Monday, December 20, 2010
മദാലസക്കുളി
"പിന്നേ.............. നിങ്ങള്‍ക്കു കിട്ടുന്ന ചെറിയ സന്തോഷത്തെ ഇല്ലാതാക്കാന്‍ ഞാനെന്റെ വലിയ സന്തോഷം വേണ്ടന്നുവെക്കൂലാ...ട്ടോ..."
എല്ലാവരും ചിരിച്ചു പിന്നേയും കുറേ സമയം ഞങ്ങള്‍ വെള്ളത്തില്‍ കളിച്ചു.സ്‌ത്രീകളും പുരുഷന്മാരും പരസ്‌പരം ശരീരം കണ്ടു പോയാല്‍ പ്രത്യേകിച്ചൊരപകടവും സംഭവിക്കാനില്ലെന്നെനിക്കന്നു മനസിലായി.അടുത്തയാത്രയില്‍ ഞങ്ങളെല്ലാവരും മദാലസക്കുളികുളിക്കും എന്നു പറഞ്ഞുകൊണ്ട് ഒരു സ്‌ത്രീ എനിക്കു പിന്‍തുണ പ്രഖ്യാപിച്ചു.മറ്റു സ്‌ത്രീകള്‍ അതു ശരിവെക്കുകയും ചെയ്‌തു.
Tuesday, December 7, 2010
ദഹിക്കാഞ്ഞിട്ടാ
ചേച്ചിയുടെ മകളുടെ വിവാഹ നിശ്ചയം നിശ്ചയിക്കാനുള്ള തയ്യാറെടുപ്പിലാണ് രണ്ടു കുടുംബത്തിലേയും മുതിര്‍ന്ന ആണുങ്ങള്‍.പതിവിനു വിപരീതമായി ചെക്കന്റെ വീട്ടില്‍ നിന്നും സ്‌ത്രീകളും ഉണ്ടായിരുന്നു.ഉമ്മറക്കോലായില്‍ ചടങ്ങിനിരിക്കാനുള്ള പായ വിരിച്ചു.പതിവുപോലെ മുതിര്‍ന്ന ആണുങ്ങള്‍ രണ്ടു ഭാഗങ്ങളായി അഭിമുഖമായിട്ടിരിക്കുന്നു.ശീലിച്ചതു പോലെ സ്‌ത്രീകളും മറ്റുള്ളവരും ചുറ്റിലും നിന്നു.ഞാനും നില്‌ക്കുന്നവരുടെ കൂട്ടത്തില്‍ മുന്നില്‍തന്നെ സ്ഥാനം പിടിച്ചു.പെട്ടന്ന് ചെക്കന്റെ അച്ഛന്‍ എന്നെ നോക്കികൊണ്ട് പറഞ്ഞു "വരിന്‍ നിങ്ങളും ഇരിക്ക്" തുടര്‍ന്ന് ഇരിക്കുന്ന ആണുങ്ങള്‍ ഓരോരുത്തരും സ്‌ത്രീകളെ മാറിമാറി വിളിച്ചു.
സ്‌ത്രീകളുടെ മുഖത്തെ അന്ധാളിപ്പ് കണ്ട് ഞാന്‍ ഇടപെട്ടു.
"വേണ്ട മോഹനേട്ടാ നടക്കട്ടെ................"അവര്‍ ചടങ്ങ് ആരംഭിച്ചു.
ചടങ്ങു കഴിഞ്ഞ് മുറ്റത്തിറങ്ങിയ മോഹനേട്ടന്‍ എന്നോടു ചോദിച്ചു." എന്താ .......... വിനയപോലും ഇരിക്കാഞ്ഞത്?"
"ദഹിക്കാഞ്ഞിട്ടാ മോഹനേട്ടാ.............. ഇതുവരെ വിട്ടുനിന്നു ശീലിച്ചവരല്ലേ ഞങ്ങള്‍.കുറുക്കു പോലും തിന്നു തുടങ്ങാത്ത കുഞ്ഞിനു ബിരിയാണി എങ്ങനെ ദഹിക്കാനാ..........എനിക്ക് സന്തോഷമുണ്ട് മോഹനേട്ടാ........ നിങ്ങളുടെ മനസ്സില്‍ ഞങ്ങളും കൂടി വേണംന്ന് തോന്നിയല്ലോ. ഞാന്‍ മറുപടി പറഞ്ഞു
Saturday, December 4, 2010
ഭേദം
"സാറേ ഞാന്‍ ഹൈറുന്നീസ. കെട്ട്യോന് വേറൊരു നിക്കാഹ് കയ്‌ക്കാന്‍ വേണ്ടി ഞാന്‍ വീട്ടീന്നെറങ്ങണംന്ന് പറഞ്ഞ് ദെവസോം അടിതന്നെ .ഉമ്മെന്തിനാ തല്ലുകൊള്ളാന്‍ നിക്കണത് വേഗം എറങ്ങിക്കോളി.ബാക്കിള്ളോര്‍ക്കെങ്കിലും മനസ്സമാധാനം ഉണ്ടാകൂലോ എന്നാ 16 ഉം 18 ഉം വയസ്സുള്ള രണ്ടാണ്‍മക്കളും പറയുന്നത്.ഞാനെങ്ങോട്ടുപോകും സാറേ............... തല്ലുകൊണ്ട് നിക്കാനും വയ്യ."
സഹനത്തിന്റെ അവസാനഘട്ടത്തിലുള്ള ആ ശബ്ദത്തിന് ഞാന്‍ മറുപടി നല്‌കിയതിങ്ങനെ.
നിങ്ങള്‍ തല്ലെത്ര കൊണ്ടാലും ആ വീട്ടില്‍ നിന്നും ഇറങ്ങരുത് അത് നിങ്ങളുടെ വീടാണ്.നിങ്ങള്‍ ആ വീട്ടില്‍ നിന്നിറങ്ങാതെ നിന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് Domastic violence Act പ്രകാരം ഭര്‍ത്താവിനെ വീട്ടില്‍ നിന്നും ഒഴിവാക്കണമെന്ന ഓര്‍ഡര്‍ വാങ്ങാന്‍ ഒക്കൂ.നിങ്ങള്‍ പുറത്തിറങ്ങിയാല്‍ ആകെ ചെയ്യാനുള്ളത് ചിലവിനു കിട്ടാനുള്ള കേസു കൊടുക്കാം എന്നതു മാത്രമാണ്. അതിനുതന്നെ എത്ര കാലം കേസു നടത്തണം ?അഥവാ കേസ് അനുകൂലമായാല്‍തന്നെ അയാള്‍ അതു പാലിക്കില്ല. പിന്നെ കോടതി അലക്ഷ്യം ഫയല്‍ ചെയ്യണം ഒരു പ്രാവശ്യമല്ല പല പ്രാവശ്യം അതിലും ഭേദം കുറച്ചടികൊണ്ട് അവിടെത്തന്നെ പിടിച്ചുനിന്ന് അയാളെത്തന്നെ ആ വീട്ടില്‍നിന്നും ഓടിക്കുന്നതല്ലേ.............?
Tuesday, November 30, 2010
എന്തുകൊണ്ട് മുസ്ലീം യുവാക്കള്‍ പ്രതികരിക്കുന്നില്ല
21 വയസ്സുള്ള സുനീറ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ സ്‌ത്രീ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്യുന്നു.അന്യേഷണം കിട്ടിയതേ ഞാന്‍ ആ കുട്ടിയെ പോയി കണ്ടു.മൂന്നു മാസമേ ഒരുമിച്ചു ജീവിച്ചിട്ടുള്ളൂ.വിവാഹം കഴിച്ച നൂറുദ്ദീന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.ഈ വിവരം വീട്ടുകാരോട് മറച്ചുവെച്ചിട്ടാണ് അയാള്‍ വിവാഹം കഴിച്ചത്.സുനീറയുമായുള്ള വിവാഹം കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞപ്പോഴാണ് വിവരം നൂറുദ്ദീന്റെ ആദ്യ ഭാര്യ അറിയുന്നത്. ആ വീട്ടില്‍ പ്രശ്‌നമായി.അവരും കുട്ടികളും ആത്മഹത്യാ ഭീഷണി മുഴക്കി.അവരുടെ വീട്ടുകാര്‍ നൂറുദ്ദീനെ ഉള്‍പ്പെടെ ഭാര്യവീട്ടിലേക്ക് മാറ്റി.തന്റെ ഭര്‍ത്താവ് തന്നെ മൊഴി ചൊല്ലുകയാണെന്ന് ഫോണിലൂടെ അറിയിച്ചു.സുനീറയുടേയും പിതാവിന്റേയും ആവശ്യം ഇതു മാത്രം .വല്ലപ്പോഴും വന്നാല്‍ മതി.നാട്ടുകാരോട് ഒരു ഭര്‍ത്താവുണഅടെന്നു പറയണം.അതിനും അയാള്‍ വഴങ്ങിയില്ല.കേസ് നടക്കുന്നു.
ഒരു മാസത്തിനുള്ളില്‍ അനുഭവമുള്ള നാലാമത്തെ സംഭവം .ഒരു പെണ്‍കുട്ടിയെ വിവാഹം നിശ്ചയിക്കുമ്പോള്‍ എന്തു കൊണ്ട് അയാളുടെ കുടുംബത്തെപ്പറ്റി അന്യേഷിക്കുന്നില്ല ? ഇത്തരത്തില്‍ ഇക്കാലത്തും നടക്കുന്ന രണ്ടാം കല്ല്യാണങ്ങള്‍ക്കെതിരെ എന്തുകൊണ്ടാണ് മുസ്ലീം യുവാക്കള്‍ പ്രതികരിക്കാത്തത് ?
നമ്പൂതിരി സമുദായങ്ങള്‍ക്കിടയിലുണ്ടായിരുന്ന അഫ്‌ന്‍ സമ്പ്രദായം( സ്വ സമുദായത്തില്‍ നിന്നും വിവാഹം കഴിക്കാന്‍ പാടില്ല എന്ന നിയമം), വിധവാ വിവാഹ നിരോധനം തുടങ്ങിയവ ആ സമുദായത്തിലെ ചെറുപ്പക്കാരുടെ തീഷ്‌ണമായ പ്രതികരണത്തിലൂടെ തന്നെയാണിന്ന് പൂര്‍ണ്ണമായും നിര്‌ത്താനായത് അതു പോലെ തന്നെ സതി സമ്പ്രദായം ( ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ ചിതയില്‍ ചായുന്നത്)
ഒരു സമുദായത്തില്‍ നില നില്‌ക്കുന്ന ദുരാചാരത്തനെതിരെയുള്ള പ്രതികരണം ,പ്രതിഷേധം ഉയര്‍ന്നു വരേണ്ടത് ആ വിഭാഗത്തിലെ ചെറുപ്പക്കാര്‍ക്കിടയില്‍ നിന്നു തന്നെയാകണം.മുസ്ലീം സമുദായത്തില്‍ വ്യാപകമായി നിലനില്‌ക്കുന്ന ഈ ദുരവസ്ഥക്കെതിരെ എന്തുകൊണ്ടൊരു അത്തരത്തിലൊരു പ്രതിഷേധം ഇതു വരെ ഉയര്‍ന്നു വരുന്നില്ല ?പള്ളിക്കമ്മറ്റികള്‍ എന്തുകൊണ്ട് ഈ കാര്യം ഗൗരവമായി കാണുന്നില്ല.ഒരു സമുദായത്തെത്തന്നെ മുറിപ്പെടുത്തുന്ന ഈ അവസ്ഥക്ക് മാറ്റം വരുത്തേണ്ടേ.....?
Friday, November 19, 2010
Monday, November 1, 2010
ലേഡീസും വേണ്ട ജെന്റെസും വേണ്ട ബോഡി മാത്രം മതി`
അസ്വാഭാവിക മരണം സംഭവിച്ച പെണ്‍കുട്ടിയുടെ മൃതദേഹത്തിനു ബോഡിന്ധബസ്‌ത് ഡ്യൂട്ടിക്കായി ആശുപത്രിയിലെത്തിയതായിരുന്നു.സബ്ബ് ഇന്‍സ്‌പെക്ടറും മറ്റു പോലീസുകാരും ഇന്‍ക്വസ്‌റ്റിലെ ചോദ്യാവലികള്‍ പൂരിപ്പിക്കുകയായിരുന്നു.ബോഡി പോസ്‌റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുന്നതിനായുള്ള ഒരക്കത്തിലായിരുന്നു ഞാന്‍.പോലീസിനെയും ബന്ധുക്കളേയും സഹായിക്കാനായി അയല്‍വായികളായ ചെറുപ്പക്കാരന്മാരോടൊപ്പം റുക്കിയ എന്നൊരു സ്‌ത്രീയും ഉണ്ടായിരുന്നു.ആംബുലന്‍സില്‍ ബോഡി കയറ്റിയ ശേഷം റുക്കിയയും ആംബുലന്‍സില്‍ കയറി.കോളനിയിലെ ആശാവര്‍ക്കറായിരുന്നു റുക്കിയ .ബോഡിയോടൊപ്പം മുഴുവന്‍പേരും പുരുഷന്മാരോയതുകൊണ്ടോ മുമ്പേ പോയി ശീലമുള്ളതുകൊണ്ടോ എന്തോ ആദ്യം തന്നെ റുക്കിയ ഗീര്‍ബോക്‌സിനു മുകളില്‍ സ്ഥാനം പിടിച്ചു.മോര്‍ച്ചറിയുടെ മുറ്റത്തു നിന്ന് ഔദ്യോഗിക രേഖകള്‍ ശരിയാക്കുന്നതിനിടയില്‍ ഒരു ചെറുപ്പക്കാരന്‍ എന്നോട് അടക്കിയ സ്വരത്തില്‍ ചോദിച്ചു.
"സാറേ മെഡിക്കല്‍കോളേജിലേക്ക് ലേഡീസ് വേണംന്ന്‌ണ്ടോ ?" അപ്പോഴാണ് ആംബുലന്‍സിനുമുന്നില്‍ സ്ഥാനം പിടിച്ച റുക്കിയയെ ഞാന്‍ കാണുന്നത്,
"മെഡിക്കല്‍കോളേജിലേക്ക് ലേഡീസും വേണ്ട ജെന്റെ്‌സും വേണ്ട ബോഡി മാത്രം മതി" ഞാന്‍ മറുപടി നല്‌കി.
"അല്ല അവരുടെ ആവശ്യമുണ്ടോ ?" റുക്കിയയെ ഉദ്ദേശിച്ചുകൊണ്ട് അയാള്‍ ചോദിച്ചു.
"അവര്‍ വരുന്നതുകൊണ്ടെന്താ കുഴപ്പം "?ഞാന്‍ തിരിച്ചു ചോദിച്ചു.
"ഏയ് ഒന്നൂല്ല ഞാന്‍ ചോദിച്ചൂന്നേ.യുള്ളൂ.................. " അയാള്‍ ചോദ്യം മതിയാക്കി ആംബുലന്‍സിലേക്കു കയറി
Saturday, October 30, 2010
അത്രക്കോര്‍ത്തില്ല
ത്രേസ്യാമ്മ ചാക്കോ പാസ്‌പോര്‍ട്ട് നിയമപ്രകാരം അറസ്റ്റിലായി.കോടതി ജാമ്യം അനുവദിച്ചു.കേസ് ആള്‍മാറാട്ടത്തിന്. ഐ.ഡി കാര്‍ഡ് ശരിയാക്കിയത് ഭര്‍ത്താവ്.വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ(ഭര്‍ത്താക്കന്മാരുടെ ഉത്തരവാദിത്തമാണല്ലോ അത്) .SSLC ബുക്കൊന്നും വേണ്ടി വന്നില്ല.ത്രേസ്യാമ്മ ചാക്കോ എന്ന പേരില്‍ ഐ.ഡി കാര്‍ഡും കിട്ടി.(ഭാര്യയെ തനിയെ വിട്ടാല്‍ വാലിനു വേണ്ടി പറയേണ്ടി വരും ചിലപ്പോളെങ്ങാനും എതിര്‍ത്താലോ അതു നാണക്കേടാകും.) എമര്‍ജന്‍സി വിസ പ്രകാരം ത്രേസ്യാമ്മചാക്കോ ദുബായിലെത്തി.2 വര്‍ഷത്തിനു ശേഷം നാട്ടില്‍ മടങ്ങിയെത്തിയപ്പോഴായിരുന്നു അറസ്‌റ്റ്.പാസ്‌പോര്‍ട്ടാഫീസിലെ രേഖപ്രകാരം ത്രേസ്യാമ്മ യോഹന്നാന്റെ (SSLC ബുക്കിലെ പേര് അങ്ങനെയാണ്.)പാസ്‌പോര്‍ട്ടിലാണ് ത്രേസ്യാമ്മചാക്കോ ദുബായിലെത്തുന്നത്.പോരെ പൂരം.പിന്നെ എന്തെല്ലാം നൂലാമാലകള്‍.വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്.സാഷികളുടെ സാക്ഷ്യപ്പെടുത്തല്‍ ....... ജാമ്യം കിട്ടി ത്രേസ്യാമ്മ പുറത്തിറങ്ങിയപ്പോള്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ ചാക്കോ പറഞ്ഞു .അന്ന് അത്രക്കോര്‍ത്തില്ല.
Thursday, October 28, 2010
മേം ഞങ്ങളെന്തു ചെയ്യും
"മേം ഞങ്ങളെന്തു ചെയ്യും?NCC Cadets ആയ ഞങ്ങള്‍ 12 പെണ്‍കുട്ടികളും 8 ആണ്‍കുട്ടികളും Election duty യിലെ Special police officer തസ്‌തികയിലേക്ക് ഒരുമിച്ച് അപേക്ഷിച്ചതാണ്.പക്ഷേ duty ക്ക് കാര്‍ഡ് വന്നത് ആണ്‍കുട്ടികള്‍ക്കുമാത്രം.ഞങ്ങള്‍ 12 പെണ്‍കുട്ടികളേയും ഒഴിവാക്കി.മേം എന്തെങ്കിലും ചെയ്യണം ഞങ്ങള്‍ക്കും ഡ്യൂട്ടി ചെയ്യണം.പെണ്‍കുട്ടി നിര്‍ത്താന്‍ ഭാവമില്ലെന്നു കണ്ട് ഞാന്‍ തുടര്‍ന്നു
"കരഞ്ഞിട്ടെന്തു കാര്യം?നിങ്ങളുടെ നല്ല മനസ്സിനെ കഴിവുകേടായി മാത്രമേ അധികാരികള്‍ കാണൂ എന്ന സത്യം ആദ്യം തിരിച്ചറിയുക.നിങ്ങള്‍ 12 പെണ്‍കുട്ടികളുടെ സ്ഥാനത്ത് 12 ആണ്‍കുട്ടികളായിരുന്നെങ്കില്‍ അധികാരികള്‍ ഇപ്രകാരം പ്രവര്‍ത്തിക്കുമായിരുന്നോ ?ആത്മാഭിമാനം മുറിപ്പെട്ടാല്‍ ആണ്‍കുട്ടികളെന്താണ് ചെയ്യാറുള്ളതെന്ന് നിങ്ങള്‍ കാണാറുള്ളതല്ലേ ?ആത്മാഭിമാനം മുറിപ്പെടുമ്പോഴെങ്കിലും നിങ്ങള്‍ ആണ്‍കുട്ടികളുടെ ശൗര്യം ഓര്‍ക്കുക അതനുകരിക്കുകയെങ്കിലും ചെയ്യുക.ആരും നിങ്ങളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്താന്‍ ധൈര്യം കാണിക്കില്ല.എങ്ങനെയായാലും ഇക്കാര്യത്തില്‍ നിങ്ങള്‍ പ്രതികരിക്കണം .വഴി നിങ്ങള്‍ ആലോചിച്ച് കണ്ടെത്തുക. അടുത്ത ഇലക്ഷനിലെങ്കിലും നിങ്ങള്‍ക്ക് ആ ഡ്യൂട്ടിചെയ്യാം." ഞാന്‍ പറഞ്ഞു നിര്‍ത്തി.
ബൂത്ത് ഏജന്റെുമാരായും പോളിംഗ് ഓഫീസര്‍മാരായും പോലീസ് ഉദ്യോഗസ്ഥരായും അനവധി സ്‌ത്രീകള്‍ ജോലി ചെയ്‌ത ഈ ഇലക്ഷനില്‍ നിന്നും ആ പെണ്‍കുട്ടികളെ മാറ്റി നിര്‍ത്തിയത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അല്‌പത്തമല്ലാതെ മറ്റെന്താണ്
Friday, October 8, 2010
ഗതികേട്
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ കൊടുത്ത ശേഷം വീടു കേറി വിവരം പറയാനെത്തിയ ജയയോട് ഞാന്‍ ചോദിച്ചു.
" ഇത്ര കാലവും ജയ മാത്രമായി അറിയപ്പെട്ട ജയ ഇപ്പം ജയാ ബാലകൃഷ്‌ണനായി.സ്‌ത്രീകള്‍ സ്ഥാനാര്‍ത്ഥിളാകാന്‍ ഭര്‍ത്താവിന്റെ പേര് വാലായി ചേര്‍ക്കണമെന്ന് നിര്‍ബന്ധമുണ്ടോ ?"
അല്‌പം പരിഹാസ്യതയോടെയുള്ള എന്റെ ചോദ്യം കേട്ടയുടനെ വിഷയം മാറ്റാനെന്ന വണ്ണം കുടിക്കാന്‍ കുറച്ച് വെള്ളം വേണമെന്നു പറഞ്ഞുകൊണ്ട് ജയ അകത്തു കയറി.എന്നോടൊപ്പം അടുക്കളയിലെത്തിയ ശേഷം അടക്കിയ ശബ്ദത്തില്‍ പറഞ്ഞു
"സ്വന്തം പേരുമതിയെന്ന് ഞാന്‍ പറഞ്ഞപ്പോ സെക്രട്ടറി പറഞ്ഞത് ' പറയുന്നതങ്ങ് കേട്ടാ മതീന്നാ ' പിന്നെ അതിനും വേണ്ടി എന്തെങ്കിലും പറഞ്ഞാ കിട്ടിയ സീറ്റു കൂടി പോകുമെന്നല്ലാതെ വേറൊരു ഗുണവും ഉണ്ടാകാന്‍ പോണില്ല.അതോണ്ടാ തര്‍ക്കിക്കാനൊന്നും പോകാഞ്ഞത്".
ജയയുടെ മറുപടി തന്നെയായിരിക്കും ഭൂരിപക്ഷം വരുന്ന ജയാാ ബാലകൃഷ്‌ണന്മാര്‍ക്കും.................
Tuesday, September 21, 2010
മോളേ അതു കൊള്ളാവോ.........
അഡ്വക്കറ്റ് മരിയുമായി സംസാരിച്ചുകൊണ്ടിരിക്കെ അവരുടെ ഓഫീസിലേക്ക് 70 വയസ്സു പ്രായം തോന്നിക്കുന്ന ഒരു സ്‌ത്രീയും അവരുടെ മകളും കടന്നു വന്നു..കാഴ്‌ചയില്‍ മകള്‍ക്ക് വളരെ വൃത്തിയും വെടിപ്പും ഉണ്ടായിരുന്നെങ്കിലും അമ്മക്ക് വൃത്തി തൊട്ടു തീണ്ടിയിട്ടുപോലുമുണ്ടായിരുന്നില്ല.വന്നപാടേ അവര്‍ മരിയയോടു സംസാരിക്കാന്‍ തുടങ്ങി.
"മോളേ എന്റെ മൂത്ത മോളും ഭര്‍ത്താവും അവരുടെമകനും കൂടി എന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഒന്നര ലക്ഷം രൂപ എന്നെപ്പറ്റിച്ചെടുത്തു.എന്റൊരു കാപവന്റെ മോതിരവും ഞാന്‍ വാങ്ങിയ ടി.വിയും അവരുടെ കൈയ്യിലുണ്ട്.എന്റെ പണോം എന്റെ സാധനങ്ങളും മോളെനിക്ക് വാങ്ങിത്തരണം."അവര്‍ തൊട്ടടുത്തിരുന്ന മകളുടെ ബാഗില്‍നിന്നും ഒരു പാസ്‌ബുക്കെടുത്ത് മരിയയുടെ നേരെ നീട്ടി.മരിയയോടൊപ്പം ഞാനും ആ പാസ്‌ബുക്ക് പരിശോധിച്ചു.10,000 രൂപ വെച്ച് ഏകദേശം രണ്ടു വര്‍ഷം കൊണ്ടാണ് തുക പിന്‍വലിച്ചിരിക്കുന്നത്.പാസ്‌ബുക്ക് പരിശോധിച്ചതിനു ശേഷം മരിയ അവരോടായ് വളരെ മയത്തില്‍ ചോദിച്ചു
"അമ്മച്ചിക്കെവിടുന്നാ ഇതിനുമാത്രം പൈസ" ?
"ഞാന്‍ തെണ്ടി ഉണ്ടാക്ക്യേതാ...മോളേ " അവര്‍ കണ്ണുതുടച്ചുകൊണ്ട് പറഞ്ഞു.
"എന്നുവെച്ചാല്‍ " ? അറിയാതെ ഞാനും ഇടപെട്ടുപോയി
"അമ്മ പറഞ്ഞതു ശരിയാ അപ്പച്ചന്‍ മരിച്ചേപ്പിന്നെ അമ്മ വീട്ടല്‍ നിക്കാറില്ല.4 മക്കളുള്ളതില്‍ ചേച്ചിയുടെ അടുത്തുമാത്രമാണ് വല്ലപ്പോഴും പോവുക." മകള്‍ ഇടപെട്ടു.
"അതെന്താ അമ്മച്ചി മൂത്ത മോളുടെ അടുത്ത് മാത്രം പോയത് " മരിയ കാര്യങ്ങള്‍ മനസിലാക്കാന്‍ ചോദിച്ചു.
"അവള്‍ടെ വീട്‌് റോഡ് സൈഡില്‍തന്ന്യാ.ഇവര്‌ടൊക്ക വീട്ടിലേക്ക് കൊറേ നടക്കണം.
മോള്‍ അമ്മച്ചീനെ പറ്റിക്കുന്നെന്ന് അമ്മച്ചിക്കെപ്പഴാ മനസിലായത് ?
"ഞാനൊരു പള്ളിപ്പെരുന്നാളും കഴിഞ്ഞ് മിനിഞ്ഞാന്ന് വൈകിട്ടാണ് മോള്‍ടെ അടുത്തെത്തിയത്.രാത്രി ഞാന്‍ കഞ്ഞികുടിക്കാന്‍ അകത്തേക്ക് കയറുമ്പം അവളുടെ 22 വയസ്സുള്ള മകന്‍ അലമാരയില്‍ നിന്നും ഒരു പ്ലേറ്റ് കഞ്ഞികുടിക്കാനെടുക്കുന്നതു കണ്ട് അവന്റെ അമ്മ അതു പിടിച്ചു വാങ്ങിക്കൊണ്ട് 'എടാ ആ പാത്രം എടുക്കല്ലേ അതാ തള്ളക്ക് കൊടുക്കുന്നതാ ' എന്നു പറയുന്നതു ഞാന്‍കേട്ടു എനിക്ക് സങ്കടം വന്നു.
മോളേ അവക്കതു പറയാന്‍ കൊള്ളാവോ " അവര്‍ പിന്നേയും പറ്റിക്കലിന്റെ കഥ തുടര്‍ന്നു .ബാക്കി ഭാഗം കേട്ടു നിന്‍ക്കാന്‍ സമയമില്ലാത്തതുകൊണ്ട് ഞാന്‍ ഓഫീസ് വിട്ടിറങ്ങി
Tuesday, September 14, 2010
അദ്ദേഹം
ബൈക്കോടിക്കുന്നതിനിടെ തുടര്‍ച്ചയായി മൊബൈല്‍ ശബ്ദിച്ചപ്പോള്‍ ഏതോ അത്യാവശ്യക്കാര്‍ ആയിരിക്കുമെന്നുകരുതി കോരിച്ചൊരിയുന്ന മഴ വകവെക്കാതെ ഒരു ചെറിയ ബസ് വെയിറ്റിംഗ് ഷെഡ്ഡിനു സമീപം വണ്ടി നിര്‍ത്തി ഞാന്‍ ഫോണെടുത്ത് ഹലോ പറഞ്ഞു. എന്റെ അവസ്ഥയോ സാഹചര്യമോ അന്യേഷിക്കാതെ മറുവശത്ത് പെണ്‍കുട്ടി സംസാരിക്കാന്‍ തുടങ്ങി
"മേഡം ഞാന്‍ മിനിയാണ് കോട്ടയത്താണ് വീട്.ഇപ്പോള്‍ കൈരളി ടി.വി യില്‍ മുന്‍ ജസ്‌റ്റിസ് ശ്രീദേവി മേഡത്തിന്റെ പാചകമേള നടക്കുകയാണ് (ഞാന്‍ നടു റോട്ടിലാണെന്നും ടി.വി തുറക്കാന്‍ നിവൃത്തിയില്ലെന്നും അറിയിച്ചപ്പോള്‍ അവള്‍ തുടര്‍ന്നു) അവര്‍ അവരുടെ ഭര്‍ത്താവിനിഷ്ടപ്പെട്ട ഭക്ഷണത്തെപ്പറ്റിയും അതവരുണ്ടാക്കികൊടുക്കുന്ന രീതിയും വിവരിക്കുകയാണ്. അതിനിടെ പത്തു തവണയെങ്കിലും അവര്‍ അദ്ദേഹം അദ്ദേഹം എന്നവരുടെ ഭര്‍ത്താവിനെ സംബോധന ചെയ്യുന്നു.മേഡം എനിക്ക് നണക്കേടു തോന്നുന്നു അവര്‍ക്കെന്താ അയാള്‍ എന്നു പറഞ്ഞാല്‍. ഇത്രയും ഉയരത്തിലിരിക്കുന്ന ഒരു സ്‌ത്രീ ഇങ്ങനെ പറയുന്നത് ഇവന്മാരുടെയൊക്കെ ഹുങ്ക് കൂട്ടില്ലേ ?"
ഒറ്റ ശ്വാസത്തില്‍ മിനി പറഞ്ഞു നിര്‍ത്തി.കോരിച്ചൊരിയുന്ന മഴയില്‍ തണുത്തു വിറച്ചു നില്‍ക്കുന്നതിനിടയിലും എനിക്ക്‌ു ചിരിവന്നു ഞാന്‍ ശാന്തയായി മിനിയോടു പറഞ്ഞു
" മിനീ അവരൊക്കെ പ്രായമള്ളവരല്ലേ. അതവര്‍ ശീലിച്ചുപോയതാണ്.അതിനവരെ കുറ്റംപറയുന്നതു ശരിയല്ല.എല്ലാം ശരിയാകും മിനീ... . മിനിപോലും അയാളിലെത്തിയിട്ടേയുള്ളൂ അവന്‍ എന്നതിലെത്താനാണ് ഞാന്‍ ശ്രമിക്കുന്നത്." ഞാന്‍ പറഞ്ഞത് മിനിക്കു മനസ്സിലായോ എന്തോ മിനിയോട് നന്ദി പറഞ്ഞ് പെരും മഴയത്തു തന്നെ ഞനെന്റെ യാത്രതുടര്‍ന്നു.
Thursday, September 9, 2010
സംഭാവന
ട്രയിന്‍ യാത്രക്കിടയില്‍ ഒരു യുവാവ് ഇങ്ങനെ ചോദിച്ചു
"നിങ്ങള്‍ പുരുഷനെ അനുകരിക്കുന്നതുകൊണ്ട് പുരുഷവര്‍ഗ്ഗത്തിനെന്ത് സംഭാവനയാണ് കൊടുക്കുന്നത് ?'
ഉത്തരം:- ഞാന്‍ സ്ഥിരമായി യാത്ര ചെയ്യുന്നത് എന്റെ ഹീറോ ഹോണ്ട സ്‌പ്ലണ്ടര്‍ മോട്ടോര്‍ സൈക്കിളിലാണ്.(ഹെല്‍മറ്റ് ധരിച്ചിരിക്കും)അതില്‍ യാത്ര ചെയ്യുമ്പോള്‍ ഒറ്റക്കും കൂട്ടായും നടന്നുപോകുന്ന പെണ്‍കുട്ടികളെ കാണുമ്പോള്‍ വണ്ടി ഒന്നു സ്ലോ ചെയ്‌ത് അവര്‍ക്കരികിലെത്തി ചൂളം വിളിക്കുകയോ, വണ്ടി അവരെ തട്ടി എന്ന നിലയില്‍ പേടിപ്പിക്കുകയോ ചെയ്യും. ഇങ്ങനെയുള്ള പെരുമാറ്റം അവരില്‍ അറപ്പ് ,പേടി, വെറുപ്പ് എന്നിവ ഉണ്ടാക്കും.അതവര്‍ പ്രകടിപ്പിക്കുന്നത് കണ്ണാടിയിലൂടെ കണ്ട് ആസ്വദിക്കും.അങ്ങനെ കാലങ്ങളായി സ്‌ത്രീ വര്‍ഗ്ഗം പുരുഷന്മാരെക്കുറിച്ച് വച്ചുപുലര്‍ത്തിക്കൊണ്ടിരിക്കുന്ന വിശ്വാസ്യത ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതിന് ഇത്തരത്തില്‍ എന്നാലാകും വിധം പ്രയത്‌നിച്ചു പോരുന്നു എന്നതാണ് ഞാന്‍ നല്‌കുന്ന സംഭാവന
Sunday, September 5, 2010
അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ
ഡ്യൂട്ടിക്കിടയില്‍ കിട്ടിയ ചെറിയ ഇടവേളയില്‍ തൊട്ടടുത്ത ചായക്കടയില്‍ ചായകുടിക്കാന്‍ കയറിയതായിരുന്നു.ഒരു മേശക്കു ചുറ്റുമായി അഞ്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മാതൃഭൂമി മനോരമ ദേശാഭിമാനി തുടങ്ങിയ പത്രങ്ങളില്‍ വന്ന റാണി എന്ന പെണ്‍കുട്ടിയുടെ ആള്‍മാറാട്ടത്തെക്കുറിച്ചുള്ള വാര്‍ത്ത വായിച്ച് ചിരിക്കുന്നതിനിടെ ഒരാള്‍ പറഞ്ഞു "എടാ.... ഇപ്പോ ആ പെണ്ണിന്റെ കൂടെ കള്ളുകുടിക്കാനും സിഗററ്റു വലിക്കാനും സിനിമ കാണാനും എല്ലാം പോയ അണ്ണന്മാരൊക്കെ ഒന്നു തൊടാന്‍ പോലും തോന്നാത്തതും ചിന്തിച്ച് അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ കണ്ണും മിഴിച്ചിരിക്കുന്നുണ്ടാവും.
ആണ്‍വേഷം കെട്ടി ലക്ഷങ്ങള്‍ തട്ടി ഒടുവില്‍ റാണി പിടിയിലായി
Posted on: 29 Aug 2010
കൊല്ലം: ആണ്‍വേഷത്തില്‍ മാസങ്ങളോളം ജോലി ചെയ്ത് സ്വകാര്യസ്ഥാപനത്തില്‍നിന്ന് ലക്ഷങ്ങള്‍ വെട്ടിച്ച യുവതി പോലീസിന്റെ പിടിയില്‍. തട്ടിപ്പിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് 'ആണ്‍കുട്ടി' പെണ്ണെന്നു തെളിഞ്ഞത്. അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യപരിശോധന നടത്തി 'സ്ത്രീ' എന്ന് സ്ഥിരീകരിച്ചു.
കൊല്ലം, കൈക്കുളങ്ങര നോര്‍ത്ത് രമാമന്ദിരത്തില്‍ റാണി(29)യാണ് ആള്‍മാറാട്ടത്തിലൂടെ തട്ടിപ്പ് നടത്തിയത്. കൊട്ടിയം, തഴുത്തല ആബ്‌സ് ടൈല്‍സ് എന്ന സ്ഥാപനത്തില്‍ 'കണ്ണന്‍' എന്ന 'ശ്രീകാന്ത് ' ആയി ജോലി ചെയ്തായിരുന്നു തട്ടിപ്പ്.
കടകളില്‍നിന്ന് പിരിച്ചെടുത്ത തുക അടയ്ക്കുന്നതില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് 'കണ്ണന്‍' എന്ന യുവതിയുടെ കള്ളി വെളിച്ചത്തായത്. സാമ്പത്തിക തിരിമറി നടത്തിയതിനെത്തുടര്‍ന്ന് കടയുടമ കൊട്ടിയം പോലീസില്‍ പരാതി നല്‍കിയിരുന്നു. തട്ടിപ്പ് നടത്തിയ കണ്ണനെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തിയപ്പോഴാണ് കണ്ണന്‍ എന്ന ശ്രീകാന്ത് റാണിയാണെന്ന് അറിഞ്ഞത്.
ഏപ്രില്‍ മാസത്തിലാണ് ശ്രീകാന്ത് എന്ന പേരില്‍ റാണി ജോലിയില്‍ പ്രവേശിച്ചത്. കളക്ഷന്‍ ഏജന്‍റായിട്ടായിരുന്നു നിയമനം. അച്ഛനും അമ്മയ്ക്കുമൊപ്പം സ്ഥാപനത്തിലെത്തിയ 'യുവാവ് ' ശ്രീകാന്ത് എന്ന പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ബി.കോം ഡിഗ്രി സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയതായി കടയുടമ പറഞ്ഞു. പിന്നീട് നടന്ന പരിശോധനയില്‍ ഇവ വ്യാജമാണെന്ന് തെളിഞ്ഞു. ആര്‍ക്കും സംശയം തോന്നാത്ത രീതിയിലാണ് 'കണ്ണന്‍' പെരുമാറിയിരുന്നത്.
ജോലിയില്‍ 'സമര്‍ത്ഥനാ'യിരുന്നതിനാല്‍ കൂടുതല്‍ ചുമതലകള്‍ കണ്ണന്‍ എന്ന ശ്രീകാന്തിനെ കടയുടമ ഏല്‍പ്പിച്ചു. എന്നാല്‍ ഓണത്തിനു മുമ്പുള്ള കച്ചവടത്തിരക്കിലാണ് കണ്ണന്റെ കണക്കിലെ കള്ളക്കളികള്‍ കടയുടമയുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവിധ കടകളില്‍നിന്ന് പിരിച്ചെടുത്ത തുകകള്‍ പൂര്‍ണമായി കണ്ണന്‍ അടച്ചിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. കാര്‍ബണ്‍ പേപ്പര്‍ ഉപയോഗിച്ച് രസീത് ബുക്കില്‍ കൃത്രിമം കാട്ടിയായിരുന്നു തട്ടിപ്പ്. ഈ തരത്തില്‍ അഞ്ചരലക്ഷം രൂപയോളം വെട്ടിച്ചതായി കടയുടമ പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന് 21ന് കടയുടമ കൊട്ടിയം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് അന്വേഷിച്ച് നാട്ടിലെത്തിയപ്പോഴാണ് ആ വീട്ടില്‍ ആണ്‍മക്കളില്ലെന്നും മൂന്നു പെണ്‍കുട്ടികള്‍ മാത്രമാണെന്നും പരിസരവാസികള്‍ പറഞ്ഞത്. എന്നാല്‍ 'കണ്ണന്റെ' ഫോട്ടോ കാണിച്ചപ്പോള്‍ ആളുകള്‍ റാണിയെ തിരിച്ചറിഞ്ഞു. ഒടുവില്‍ വീട്ടില്‍നിന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ആണുങ്ങളെപ്പോലെ വേഷം ധരിച്ച്, മുടി പറ്റെ വെട്ടിയ റാണി മറ്റു പുരുഷന്മാര്‍ക്കൊപ്പം മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുമായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു. അഞ്ചുമാസം ഒപ്പം ജോലി ചെയ്ത 'കണ്ണന്‍' പെണ്‍കുട്ടിയാണെന്നറിഞ്ഞ ഞെട്ടലിലാണ് കടയുടമയും ജീവനക്കാരും.
Monday, July 19, 2010
പാല്‍ പായസവും കോളാമ്പിയും
ഒരിക്കല്‍ സ്‌റ്റേഷന്‍ ചാര്‍ജ്ജു കിട്ടിയപ്പോള്‍ പോലീസ് ജീപ്പെടുത്ത് പുറത്തു പോവേണ്ടി വന്നു.സ്‌റ്റേഷനില്‍ ഡ്രൈവിംഗ് അറിയുന്ന ആണ്‍ പോലീസുകാര്‍ ഉണ്ടായിട്ടും ഞാന്‍ വാഹനമോടിച്ചത് സബ്ബ് ഇന്‍സ്‌പെക്ടര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അതിനുള്ള ശിക്ഷയായി എന്നെ സ്റ്റേഷന്‍ ചാര്‍ജ്ജ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കി.ഇതിനെപ്പറ്റി സ്റ്റേഷനില്‍ നിന്നു ഞാന്‍ പ്രതികരിച്ചപ്പോള്‍ പോലീസുകാര്‍ ഒന്നടങ്കം അതു ഭാഗ്യമല്ലേ ഇപ്പോള്‍ ഉറക്കൊഴിയേണ്ടല്ലോ എന്നു പറഞ്ഞ് ഗൗരവമായി എന്നെ സമാധാനിപ്പിച്ചു. കൂട്ടത്തിലൊരു പോലീസുകാരന്‍ ഇങ്ങനെ പറഞ്ഞു
"സാറിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ സന്തോഷിക്കുമായിരുന്നു"
ഉടനെ തന്നെ ഞാന്‍ അയാളോടു ചോദിച്ചു" പാല്‍ പ്പായസം ഇഷ്ടമാണെന്നു കരുതി കോളാമ്പിയില്‍ വിളമ്പിയാല്‍ കഴിയാന്‍ പറ്റുമോ "?
Friday, July 16, 2010
ആണോ............എന്നാലൊരു ഗോപാലന്‍
ആണോ............എന്നാലൊരു ഗോപാലന്‍
മകന്റെ സ്‌ക്കൂളിലെ PTAതിരഞ്ഞെടുപ്പിനോടനുബന്ധിച്ച മീറ്റിംഗ്‌് .തുടക്കത്തിലെ പതിവു ചടങ്ങുകള്‍ക്കു ശേഷം തിരഞ്ഞെടുപ്പിനു മുന്നോടിയായ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഞാനും സംസാരിച്ചു.300 പേര്‍ പങ്കെടുത്ത മീറ്റിംഗില്‍ ആകെ പങ്കെടുത്തത് 30പരുഷന്മാര്‍ .ഇപ്രാവശ്യമെങ്കിലും സ്‌ത്രീകളുടെ ഭാഗത്തു നിന്നായിരിക്കണം നമ്മുടെ PTA പ്രസിഡണ്ട്.വളരെ ചുരുങ്ങിയ പുരുഷന്മാര്‍ വന്ന് അവര്‍ക്കിടയില്‍ നിന്നു തന്നെ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്ന പതിവു ശൈലി ഒന്നു മാറ്റണം.അവര്‍ക്കും ഒരു അവസരം നല്‌കണം. ഞാന്‍ എന്റെ വാക്കുകള്‍ അവസാനിപ്പിച്ചു.ഞാന്‍ പറഞ്ഞതിനു മറുപടിയെന്നോണം തൊട്ടു പുറകേ തന്നെ ഹെഡ്‌മാസ്റ്റര്‍ സംസാരിച്ചു.
"എനിക്ക് ഏതു സമയത്തും അത്യാവശ്യത്തിന് വിളിച്ചാല്‍ കിട്ടുന്നവരായിരിക്കണം പ്രസിഡണ്ടായിരിക്കേണ്ടത്.എല്ലാവരും വിനയയേപ്പോലെ ആകില്ലല്ലോ.സ്‌ത്രീകളാണെങ്കില്‍ അവര്‍ക്ക് വീട്ടില്‍ നിന്ന് സമ്മതം വേണം.നാലു മണിക്കു ശേഷം എത്ര അമ്മമാര്‍ക്ക് വീട്ടില്‍ നിന്ന് വരാന്‍ കഴിയും ? Exicutie അംഗങ്ങളായി 8 പേരാണ് വേണ്ടത് അതില്‍ മൂന്നു പേര്‍ സ്‌ത്രീകളായിരിക്കണം."
അങ്ങനെ സ്‌ത്രീകളുടെ എല്ലാ ആത്മവിശ്വാസത്തേയും ഇകഴ്‌ത്തിയും മീറ്റിംംഗില്‍ പങ്കെടുത്ത എല്ലാ സ്‌ത്രീകളും നാലു മണിക്കു ശേഷം പുറത്തിറങ്ങാത്ത ഉത്തമ സ്‌ത്രീകളാണെന്ന് സമ്മതിച്ചുകൊണ്ട് 'ശരിയാണ്, ശരിയാണ് ' എന്ന് സ്വയം മന്ത്രിക്കുവാനും ഹെഡ്‌മാസ്റ്ററുടെ പ്രസംഗം പ്രേരണയായി.
ശേഷം ചിന്തിക്കാനിടം കൊടുക്കാതെ സ്റ്റാഫ് സെക്രട്ടറി Exicutive കമ്മറ്റിയിലേക്കുള്ള അംഗങ്ങളുടെ പേരു പറയേണ്ടുന്നതിന്റെ നിബന്ധന വിവരിച്ചു." ഒരാള്‍ക്ക് ഒരാളുടെ പേരേ നോമിനേറ്റ് ചെയ്യാന്‍ പാടുള്ളൂ.Exicutive -ല്‍ 5 പുരുഷന്മാരും 3 സ്‌ത്രീകളുമാണ് വേണ്ടത്."അല്ല മൂന്നു പേര്‍ സ്‌ത്രീകളായിരിക്കണം എന്നേയുള്ളൂ" ഹെഡ്‌മാസ്റ്റര്‍ തിരുത്തി. ആര്‍ക്കും തെല്ലും ചിന്തിക്കാനിടം നല്‌കാതെ " ആ പെട്ടന്ന് തീര്‍ക്കണം സമയം വൈകി പേരു പറയ് പേരു പറയ് .സ്റ്റാഫ് സെക്രട്ടറി ധൃതി കൂട്ടി.
''ആയിഷ..... ''ഞാന്‍ ഒരു സ്‌ത്രീയുടെ പേരു പറഞ്ഞു .
''വനജ'' മറ്റൊരു സ്‌ത്രീ സ്വയം എഴുന്നേറ്റു നിന്ന് അവരുടെ പേരു തന്നെ പറഞ്ഞു.അപ്പോഴേക്കും നാലു പുരുഷന്മാര്‍ മറ്റു നാലു പുരുഷന്മാരുടെ പേരു പറഞ്ഞു കഴിഞ്ഞിരുന്നു.
ഉടനെ തന്നെ ഞാന്‍ വിളിച്ചു പറഞ്ഞു "നാരായണന്‍ "
" നാരായണന്റെ പേര് മുമ്പേ പറഞ്ഞതാണ് " സ്റ്റാഫ് സെക്രട്ടറി ഗൗരവത്തോടെ എന്നെ നോക്കി പറഞ്ഞു
" ആണോ ................... എന്നാലൊരു ഗോപാലന്‍ " ഞാന്‍ തിരിച്ചടിച്ചു.വേദിയിലും സദസ്സിലും പൊട്ടിച്ചിരി ഉയര്‍ന്നു."ആരായാലെന്താ................ നിങ്ങള്‍ക്കു വേണ്ടത് ഒരാണിന്റെ പേരല്ലേ...? തിരഞ്ഞെടുപ്പിന്റെ ബാക്കിചടങ്ങുകള്‍ക്ക് നില്‌ക്കാതെ എന്റെ വികാരം പ്രകടമാക്കി എല്ലാവരോടുമൊന്നിച്ച് ചിരിച്ചുകൊണ്ടു തന്നെ ഞാന്‍ ഹാള്‍ വിട്ടിറങ്ങി.
Friday, July 9, 2010
ആരും അക്കൗണ്ട് ആക്കുന്നില്ല
രണ്ടു കുട്ടികളുള്ള ഒരു സ്‌ത്രീ മൂന്നു വയസ്സുള്ള ഒരു കുട്ടിയും ഭാര്യയുമുള്ള ഒരാളുടെ കൂടെ ഒളിച്ചോടി.പെണ്ണിന്റെ വീട്ടുകാര്‍ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അവരെ പിടികൂടി കോടതിയില്‍ എത്തിച്ചു.കോടതിയില്‍ വെച്ച് സ്വന്തം ഇഷ്ടപ്രകാരം വിട്ടയച്ചവര്‍ കോടതിക്കു പുറത്തുവെച്ച് ബന്ധുക്കളുടേയും സ്‌നേഹിതരുടേയും കൃത്യമായ ഇടപെടലിനെത്തുടര്‍ന്ന് രണ്ടു കുടുംബവും പഴയ ബന്ധങ്ങളിലേക്കു തന്നെ തിരിച്ചുപോയി. ആ ഇടപെടലില്‍ നിര്‍ണ്ണായകമായ ഉപദേശം എന്നെ ഏറെ ചിന്തിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്‌തു.വഴി തിരിച്ചുവിട്ട ആ ഉപദേശം നല്‌കിയ ആള്‍ക്ക് ഏകദേശം നാല്‌പതു വയസ്സ് പ്രായം കാണും. മറ്റുള്ളവരുടെ കുറ്റപ്പെടുത്തലിന്റേയും ഉപദേശത്തിന്‍േയും ഇടക്ക് അയാള്‍ പറഞ്ഞു " നിങ്ങള്‍ വെറും പാവങ്ങളാണ്.ലോകത്തില്‍ ഇതു പോലുള്ള ബന്ധങ്ങളൊക്കെ എല്ലാവര്‍ക്കും ഉണ്ടാകും.പക്ഷേ ആരും നിങ്ങളെപ്പോലെ അക്കൗണ്ട് ആക്കുന്നില്ല അത്രേയുള്ളൂ"
Sunday, July 4, 2010
ബോധമില്ലാത്തവര്
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് വരും വഴി വിശാലിന് (മകന്‍) ജാകിരി വാങ്ങിക്കാന്‍ ടൗണിലിറങ്ങിയതായിരുന്നു.ബസ്‌റ്റോപ്പിനോടു ചേര്‍ന്ന് കെട്ടിയുണ്ടാത്തിയ വലിയസ്‌ക്രീനില്‍ ലോകകപ്പ് ഫുട്‌പോള്‍ ആവേശത്തോടെ കാണുന്നവര്‍ക്കിടയിലൂടെ ഞാന്‍ ബേക്കറിയിലേക്കു കയറി .ജാകിരി വാങ്ങി ഇറങ്ങാന്‍ തുടങ്ങവേ ബസ്‌റ്റോപ്പില്‍ നിന്നും വിട്ട് രണ്ടു സ്‌ത്രീകള്‍ അബദ്ധത്തില്‍ പോലും ആ സ്‌ക്രീനിലേക്കൊന്നു നോക്കാതെ വളരെ കാര്യമായി എന്തോ സംസാരിച്ചു കൊണ്ടു നില്‍ക്കുന്നുണ്‌ടായിരുന്നു. വണ്ടിയില്‍ കയറാന്‍ തുടങ്ങവേ എന്റെടുത്ത് കളി കണ്ടു നില്‍ക്കുന്നവരിലൊരാള്‍ ആ സ്‌ത്രീകളെ നോക്കികൊണ്ടു പറഞ്ഞു "ആര് ജയിച്ചാലെന്ത് തോറ്റാലെന്ത് ഒരു പ്രശ്‌നവുമില്ല അങ്ങനെയാകണം "എല്ലാവരും ചിരിച്ചു അടുത്ത കമന്റെ് ആരംഭിക്കുന്നതിനുമുമ്പേ വണ്ടി സ്റ്റാര്‍ട്ടാക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു"അതുപോലെ ബോധമില്ലാത്ത കുറേപ്പേരുള്ളതുകൊണ്ടാണ് നിങ്ങള്‍ക്കൊക്കെ ബോധത്തോടെ നില്‍ക്കാന്‍ കഴിയുന്നത".
Saturday, July 3, 2010
Monday, June 28, 2010
ഈ പെങ്കുട്ടികളിതെന്തു കാണാന്‍ പോയതാ.....
താമരശ്ശേരി ചുരത്തില്‍ ബ്ലോക്ക് വന്നപ്പോള്‍ നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി ബസ് ബ്ലോക്കൊഴിഞ്ഞ ഉടനെ എടുക്കാന്‍ നോക്കിയതേ കണ്ടക്ടര്‍ തിരക്കി
"എല്ലാരും ആയില്ലേ ".
"ഇല്ലില്ല രണ്ടു പെണ്‍കുട്ടികള്‍ വരാനുണ്ട് " ഉടനെ ഒരാള്‍ മറുപടി പറഞ്ഞു.
ബസ് നിര്‍ത്തിയതിനു ശേഷം കുറേശ്ശെകുറേശ്ശെയായി മിക്ക ആണുങ്ങളും റോഡിലിറങ്ങിയിരുന്നു.മറ്റു ചിന്തയൊന്നും വരാത്തതുകൊണ്ട് പുറത്തേക്ക് നോക്കിയിരുന്ന എന്നെ ഉണര്‍ത്തിയത് എന്റെ തൊട്ടചുത്തിരുന്ന മധ്യവയസ്‌ക്കന്റെ പ്രതികരണമായിരുന്നു " അല്ല ഇപ്പെങ്കുട്ടികളിതെന്തു കാണാന്‍ പോയതാ.... " അയാള്‍ പറഞ്ഞുതീരുംമുമ്പേ രണ്ടു പെണ്‍കുട്ടികള്‍ ചടുലതയോടെ ബസ്സിലേക്കു പാഞ്ഞു കയറി.കണ്ടക്ടര്‍ ബെല്ലടിച്ചു.
Monday, June 21, 2010
ആ റിംഗ്‌ടോണൊന്ന് മാറ്റാന്‍ പറയോ..................
.വൈകിട്ട് പച്ചക്കറി വാങ്ങി ബൈക്കില്‍ വെച്ച് പോകാനൊരുങ്ങുമ്പോഴാണ് ജമാലും ഭാര്യയും എതിരെ വരുന്നത്.ജമാല്‍ ഓട്ടോ ഡ്രൈവറാണ്. എന്റെടുത്തത്തിയ ഉടനെ ജമാല്‍ ഭാര്യയെ എനിക്കു പരിചയപ്പെടുത്തി.ഞങ്ങള്‍ ലോഹ്യം പറയുന്നതിനിടയില്‍ ഒരു കാര്‍ അല്‌പം മുന്നിലായി നിര്‍ത്തി ഡ്രൈവര്‍ ജമാലിനെ പേരുചൊല്ലി വിളിച്ചു. ജമാല്‍ പോയ ഉടനെ തന്നെ ഞാന്‍ മുമ്പൊരിക്കല്‍ പോലും കാണാത്ത ജമാലിന്റെ ഭാര്യ ഏറെ പരിചയമുള്ളതു പോലെ സ്വകാര്യമായി എന്നോടു പറഞ്ഞു "നോക്കി ഓലോട് ഇങ്ങളാ റിംഗ്‌ടോണ്‍ ഒന്ന് മാറ്റാന്‍ പറയണേ" എനിക്ക് കാര്യം മനസ്സിലായില്ല.അപ്പോഴേക്കും ജമാല്‍ അടുത്തെത്തിയിരുന്നു.ഞാന്‍ അന്യേഷിക്കുന്ന കേസിലെ പ്രതിയുടെ വീട് ജമാലിന്റെ വീടിനടുത്താണെന്നത് ഞാനപ്പോള്‍ ഓര്‍ത്തു.അയാളെപ്പറ്റി കുറച്ചു കാര്യങ്ങളറിയണംഎന്നു കള്ളം പറഞ്ഞ് ഞാന്‍ ജമാലിന്റെ ഫോണ്‍ നമ്പര്‍ വാങ്ങി.രാത്രി ാെന്‍പതു മണിയോടെ ഞന്‍ ജമാലിന്റെ മൊബൈല്‍ നമ്പര്‍ ഡയല്‍ ചെയ്‌തു.അപ്പോള്‍ മാത്രമാണ് പെണ്‍കുട്ടിയുടെ പരിഭവത്തിന്റെ കാര്യം എനിക്ക് പിടികിട്ടിയത്. "ഞാന്‍ കെട്ടിയ പെണ്ണിന്നിത്തിരി ചന്തം കുറവാണ്.
എന്നാലും അവളിന്നെന്നുടെ സുന്ദരിയല്ലേ.................".
Wednesday, May 26, 2010
വലുത്
വലുത്
ശര്‍ദ്ദിയും വയറ്റിളക്കവും ബാധിച്ച അമ്പലവയല്‍ വരിപ്ര പണിയകോളനിയിലെ 4 കുട്ടികളെ ആശാവര്‍ക്കര്‍മാര്‍ ആശുപത്രിയിലെത്തിച്ചു.അതില്‍ 8 വയസ്സുള്ള കീരന്‍ എന്ന കുട്ടി ബത്തേരി ആശുപത്രിയിലെത്തിയ ഉടനെ തന്നെ മരിച്ചു.മരണ കാരണം പട്ടിണിയെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് .മറ്റു മൂന്നു കുട്ടികളേയും മാനന്തവാടി ജില്ലാ ആശുപത്രിയിലേക്കുമാറ്റി.അവരിപ്പോള്‍ അപകട നില തരണം ചെയ്‌തു.കീരന്‍ സ്‌ക്കൂളില്‍ പോയിരുന്നില്ല.രാഷ്ട്രീയ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ , ജനമൈത്രി പോലീസ്‌ബീറ്റ് , കുടുംബശ്രീകള്‍, ഹെല്‍ത്ത് വര്‍ക്കേഴ്‌സ്....... തുടങ്ങി ആദിവാസികള്‍ക്കിടയില്‍ ബോധവത്‌ക്കരണവും സാമൂഹ്യസേവനവും നടത്തുന്ന എന്തെല്ലാം സര്‍ക്കാര്‍ സര്‍ക്കാരിതര സംവിധാനങ്ങള്‍ !കീരന്റെ വീട്ടില്‍ ഒരാഴ്‌ചയായിട്ട് റേഷന്‍ വാങ്ങിയിട്ടില്ലായിരുന്നു.ഏഴുകുട്ടികള്‍ക്കും ഏഴ് അച്ഛന്‍മാരാകുമ്പോള്‍ അച്ഛന്റെ റോളിന് പ്രസക്തിയുമില്ല.അമ്മക്ക് കൊടകില്‍ പണിക്കുപോകണം.കുട്ടികളെ പ്രസവിക്കുകമാത്രമാണ് തന്റെ ബാധ്യതയെന്ന് ആ സ്‌ത്രീ നിനച്ചിട്ടുണ്ടാവും.അങ്ങനെ അമ്മക്കും നാട്ടുകാര്‍ക്കും അംഗനവാടിക്കാര്‍ക്കും ആര്‍ക്കും വേണ്ടാത്ത നിസ്സഹായനായ ആ കുഞ്ഞ് പട്ടിണികിടന്നു മരിക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍ .ഞാന്‍ ഡയറ്റ്‌കണ്‍ട്രോളിലാണ് എന്നു പറയുന്നവര്‍ ഞാന്‍ മറ്റുള്ളവരുടെ ഭക്ഷണം അപഹരിക്കുന്നതു നിര്‍ത്തി എന്നു മാറ്റിപ്പറയേണ്ടിയിരിക്കുന്നു.
" ആശയമല്ല ആമാശയമാണ് " വലുത്
അതിനിപ്പോഴെന്താ.................
അതിനിപ്പോഴെന്താ.................
ഒരു ദിവസം പുലര്‍ച്ചെ 'മാര്‍ക്കറ്റില്‍ അടി നടക്കുന്നു പെട്ടന്നു തന്നെ അവിടെ എത്തണം' എന്ന ഫോണ്‍ കോള്‍ വന്നപ്പോള്‍ സ്‌റ്റേഷന്‍ ചാര്‍ജ്ജിലുണ്ടായ ഞാന്‍ മറ്റൊരു പോലീസുകാരനേയും കൂട്ടി സ്‌റ്റേഷനില്‍ നിന്നും ഏഴു കിലോമീറ്റര്‍ അകലെയുള്ള മാര്‍ക്കറ്റു വരേയും മാര്‍ക്കറ്റിലെ പ്രശ്‌നം പരിഹരിച്ചതിനുശേഷം തിരിച്ചു സ്‌റ്റേഷന്‍വരേയും സ്റ്റേഷന്‍ ജീപ്പോടിച്ചു. ഒരിക്കല്‍ എനിക്കയിത്തം കല്‌പിച്ച ആ വാഹനം ഞാനെടുത്ത് ഓടിച്ചിട്ടും പറയത്തക്ക ഒരു ചര്‍ച്ചപോലും ഉണ്ടായില്ല എന്നുമാത്രമല്ല ഞാന്‍ തന്നെ അതെപ്പറ്റി പറഞ്ഞപ്പോള്‍" അതിനിപ്പോഴെന്താ നിങ്ങള്‍ക്ക് ഓതറൈസേഷന്‍ ഉള്ളതല്ലേ " എന്നായിരുന്നു ഒരു സഹപ്രവര്‍ത്തകന്റെ മറുപടി.
Thursday, May 13, 2010
കോലം മാറുക.
സഹപ്രവര്‍ത്തകയായ പോലീസുകാരിയെ ഏതോ രണ്ട് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ബസ്‌റ്റാറെിലിരിക്കെ അശ്ലീലം പറഞ്ഞു.വിവരം ഫോണ്‍ മുഖേനെ അറിയിച്ച ഉടനെ തന്നെ പോലീസ് ജീപ്പുമായി പോയി കക്ഷികളെ സ്‌റ്റേഷനിലെത്തിച്ചു.പിന്നീട് അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍.ഒരു കമ്#റെടിക്കു പോലും സ്വയം പരിഹാരം കാണാന്‍ കഴിയാത്തത് ഒരു പോരിമയായി എനിക്കും തോന്നിയില്ല.താന്‍ കേട്ട അശ്ലീലം മറ്റു നാലുപേരോടുകൂടി പറഞ്ഞ് അതിന്റെ ചെലവില്‍ അവരും കുറേ അശ്ലീലം പറഞ്ഞ് അതിന്റെ വ്യാപ്‌തി കൂട്ടുന്നതിലും ഭേദം തന്റെ കഴിവുകേട് അംഗീകരിച്ച് സഹിക്കുന്നതു തന്നെയല്ലേ.?
ഇതു രണ്ടിനും കഴിയുന്നില്ലെങ്കില്‍ പെണ്ണിന് സമൂഹം കല്‌പിച്ചു തന്ന കോലം (മുടി, വസ്‌ത്ര ധാരണ രീതി )മാറ്റാന്‍ തയ്യാറായി എന്നെപ്പോലെ ആണ്‍ കോലത്തില്‍ നടക്കുക. ഏതു തിരക്കിലും ഒരാളും തോണ്ടാനോ ,പിടിക്കാനോ , അശ്ലീലം പറയാനോ വരില്ല .പേഴ്‌സ് ഒഴികെ ഒന്നും ശ്രദ്ധിക്കാതെ എവിടെ വേണമെങ്കിവും കിടന്നുറങ്ങാം.ആണ്‍ രൂപത്തില്‍ മാത്രമേ ആണിന് പെണ്‍ ശരീരത്തോടുള്ള ആര്‍ത്തിയും ആക്രാന്തവും ഒഴിവാക്കാനാകൂ എന്ന് ബോധ്യമായാല്‍ അവരോട് യുദ്ധം ചെയ്യാതെ അവരുടെ തന്നെ പ്രതിരൂപമാകുക (ആണും പെണ്ണും ഒറ്റ നോട്ടത്തില്‍ ഒരു പോലെയായാല്‍ ആണിനെങ്ങിനെ ചൂഷണം ചെയ്യാനാകും?)മറ്റൊന്നിനുമല്ല അവരുടെ അറക്കുന്ന വാക്കുകളും സ്‌പര്‍ശനങ്ങളും ഒഴിവാക്കുകയെങ്കിലും ചെയ്യാമല്ലോ.
നമ്മുക്ക് ആനന്ദിക്കാനും നമ്മെ ആനന്ദിപ്പിക്കാനും ഉപാധിയാകേണ്ട നമ്മുടെ ശരീരം നമ്മെ പേടിപ്പിക്കാനും നമ്മുക്ക് പേടിക്കാനുമുള്ള ഒന്നായിതീരുമ്പോള്‍ നാം അതിനെ അവഗണിക്കുക തന്നെ വേണം.
Saturday, May 1, 2010
വിധിക്കപ്പെട്ട വര്‍ഗ്ഗം
കേരളാ പോലീസ് അസോസിയേഷന്റെ തൃശ്ശൂര്‍ ഘടകം സംഘടിപ്പിച്ച ചര്‍ച്ച വിഷയം സിനിമയിലെ പോലീസും യഥാര്‍ത്ഥപോലീസും. വേദിയില്‍ എന്നെക്കണ്ടതുകൊണ്ടോ എന്തോ പ്രാസംഗികരിലൊരാള്‍ തന്റെ അഭിപ്രായപ്രകടനത്തില്‍ "ഈയിടെ നടന്ന ഒരു സിനിമാനടിയുടെ വിവാഹത്തോടനുബന്ധിച്ച് മൊബൈല്‍ ഫോണില്‍ വ്യാപകമായി വന്ന ഒരു മെസേജ് നിങ്ങളും കണ്ടു കാണുമല്ലോ......... ? ഒരു പൊതുമേഖലാ സ്ഥാപനം കൂടി സ്വകാര്യവല്‍ക്കരിച്ചിരിക്കുന്നു. സദസ്സില്‍ കൂട്ടച്ചിരി.വിഷയത്തില്‍ അധിഷ്ടിതമായും അല്ലാതേയും വളരെ ഗൗരവമായി സംസാരിച്ച് അയാള്‍ തന്റെ വാക്കുകള്‍ അവസാനിപ്പിച്ചു .എന്റെ ഊഴത്തില്‍ ഞാന്‍ ഇങ്ങനെ തുടങ്ങി.first I am a woman ,then i am a police.അതുകൊണ്ടു തന്നെ എനിക്ക് ഇപ്പോള്‍ പറഞ്ഞ ആ സ്വകാര്യവത്‌ക്കരണത്തെക്കുറിച്ച് പറഞ്ഞേ മതിയാകൂ......... പുരുഷന്‍ എപ്പോഴും വിശ്വാസത്തിന്റെ ലോകത്തിലാണ്. അവന് വിശ്വസിക്കാന്‍ മാത്രമേ നിര്‍വ്വാഹമുള്ളൂ.വിവാഹം കഴിയുന്നതോടെ സ്‌ത്രീ സ്വകാര്യസ്വത്തായി മാറി എന്നതു പുരുഷന്റെ വിശ്വാസം മാത്രമാണ്.നിങ്ങളുടെ പ്രണയിനി മറ്റൊരാളെ വിവാഹം കഴിച്ചു എന്നുവെച്ച് നിങ്ങള്‍ അവളോട് സംസാരിക്കാതിരിക്കുന്നുണ്ടോ ? അവള്‍ക്ക് മെസേജുകള്‍ അയക്കാതിരിക്കുന്നുണ്ടോ ?.അതുപോലെ തിരിച്ചും .കുടുംബത്തിന്റെ സമാധാനം പരിഗണിച്ച് രണ്ടുകൂട്ടരും പരസ്‌പരം ചര്‍ച്ച ചെയ്യുന്നില്ലെന്നു മാത്രം.കാക്കയുടെ കൂട്ടില്‍ കുയിലിന്റെ മുട്ടയാണോ എന്ന് കാക്കയെങ്ങനെ അറിയും.അത് കൃത്യമായ വേര്‍തിരിവ് കാണിക്കും വരെയെങ്കിലും കാക്കക്ക് വിശ്വസിക്കുകമാത്രമേ നിര്‍വ്വാഹമുള്ളൂ.പാവം കാക്ക വിശ്വസിക്കാന്‍ മാത്രം വിധിക്കപ്പെട്ട വര്‍ഗ്ഗം. ഇനി നമ്മുക്ക് വിഷയത്തിലേക്കു കടക്കാം.പിന്നീട് ചര്‍ച്ചയുടെ വിഷയത്തില്‍ നിന്നുകൊണ്ടുമാത്രം സംസാരിച്ച് ഞാന്‍ അവസാനിപ്പിച്ചു.
Saturday, April 24, 2010
വര നിയമം
എന്റെ വിവാഹം കഴിഞ്ഞ് അഞ്ചാം നാള്‍ രാത്രിയില്‍ അമ്മയും നാത്തൂനും ദാസേട്ടനും കൂടി കാര്യമായ ചര്‍ച്ചയിലാണ്.തറവാട്ടിലെ ആണുങ്ങള്‍ എങ്ങനെയായിരിക്കണം എന്നതാണ് വിഷയം.
"രാജനെ കണ്ടില്ലേ................. ഓന്‍ വരച്ച വരേമ്മല് നിര്‍ത്തും ഓള....(അവളെ),കൃഷ്‌ണന്റെ കാര്യെന്താ മോശാ.... നെലക്ക് നിന്നില്ലേല് ഓള് വിവരറിയും.ഇവിടുത്തെ പെങ്കുട്ടികള് ഭര്‍ത്താക്കന്മാര് വരച്ച വരേന്റെ അപ്പറം കടക്കൂല................. "
ഏതോ സത്‌ക്കാരം കഴിഞ്ഞ് ക്ഷീണിച്ചെത്തി കുളി കഴിഞ്ഞ് കിടക്കാന്‍ തുടങ്ങവേയാണ് ചര്‍ച്ച.ക്ഷീണം കാരണം ഞാന്‍ ആരേയും തന്നെ കാര്യമായി ഗൗനിക്കാതെ കിടന്നു.എന്റെ കട്ടിലിന്റെ കാല്‍ ഭാഗം അറ്റത്തയി്‌ട്ടാണ് ദാസേട്ടന്‍ഇരുന്നിരുന്നത്.അമ്മയും നാത്തൂനും തൊട്ടടുത്ത മുറിയിലെ കട്ടിലിന്റെ അറ്റത്തും.കാഴ്‌ചയിലും പെരുമാറ്റത്തിലും അല്‌പം തന്റേടിയായ എനിക്കുള്ള മുന്നറിയിപ്പാണത് എന്നു മനസ്സിലാക്കാന്‍ പ്രത്യേകിച്ച് ചിന്തിക്കേണ്ട ആവശ്യമില്ലായിരുന്നു.പുതക്കാനായി കാല്‍ ഭാഗത്ത് മടക്കിയിട്ടിരുന്ന കമ്പിളി എടുക്കാനെന്നവണ്ണം എഴുന്നേറ്റ് ആ കമ്പിളി നിവര്‍ത്തികൊണ്ട് തെല്ലുച്ചത്തില്‍ തന്നെ പറഞ്ഞു
"അമ്മേ വര നിയമം ഒന്നും ഇനിയും മാറ്റണ്ട ഒരു ചെറിയ വ്യത്യാസം മാത്രം ഞാന്‍ നില്‌ക്കുന്നിടത്തൊക്കെവന്ന് ദാസേട്ടന്‍ വരക്കണം " കമ്പിളിയുടെ മടക്കുകള്‍ നിവര്‍ത്തി സുഖമായി പുതച്ച് ഞാന്‍ കിടന്നു. ചര്‍ച്ചയുടെ ഒഴുക്ക് പെട്ടന്ന് മുറിഞ്ഞു.കല്ല്യാണച്ചിലവും , വരാത്ത ആളുകളുടെ പേരുകളും അങ്ങിനെ പലതും പറഞ്ഞ് രണ്ടു മിനിട്ടുകൊണ്ട് ആ സംഭാഷണം അവസാനിപ്പിച്ച് എല്ലാവരും കിടന്നു.
Friday, April 9, 2010
പര്‍ദ്ദകള്‍ വാടകക്ക്
പര്‍ദ്ദകള്‍ വാടകക്ക്
സുഹൃത്തിനോടൊപ്പം മുംബെ കാണാനായി പോയതായിരുന്നു.തിരക്കേറിയ വാശി റയില്‍വേസ്‌റ്റേഷനിലെ കാഴ്‌ചകള്‍ കണ്ടുകൊണ്ട് ഒരു ബെഞ്ചില്‍ ഞങ്ങള്‍ ഇരുന്നു. രണ്ടു സ്‌ത്രീകള്‍ വളരെ സാവധാനം ഞങ്ങള്‍ക്കരികിലായി ഇരുന്നു.അവരുടെ രണ്ടു പേരുടെ കൈയ്യിലും ഓരോ സ്യൂട്ട്‌കേയ്‌സ് ഉണ്ടായിരുന്നു.കാഴ്‌ചയില്‍ അമ്മയും മകളുമാണെന്ന് തോന്നുന്ന അവര്‍ സാരിയും ചുരിതാറുമാണ് ധരിച്ചിരുന്നത് . അവരേറെ ആഹ്ലാദഭരിതരായിരുന്നു.ശബ്ദം കൂട്ടിയും കുറച്ചും സംസാരിച്ചും ഇടക്കൊക്കെ പൊട്ടിച്ചിരിച്ചുകൊണ്ടുമാണ് അവര്‍ ഞങ്ങളുടെ അടുത്തെത്തിയത്.വന്നയുടനെ അവര്‍ രണ്ടുപേരും സംസാരിച്ചുകൊണ്ടു തന്നെ സ്യൂട്ട്‌കെയ്‌സിന്റെ സിബ്ബ് തുറന്ന് അതില്‍ വെച്ചിരുന്ന പര്‍ദ്ദയെടുത്തു.ശേഷം യാതൊരു വിധ സങ്കോചവും കൂടാതെ കണ്ണൊഴികെ ബാക്കി ഭാഗങ്ങള്‍ മറച്ചു. പിന്നീടവര്‍ മറ്റു രണ്ടു വ്യക്തികളായി അവിടെ നിന്നും നടന്നു നീങ്ങി.ഈ കാഴ്‌ച എന്നെ അത്ഭുതപ്പെടുത്തി.എന്റെ അത്ഭുതം ഞാന്‍ സുഹൃത്തിനെ അറിയിച്ചപ്പോള്‍ അവര്‍ വളരെ നിസ്സാരമായി പറഞ്ഞു " മാഡം ഇതൊക്കെ ഇവിടെ പതിവാ.................... അവര്‍ വല്ല ബന്ധുവീട്ടിലും പോകുകയായിരിക്കും.അവരുടെ കണ്ണില്‍ പൊടിയിടാനാ.............. ഒരു പര്‍ദ്ദയുടെ ഇരട്ടി വിലകൊടുത്താല്‍ പര്‍ദ്ദകള്‍ വാടകക്ക് കിട്ടുന്ന അനവധി കടകളിവിടുണ്ട്.മടക്കികൊടുക്കുമ്പോള്‍ പകുതി വില തിരിച്ചുകൊടുക്കും" അവര്‍ നിസ്സാരമട്ടില്‍ പറഞ്ഞു.
Thursday, April 1, 2010
അതിനെന്താ കുടുംബശ്രീയില്ലേ............
അതിനെന്താ കുടുംബശ്രീയില്ലേ............
പോലീസ് പൊതുജന സൗഹൃദസദസിലേക്ക് പഞ്ചായത്ത് പ്രസിഡണ്ടിനെ ക്ഷണിക്കാനും പഞ്ചായത്തിന്റെ സഹകരണം ഉറപ്പുവരുത്താനുമായി പോലീസ് അസോസിയേഷന്റെ ഭാരവാഹികളൊപ്പം പോയതായിരുന്നു.പോലീസ് അസോസിയേഷന്റെ സെക്രട്ടറി പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രസിഡണ്ടിനെ ക്ഷണിച്ചതിനു ശേഷം പറഞ്ഞു
" പ്രസിഡണ്ടേ........... ഇത് നമ്മുടെ പരിപാടിയാണ്.അതുകൊണ്ട്‌തന്നെ ഇത് വിജയിപ്പിക്കേണ്ടതും നമ്മളാണ്.മന്ത്രിയും, എംപിയും, എം എല്‍ എ യും എല്ലാം പങ്കെടുക്കുന്ന പ്രോഗ്രാമാണ് നല്ല ഓഡിയന്‍സ് ഉണ്ടായിരിക്കണം " സെക്രട്ടറി പറഞ്ഞു തീര്‍ന്നില്ല പ്രസിഡണ്ട് ഗൗരവത്തോടെ പറഞ്ഞു
" അതിനെന്താ കുടുംബശ്രീ ഇല്ലേ................. പഞ്ചായത്തില്‍ 250 കുടുംബശ്രീയുണ്ട്.ഒരാളുവീതം വന്നാലും 250 പേരായില്ലേ. നിര്‍ബന്ധമായും പങ്കെടുക്കാന്‍ ഞാന്‍ പറയാം" .കാര്യകാരണങ്ങളറിയാതെ ഏതു പദ്ധതികളും മീറ്റിംഗുകളും വിജയിപ്പിക്കാന്‍ വിധിക്കപ്പെട്ട കുടുബശ്രീയുടെ പങ്കാളിത്തം ഉറപ്പു വരുത്തി ഞങ്ങളും സന്തോഷത്തോടെ മടങ്ങി.
Sunday, March 28, 2010
ഒന്ന് സഹായിക്കാതിരുന്നാല്‍ മാത്രം മതി..............................
Thursday, March 25, 2010
അവളിപ്പോഴും സൂ................പ്പര്‍
അവളിപ്പോഴും സൂ................പ്പര്‍
രണ്ടു ദിവസത്തെ വിശ്രമമില്ലാത്ത ഔദ്യോഗിക ഡ്യൂട്ടിയില്‍ എന്നെ ഏറെ സഹായിച്ച ചടുലതയുള്ള ചെറുപ്പക്കാരനായിരുന്നു ജലീല്‍ .തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഇത്രയേറെ കഷ്ടപ്പെടാനും ത്യാഗം ചെയ്യാനുമുള്ള ജലീലിന്റെ നല്ല മനസ്സ് ഭൂമിയിലിപ്പോഴും നന്മ വറ്റിയിട്ടില്ലെന്നതിന്റെ തെളിവായി എനിക്കു തോന്നി.മിതഭാഷിയായ ജലീല്‍ ഏറെ തിരക്കും ഉത്തരവാദിത്തങ്ങളും ഉള്ള വ്യക്തിയാണെന്നും ആര്‍ക്കൊക്കയോ ഏറെ വേണ്ടപ്പെട്ടവനാണെന്നും അയാളുടെ ഫോണ്‍ സന്ദേശങ്ങളിലൂടേയും,ആളുകള്‍ അയാളോട് പെരുമാറുന്ന രീതിയില്‍ നിന്നും എനിക്ക് ബോധ്യമായി.രണ്ടാമത്തെ ദിവസം ഉച്ചയോടെ ജലീലിന്റെ കുടുംബത്തെക്കുറിച്ചന്യേഷിച്ചു.
" ജലീല്‍ married അല്ലേ , കുട്ടികള്‍ "?
"അതെ. " ജലീല്‍ ഉത്തരം പറഞ്ഞ് നിര്‍ത്തി.
"കുട്ടികളില്ലേ" സ്വാഭാവികമായ ജിജ്ഞാസയോടെ ഞാന്‍ ചോദിച്ചുപോയി.
"ഉം............ " ജലീല്‍ ഒരു മൂളലില്‍ നിര്‍ത്തി.
"എത്ര പേരുണ്ട് "? ഞാന്‍ ശീലിച്ച രീതിയില്‍ തുടര്‍ന്നു.
" പന്ത്രണ്ട് " വളരെ നിസ്സാര ഭാവത്തില്‍ പറഞ്ഞ് ജലീല്‍ ഡ്രൈവിംഗ് തുടര്‍ന്നു.
"ന്റെമ്മോ............ പന്ത്രണ്ടോ...... അവരാകെ തളര്‍ന്നിട്ടുണ്ടാകുമല്ലോ " ഒരു നിമിഷം എന്റെ ശ്വാസം പോലും നിന്നുപോയിഎന്റെ അത്‌ഭുതത്തെ ഒന്നുകൂടി അത്ഭുതപ്പെടുത്തിക്കൊണ്ട് ഡ്രൈവിംഗിനിടെ വലതുകൈയ്യുയര്‍ത്തി തള്ളവിരല്‍ പുറകോട്ടു മടക്കി വീറോടെ ജലീല്‍ പറഞ്ഞു " ഉം....................... അവളിപ്പോഴും സൂ....................പ്പര്‍ "
Tuesday, March 16, 2010
അഭ്യര്‍ത്ഥന
അഭ്യര്‍ത്ഥന
തിരുവന്തപുരത്തുള്ള ഹിന്ദികോളേജിലെ ഒരു ചടങ്ങ് . അഥിതിയായി എന്നെ കൂടാതെ വേദിയില്‍ ആറു പുരുഷന്മാരും ഉണ്ടായിരുന്നു.(മുപ്പതിനും എഴുപതിനും മധ്യേ പ്രായമുള്ളവര്‍)സ്വാഗത പ്രാസംഗികന്‍ ഓരോരുത്തര്‍ക്കും സ്വാഗതമരുളുമ്പോള്‍ സ്‌റ്റേജിനു പിന്നില്‍ നിന്നും സെറ്റു സാരി ധരിച്ച് മുല്ലപ്പൂ ചൂടി ചന്ദനക്കുറി അണിഞ്ഞ സുന്ദരികളായ യുവതികള്‍ സ്വാഗതമരുളുന്ന വ്യക്തികള്‍ക്ക് റോസാപ്പൂകൊണ്ടുള്ള ഓരോ ബൊക്കെകള്‍ കൊടുത്തു.അഞ്ചാമതായിട്ടാണ് എനിക്ക് സ്വാഗതം പറഞ്ഞത്.എനിക്കും കിട്ടി സുന്ദരിയില്‍ നിന്നും ഒരു ബൊക്കെ.എന്റെ പ്രസംഗവേളയില്‍ ഞാന്‍ ഇങ്ങനെ തുടങ്ങി.
"എന്നെ വിളിച്ചതില്‍ എനിക്കു സന്തോഷമുണ്ടെങ്കിലും നിങ്ങളുടെ ബൊക്കെ തന്ന രീതിയില്‍ ഞാന്‍ തീര്‍ത്തും നിരാശവതിയാണ്. ഇവിടിരിക്കുന്ന പ്രായഭേദമന്യേ എല്ലാ പുരുഷന്മാര്‍ക്കും സുന്ദരികളായ യുവതികള്‍ ബൊക്കെ കൊടുക്കുന്നതും അവരെല്ലാം ആ സുനദരിമാരോട് ചിരിച്ച് ചാരിതാര്‍ത്ഥ്യത്തോടെ ബൊക്കെ വാങ്ങുന്നതും കണ്ടപ്പോള്‍ ഞാനും കൊതിയോടെ കാത്തിരുന്നു, കൗപീനം നിഴലിക്കുന്ന ഒറ്റമുണ്ടുടുത്ത് രണ്ടാം മുണ്ടും തോളിലിട്ട് ചന്ദനക്കുറിയണിഞ്ഞ ഒരു സുന്ദരന്‍.ആ സുന്ദരന്റെ വിരലുകളില്‍ മനപ്പൂര്‍വ്വമല്ലാതെന്നവണ്ണം നന്നായിട്ടൊന്ന് സ്‌പര്‍ശിച്ച് സായൂജ്യമടയാന്‍ ഞാനും വല്ലാതെ മോഹിച്ചുപോയി.തീര്‍ച്ചയായും ഞാന്‍ നിരാശപ്പെട്ടു.അടുത്ത തവണ നിങ്ങള്‍ എന്നെ വിളിക്കുകയാണെങ്കില്‍ ബൊക്കെ തരാന്‍ ഒരു സുന്ദരനെ ശട്ടംകെട്ടണേ...... ഞാന്‍ അവരോടഭ്യര്‍ത്ഥിച്ചു.
Tuesday, March 9, 2010
മിഠായി
രാജ്യസഭയില്‍ വനിതാബില്‍ പാസായതിനെത്തുടര്‍ന്ന് ' ചരിത്രപരമായ നിമിഷം ' എന്ന ടെലിവിഷന്‍സ്ലൈഡ് കണ്ട് ഞാന്‍ എന്റെ ഗ്രാമമായ മാടക്കരരയിലേക്കോടി.പ്രതീക്ഷിച്ചതായ യാതൊരുവിധ ആരവങ്ങളോ , ജയ് വിളിയോ ഇല്ലാതെ ആണുങ്ങള്‍ കൂട്ടം കൂട്ടമായി നാട്ടുകാര്യങ്ങള്‍ പറയുന്നു.ഞാന്‍ സനിക ബേക്കറിയില്‍ നിന്നും കുറച്ചു മിഠായി വാങ്ങി ടൗണിലുള്ള ആണ്‍കൂട്ടങ്ങള്‍ക്ക് വിതരണം ചെയ്‌തു.ഓരോരുത്തരും കാര്യം തിരക്കി.വനിതാ ബില്ല് പാസായതിന് എന്നു ഞാന്‍ മറുപടിയും കൊടുത്തു.ടൗണില്‍ മിഠായി വിതരണം നടത്തി ഞാന്‍ വീട്ടിലെത്തി.അല്‌പം കഴിഞ്ഞപ്പോള്‍ എന്നെകാണാന്‍ ജോര്‍ജ്ജേട്ടന്‍ എത്തി.ഞാന്‍ ജോര്‍ജ്ജേട്ടനോട് കാര്യം തിരക്കി.(മിനിട്ടുകള്‍ക്കു മുമ്പ് കണ്ടതുകൊണ്ട് )"മാഡം ഞാന്‍ നിങ്ങളെയൊന്ന് അഭിനന്ദിക്കാന്‍ വന്നതാ..... " " എന്തിനാ ജോര്‍ജ്ജേട്ടാ വനിതാ ബില്ല് പാസായ വകയിലാ " ഞാന്‍ എന്റെ സംശയം തുറന്നു ചോദിച്ചു." അതിനു മാത്രമല്ല ആ സമയം വരെ ആര്‍ക്കും ഒരു വിഷയം പോലുമല്ലാതിരുന്ന വനിതാബില്‍ ആ മിട്ടായി വിതരണത്തിനുശേഷം എല്ലാവരുടേയും മുഖ്യ വിഷയമായി മാറി.മാടക്കരയിലിപ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്നതുതന്നെ വനിതാബില്ലാണ്.ഒരു മിഠായിക്ക് ഇത്രയും കഴിവുണ്ടെന്നിപ്പഴാ മനസ്സിലായത്. ജോര്‍ജ്ജേട്ടന്‍ ചിരിച്ചു.ജോര്‍ജ്ജേട്ടന്‍ പറഞ്ഞപ്പോള്‍ മാത്രമാണ് ആ മിഠായി വിതരണത്തിന്റെ ഉദ്ദേശം ഞാനും ഓര്‍ത്തത്.
Sunday, March 7, 2010
എന്തെല്ലാം പഠനങ്ങള്‍.......
Tuesday, March 2, 2010
സത്‌പേര് കാക്കുന്ന മൂപ്പന്‍ പെണ്‍കുട്ടികള്‍
വയനാട്ടിലെ ആദിവാസികളാണ് മൂപ്പന്‍മാര്‍.കുറുമര്‍ എന്നും പറയും.ഇവരുടെ കുടുംബങ്ങള്‍ സ്‌ത്രീകളെ വ്യാപകമായ ചൂഷണത്തിനു വിധേയമാക്കുന്നതിനുപയോഗിക്കുന്ന ഒരു ആചാരമാണ് കുലം.ഒരു പെണ്‍കുട്ടിക്ക് ഏതെങ്കിലും വിധത്തില്‍ ഒരു വിവാഹം ആരെങ്കിലും തരപ്പെടുത്തുമ്പോള്‍ കുലം ചേരില്ലെന്നു പറഞ്ഞ് കാരണവന്‍മാര്‍ വളരെ എളുപ്പത്തില്‍ ആ വിവാഹം മുടക്കുന്നു. ഒരു പുരുഷനും കുലം ചേരാത്തതിന്റെ പേരില്‍ വിവാഹം കഴിക്കാതേയുമിരിക്കുന്നില്ല എന്നതാണ് ഇതിലെ പൊള്ളത്തരം. ചൊവ്വാദോഷത്തന്റേയും ശുദ്ധ ജാതകത്തിന്റേയും പേരില്‍ വിവാഹം മുടങ്ങുന്ന മേല്‍ജാതിക്കാരില്‍ ആണും പെണ്ണും ഒരുപോലെയുണ്ട് എന്നതും ഈ അവസരത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്. ഇന്ന് ഏതൊരു മൂപ്പന്‍ കോളനിയെടുത്താലും മുപ്പതു വയസ്സില്‍ ഏറെ പ്രായമുള്ള അവിവാഹിതരായ നാലും അഞ്ചും യുവതികളെ നമ്മുക്ക് കാണാനാകും.ഇവരുടെ സ്വത്തും അധ്വാനവും ഇവര്‍ കുടുംബത്തിനു വേണ്ടി തന്നെ ഉപയോഗിച്ച് യാതൊരു മാനസീകാനന്ദവും കണ്ടെത്താനാകാതെ നിസ്സഹായരായി ജീവിക്കന്നത് ആരിലും സഹതാപം ഉളവാക്കും. സമുദായത്തിന്റെ വിലക്കും പുറത്താക്കലും ഭയന്ന് ഇവര്‍ പ്രേമിക്കാന്‍ പോലും മടിക്കുന്നു. ഇവരില്‍ ഏതൊരു സ്‌ത്രീയോടും നമ്മള്‍ സ്വകാര്യമായി ചോദിച്ചാല്‍ അവരുടെ ചെറുപ്പകാലത്ത് ഒരു നിബന്ധനയുമില്ലാതെ അവരെ വിവാഹം കഴിക്കാന്‍ തയ്യാറായ പുരുഷന്മാരെ കുറിച്ച് അവര്‍ക്ക് പറയാന്‍ മധുരിക്കുന്ന ഒരു കഥയുമുണ്ടാകും.ബ്രോക്കര്‍ മാരില്ല എന്നതാണ് ഇവര്‍ക്കിടയിലെ മറ്റൊരു കാര്യം.പെണ്ണിനെ തേടി ആണ് വരികതന്നെ വേണം.തന്റെ വീട്ടില്‍ ഒരു പെണ്ണുണ്ട് എന്ന് വീട്ടുകാര്‍ മറ്റുള്ളവരെ അറിയിക്കുക എന്നത് ഒരു കുറച്ചിലായും ഇവര്‍ കാണുന്നു.വീട്ടിലുള്ള ആണ്‍കുട്ടികള്‍ ഇരുപതു വയസ്സാകുമ്പോഴേക്കും പെണ്ണു തേടി ഇറങ്ങും. ഇരുപത്തഞ്ചു വയസ്സാകുമ്പോഴേക്കും അവരുടെ വിവാഹവും തരപ്പെടും.സമൂഹവിവാഹത്തിലും ഇവര്‍ക്ക് കാര്യമായ യാതൊരു പങ്കും ഇല്ല.അത് തികച്ചും ആലോചിക്കാനും ചിന്തിക്കാനും ആളുകളുള്ള മേല്‍ജാതിക്കാര്‍ക്കു മാത്രമുള്ളതാകുന്നു.കുടുംബ ജീവിതത്തെപ്പറ്റി ചോദിക്കാനും പറയാനും ആരുമില്ലാത്ത ഈ യുവതികള്‍ ഈ കുടുംബങ്ങളുടെയെല്ലാം സത്‌പേരും നിലനിര്‍ത്തി തങ്ങളുടെ യൗവ്വന ചിന്തകള്‍ സ്വന്തം മനസ്സില്‍ തന്നെ കുഴിച്ചുമൂടി കാലം കഴിക്കുന്നു.
Thursday, February 25, 2010
കുണ്ടപേറണം......................
പുലര്‍ച്ചെ മൂന്നുമണിക്ക് ഡ്യൂട്ടി കഴിഞ്ഞ ഉടനെ ഞാനെന്റെ ബൈക്കെടുത്ത് വീട്ടിലേക്ക് തിരിച്ചു.കിട്ടുന്ന എട്ടു മണിക്കൂര്‍ റെസ്റ്റില്‍ കുട്ടികളുടെ അടുത്തെത്താമല്ലോ എന്ന ചിന്തയാണ് ഒന്നര മണിക്കൂര്‍ ബൈക്കോടിച്ച് വീട്ടിലേക്കോടാന്‍ എന്നെ നിര്‍ബന്ധിച്ചത്.യാത്രക്കിടയിലാണ് അതേ റൂട്ടില്‍ തന്നെ വീടുള്ള സഹപ്രവര്‍ത്തകയെ വിളിക്കാന്‍ മറന്നുപോയ കാര്യം ഓര്‍ക്കുന്നത്. പിറ്റേന്ന് (അന്നു തന്നെ) അവരെ കണ്ടപ്പോള്‍ ............ പോകുമ്പോള്‍ വിളിക്കാന്‍ മറന്നുപോയി...എന്ന് ഒരു കുറ്റബോധത്തോടെ ഞാന്‍ പറഞ്ഞപ്പോള്‍ അവരുടെ മറുപടി ഇപ്രകാരമായിരുന്നു.` സാറേ.................. ഞാനറഞ്ഞിരുന്നു സാറ് പോകുന്നതൊക്കെ എന്തിനാപ്പം വീട്ടീ പോയിട്ട് എന്തായാലും ഒറങ്ങാന്‍ പറ്റില്ല.പിന്നെ വെറുതെ പോയി കുണ്ട പേറാനോ.ഇവിടെത്തന്നെ ഇരുന്നതുകൊണ്ട് മനസമാധാനത്തോടെ ഉറങ്ങി.ഭക്ഷണം കഴിച്ചു.കുളിച്ചു.അതുകൊണ്ടെന്താ നല്ല ഫ്രഷായി ഡ്യൂട്ടി ചെയ്യാം.സാറിനെന്ത് റെസ്റ്റാ കിട്ടിയത് ? സാറിന് പിന്നൊന്നുമല്ലെങ്കിലും സ്വന്തം വീടാ....എനിക്കതുപോലല്ല തറവാടാ..ഇത്ര കഷ്ടപ്പെട്ട് അവടെച്ചെന്ന് നൂറ് കുറ്റോം കേട്ട് തിരിച്ചിങ്ങോട്ടോടണം.ആദ്യമൊക്കെ ഞാന്‍ ഇതുപോലെ ഡ്യൂട്ടി റെസ്റ്റില്‍ വീട്ടിലേക്കോടുമായിരുന്നു.ചെയ്‌ത ഡ്യൂട്ടിക്ക് അനുവദിക്കുന്ന റെസ്‌റ്റ് ചെയ്‌ത ഡ്യൂട്ടിയുടെ ക്ഷീണം തീര്‍ക്കാന്‍ തന്നെ ഉപയോഗിക്കണം സാറേ.......................` ഒരു തത്വചിന്തകയുടെ ഭാവത്തോടെ അത്രയും പറഞ്ഞ് ലത്തിയുമെടുത്ത് സാവധാനം ഡ്യൂട്ടിക്കായി അവള്‍ പുറത്തേക്കുപോയി.തിരക്കിട്ട് യൂണിഫോം ധരിച്ച് ഓടിക്കിതച്ച് ഞാനും അവള്‍ക്കൊപ്പം കൃത്യ സമയത്തു തന്നെ ഡ്യൂട്ടിക്കെത്തി.
Wednesday, February 17, 2010
പ്രതികാരം
പ്രതികാരം
തുടര്‍ച്ചയായി തന്റെ വീട്ടിലെ മഴവെള്ള സംഭരണി ആരോ തുറന്നു വിടുന്നു എന്ന പരാതിയുമായി ഇടക്കിടെ ഒരു വൃദ്ധന്‍ സ്റ്റേഷനില്‍ വരാറുണ്ടായിരുന്നു. അപ്രകാരം ചെയ്യുന്നത് അടുത്ത വീട്ടിലുള്ള ഒരു സ്‌ത്രീയാണെന്നും താനതു കണ്ടു പിടിച്ചെന്നും സാറ് അവരെ വിളിച്ചൊന്ന് ചോദിക്കണമെന്നും അയാള്‍ സ്റ്റേഷനില്‍ വന്നു പറഞ്ഞപ്പോള്‍ .ഇരു കൂട്ടരേയും അന്നു നാലു മണിക്കു തന്നെ സ്‌റ്റേഷനിലെത്തിക്കാന്‍ ഒരു പോലീയുകാരനെ ചുമതലപ്പെടുത്തി.കൃത്യ സമയത്തു തന്നെ സ്റ്റേഷനിലെത്തിയ അവരോട് എസ്.ഐ കാര്യം തിരക്കി, ജല സംഭരണി തുറന്നു വിട്ടത് താന്‍ തന്നെ ആണെന്നവര്‍ സമ്മതിച്ചു. കാരണം ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു.`സാറേ എനിക്ക് കെട്ട്യോനില്ല. ഞാന്‍ കൂലിപ്പണിക്ക് പോയാണ് കുട്ടികളെ പോറ്റുന്നത്.എനിക്ക് കടയുടെ മുന്നിലൂടെ തന്നെ വേണം പണിക്കു പോകാന്‍. വൈകിട്ട് സാധനങ്ങള്‍ വാങ്ങാനും കടയില്‍ വരണം.ഞാനെപ്പൊ അതിലൂടെ പോകുമ്പളും ഇയാള്‍ അനാവശ്യം പറയും കൊറേ പ്രാവശ്യം എന്നെ അനാവശ്യം പറയരുതെന്ന് ഇയാളോട് ഞാന്‍ പറഞ്ഞിട്ടുമുണ്ട് .ഇയാള് നിര്‍ത്തണ്ടേ.... സഹിക്കാന്‍ പറ്റാഞ്ഞിട്ടാ സാറേ... ഇനി എന്നെ അനാവശ്യം പറയരുതെന്ന് സാറ് ഇയാളോട് പറയണം... പരാതി രമ്യമായി പരിഹരിച്ചു.എന്തായാലും പിന്നീടയാള്‍ പരാതിയുമായി സ്‌റ്റേഷനില്‍ വന്നിട്ടില്ല.
Wednesday, February 10, 2010
ആണുങ്ങളായാല്‍ പെണ്ണുങ്ങളെ തല്ലും.
ആണുങ്ങളായാല്‍ പെണ്ണുങ്ങളെ തല്ലും.
അച്ഛനും ആങ്ങളയും അമ്മയെ അടിക്കും.അവനേയും അച്ഛനേയും വിളിച്ചൊന്നു ഞെട്ടിക്കണം എന്നആവശ്യവുമായിട്ടാണ് ജയ സ്റ്റേഷനിലേക്കു വന്നത്.കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കിയപ്പോള്‍ അപ്പനും മോനും പലപ്പോഴും ജയയുടെ അമ്മയെ അടിക്കാറുണ്ടെന്നു മനസ്സിലായി.വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുന്ന ജയയോട് നേരിട്ടും ഫോണിലും പലപ്പോഴും ആങ്ങള പറയുന്നത്
"അമ്മടെ കൈയ്യിലിരിപ്പ് ശരിയല്ല ഇന്നും അപ്പനെടുത്തിട്ട് നല്ലണം കൊടുത്തു.ഞാനും കൊടുത്തു രണ്ടെണ്ണം" എന്നാണെന്ന് ജയ വിഷമത്തോടെ പറഞ്ഞപ്പോള്‍ ആങ്ങളയെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു.എസ്.ഐ പുറത്തുപോയതായതുകൊണ്ട് അയാളെ സ്‌റ്റേഷനില്‍ ഇരുത്തി.അല്‌പം കഴിഞ്ഞപ്പോള്‍ അയാളുടെ അച്ഛന്‍ സ്‌റ്റേഷനിലേക്ക് കയറിവന്ന് "എന്തിനാണ് എന്റെ മോനെ സ്‌റ്റേഷനില്‍ പിടിച്ചു വെച്ചതെന്നു പറഞ്ഞ് ബഹളം വെച്ചു.ഇതിനിടെ തന്നെ മുറ്റത്തുനിന്ന പോലീസുകാരുമായി അയാള്‍ സംസാരിക്കുന്നതും ഞാന്‍ ശ്രദ്ധിച്ചിരുന്നു.
".............അവനെന്ത് തെറ്റ് ചെയ്‌തിട്ടാ.... ....................."എന്നെല്ലാം പറഞ്ഞ് പ്രകോപിതനായി സ്റ്റേഷനിലേക്ക് കയറി വന്ന അയാളോട് "പെണ്ണുങ്ങളെ അടിച്ചു നന്നാക്കാന്‍ നിങ്ങള്‍ക്കാരാ അധികാരം തന്നത്‌് ?" എന്ന് അല്‌പം പരുഷമായിത്തന്നെ ഞാന്‍ ചോദിച്ചപ്പോള്‍ അയാള്‍ ഒരു അധ്യാപകന്റെ ഭാവത്തോടെ എന്നെനോക്കി പറഞ്ഞു "ആണുങ്ങളായാല്‍ പെണ്ണുങ്ങളെ തല്ലും"
Sunday, February 7, 2010
ഓതറൈസേഷന്‍ എന്ന കടലാസുപുലി
ഓതറൈസേഷന്‍ എന്ന കടലാസുപുലി
ഡിപ്പാര്‍്‌ട്ടുമെന്റെ ജീപ്പ് ഓടിക്കുക എന്ന മോഹം ഏറെക്കാലമായി പ്രകടിപ്പിക്കാന്‍ തുടങ്ങിയിട്ടെങ്കിലും പല പല കാരണങ്ങള്‍ കണ്ടെത്തി ഡിപ്പാര്‍ട്ട്‌മെന്റെിലെ ആണ്‍കോയ്‌മ അതു മുടക്കികൊണ്ടേയിരുന്നു.തിരുവനന്തപുരത്ത് ജോലി നോക്കുമ്പോള്‍ അന്നും ഞാന്‍ എന്റെ മോഹം കമ്മീഷണര്‍ക്കെഴുതി.പെണ്ണുങ്ങള്‍ക്കൊന്നും വണ്ടി കൊടുക്കില്ലെന്ന വാക്കാലുള്ള ഉത്തരം പോരെന്നും അത് രേഖാപരമായി വേണമെന്നും ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ എനിക്കു കിട്ടിയ മറുപടി ഇപ്രകാരമായിരുന്നു......... വനിതാ സ്റ്റേഷനില്‍ ഇപ്പോള്‍ ഒരു ഡ്രൈവര്‍ നിലവിലുള്ളതുകൊണ്ട് ഡ്രൈവറെ ആവശ്യമില്ല......... ഈ മറുപടിയില്‍ യാതൊരു നിയമ നടപടികള്‍ക്കും സാധ്യതയില്ലാത്തതിനാല്‍ ഞാന്‍ എന്റെ മോഹം അവിടെ അവസാനിപ്പിച്ചു.1992-ല്‍ LMV ലൈസന്‍സുള്ള എനിക്ക് ഒരിക്കല്‍ പോലും പോലീസ് ജീപ്പ് ഓടിക്കുന്നതിന് അവസരം ലഭിച്ചിട്ടില്ല.എങ്കിലും കഴിഞ്ഞരണ്ടു മാസം മുമ്പുവരെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് വല്ലപ്പോഴും തിരിച്ചു നിര്‍ത്തുകയും ,കഴുകുകയും ചെയ്യാറുണ്ടായിരുന്നു. വണ്ടിയുടെ കണ്ടീഷന്‍ നോക്കാനായി ഒന്നു രണ്ടു പ്രാവശ്യം സ്റ്റേഷനു പുറത്തേക്കും കൊണ്ടു പോയിട്ടുണ്ട്.ഡ്രൈവിംഗ് അറിയുന്ന പോലീസുകാര്‍ പലരും പുറത്തേക്കെടുത്തപ്പോള്‍ ആരും ശ്രദ്ധിക്കുകകൂടി ചെയ്യാതിരുന്ന ഈ നിസ്സാര പ്രശ്‌നം എന്റെ സ്റ്റേഷനിലെ പലരുടേയും മനസമാധാനം തന്നെ കെടുത്തി.നിങ്ങള്‍ക്ക് ലൈസന്‍സുണ്ടോ എന്നചോദ്യത്തിന് ലൈസന്‍സുണ്ടെന്ന് പറഞ്ഞപ്പോള്‍ ഡിപ്പാര്‍ട്ടുമെന്റെ് വാഹനം ഓടിക്കുന്നതിനുള്ള ഓതറൈസേഷന്‍ ഉണ്ടോ എന്നതായി അടുത്ത ചോദ്യം. സ്വന്തമായി കാര്‍ ഡ്രൈവ് ചെയ്‌ത് സ്‌റ്റേഷനില്‍ വരുന്ന എനിക്ക് ഓതറൈസേഷന്‍ എന്ന കടമ്പയിലൂടെയല്ലാതെ ഡിപ്പാര്‍ട്ടുമെന്റെ് ജീപ്പ് ഓടിക്കുക എന്ന മോഹം നടക്കില്ലെന്നു ബോധ്യമായപ്പോള്‍ ഞാന്‍ ഓതറൈസേഷനു വേണ്ടി അപേക്ഷിച്ചു.എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് 10 ദിവസത്തിനുള്ളില്‍ എനിക്ക് ഓതറൈസേഷന്‍ ലഭിച്ചു.എനിക്ക് അഭിമാനം തോന്നി.പക്ഷേ എനിക്ക് ഓതറൈസേഷന്‍ കിട്ടിയ അന്നു മുതല്‍ എന്നെക്കൊണ്ട് ആ വണ്ടിയുടെ സ്‌റ്റിയറിംഗ് തൊടീക്കാതിരിക്കാന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ തന്നെ നിര്‍ദ്ദേശം കൊടുത്തതായി പോലീസുകാര്‍ പറഞ്ഞറിഞ്ഞും നേരിട്ടും എനിക്ക് ബോധ്യമായി.സാധാരണ പുറത്തു പോയി വന്ന ജീപ്പ് സ്റ്റേഷനു മുന്നില്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍ ഇറങ്ങിപ്പോവുകയായിരുന്നു അതുവരെയുള്ള പതിവ്.മിക്കവാറും ഞാനായിരിക്കും അതു തിരിച്ചിടുക .എനിക്ക് ഓതറൈസേഷന്‍ കിട്ടിയ അന്നു മുതല്‍ ജീപ്പോടിക്കുന്നവര്‍ തന്നെ കൃത്യമായി അത് തിരിച്ചിടും.സബ്ബ് ഇന്‍സ്‌പെക്ടറുടെ കാരുണ്യമില്ലാതെ ഡിപ്പാര്‍ട്ട്‌മെന്റെ ജീപ്പ് ഓടിക്കാന്‍ കഴിയില്ലല്ലോ.ഓതറൈസേഷന്‍ എന്ന കടലാസു പുലി എന്റെ ഫയലില്‍ ഭദ്രം........
Thursday, February 4, 2010
വിശ്വാസം
വിശ്വാസം
2005 ഡിസംബര്‍ മാസം 25-ം തിയ്യതിയായിരുന്നു എന്റെ അച്ഛന്‍ മരിച്ചത്.പ്രമേഹസംബന്ധമായ അസുഖത്തെതുടര്‍ന്ന് ഒന്നര വര്‍ഷത്തോളം അച്ഛന്‍ കിടപ്പിലായിരുന്നു.കിടപ്പിലായ കാലത്തെല്ലാം അച്ഛനെ ചികിത്സിച്ചതും പരിചരിച്ചതും ഞങ്ങള്‍ അഞ്ചു പെണ്‍മക്കള്‍ തന്നെയായിരുന്നു.കിടപ്പിലായകാലത്തോ ചികിത്സയിലിരുന്ന കാലത്തോ പറയത്തക്ക യാതൊരു വിധ സഹകരണവും അച്ഛന്റെ ബന്ധുക്കളുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നില്ല.മരിച്ചു കഴിഞ്ഞ് ചടങ്ങുകള്‍ തുടങ്ങും മുമ്പ് ഉമ്മറത്തുനിന്നും മുതിര്‍ന്ന ആണുങ്ങള്‍ എന്തോ പ്രധാനകാര്യം ചര്‍ച്ച ചെയ്യുന്നു. ഞാനടുത്തെത്തിയപ്പോള്‍ മുത്തച്ഛന്‍ എന്നോടു ചോദിച്ചു,
മോളേ ആരാ ചെത കത്തിക്കുന്നത് ?
"വാസന്തിയേടുത്തി." ഞാനുത്തരം പറഞ്ഞു. (ഞങ്ങള്‍ അഞ്ചു പെണ്‍മക്കളില്‍ മൂത്തത് വാസന്തിയേടുത്തിയാണ്)
"എന്തിനാ.... നിങ്ങള്‍ക്കെല്ലാവര്‍ക്കും ആണ്‍കുട്ടികളുണ്ടല്ലോ ? പിന്നെന്താ....?മുത്തച്ഛന്‍ തെല്ലതിശയത്തോടെ ചോദിച്ചു.
"പെണ്‍കുട്ടികള് കത്തിച്ചാ എന്താ ചിത കത്തില്ലേ മുത്തച്ഛാ............... ? "ഞാനേറെ വിഷമത്തോടെ ചോദിച്ചു.
"അതല്ല മോളേ...അതിനുള്ള മനക്കരുത്ത് ഓക്ക് (വാസന്തിയേടുത്തിയെ ഉദ്ദേശിച്ചുകൊണ്ട്) ഇണ്ടാവ്വോ ?" മുത്തച്ഛന്‍ സംശയം പ്രകടിപ്പിച്ചു.ഞാന്‍ വാസന്തിയേടുത്തിയെ വിളിച്ച് വിവരം അറിയിച്ചു.വാസന്തിയേടുത്തി ഉടനെ തന്നെ പൊട്ടിക്കരഞ്ഞെങ്കിലും സമ്മതിച്ചു.അച്ഛനെ കുളിപ്പിക്കുന്നതു സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു.
"ഇത്രയും കാലം അച്ഛനെ കുളിപ്പിച്ചത് ഞാനല്ലേ. അച്ഛനെ അവസാനമായി ഞാന്‍ തന്നെ കുളിപ്പിക്കും" എന്ന് വനജേടുത്തി വികാരാധീനയായി പറഞ്ഞു.അച്ഛന്റെ ശരീരം കുളിപ്പിക്കലും ചിത കത്തിക്കലും എല്ലാം ഞങ്ങള്‍ മക്കള്‍ തന്നെ നടത്തി.തക്ക സമയത്ത് ചടങ്ങുകള്‍ക്കായി തയ്യാറെടുത്തു വന്ന അച്ഛന്റെ ബന്ധുക്കളായ പുരുഷ പ്രജകള്‍ അവസരം കിട്ടാതെ നിരാശരായി.തികച്ചും അര്‍ഹതപ്പെട്ടതു തന്നെയാണവര്‍ ചെയ്‌തത് എന്നും, ആത്മാവിന് ശാന്തി കിട്ടാതാക്കി എന്നുമുള്ള അഭിപ്രായങ്ങള്‍ വ്യാപകമായി പ്രചരിച്ചുഎങ്കിലും അച്ഛന്റെ ജേഷ്ടന്റെ മകനായ പ്രസാദിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അച്ഛന്റെ ആത്മാവിന് നിത്യശാന്തി തന്നെ ലഭിക്കും എന്നു ഞാനുറപ്പിച്ചു.
" അവര് ചെയ്‌തതില്‍ ഒരു തെറ്റുമില്ല. എനിക്കും രണ്ട് പെണ്‍കുട്ടികളാണ്.ഞാന്‍ മരിച്ചാല്‍ എന്റെ ചിത എന്റെ മക്കള് തന്നെ കത്തിക്കണം അതുംവെച്ചാരും വെലപേശരുത് എന്നതാണെന്റെ ആഗ്രഹം." പ്രസാദിനെപ്പോലെ പെണ്‍മക്കള്‍ മാത്രമുള്ളഅച്ഛനമ്മമാരുടെ അനുഗ്രഹം എന്നും എനിക്കും എന്റെ കുടുംബത്തിനുമുണ്ടാകും എന്നു ഞാന്‍ വിശ്വസിക്കുന്നു.
Tuesday, February 2, 2010
തിരിച്ചടി
പോലീസ് സ്‌റ്റേഷനില്‍ വെച്ച് ഞാനുമായി നടന്ന ഒരു തര്‍ക്കത്തില്‍ സഹപ്രവര്‍ത്തകനായ റെജി എന്ന പോലീസുകാരന്‍ തര്‍ക്കം ഇങ്ങനെ അവസാനിപ്പിച്ചു
"നീയൊന്നും ആണിനെ കണ്ടിട്ടില്ല, ആണെന്താണെന്നറിഞ്ഞിരുന്നെങ്കില്‍ നീ ഇങ്ങനെയൊന്നുമാകില്ല"
ഇങ്ങനെ പറഞ്ഞയാള്‍ പുച്ഛഭാവത്തില്‍ മുന്നോട്ടു നടക്കാന്‍ തുടങ്ങവേ ഞാന്‍ പറഞ്ഞു
"റെജീ............. ഒരു മിനിട്ട്.. തന്റെ ഭാര്യയെ ഇന്നൊന്ന് എന്റെ വീട്ടിലേക്കയക്കാമോ ? മറ്റൊന്നിനുമല്ല എന്റെ ഭര്‍ത്താവ് ആണാണെന്ന് നിന്നെയൊന്ന് മനസ്സിലാക്കിക്കാനാ.........." ഞാന്‍ തിരിച്ചടിച്ചു.
Friday, January 22, 2010
സര്‍വ്വേ
സര്‍വ്വേ
ഒരു കുടുംബശ്രീ സംഘടിപ്പിച്ച ക്ലാസ്സില്‍ സംസാരിക്കുകയായിരുന്നു ഞാന്‍.ക്ലാസ്സിനിടയില്‍ ക്ലാസ്സിലെ അംഗങ്ങളെ ഞാന്‍ രണ്ടായി ഭാഗിച്ചു.രണ്ടു കുട്ടികളുള്ളവരും രണ്ടാമത്തെ കുട്ടിയെ സ്‌ക്കൂളിലയക്കുകയും ചെയ്യുന്ന അമ്മമാര്‍ മാറിയിരിക്കുക.അങ്ങനെ മാറിയിരുന്നതില്‍ 13 സ്‌ത്രീകളുണ്ടായിരുന്നു.അവര്‍ക്ക് ഞാന്‍ ഒരു കഷണം പേപ്പര്‍ കൊടുത്തു. എന്നിട്ട് ഇങ്ങനെ പറഞ്ഞു."ഞാന്‍ നിങ്ങളോട് ഒരു ചോദ്യം ചോദിക്കുകയാണ്.അതിന്റെ ഉത്തരം ശരിയെന്നോ ( ) തെറ്റെന്നോ (x) മാത്രം അടയാളപ്പെടുത്തുക.മറ്റൊരടയാളവും അതിലുണ്ടാകാന്‍ പാടില്ല.നിങ്ങള്‍ ഉത്തരമെഴുതിയ പേപ്പര്‍ ഒരിക്കലും ഇവിടെവെച്ച് ഞാന്‍ തുറക്കില്ല.ആരേയും ഫോണില്‍ അറിയിക്കുകയുമില്ല.ചോദ്യമിതാണ്.ി്‌നിങ്ങള്‍ക്ക് ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഇപ്പോഴത്തെ ആളുതന്നെ ആയിരിക്കണം നിങ്ങളുടെ ഭര്‍ത്താവ് എന്ന് ആഗ്രഹിക്കുന്നവര്‍ ശരി എന്നും അല്ലാത്തവര്‍ X എന്നും അടയാളപ്പെടുത്തുക .അടയാളം രേഖപ്പെടുത്തിയ പേപ്പര്‍ നാലായി മടക്കി ഈ ബോക്‌സില്‍ ഇടണം (എന്റെ കൈയ്യിലെ ബോക്‌സു കാണിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.)ഞാന്‍ വിതരണം ചെയ്‌ത പേപ്പര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നാലായി മടക്കി അവര്‍ ബോക്‌സില്‍ നിക്ഷേപിച്ചു.വീട്ടിലെത്തിയ ഞാന്‍ ഓരോ പേപ്പറും പരിശോധിച്ചു. 13 പേപ്പറിലേയും മാര്‍ക്ക് X എന്നു തന്നെയായിരുന്നു.
വേണ്ടിടത്ത് വിളങ്ങണം.......................(2)
വേണ്ടിടത്ത് വിളങ്ങണം.......................(2)
ഒരിക്കല്‍ ഞാന്‍ ബത്തേരി മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ പോയി കവറില്‍ വെച്ച അരക്കിലോ വെല്ലത്തിന് അടുത്തുനിന്ന സെയില്‍സ് ഗേളിനോട് വില ചോദിച്ചു.ഉടനെ തന്നെ ആ പെണ്‍കുട്ടി ആ കവര്‍ കൈയ്യിലെടുത്ത് ഉറക്കെ വിളിച്ചു
"സദൂ ഇതിനെത്രയാ വില...? "അതു കാണേണ്ട താമസം ആ സെയില്‍സ് ബോയ് അതിന്റെ വില പറഞ്ഞു.
"താനെത്ര കാലമായി ഇവിടെ " ഞാന്‍ ആ പെണ്‍കുട്ടിയോടായി ചോദിച്ചു.
"രണ്ടു വര്‍ഷം" അവള്‍ ഉത്തരം പറഞ്ഞു
"ആ കുട്ടിയോ ? " ഞാന്‍ ആ പയ്യനെ ഉദ്ദേശിച്ചുകൊണ്ട് ചോദിച്ചു.
"അവനും അതേ...." അവള്‍ നിസ്സാാര ഭാവത്തില്‍ പറഞ്ഞു.
"പിന്നെന്തിനാ താന്‍ അയാളോട് വില ചോദിക്കുന്നത്? ഒഴിവുള്ളപ്പോള്‍ ഇതൊക്കെ ചോദിച്ച് പഠിച്ചൂടെ ? നാണക്കേടാണ് മറ്റുള്ളോരുടെ മുമ്പിന്ന് ഇങ്ങനെ ചോദിക്കാന്‍ ഒരു മടിയുമില്ലല്ലോ. സമ്മതിക്കണം " ഇത്രയും ആ കുട്ടിയോടു മാത്രമായ് പറഞ്ഞ് ഞാന്‍ സാധനവും വാങ്ങി ഇറങ്ങി.പിന്നീടൊരിക്കല്‍ ഞാനവിടെപ്പോയി കവറില്‍ വെച്ച അരക്കിലോ ചെറുപയറിനു വില ചോദിച്ചു. ഉടനെ ആ കുട്ടി അതിന്റെ വില പറയുകയും ചിരിച്ചുകൊണ്ട് എന്നെ നോക്കി " സാറേ ഇപ്പം ഞാന്‍ ശ്രദ്ധിക്കാറുണ്ട് എന്നു പറയുകയും ചെയ്‌തു . അപ്പോഴാണ് ഞാനവളുടെ മുഖം ശ്രദ്ധിച്ചത്.
Wednesday, January 20, 2010
വേണ്ടിടത്തു വിളങ്ങണം.................(1)
വേണ്ടിടത്തു വിളങ്ങണം.................(1)
ഏറെ പാടുപെട്ടാണ് ഡ്യൂട്ടിക്കിടയില്‍ രണ്ടു മണിക്കൂര്‍ പെര്‍മിഷന്‍ ഒപ്പിച്ചെടുത്തത്. എങ്ങനെയെങ്കിലും കംപ്യൂട്ടര്‍ പഠിക്കണം, ലക്ഷ്യം നിറവേറ്റാനായി ഞാന്‍ കല്‍പറ്റയിലുള്ള ഒരു കംപ്യൂട്ടര്‍ സെന്റെറില്‍ എത്തി.അവിടെ രണ്ടു പെണ്‍കുട്ടികളാണ് സ്റ്റാഫായി ഉണ്ടായിരുന്നത്. ഞാന്‍ ക്ലാസിന്റെ സമയത്തെപ്പറ്റി പറഞ്ഞപ്പോള്‍ അവര്‍ പരസ്‌പരം നോക്കി പിന്നീട് അവരിലൊരാള്‍ എന്നോടായി ചോദിച്ചു
"മാഡം..... 4 to 5 1/2 എന്നത് 3 to 4 1/2 ആക്കാമോ ....................."
''അയ്യോ അതു പറ്റില്ല. ആ സമയത്തേ എനിക്ക് പറ്റുള്ളൂ " ഞാനെന്റെ കാര്യം പറഞ്ഞു
''ആ സമയം ഞങ്ങള്‍ക്കും പ്രയാസമാണ് " അല്‌പം നീരസത്തോടവരിലൊരാള്‍ പറഞ്ഞു.
"എന്താണ് പ്രയാസം കംപ്യൂട്ടര്‍ ഒഴിവില്ലേ ? " ഞാന്‍ തിരിച്ചു ചോദിച്ചു
"ഏയ് അതല്ല ഞങ്ങളുടെ ബസ് പോകും. 5 മണിക്കാണ് ആ ബസ്.അതു കഴിഞ്ഞാല്‍ ഞങ്ങള്‍ക്കാ റൂട്ടില്‍ ബസില്ല."
" ഞാനിപ്പോഴെന്താ വേണ്ടത്....... ?" അവരുടെ മുഖത്തു പ്രകടമായ വല്ലായ്‌മക്കറുതി വരുത്തുവാനെന്ന വണ്ണം ഞാ്‌ന്‍ ചോദിച്ചു.
" ഒന്നുകില്‍ മാഡം 3 to 4 1/2 വരെ എടുക്കണം അല്ലെങ്കില്‍ 4 to 5 മണിക്കുളളില്‍ വരെ എടുക്കണം അപ്പപ്പിന്നെ ഒരു മണിക്കൂര്‍ മാത്രമേകിട്ടൂ അതിനപ്പുറത്തേക്ക് ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്."
അവര്‍ കാര്യങ്ങള്‍ വ്യക്തമാക്കി.
"ശരി ,നിങ്ങളുടെ ബുദ്ധിമുട്ടൊഴിവാക്കാന്‍ എനിക്ക് രണ്ടു മാര്‍ഗ്ഗങ്ങളുണ്ട്.ഒന്നുകില്‍ ഞാനെന്റെ ജോലി രാജിവെച്ച് നിങ്ങളുടെ സമയത്തെത്തണം അല്ലെങ്കില്‍ ഈ institute മാറണം.ഏതായാലും ഒന്നാമത്തെ മാര്‍ഗ്ഗം സ്വീകരിക്കാനുദ്ദേശിക്കുന്നില്ല. ഞാന്‍ അടുത്ത institute ലക്ഷ്യമാക്കി നടന്നു.
Sunday, January 17, 2010
അറിയിപ്പ്
അറിയിപ്പ്
പ്രിയ സുഹൃത്തുക്കളേ..................നാളെ തിങ്കളാഴ്‌ച (18-01-10 ) രാത്രി 8.30 ന് മലയാളം ചാനലില്‍ -നിങ്ങളില്‍ ഒരാള്‍ - എന്ന പരിപാടിയില്‍ എന്നെ പരിചയപ്പെടുത്തുന്നുണ്ട്. കാണണേ.അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.
Thursday, January 14, 2010
ഇങ്ങിനേയും ആകാം
ഇങ്ങിനേയും ആകാം
കോടതി ഡ്യൂട്ടിക്കായി കോടതിയിലെത്തിയപ്പോള്‍ സമയം 10.55 പതിനൊന്നു മണിക്ക് കോടതി തുടങ്ങും.യൂണിഫോം മാറ്റാനായി സാധാരണ കയറാറുള്ള മുറിയിലേക്ക് പാഞ്ഞു കയറി. അവിടെയതാ എന്നെപ്പോലെ തന്നെ വൈകിവന്ന രണ്ടു പോലീസുകാര്‍ ധൃതിപ്പെട്ട് വസ്‌ത്രം മാറാന്‍ തുടങ്ങുന്നു.മാറി നില്‍ക്കുമോ എന്നു ചോദിക്കാന്‍ യാതൊരു ന്യായവുമില്ല.ആലോചിക്കാന്‍ സമയവുമില്ല.ആപോലീസുകാര്‍ വസ്‌ത്രം മാറുന്ന അതേ മുറിയില്‍ നിന്നു തന്നെ അവരോടൊപ്പം ഞാനും യൂണിഫോം ധരിച്ച് പുറത്തേക്കിറങ്ങി ഇറങ്ങുന്നതിനിടയില്‍ ഒരു പോലീസുകാരന്‍ ചോദിച്ചു " ഇത്ര അടുത്തായിട്ടും സാറെന്താ വൈകിയത് " ഉത്തരം ഒരു ചിരിയിലൊതുക്കി ഞാന്‍ കൃത്യ സമയത്തു തന്നെ കോടതിയിലെത്തി.
Sunday, January 3, 2010
ആരുടെ പിടിപ്പുകേട്...?
ആരുടെ പിടിപ്പുകേട്...?
ജില്ലാ സ്‌ക്കൂള്‍ കലോത്സവത്തോടനുബന്ധിച്ച ഘഷയാത്ര .ഏറ്റവും പിന്നിലായി 30 -ഓളം ആണ്‍കുട്ടികളുടെ സൈക്കിള്‍റാലി.ഘോഷയാത്രയുടെ അവസാനഭാഗമായ സൈക്കിള്‍ റാലി എന്റെ ഡ്യൂട്ടി പോയന്റെിലെത്തിയപ്പോള്‍ റാലിക്കു നിര്‍ദ്ദേശം കൊടുക്കുന്ന ടീച്ചറോടായി ഞാന്‍ ചോദിച്ചു."എന്താ............. ടീച്ചറേ സൈക്കിള്‍ റാലിക്ക് ഒരു പെണ്‍കുട്ടിയെപ്പോലും കിട്ടിയില്ലേ....?"എന്തു ചെയ്യാനാ വിനയേ.... പെണ്‍പിള്ളേരുടെ പിടിപ്പുകേട്.ഇക്കൊല്ലം NCC യിലുള്ള 30 പെണ്‍കുട്ടികള്‍ക്ക് സ്‌ക്കൂളില്‍ നിന്നും സൈക്കിള്‍ കൊടുത്തതാ..... "ടീച്ചര്‍ വലിയ കാര്യം പോലെ പറഞ്ഞു" എന്നിട്ട് ? ....ഞാന്‍ ആകാംക്ഷയാലെ ടീച്ചറെ നോക്കി." ഒരെണ്ണെങ്കിലും അതും ചവിട്ടി വരുന്നത് ഞാന്‍ കണ്ടിട്ടില്ല.ഒക്കെ ഏട്ടന്‍മാര്‍ക്കും അനിയന്‍മാര്‍ക്കും കൊടുത്തിട്ടുണ്ടാകും." അത്രയും ധൃതിയില്‍ പറഞ്ഞ് ടീച്ചര്‍ റാലിക്കൊപ്പം നടന്നു നീങ്ങി.ഇവിടെ ടീച്ചര്‍ പറഞ്ഞ പിടിപ്പുകേട് ആര്‍ക്കാണ് ?. ഒരു ആനുകൂല്ല്യം കൊടുക്കുമ്പോള്‍ - ആര്‍ക്ക് ആ ആനുകൂല്യം നല്‌കിയോ അത് കൃത്യമായി അവര്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് ആനുകൂല്യങ്ങള്‍ അനുവദിക്കുന്ന കേന്ദ്രങ്ങള്‍ തന്നെയല്ലേ...?ശരിയാം വിധം പരിശോധിക്കാനാകുന്നില്ലെങ്കില്‍ ഇത്തരം ആനുകൂല്യങ്ങള്‍ക്കൊണ്ടെന്തു പ്രയോജനം?