിമുട്ടുതന്നെയാണ്‌.നമ്മളിതൊന്നും ആരേം അരിയിക്കാറില്ലല്ലോ.ശരിക്കും മടുത്തുപോകും. ചോ- പിന്നെന്തിനാണിങ്ങനെ കഷ്ടപ്പെട്ടത്‌? ഉ- മക്കളും ഭര്‍ത്താവും സന്തോഷിക്കാന്‍ ചോ- അപ്പോ നിങ്ങക്ക്‌ സന്തോഷിക്കണ്ടേ.........? പെട്ടന്നവരുടെ മുഖം മങ്ങി. ഇതൊക്കത്തന്യാമ്മളെ സന്തോഷംന്നല്ലേ.... പറയാറ്‌. ഒരു നെടുവീര്‍പ്പോടെ എനിക്കുത്തരം നല്‌കി ഞങ്ങള്‍ക്കെല്ലാവര്‍ക്കും വിഭവസമൃദ്ധമായ ഊണു വിളമ്പാന്‍ അവര്‍ ഇല നിരത്തി.

Wednesday, April 9, 2014

പ്രതിരോധം എന്ന ആയുധം

പ്രതിരോധം എന്ന ആയുധം പ്രകൃതിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും ലഭിച്ച സ്വതസിദ്ധമായ കഴിവാണ്‌ തങ്ങള്‍ക്കു നേരെ വരുന്ന അക്രമങ്ങളെ പ്രതിരോധിക്കുക എന്നത്‌.സിംഹത്തിനു മുന്നിലകപ്പെട്ട മാനും, കുറുക്കനു മുന്നിലകപ്പെട്ട കോഴിയും പാഞ്ഞും പറന്നും ജീവന്‍ രക്ഷിക്കുന്നത്‌ നമ്മുക്ക്‌ സുപരിചിതമാണല്ലോ.അവയ്‌ക്കിത്തരത്തില്‍ സാധിക്കുന്നതിന്റെ കാരണം പ്രകൃത്യാലുള്ള അവയുടെ ചോതനക്കു മുകളില്‍ ആരും വിലക്കുകള്‍ തീര്‍ക്കുന്നില്ല എന്നതുകൊണ്ടു മാത്രമാണ്‌. എന്നാല്‍ മനുഷ്യര്‍ക്കിടയില്‍ ഇത്തരം പ്രതിരോധങ്ങളെ ചങ്ങലക്കിടുവാന്‍ കുടുംബവും ,വ്യക്തികളും , സമൂഹവും ഭരണകൂടവും പല തരത്തില്‍ ശ്രമിക്കുന്നു.പ്രത്യേകിച്ചും പെണ്‍കുട്ടിയുടെ കാര്യത്തില്‍ എനിക്കു രണ്ടു മക്കളാണ്‌.മകള്‍ ആതിര ഡിഗ്രി ഫൈനല്‍ ഇയര്‍ പരീക്ഷ കഴിഞ്ഞും .മകന്‍ വിശാല്‍ പത്താം ക്ലാസ്‌ പരീക്ഷ കഴിഞ്ഞും്‌ ഫലവും കാത്തിരിക്കുന്നു.രണ്ടുപേര്‍ക്കും പുറത്തേക്കുള്ള സഞ്ചാരത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചൊരു വിലക്കും ഞാനോ എന്റെ ജീവിതപങ്കാളിയോ ഏര്‍പ്പെടുത്തിയിട്ടില്ല. എങ്കിലും സാമൂഹികമായ ചില ശീലങ്ങള്‍ കാഴ്‌ചകള്‍ അവരെ തികച്ചും രണ്ടുതരം വ്യക്തികളാക്കിത്തന്നെ പരുവപ്പെടുത്തിയെടുത്തുകഴിഞ്ഞു. (1)ചടുലത പ്രകടിപ്പിക്കേണ്ടാത്തവരും (2) ചടുലത പ്രകടിപ്പിക്കേണ്ടവരും. നേരത്തെ എഴുന്നേല്‍ക്കാന്‍ ചെറുപ്പകാലം മുതല്‍ താത്‌പര്യം കാണിച്ച മകള്‍ക്ക്‌ തന്റെ കൂട്ടുകാരായ ഒറ്റ പെണ്‍കുട്ടിപോലും ആ സമയത്ത്‌ അവള്‍ക്ക്‌ കൂട്ടില്ലെന്ന തിരിച്ചറിവില്‍ ആ ശ്രമം കാലക്രമേണെ അവള്‍ ഉപേക്ഷിച്ചു.അവളെ വിളിച്ചു ശല്യപ്പെടുത്തി കളിക്കളത്തിലേക്കു കൊണ്ടുപോകാന്‍ ആരുമില്ല.അങ്ങനെ പെണ്‍കുട്ടികള്‍ ചടുലത പ്രകടിപ്പിേണ്ടവരല്ലാത്ത വിഭാഗമായി പരിണമിക്കുന്നു. ആരും വിളിച്ചില്ലെങ്കില്‍ രാവിലെ പത്തു മണിവരെ കിടന്നുറങ്ങാന്‍ ഏറെ താത്‌പര്യമുള്ള എന്റെ മകനെ വിളിച്ചുണര്‍ത്തി കളിക്കാന്‍ പോകാന്‍ അവന്റെ സുഹൃത്തുക്കളായ ആണ്‍കുട്ടികള്‍ അഞ്ചരക്കുതന്നെ ക്വോര്‍ട്ടേഴ്‌സിലെത്തും.അവന്റെ മടിക്കു വളരാന്‍ അവസരമില്ല.അങ്ങനെ ആണ്‍കുട്ടികള്‍ ചടുലത പ്രകടിപ്പിക്കേണ്ട വിഭാഗമായും പരിണമിക്കുന്നു. ഇത്തരത്തില്‍ ചാകാനായി സൗമ്യമാരേയും കൊല്ലാനായി ഗോവിന്ദചാമിമാരേയും നാം സൃഷ്ടിച്ചെടുക്കുന്നു.