വീട്
മറ്റെങ്ങും പോകാനില്ലാത്തപ്പോള്‍പോ
കാനുള്ള ഇടമാണ് എനിക്കു വീട്
നമ്മുക്കു ചെറുക്കണ്ടേ............... ?
ഇന്നലെ വൈകുന്നേരം ഞാന്‍ എന്റെ സുഹൃത്തിന്റെ ഓഫീസില്‍ ഇരിക്കുകയായിരുന്നു. (ഇരുനിലകെട്ടിടത്തിന്റെ രണ്ടാം നിലയില്‍) ഓഫീസിനു മുന്നിലൂടെ പോകുന്ന NH 212 ലൂടെ ഒരു പറ്റം പുരുഷന്മാരായ ചെറുപ്പക്കാര്‍ ആകാശത്തേക്ക് കൈമുഷ്ടി ചുരുട്ടിക്കൊണ്ട് നെഞ്ചു വിരിച്ച് ഞങ്ങളിലൊന്നിനെ തൊട്ടെന്നാല്‍ കുത്തിക്കീറും കട്ടായം...... , ...... ചെറ്റേ , തെണ്ടീ.....,.................. കൈയ്യും കാലും തല്ലിയൊടിക്കും, അമ്മേക്കണ്ടു മരിക്കില്ല.... ..... തുടങ്ങിയ തെറി വാക്കുകളും പോര്‍ വിളികളുമായി നടന്നു നീങ്ങുന്നത് എന്നെ വല്ലാതെ അസ്വസ്ഥയാക്കി.വളരെ പരിചിതമായ സംഭവമായിട്ടും പ്രത്യേകിച്ച് തിരക്കൊന്നുമില്ലാത്ത മാനസീകാവസ്ഥയിലായതുകൊണ്ട് ആചെറുപ്പക്കാര്‍ പിന്നിടുന്ന റോഡിനിരുവശം ഫുട്‌പാത്തിലും കടകളിലുമൊക്കെയായി കണ്ട ആളുകളുടെ മുഖഭാവം ഞാനൊന്ന് ശ്രദ്ധിച്ചുപോയി.വെട്ടുപോത്തിനു മുന്നിലകപ്പെട്ടുപോയ നിസ്സഹായാവസ്ഥയായിരുന്നു പ്രായഭേദമന്യേ എല്ലാവരിലും.ഒരു നിമിഷമായാലും ഓരോരുത്തരിലും മരണഭയം ജനിപ്പിച്ചുകൊണ്ടുള്ള ഈ പോര്‍വിളി നിരോധിക്കേണ്ടതു തന്നെയല്ലേ................... ?പ്രതിഷേധിക്കുവാനും, സമരം ചെയ്യുവാനുമുള്ള അവകാശം ഇതിലൊന്നുംപെടാത്ത നിരപരാധികളെ പേടിപ്പിക്കുവാനും സ്ഥലകാലഭേദമന്യേ ആഭാസങ്ങള്‍ പുലമ്പാനുമായി ഉപയോഗിക്കുന്നതെങ്കിലും നമ്മുക്കു ചെറുക്കണ്ടേ......................?
മറുപടി
ഈയിടെ ദൂരദര്‍ശനില്‍ വന്ന കൂട്ടുകാരി എന്ന തത്സമയ പരിപാടിയിക്കിടെ ഞാന്‍ നല്‌കിയ മറുപടിയില്‍ ക്ഷുഭിതനായി ഒരു പുരുഷന്‍ എന്നെ വല്ലാതെ അധിക്ഷേപിച്ചു.അയാശുടെ ക്ഷോഭത്തിനാധാരമായ വിഷയം ഞാന്‍ വിശദീകരിക്കാം. എന്റെ മകള്‍ക്ക് 12 വയസ്സുള്ളപ്പോള്‍ അവള്‍ എന്നോടൊരു സംഭവം വിവരിച്ചു.അവളുടെ ഒരു കൂട്ടുകാരി പറഞ്ഞ കഥയാണ്.കഥയും അവളുടെ ആശങ്കയും എന്റെ മറുപടിയും ഞാനിനിടെ വിവരിക്കാം. എന്റെ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കില്‍ എന്തു മറുപടി കൊടുക്കും എന്നതു കൂടി എഴുതണേ.....
"അമ്മേ എന്റെ കൂട്ടുകാരി പറയാ അവളുടെ അമ്മയുടെ നാട്ടില് ഞങ്ങടെ അത്ര പ്രായമുള്ള ഒരു കുട്ടിയെ ഒരു മാമന്‍ കത്തികൊണ്ട് കുത്തി കൊന്നൂത്രെ.ഒരീസം സന്ധ്യക്ക് ആളൊഴിഞ്ഞ ഒരു വഴിയിലൂടെ അവള്‍ വീട്ടിലേക്ക് നടക്കുമ്പോള്‍ ഒരു തോട്ടത്തിനു നടുവിന്‍ വെച്ച് കൈയ്യില്‍ കത്തിയുമായി ഒരു മാമന്‍ തടഞ്ഞുനിര്‍ത്തി അയാള്‍ അവളോട് അയാള്‍ പറയുന്നതുപോലെ ചെയ്യാന്‍ പറഞ്ഞു .അതുകേള്‍ക്കാത്ത അവളെ അയാള്‍ കുത്തി കൊന്നു പോലും." "അമ്മേ ഞാനങ്ങനെ ഒറ്റപ്പെട്ടു പോയാല്‍ ഇങ്ങനെ കത്തീം കാട്ടി ഒരാള്‍ നിന്നാല്‍ ഞാനെന്താ ചെയ്യേണ്ടത്?
ഉത്തരം :- മോളേ ഈ ലോകത്ത് ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ജീവന്‍ തന്നെയാണ്.അങ്ങനത്തെ ഒരവസരം വന്നാല്‍ രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലെന്ന് ബോധ്യമായാല്‍ അയാള്‍ എന്തു പറയുന്നവോ അതുപോലങ്ങ് അനുസരിക്കണം എന്നിട്ട് വീട്ടില്‍ വന്ന അമ്മയോട് പറയണം.ഒരിക്കലും അമ്മ മോളെ കുറ്റപ്പെടുത്തില്ല.പക്ഷേ നിര്‍ബന്ധമായും പറഞ്ഞിരിക്കണം.
"അല്ലമ്മേ അങ്ങനൊക്കായാല് പെണ്ണുങ്ങക്കല്ലേ ഗര്‍ഭണ്ടാവ്വാ. അങ്ങനെ ഗര്‍ഭായാലോ....?"ഉത്തരം :- ആ അയ്‌ക്കോട്ടെ. മെഡിക്കല്‍ഷോപ്പില്‍ ഗുളിക കിട്ടും.അത് കഴിച്ചാല്‍ അതൊക്കെയങ്ങ് പോകും. ടെറ്റോളിട്ട് അമ്മ നന്നായി മോളെയങ്ങ് കുളിപ്പിക്കും.ഇതൊന്നും അത്ര പ്രധാനപ്പെട്ട കാര്യമൊന്നുമല്ലമോളേ ഈ മറുപടി ഒത്തിരിപ്പേരെ അസ്വസ്ഥരാക്കി. പക്ഷേ എന്റെ മറുചോദ്യത്തിന് സംതൃപ്‌തമായ ഒരു മറു പടി തരാന്‍ അവര്‍ക്കായില്ല. ആ മറുപടി നിങ്ങളില്‍നിന്നും പ്രതീക്ഷിക്കുന്നു.
തിണ്ണമിടുക്ക്
ഒരിക്കല്‍ വനിതാസെല്ലില്‍ ഒരു കുടുംബ വഴക്കിന്റെ ഒത്തുതീര്‍പ്പു നടക്കുകയായിരുന്നു.ഭാര്യയും ഭര്‍ത്താവും വേറെ വീടുവെച്ചുമാറിതാമസിക്കട്ടെ എന്ന സി.ഐ സാറിന്റെ നിബന്ധന ഇരു വീട്ടുകാരും അംഗീകരിച്ചു.ഉടനെ ഭര്‍ത്താവിന്റെ അച്ഛന്‍ അടുത്ത പ്രശ്‌നത്തിനു തിരികൊളുത്തി. "സാറേ അവന് അവന്റെ പേരില്‍ തന്നെ ഞാന്‍ കൊടുത്ത വീടിനോട് ചേര്‍ന്ന പത്ത് സെന്റെ് പറമ്പുണ്ട് അവന് അവടത്തന്നെ പെര വെക്കാലോ" അയാള്‍ അതു പറഞ്ഞ് മുഴുമിച്ചില്ല അവള്‍ ഇടക്കു കയറി പറഞ്ഞു "വേണ്ട സാറെ അതു വേണ്ട....അതെന്തായാലും ശരിയാകില്ല.എന്റെ ഷെയറില്‍ പെരവെക്കണം അല്ലെങ്കില്‍ പെരക്കുള്ള സ്ഥലം വേറെ വാങ്ങണം.എന്തായാലും ഇവരെ നാട്ടിലേക്ക് ഞാനില്ല സാറേ............ ""അതെന്താ........................ "സി.ഐ സാര്‍ അവരോടായി ചോദിച്ചു." ഇവരീകാണുംപോലൊന്നുമല്ല സാറേ.അവടെത്തിയാല്‍ ഇവരൊക്കെ മാറും സാറേ...... ""ആണോടോ" സി.ഐ സാര്‍ അയാളെ നോക്കി."ഇല്ല സാറേ ഇനി എന്റെ ഭാഗത്തുനിന്നൊരു പ്രശ്‌നവുമുണ്ടാകില്ല "അയാള്‍ തികച്ചും ശാന്തനായി പറഞ്ഞു."വേണ്ട സാറേ അവടെത്തിയാല്‍ ഇയാള് മാറും ............. സ്വന്തം വീടും വീട്ടുകാരും നാടും നാ്‌ടുകാരും അടുത്തുള്ളപ്പം തിണ്ണമിടുക്ക് കാട്ടാലോ...?ഒന്നുകില്‍ എന്റെ വീടിനടുത്ത് അല്ലെങ്കില്‍ രണ്ടു പേരുടെ ഷെയറും വിറ്റ് വേറൊരു സ്ഥലത്ത്.അതു മതി സാറേ.......... അവള്‍ കൃത്യമായ് നിബന്ധന വെച്ചു.തര്‍ക്കം പിന്നേയും തുടര്‍ന്നു. ബാക്കി ഭാഗം കേള്‍ക്കാനെനിക്കായില്ല അപ്പോഴേക്കും മറ്റെന്തോ ഡ്യൂട്ടിക്കായി എനിക്കവിടെ നിന്നും പോകേണ്ടി വന്നു.
നിയോഗം
2009 -ലെ ജില്ലാ പോലീസ് സ്‌പോട്‌സ് മീറ്റിനോടനുബന്ധിച്ച് നിയമാനുസൃതം ഗ്രൗണ്ടില്‍ അണിനിരന്നതായിരുന്നു ഞാനും.മൂന്നു വിഭാഗങ്ങളായാണ് മത്സരം.ഓരോ ടീമിനും ഓരോ ക്യാപ്‌റ്റന്‍മാര്‍ വേണം.ആമ്‌ഡ് റിസേര്‍വ്വ് വിഭാഗത്തിന്റെ ക്യാപ്‌റ്റന്‍ ഞാന്‍ അണിചേര്‍ന്ന ടീമിനടുത്തെത്തി പതാകയുമായി നിന്നു.ആരും പതാക വാങ്ങിയില്ല.അല്ലെങ്കില്‍ പതാക വാങ്ങാന്‍ ആര്‍ക്കാണ് അര്‍ഹത എന്ന് എല്ലാവരും ഒരു നിമിഷം അങ്കലാപ്പിലായി.എനിക്ക് ആ ബോധം പോലും ഉണ്ടായില്ല .കാരണം വനിതാ പോലീസുകാര്‍ക്ക് അതിനെപ്പറ്റി ചിന്തിക്കാനേ കഴിയില്ലല്ലോ. പെട്ടന്നാണ് ആമ്‌ഡ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ജോര്‍ജൂട്ടിസാര്‍ പതാകയുമായി നില്‍ക്കുന്ന പോലീസുകാരനോടായി പതാക വിനയയുടെ കൈയ്യില്‍ കൊടുക്ക് എന്നു പറഞ്ഞത്. ഞാനുടനെ തിരിഞ്ഞ് അണിനിരന്ന പോലീസുകാരെ ശ്രദ്ധിച്ചു. ആകെ ടീമിലെ സ്‌റ്റേറ്റ് താരം ഞാന്‍ മാത്രമായിരുന്നു.അഭിമാനത്തോടെ ഞാന്‍ ആ പതാക ഏറ്റു വാങ്ങി.എനിക്കു വന്നു ചേര്‍ന്ന ആ ചുമതല എന്നില്‍ തന്നെ നിലനിര്‍ത്തും എന്നു വിശ്വസിക്കാന്‍ എനിക്ക് സ്‌പോട്‌സു ദിവസം മാര്‍ച്ചു പാസ്റ്റിന്റെ സമയം വരെ കാത്തിരിക്കേണ്ടി വന്നു.ഏതു നിമിഷവും ആ പതാക ഒരു പോലീസു കാരനിലേക്ക് കൈമാറ്റം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്‍ അനുഭവങ്ങളിലെ പാഠങ്ങള്‍ എന്നെ ഓര്‍മ്മിപ്പിച്ചു.ഏഴു വര്‍ഷം മുമ്പ് അതേഗ്രൗണ്ടില്‍ വെച്ചു തന്നെയായിരുന്നു തലേ ദിവസം വരെ മാര്‍ച്ചുപാസ്റ്റ് പരിശീലനം നടത്തിയ എന്നെ അന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍(ഇന്ന് ഡി.വൈ.എസ്.പി)ആയിരുന്ന ദിവാകരന്‍ സാര്‍ വിനയ മാറിനില്‌ക്ക് പെണ്ണുങ്ങളൊന്നും മാര്‍ച്ചുപാസ്റ്റിനു വേണ്ട എന്നു പറഞ്ഞധിക്ഷേപിച്ച് ഒരു വലിയ ഗ്രൂപ്പില്‍ നിന്നും ഓടിച്ചത്.അന്ന് നാണംകെട്ട് ഡിസിപ്ലിന്‍ എന്ന കുന്തമുനയില്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ച് സ്റ്റേറ്റ് മീറ്റിലേക്ക് സെലക്ഷന്‍ കിട്ടി ആ വര്‍ഷത്തെ സ്റ്റേറ്റ് പോലീസ് മീറ്റില്‍ (കണ്ണൂരില്‍ വെച്ച്)പങ്കെടുത്തതും.വയനാട്ടില്‍ വെച്ചേ ഏറ്റ മുറിവുമായാണ് കണ്ണൂരിലും എത്തിയത്.അവിടെവച്ചും പെണ്ണുങ്ങള്‍ മാര്‍ച്ചുപാസ്റ്റിനുവേണ്ട എന്ന് അല്‌പനായ ടീമിന്റെ മാര്‍ഷല്‍ കല്‌പിച്ചു.എന്തുകൊണ്ട് എന്ന എന്റെ ചോദ്യം അന്നവിടെ അമ്പരപ്പുണ്ടാക്കി."യൂണിഫോം വെള്ള പാന്റെും നീല സ്ലീവലെസ് ബനിയനുമാണ്.നിങ്ങള്‍ക്കതിടാന്‍ പറ്റുമോ ?. അയാളുടെ ധാര്‍ഷ്ട്യം നിറഞ്ഞ ചോദ്യത്തിന് ഞാനും അതേ ധാര്‍ഷ്ട്യത്താല്‍ മറുപടി കൊടുത്തു. " ധരിക്കാം സാര്‍ പിന്നെ ബ്രാ കണ്ടു എന്നു പറഞ്ഞ് നിങ്ങള് പ്രശ്‌നമുണ്ടാക്കാഞ്ഞാല്‍ മതി""നിങ്ങള്‍ എത്ര പേരുണ്ടാകും" ? അയാള്‍ എന്നെ തോല്‍പ്പിക്കാനെന്ന വണ്ണം ചോദിച്ചു."ഞങ്ങള്‍ മൂന്നു പേര്‍" ഞാനുത്തരം പറഞ്ഞു. ഏറെ നേരത്തെ ചര്‍ച്ചക്കൊടുവില്‍ ഞങ്ങളെ മാര്‍ച്ചു പാസ്റ്റില്‍ നില്‌ക്കാന്‍ അനുവദിച്ചു. തുടര്‍ന്ന് എല്ലാം പ്രശ്‌നങ്ങളായി .വനിതാപോലീസുകാരുടെ പോയിംന്റെിനും ഏമാന്മാര്‍ അയിത്തം കല്‌പിച്ചു.വനിതാപോലീസുകാരുടെ പോയിംന്റെുകള്‍ പരിഗണിക്കാതെ ട്രോഫികള്‍ വിതരണം ചെയ്‌തു.ആ ട്രോഫി അസാധുവാക്കണമെന്നുപറഞ്ഞ് ഞാന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ചെയ്‌തെങ്കിലും അതിന്റെ പ്രായോഗികബുദ്ധിമുട്ടുകള്‍ നിരത്തിയ കോടതി പോലീസ് ഡിപ്പാര്‍ട്ടുമെന്റെ് വനിതാപോലീസുകാരോട് അനീതിചെയ്‌തിട്ടുണ്ടെന്നും, വരും വര്‍ഷങ്ങളില്‍ വനിതാപോലീസുകാരുടെ പോയിംന്റെുകൂടി പരിഗണിക്കണമെന്ന് ഉത്തരവിടുകയും ചെയ്‌തു.കേവലം ഒരാള്‍ ചോദ്യം ചെയ്‌തതുകൊണ്ടുമാത്രമാണ് മുപ്പതു വര്‍ഷത്തിലധികമായി പോലീസ് ഡിപ്പാര്‍ട്ടുമെന്റെ് തുടര്‍ന്നുവന്നൊരു വിഡ്ഡിത്തം അവസാനിപ്പിക്കാന്‍ കഴിഞ്ഞത്.അതിന്റെ പേരില്‍ പോലീസ് ഡിപ്പാര്‍ട്ടുമെന്റെില്‍ നിന്നും എന്നെ പിരിച്ചു വിട്ടവര്‍ തന്നെ ഇന്ന് ഒരു ടീമിന്റെ അമരക്കാരിയാകാനും എന്നോട് ഉത്തരവിട്ടത് വിധിയുടെ നിയോഗം തന്നെ ആയിരിക്കാം.
ക്ലാസ്സിലെ ചോദ്യങ്ങള്‍ (തുടര്‍ച്ച (2) )
ചോദ്യം No.5:-- നിങ്ങളീ സമത്വം എന്നൊക്കെ പറയുന്നത് ആണിനെപ്പോലെ മസിലൊക്കെവെച്ച്................. തെങ്ങിന്മേലൊക്കെ കയറാന്‍ പാകത്തിലാകുക എന്നതാണോ........?(സ്ഥലം തിരുവനന്തപുരം ഒരു പത്രത്തിന്റെ റിപ്പോര്‍ട്ടര്‍)
ഉത്തരം:-- നിങ്ങള്‍തെങ്ങിന്മേല്‍ കയറുമോ... ?ഇല്ല ഞാന്‍ കയറില്ല.പക്ഷേ പൊതുവേ ആണുങ്ങളാണല്ലോ കയറുന്നത്.അയാള്‍ അല്‌പമൊന്നു പതറിക്കൊണ്ട് മറുപടി പറഞ്ഞു. ഞാന്‍ തുടര്‍ന്നു.പണ്ടേ പറഞ്ഞു വരുന്ന ഒരു കഥയുണ്ട്.ഒരിക്കല്‍ ഒരു മൂര്‍ഖന്‍ പാമ്പ് കടിച്ച ഒരാളെ ആളുകള്‍ എടുത്തുകൊണ്ടോടുന്നതു കണ്ടപ്പോള്‍ വഴിയില്‍ ചുരുണ്ടു കിടക്കുന്ന ഞാഞ്ഞൂല്‍ തല പൊക്കികൊണ്ട് ഗമയില്‍ പറഞ്ഞു ആആആആആആആആആആ ന്റെ വര്‍ഗ്ഗത്തോടു കളിച്ചാല്‍ ഇങ്ങനിരിക്കും ന്ന് അങ്ങനത്തെ ഉത്തരം വേണ്ട.പ്രാപ്‌തിയുള്ളവര്‍ പ്രാപ്‌തിയുള്ളതു ചെയ്യുമ്പോള്‍ അതിന്റെ പേരില്‍ ഒരു വര്‍ഗ്ഗം മുഴുവന്‍ അഭിമാനിക്കേണ്ടതില്ല.അത് ആ പ്രവര്‍ത്തി ചെയ്യുന്നവരുടെ മാത്രം കഴിവാണ്.വര്‍ഗ്ഗത്തന്റേതല്ല.ഇവിടെ ഭൂരിപക്ഷം പുരുഷന്മാരും തെങ്ങില്‍ കയറാത്തവരും കടലില്‍ പോകാത്തവരും,പര്‍വ്വതങ്ങള്‍ കയറാത്തവരും തന്നെയാണ്.അങ്ങനെയൊക്കെ ചെയ്യുന്ന (പാവപ്പെട്ടവരും കഠിനാധ്വാനികളുമായ) ആണുങ്ങളുടെ പേരില്‍ യാതൊരര്‍ഹതയുമില്ലാത്ത ആണുങ്ങള്‍ ഊറ്റം കൊള്ളേണ്ടതില്ല.
ചോദ്യംNo.6:--വിനയയുടെ ഈ വേഷം പുരുഷാധിപത്യത്തോടുള്ള വെല്ലുവിളിയല്ലേ...?(കോട്ടയം cms കോളേജിലെ ഒരു പെണ്‍കുട്ടി)
ഉത്തരം:-- അതെ ഈ വേഷം മാത്രമല്ല, ഈ നില്‌പും നോട്ടവും, സംസാരവും , സാന്നിധ്യവും എല്ലാം എല്ലാം തന്നെ പുരുഷാധിപത്യത്തോടുള്ള വെല്ലുവിളി തന്നെയാണ്.
ചോദ്യം No.7 വിനയക്ക് പുരുഷന്മാരെ വെറുപ്പാണോ ?( CMS കോളേജ് കോട്ടയം ഒരു ആണ്‍കുട്ടി.)
ഉത്തരം:-- (ചിരിച്ചുകൊണ്ട്)ഒരിക്കലുമല്ല. എനിക്കവരെ ഇഷ്ടമാണ്. (ഭാവം മാറ്റി സദസ്സിനു നേരെ വിരല്‍ ചൂണ്ടി) പ്രേമിക്കാന്‍ കൊള്ളാം അത്രമാത്രം.
ചോദ്യം No.8:-- സ്‌ത്രീ ആധിപത്യം വരണമെന്നാണോ വിനയ ആഗ്രഹിക്കുന്നത് ? താങ്കളുടെ ക്ലാസ്സു കേള്‍ക്കുന്ന ആര്‍ക്കും ഉണ്ടാകാവുന്ന ഒരു സംശയമാണിത് (ചേര്‍ത്തല NSS കോളേജിലെ ഒരു ആണ്‍കുട്ടി.)
ഉത്തരം :-- ശരിയാണ്. ഇന്നലെ വരെ ഞങ്ങളുടെ തലയില്‍ കയറി ചവിട്ടി അരച്ചവരുടെ തലയില്‍ കയറി ഒരു ദിവസമെങ്കിലും ഒന്നു ചവിട്ടി അരക്കാന്‍ അഭിമാനമുള്ള ആര്‍ക്കും തോന്നും എന്നത് തികച്ചും സ്വാഭാവികം.
ചോദ്യം No.9 :--എത്രയായാലും നിങ്ങള്‍ക്കൊന്നു പ്രസവിക്കണമെങ്കില്‍ ഞങ്ങളുടെ സഹായം വേണമല്ലോ...? (കണ്ണൂര്‍ ജില്ലയിലെ വക്കളത്തു നിന്നും ഒരു കൂട്ടം ചെറുപ്പക്കാരില്‍നിന്നും ഒരാള്‍)
ഉത്തരം :-- എന്തിന്...? ജേഴ്‌സിപ്പശു പ്രസവിക്കുന്നത് ബന്ധപ്പെട്ടിട്ടൊന്നുമല്ലല്ലോ. ശാസ്‌ത്രം പുരോഗമിച്ചു എന്റെ സുഹൃത്തുക്കളേ....... ഡോക്ടര്‍ വേണോ, കലക്ടര്‍ വേണോ.....,എന്‍ജിനീയര്‍ വേണോ... , അതോ ഇതിലൊന്നും പെടാത്തതു വേണോ.... എന്നൊക്കെ ഒരു ദിവസം തന്നെ ചിന്തിക്കുകയും അന്നു തന്നെ സെലക്ടു ചെയ്യുകയും ചെയ്യാം. ഇഷ്ടമുള്ള ഒരു മിഠായി തിരഞ്ഞെടുക്കുന്ന ലാഘവത്തോടെ......
ക്ലാസ്സിലെ ചോദ്യങ്ങള്‍
എന്റെ സസ്‌പന്‍ഷെന്‍ കാലങ്ങളിലും എന്നെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ട കാലങ്ങളിലുമായി ഏകദേശം അഞ്ഞൂറിലേറെ ക്ലാസ്സുകള്‍ എടുക്കുന്നതിന് എനിക്ക് അവസരം ലഭിച്ചു.കോളേജുകള്‍,സ്‌ക്കൂളുകള്‍,പഞ്ചായത്ത്‌മെമ്പര്‍മാര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സാഹിത്യപ്രമുഖരുടെ കൂട്ടായ്‌മകള്‍, സന്നദ്ധസംഘടനകളുടെ പരിപാടികള്‍ ..................... തുടങ്ങി നാനാതുറകളിലുള്ളവരുമായി അടുത്തിടപഴകുന്നതിന് ഇതു കാരണമായി.ഓരോ ക്ലാസ്സുകളില്‍ നിന്നും സമൂഹത്തിനെന്നോടു ചോദിക്കാനുള്ള ചോദ്യങ്ങള്‍ തന്നെയായിരുന്നു പലരും എന്നോട് ചോദിച്ചത്.
.ചോദ്യം. No.1(സ്ഥലം പുല്‌പള്ളി. ഏകദേശം 70 വയസ്സു പ്രായം വരുന്ന ഒരു സ്‌ത്രീ ) സാറേ എനിക്ക് എഴുപത്തിരണ്ടു വയസ്സായി .ഇത്രയും കാലം അടിമയായിട്ടു തന്നെയാണ് ജീവിച്ചത്.ഇനിയിപ്പോ കാലോം കഴിഞ്ഞു.ഇനി എനിക്കെന്തു ചെയ്യത് സമാധാനിക്കാന്‍ കഴിയും. ?
ഉത്തരം :-- ഇത്രയും കാലം അടിമയായി ജീവിച്ചു എന്നതാണല്ലോ സങ്കടപ്പെടുത്തുന്നത്.അതിനെ മാറ്റാന്‍ ശേഷിക്കും കാലം സ്വന്തം ശരീരത്തിന്റെയെങ്കിലും ഉടമയായി മരിക്കാന്‍ ശ്രമിക്കണം.
ചോദ്യം No.2 സാറിന്റെ വീട്ടില്‍ മനസമാധാനം ഉണ്ടാകാറുണ്ടോ..?
ഉത്തരം :-- നിങ്ങളെല്ലാവരും ഭര്‍ത്താവിനെ തൃപ്‌തിപ്പെടുത്താന്‍ അയാള്‍ക്കിഷ്ടമുള്ള ഭക്ഷണമുണ്ടാക്കിക്കൊടുത്ത് , അയാളുടെ അടിവസ്‌ത്രം പോലുമലക്കി,അയാള്‍ക്കുവേണ്ടി സീമന്തരേഖ വരച്ച് അയാളുടെ താലി കഴുത്തിലണിഞ്ഞ് അങ്ങനെ ഭര്‍ത്താവിനേയും കുടുംബത്തേയും സംതൃപ്‌തിപ്പെടുത്തുക എന്നത് ജീവിതവൃതമാക്കിയനിങ്ങള്‍ക്ക് സമാധാനമുണ്ടോ.................? ഇല്ല എന്ന് ഒരേ ശബ്ദത്തില്‍ സദസ് എനിക്കുത്തരം തന്നു.ഞാന്‍ തുടര്‍ന്നു.
ഉത്തരം :--എങ്കിലേ ആ പറഞ്ഞ സാധനം എനിക്കുമില്ല.പക്ഷേ എനിക്കൊന്നുണ്ട് അഭിമാനം. ഞാന്‍ അഭിമാനം നിലനിര്‍ത്തി മനസമാധാനം ഇല്ലാതെ ജീവിക്കുന്നു .നിങ്ങള്‍ക്കിതു രണ്ടുമില്ല.അപ്പോള്‍ നിങ്ങളേക്കാള്‍ ഭേദം ഞാന്‍ തന്നെയല്ലേ............. ?എല്ലാവരും ചിരിച്ചുകൊണ്ട് എന്റെ ഉത്തരത്തെ പിന്താങ്ങി.
ചോദ്യം No.3 :--( സ്ഥലം ആലപ്പുഴ) നിങ്ങളുടെ ഭര്‍ത്താവ് സമ്മതിക്കുന്നതുകൊണ്ടല്ലേ നിങ്ങള്‍ക്കിങ്ങനെയൊക്കെ ആകാന്‍ സാധിക്കുന്നത്.?ഉത്തരം:-- കാത്ത സമ്മതിച്ചിട്ടാണോ തകഴി എഴുതിയത് ? ആര്യ സമ്മതിച്ചിട്ടാണോ ഇ.എം.എസ് ഒളിവില്‍ പോയത് ? എന്റെ കാര്യവും അത്രേയുള്ളൂ.
ചോദ്യംNo.4 :-- മോഹന്‍ദാസ് എന്നൊരാള്‍ നിങ്ങളെ വിവാഹം കഴിച്ചതുകൊണ്ടല്ലേ നിങ്ങള്‍ക്ക് ഒരു ഭാര്യയാകാന്‍ കഴിഞ്ഞത് .......... ? ( പുല്‌പള്ളിക്കടുത്ത് ഷെഡ്ഡ് എന്ന സ്ഥലത്തുനിന്നും ഏകദേശം മുപ്പതു വയസ്സു തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനാണ് ചോദ്യകര്‍ത്താവ്.ഷെഡ്ഡില്‍ നിന്നും ഓരോ അഞ്ചുമിനിട്ടു കഴിയുമ്പോഴും പുല്‌പള്ളിയിലേക്ക് ബസ്സുണ്ട്)
ഉത്തരം:-- താങ്കള്‍ പുല്‌പള്ളിയില്‍ പോകണം എന്ന ഉദ്ദേശത്തോടെ ഷെഡ്ഡില്‍ ബസ്സു കാത്തു നില്‌ക്കുന്നു.ആദ്യം വന്ന ബസ്സ് നിര്‌ത്തിയില്ല, നിങ്ങളെന്തു ചെയ്യും യാത്ര മതിയാക്കുമോ ?ഇല്ല അടുത്ത ബസ്സിനു കൈനീട്ടും അയാളുത്തരം പറഞ്ഞു.ആ..... ഞാനും അത്രേ ചെയ്യൂ........................ (തുടരും)
പെണ്ണിനു മാറിടം ബാധ്യതയോ.............. ?
പെണ്ണിന് അവളുടെ മാറിടം ബാധ്യതയാണോ....?ഒരു വ്യക്തി എന്ന നിലയിലും പ്രകൃതിയിലെ ഒരു ജീവി എന്ന നിലയിലും അവള്‍ക്കേറെ അഭിമാനിക്കാന്‍ വക നല്‌കുന്ന ഒരവയവമാണ് അവളുടെ മുലകള്‍.അമ്മയുടെ മുലയോട് കടപ്പാടില്ലാത്തവര്‍ അത്യപൂര്‍വ്വം പേരേ ഉണ്ടാകൂ.പരമ്പരാഗതമായി ഒരു സമൂഹത്തിനു തന്നെ പ്രഥമോര്‍ജ്ജം നല്‌കിയ , നല്‌കികൊണ്ടിരിക്കുന്ന ,നല്‌കാനുള്ള അവളുടെ മുലകള്‍ അതി മ്ലേച്ഛമായ രീതിയില്‍ ചിത്രീകരിച്ച് വാണിജ്യപ്പരസ്യങ്ങള്‍ക്കായുപയോഗിക്കുന്ന വെറും ചരക്കായി മാറ്റികൊണ്ടിരിക്കുന്നു.പെണ്ണിന് വ്യക്തമായി അഭിമാനിക്കുന്നതിന് വസ്‌തു നിഷ്ടമായ കാരണമുള്ള ഒരു അവയവമാണ് മുല.തെറ്റായ പ്രചാരണം ഹേതുവായി മുല എന്നത് ഏറ്റവും നിന്ദ്യമായ ഒരു പദമായും അവയവമായും മാറിപ്പോയിരിക്കുന്നു.അതുകൊണ്ടു തന്നെ അത് പെണ്‍കുട്ടികളില്‍ സദാ അപകര്‍ഷതാ ബോധവും മറ്റു പല ബാധ്യതകളും ഉണ്ടാക്കുന്നു.തന്റെ സഹജീവിയായ പുരുഷന് ഇതിനു സമാനമായ മറ്റൊരവയവം പ്രകൃതിയിലെ ജീവന്‍ നിലനിര്‍ത്തുന്നതിനുതകും വിധത്തില്‍ ഇല്ല എന്നതു തന്നെയാണിതിന്റെ മഹത്വം.എന്നിട്ടും മറച്ചു പിടിക്കേണ്ട ഒന്നായി കൗമാര പ്രായത്തിലേ പെണ്‍കുട്ടികള്‍ മാറിടത്തെ കാണുന്നു.തനിക്കില്ലാത്തതായ അപൂര്‍വ്വസിദ്ധിയുള്ള ഈ അവയവം അവനില്‍ പലവിധത്തിലുള്ള അസ്വസ്ഥതകളും അസൂയയും സൃഷ്ടിച്ചു.ഈ മാനസീകവസ്ഥയെ ലഘൂകരിക്കുന്നതിനായി പെണ്ണിന്റെ മാറിടത്തെക്കുറിച്ച് അവളില്‍ ആവുന്നത്ര അപകര്‍ഷതാബോധം ജനിപ്പിക്കുന്നതിനും അവന്‍ ശ്രമിച്ചു. തന്റെ നയനസുഖത്തിനാണ് പ്രകൃതി ഇങ്ങനെയൊരു അവയവം സ്‌ത്രീക്ക് നല്‌കിയത് എന്ന ചിന്ത അവന്‍ പ്രചരിപ്പിച്ചു.തത്‌ഫലമായി അവനില്‍ മോഹം ജനിപ്പിക്കുന്ന ഈ അവയവം പരമാവധി അവനില്‍ നിന്നും മറച്ചുവെക്കാനും അവന്റെ ചിന്തയാല്‍ സൃഷ്ടിച്ചെടുത്ത സമൂഹം അവളെ പഠിപ്പിച്ചു.അല്ലെങ്കില്‍ സദാ ഓര്‍മ്മപ്പെടുത്തി.ശരീരത്തിന്റെ നഗ്നത മറക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച വസ്‌ത്രധാരണ രീതിയിലും മറ്റെല്ലാ മേഖലയിലും അവന്‍ കാണിച്ച ആധിപത്യമനോഭാവം വസ്‌ത്രധാരണത്തിലും പ്രയോഗിച്ചു.പെണ്ണ് ഏത് രീതിയിലുള്ള വസ്‌ത്രം ധരിക്കണമെന്ന് അവന്‍ ചിന്തിച്ചു.അവന്റെ കണ്ണിലൂടെ അവന്‍ അവളുടെ വസ്‌ത്രത്തിനു രൂപകല്‌പന നടത്തി.വളരെ അടുത്ത കാലം വരെ ഒറ്റമുണ്ടു മാത്രം ധരിച്ചിരുന്ന നമ്മുടെ അമ്മൂമ്മമാര്‍ ഒട്ടേറെ സമരങ്ങളിലൂടെയാണ് മാറു മറക്കാനുള്ള അവകാശം നേടിയെടുത്തത്.അങ്ങനെയുള്ള അവകാശം അവള്‍ നേടിയെടുത്തപ്പോഴും അതെങ്ങനെ മറക്കണമെന്ന തീരുമാനമെടുത്തതും പുരുഷന്‍ തന്നെയായിരുന്നു എന്നത്‌് ബ്ലൗസിന്റെ പ്രത്യേകതയില്‍ നിന്നും മനസ്സിലാക്കാം.മാറു മറക്കണമെങ്കില്‍ നിങ്ങള്‍ മറച്ചുകൊള്ളൂ പക്ഷേ അത് അതിന്റെ രൂപത്തില്‍ ഭാവത്തില്‍ തന്നെ ഞങ്ങള്‍ക്കു കാണണം......ബ്രേസിയറും ബ്ലൗസും സ്‌ത്രീയുടെ മാറിടത്തെ വസ്‌ത്രം ഉപയോഗിച്ച് ആകൃതി നല്‌കുന്നതാണ് . ശരീരത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന ഭാഗങ്ങള്‍ ശരീരത്തോടു ചേര്‍ന്നു തന്നെ നിന്നില്ലെങ്കില്‍ അതിന്റെ ചലനം ആത്മ വിശ്വാസം നഷ്ടപ്പെടുത്തും അതുകൊണ്ടു തന്നെ അവയുടെ ചലനം നിയന്ത്രിക്കും വിധം ശരീരത്തോടു ചേര്‍ത്തുനിര്‍ത്തുകയേവേണ്ടൂ. കളരിപയറ്റിനും മറ്റ് കായികാഭ്യാസത്തിലും ഏര്‍പ്പെടുന്ന പുരുഷന്മാര്‍ ലങ്കോട്ടി ഉപയോഗിക്കുന്നതിന്റെ പിന്നിലെ ശാസ്‌ത്രവും ഇതു തന്നെയാണ്.ഒരു കുഞ്ഞു ജനിച്ചുകഴിഞ്ഞാല്‍ ബന്ധുക്കളും സുഹൃത്തുക്കളും കുഞ്ഞിനെ കാണാനായി പോകുന്നത് പതിവാണ്.ഇതിനായി ഒരു കുഞ്ഞുടുപ്പ് സമ്മാനമായി വാങ്ങുന്നതിന് കടയിലേക്കു ചെന്ന് ഒരു മാസം പ്രായമുള്ള കുട്ടിക്കുള്ള ഒരുടുപ്പ് വേണമെന്നു പറഞ്ഞാല്‍ ഉടനെ കുട്ടി ആണോ...? പെണ്ണോ....... ? എന്ന മറു ചോദ്യം ഉയരുകയായി.പെണ്ണാണെന്നു പറഞ്ഞ ഉടനെ തന്നെ കടക്കാരി / കടക്കാരന്‍ കഴുത്തിനു ചുറ്റും വര്‍ണ്ണശബളതയില്‍ ഫ്രില്ലുകള്‍ തീര്‍ത്ത വിവിധയിനം കുഞ്ഞുടുപ്പുകള്‍ കാണിക്കുകയായി.ഇത്തരത്തില്‍ ഫ്രില്ലുവെച്ച ഉടുപ്പുകള്‍ ധരിച്ചു വളരുന്ന പെണ്‍കുട്ടി തന്റെ അമ്മയുടെ നൈറ്റിക്കു മുന്‍വശം വെച്ച ഫ്രില്ലിന്റേയും തന്റെ ഉടുപ്പിനു മുന്‍വശം വെച്ച ഫ്രില്ലിന്റേയും ഉദ്ദേശം എന്തെന്ന് സ്വയം മനസിലാക്കാന്‍ കാലക്രമത്തില്‍ പരിശീലിക്കുന്നു.സ്‌ക്കൂള്‍തലം മുതല്‍ പെണ്‍കുട്ടികളെ അവരുടെ മാറിടത്തെക്കുറിച്ച് കൃത്യമായ അവബോധം ഉണ്ടാക്കുംവിധമാണ് അവര്‍ക്കുവേണ്ടി രൂപകല്‌പന ചെയ്‌തരിക്കുന്ന യൂണിഫോമുകള്‍.നഴ്‌സറി തലം മുതല്‍ തന്നെ പെണ്‍കുട്ടിയുടെ യൂണിഫോം മിഡിയും ഷര്‍ട്ടും പിന്നെ ഒരു ഓവര്‍കോട്ടും ആകുമ്പോള്‍ ആണ്‍കുട്ടിക്ക് ട്രൗസറും ഷര്‍ട്ടും മാത്രമായിരിക്കും.ഈ ഓവര്‍ക്കോട്ട് സമ്പ്രദായം സ്‌ക്കൂള്‍ വിദ്യാഭ്യാസത്തോടെ അവസാനിക്കുകയും അത് കോളേജിലെത്തുമ്പോഴേക്കും അത് സാരിയിലേക്കോ ചുരിദാറിലേക്കോ തിരിയുകയും ചെയ്യും..ഇത്തരത്തില്‍ ചെറുപ്പം മുതലേ മാറിടത്തില്‍ ശ്രദ്ധ പതിപ്പിച്ചു വളരുന്ന പെ്‌ണ്‍കുട്ടി ഒരു സ്‌ത്രീയായി കഴിയുമ്പോഴേക്കും ഈ ശ്രദ്ധ അവളില്‍ പൂര്‍ണ്ണമായും അലിഞ്ഞുചേര്‍ന്നിരിക്കും.സാരി എന്ന വസ്‌ത്രം തന്നെ മാറിടത്തെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒന്നാണ്.മാറിടം വളര്‍ച്ചയെത്താത്ത ഒരു പെണ്‍കട്ടിക്ക് ചുരിതാര്‍ ധരിക്കുന്നതിലോ മറ്റേത് വസ്‌ത്രം ധരിക്കുന്നതിലോ അപാകതയില്ല എന്നാലവള്‍ സാരി ധരിക്കണമെങ്കില്‍ നിര്‍ബന്ധമായും അവള്‍ക്ക് വളര്‍ച്ചയെത്തിയ മാറിടം ഉണ്ടായിരിക്കണം.മാറിടത്തെ ഭംഗിയായി പാതി മറക്കുന്നതിലാണ് സാരി ഉടുക്കുന്നതിലെ ഭംഗിയും അഭംഗിയും.ജനിക്കുമ്പോള്‍ പൂര്‍ണ്ണ രൂപം കൈവരിച്ചിട്ടില്ലാത്ത മുലയെ മാത്രം കേന്ദ്രീകരിച്ചുള്ള ഈ വേഷം സ്‌ത്രീയെ ഒരു ശരീരം മാത്രമാക്കി ചുരുക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നു.മുലകള്‍ക്ക് സമൂഹം നല്‌കിയ അമിതപ്രാധാന്യം നിമിത്തം ഒരു പെണ്‍കുട്ടിയുടെ സകലമാന സന്തോഷങ്ങളും അവള്‍ ഈ അവയവത്തിന്റെ പേരില്‍ നിയന്ത്രിക്കുകയോ വേണ്ടെന്നുവെക്കുകയോ ചെയ്യുന്നു.പുസ്‌തകങ്ങളുമായി നടന്നുപോകുന്ന പെണ്‍കുട്ടി മാറിടത്തിന് രക്ഷാകവചമായി പുസ്‌തകത്തെ ഉപയോഗിക്കുന്നത് നമ്മുക്ക് സുപരിചിതമാണല്ലോ .നമ്മുക്കിഷ്ടമല്ലാത്ത ഒരു വ്യക്തിയുടെ ദുരുദ്ദേശത്തോടെയുള്ള സ്‌പര്‍ശം പോലും നാമെതിര്‍്‌ക്കില്ലേ....? അത്ര പ്രാധാന്യം മാത്രമേ ഈ അവയവത്തിനും കൊടുക്കേണ്ടതുള്ളൂ.മതി മറന്നാഹ്ലാദിക്കേണ്ട സന്ദര്‍ഭങ്ങളിലും സാമൂഹികമായി വലിയ വലിയ കര്‍ത്തവ്യങ്ങളിലേര്‍പ്പെടേണ്ടി വരുന്ന സന്ദര്‍ഭങ്ങളിലും തന്റെ മാറിടത്തെ ഒരു ബാധ്യതയായി കാണുന്ന പെണ്‍കുട്ടി സമൂഹത്തോടും തന്നോടു തന്നെയുമുള്ള കടപ്പാടില്‍ നിന്നും ഒളിച്ചോടുന്നത് ഒരു ശീലമാക്കി മാറ്റിയിരിക്കുന്നു.സ്‌ത്രീ / പരുഷന്‍ എന്ന വേര്‍തിരിവ് സ്‌പഷ്ടമാക്കുന്നതിനുള്ള ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം വസ്‌ത്രധാരണ രീതി തന്നെയാണ്.രണ്ടു കാലില്‍ നിവര്‍ന്നു നില്‌ക്കുന്ന മനുഷ്യര്‍ക്ക് (ആണിനും പെണ്ണിനും)ഒരേ രീതിയിലുള്ള വസ്‌ത്രധാരണ രീതിയും യോജിക്കുന്നതു തന്നെയാണ്.സ്‌ക്കൂള്‍ തലം മുതലാരംഭിക്കുന്ന ഈ ലിംഗ വിവേചനപരമായ വസ്‌ത്രധാരണ രീതി ഇല്ലായ്‌മ ചെയ്യുക തന്നെ വേണം.കുട്ടികള്‍ കുട്ടികളായിതന്നെ വളരട്ടെ. അവര്‍ ആണോ പെണ്ണോ എന്നറിയേണ്ട ബാധ്യത അധ്യാപകര്‍ക്കെന്തിനാണ്......? അതുപോലെ നടന്നുപോകുന്ന വ്യക്തി ആണോ പെണ്ണോ എന്നെന്തിനാണ് സമൂഹത്തെ മുഴുവന്‍ അറിയിക്കുന്നത് .അത് അറിയേണ്ടവര്‍ അറിഞ്ഞാല്‍പോരേ ? അറിയിക്കേണ്ടവരെ അറിയിച്ചാല്‍ പോരേ...............?
സീമന്തരേഖ
നിയമപരമായി വിവാഹമോചനം നേടിയ ശേഷവും തുടര്‍ച്ചയായി സീമന്തരേഖ വരച്ചു മാത്രം ഓഫീസില്‍ പോകന്ന എനിക്ക് കണ്ടു പരിചയമുള്ള സ്‌ത്രീയോട് ഒരിക്കല്‍ ഒരു ബസ് യാത്രക്കിടയില്‍ സാഹചര്യം കിട്ടിയപ്പോള്‍ ഞാന്‍ ചോദിച്ചു." ചേച്ചി...... ഡൈവോഴ്‌സ് കഴിഞ്ഞിട്ടും ചേച്ചിയെന്തിനാ സീമന്ത രേഖ വരക്കുന്നത്" ?"അതിനെന്താ..."? അവര്‍ ചിരിച്ചുകൊണ്ട് എന്നെ നോക്കി."സീമന്തരേഖ വരക്കുന്നത് ഭര്‍ത്താവിനു വേണ്ടിയല്ലേ...."?"എന്നാരു പറഞ്ഞു "?ഞാന്‍ എന്റെ മനസ്സിലെ പുരുഷനുവേണ്ടിയാണ് ഇതു വരക്കുന്നത് " അവര്‍ ഒരു ഭാവ വ്യത്യാസവുമില്ലാതെ പറഞ്ഞു
സീമന്തരേഖക്ക് അങ്ങനേയും ഒരര്‍ത്ഥമുണ്ടോ എന്ന് മനസ്സില്‍ ചോദിച്ച് ഞാന്‍ മിണ്ടാതിരുന്നു.
അന്തരം
ഒരിക്കല്‍ വനിതാസെല്ലില്‍ ഒരു പുരുഷന്‍ തന്റെ ഭാര്യയെ വീട്ടുകാര്‍ പിടിച്ചുവെച്ചിരിക്കയാണെന്നും താനും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും തനിക്കും തന്റെ ഭാര്യക്കും ഒന്നിച്ചു താമസിക്കുന്നതിനുവേണ്ട സഹായം ചെയ്‌തു തരണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടൊരു പരാതി നല്‌കി.പരാതിയില്‍ പറയുന്ന സ്‌ത്രീയെ നേരിട്ടു കണ്ട് ഞാന്‍ വിവരം ചോദിച്ചു.
"എന്താടോ തനിക്ക് തന്റെ കെട്ട്യോനെ ഇഷ്ടമല്ലേ................ ?
"അങ്ങനൊന്നുമില്ല സാറേ........ ""പിന്നെന്താ താന്‍ അയാളുടെ കൂടെ താമസിക്കാത്തത്" ?
" സാറേ........... എനിക്കയാളോട് ദേഷ്യൊന്നൂല്ല. രാത്രി കിടക്കാന്‍ നേരത്ത് കാലൊന്ന് കഴുകിക്കൂടേ.............. ? പല്ലൊന്ന് തേച്ചൂടേ................." ?ആ പെണ്‍കുട്ടിയുടെ ചോദ്യം കേട്ടപ്പോഴാണ് ആ രണ്ടു വ്യക്തികള്‍ തമ്മിലുള്ള അന്തരം ഞാന്‍ ശ്രദ്ധിച്ചത്.
എന്റെ വിധി
അപേക്ഷാ ഫോറങ്ങളിലെ പുരുഷാധിപത്യത്തെ ചോദ്യം ചെയ്‌ത് 1999 ല്‍ ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയില്‍ ഞാന്‍ ഫയല്‍ ചെയ്‌ത writt op യില്‍ (2001 വര്‍ഷം) തികച്ചും അനുകൂലമായ വിധി നേടാനെനിക്കായി. ആ വിധി impliment ചെയ്യുന്നതിനായി അന്നു മുതല്‍ തന്നെ ഞാന്‍ കഠിനമായി പശ്രമിക്കുകയും ചെയ്‌തു പോരുന്നു.തുടര്‍ച്ചയായുള്ള എന്റെ പരിശ്രമത്തിന്റെ ഫലമായി സ്‌ക്കൂള്‍ അറ്റന്റെന്‍സ് ബുക്കിലും psc അപേക്ഷാ ഫോറങ്ങളിലും റവന്യൂ വകുപ്പിറക്കിയ പട്ടയത്തിന്റെ ഫോമിലും (ഫോറം 6) മാറ്റം വരുത്തുന്നതിലും, തുടര്‍ച്ചയായുള്ള ഇടപെടല്‍ നിമിത്തം സര്‍ക്കാര്‍ മേല്‍ വിധി നടപ്പില്‍ വരുത്തുന്നതിന് എല്ലാ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‌കുന്ന GO ഇറക്കുകയും ചെയ്‌തു.എന്നിട്ടും ഈ വിധി പൂര്‍ണ്ണമായും നടപ്പില്‍ വരുത്തുന്നതിനു കഴിഞ്ഞിട്ടില്ല.ഈ വിധി ഫലത്തിലെത്തിക്കാന്‍ നിങ്ങളുടെ ഓരോരുത്തരുടേയും സഹായ സഹകരണങ്ങള്‍ ഞാന്‍ പ്രതീക്ഷിക്കുന്നു.കോടതി വിധിയും, ഗവ: ഓര്‍ഡറും നിങ്ങളുടെ അറിവിലേക്കായി ഇവിടെ ചേര്‍ക്കുന്നു.(കംമ്പ്യൂട്ടര്‍ expert അല്ലാത്തതിന്റെ പോരായ്‌മകള്‍ ക്ഷമിക്കുമല്ലോ....... )
B.N SRIKRISHNA, & RAMACHANDRAN
-------------------------------------------------------------
(O.P.No.28856 of 1999,I)
----------------------------------------------------------------------------
Dated this the 27th day of september, 2001
JUDGEMENT
Sri Krishna,C.J
-------------------
Though a large number of sweeping prayers are made ,some of which required changing of the social mindest.It is not possible for this court to entertain the prayers .The only legitimate prayer which appeals to us is that THE FORMS RINTED BY THE GOVERMENT SHOULD BE GENDER NEUTRAL SHOULD PROVIDE ALTERNATIVE OF BOTH GENDERS,unlike the one shownas ext-P1(2).We direct that respondence 1 and 2 should amend the concerned forms suitably when reprinting them, so that the grevance of this nature of gender discrimination does not arise in future.
With this direction we close this Original petition
sd
(B.N.SRIKRISHNA)
(Chief Justice)
sd
(RAMACHANDRAN)
Judge
കേരള സര്‍ക്കാര്‍
പൊതുഭരണ(ഏകോപന)വകുപ്പ്
സര്‍ക്കുലര്‍നമ്പര്‍ 15800/സി.ഡി.എന്‍4/2004/പൊ.ഭ.വ തിരുവനന്തപുരം 2004 ഏപ്രില്‍ 27.
വിഷയം- സര്‍ക്കാര്‍ ഫോറങ്ങള്‍ ലിംഗഭേദം പ്രതിഫലിപ്പിക്കാതെ അച്ചടിക്കുന്നത് സംബന്ധിച്ച്
സൂചന- 28856/99-നമ്പര്‍ ഒ.പി യിലെ ബഹു ഹൈക്കോടതിയുടെ 27-09-2001 ലെ വിധിന്യായം
പൊതു ആവശ്യങ്ങള്‍ക്കായി നിലവിലുള്ള പല സര്‍ക്കാര്‍ ഫോറങ്ങളിലും കൈവശ ഭൂമി,വീട്,കുടുംബം ഇത്യാതി രേഖപ്പെടുത്തേണ്ട കോളങ്ങളില്‍ ,കൈവശക്കാരന്‍ / കുടുംബ നാഥന്‍ എന്നിങ്ങനെ പുരുഷനെ മാത്രമാണ് സൂചിപ്പിക്കുന്നത്.സര്‍ക്കാരിന്റെ ഫോറങ്ങള്‍ സ്‌ത്രീ പുരുഷഭേദമില്ലാത്തതാകണമെന്നും , അതിനാല്‍ ഫോറങ്ങള്‍ പുതുതായി അച്ചടിക്കുമ്പോള്‍ രണ്ടു വിഭാഗങ്ങളേയും തുല്യമായി സൂചിപ്പിക്കുന്ന തരത്തില്‍ ആവശ്യമായ ഭേദഗതി വരുത്തേണ്ടതാണെന്നും സൂചനയിലെ വിധിന്യായത്തില്‍ , ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.എന്നാല്‍ പ്രസ്‌തുത വിധിക്കു ശേഷം അച്ചടിച്ചിട്ടുള്ള ഫോറങ്ങളിലും ,മേല്‍ പറഞ്ഞ മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുകയുണ്ടായി.ഇത് കോടതി വിധിയുടെ ലംഘനവും ഗുരുതരമായ വീഴ്‌ചയുമായി സര്‍ക്കാര്‍ കാണുന്നു.ഈ സാഹചര്യത്തില്‍ ഇത്തരം ഫോറങ്ങള്‍ പുതിയതായി അച്ചടിക്കുമ്പോള്‍ , സ്‌ത്രീ പുരുഷ പക്ഷഭേദമില്ലാത്ത രീതിയില്‍ രണ്ട് വിഭാഗങ്ങള്‍ക്കും തുല്യത ഉറപ്പു വരുത്തേണ്ടതാണെന്ന് ഇതിനാല്‍ നിര്‍ദ്ദേശിച്ചു കൊള്ളുന്നു.ഫോറത്തിന്റെ മാതൃക അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.
കാത്തിരിപ്പ്
ഡ്യൂട്ടി കഴിഞ്ഞ് വന്നയുടനെ വൈകിട്ടത്തേക്കുള്ള ഭക്ഷണത്തിന് തയ്യാറെടുത്തു. രാവിലെ മുതല്‍ തുടര്‍ച്ചയായുണ്ടായ ഡ്യൂട്ടി നിമിത്തം ഉച്ചത്തെ ഭക്ഷണം കഴിക്കാനായില്ല. ശീലത്തിന്റെ ഭാഗമായ നഷ്ടബോധം ഉള്ളില്‍. വേഗം തന്നെ ഭക്ഷണമാക്കി പെട്ടന്ന് കിടന്നുറങ്ങാന്‍ എനിക്കു തിടുക്കമായി. എട്ടു മണിയായപ്പോഴേക്കും ഭക്ഷണം തയ്യാര്‍.ഞാന്‍ ദാസേട്ടന്റെ വരവിനായി കാത്തിരുന്നു.അര മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ദാസേട്ടന്‍ വന്നു .അടുപ്പില്‍ വെച്ച വെള്ളം ചൂടായിട്ടുണ്ട് .ഞാന്‍ വെള്ളം ബക്കറ്റിലൊഴിച്ച് കുളിമുറിയില്‍ കൊണ്ടുവെച്ച് ദാസേട്ടനോട് അല്‌പം ദേഷ്യത്തില്‍ പറഞ്ഞു " ദാസേട്ടാ ഒന്നു വേഗം കുളിച്ചിട്ടു വാ മനുഷ്യനിവിടെ വിശന്നിട്ടു വയ്യ."
"അതെ ഞാന്‍ വേഗം വരാം." ശബ്ദത്തിലെ കാഠിന്യം ഞാന്‍ തിരിച്ചറിഞ്ഞു.
"ഞാന്‍ രാവിലെ പറഞ്ഞിട്ടും പെട്രോള്‍ അടിക്കാന്‍ മറന്നല്ലോ ? "
ലൈറ്റിടാതെ വണ്ടി തള്ളിക്കൊണ്ട് വന്നത് അടുക്കള വാതിലിലൂടെ ഞാന്‍ കണ്ടിരുന്നു. അതിന്റെ പൊരുള്‍ എനിക്ക് പെട്ടന്ന് പിടികിട്ടി.സ്‌റ്റേഷനിലേക്ക് പോകുമ്പോള്‍ ബത്തേരിയിവുള്ള ഹോസ്‌പിറ്റലിലാണ് വണ്ടി വെക്കാറ് .അവസാനം വരുന്നവര്‍ വണ്ടിയെടുത്ത് പോരും അതാണ് പതിവ്.അന്ന് രാവിലെ എന്തോ ചില തിരക്കുകള്‍ കാരണം ഞാനാണ് വണ്ടിയെടുത്തത് .ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ഒരിരുപത് കിലോമീറ്ററോളം കൂടുതല്‍ ഓടിയിരുന്നു.രാവിലെ വണ്ടിയെടുക്കുമ്പോള്‍ തന്നെ ദാസേട്ടന്‍ റിസര്‍വ്വിലാണേ.. എണ്ണയടിക്കണേ എന്നു പറഞ്ഞിരുന്നതും ഞാനോര്‍ത്തു.
" കോളിയാടി മുതല്‍(വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ) ഇവിടം വരെ വണ്ടി ഉന്തിയിട്ടാണ് വന്നത് .എണ്ണയടിക്കാന്‍ പറ്റില്ലെങ്കില്‍ മേലാല്‍ വണ്ടി എടുക്കരുത്.................................."
തെറ്റ് എന്റെ ഭാഗത്താണല്ലോ ഞാന്‍ മിണ്ടാതിരുന്ന് എല്ലാം കേട്ടു. ദസേട്ടന്‍ കുളിക്കാനായി പോയി .ഞാന്‍ ഭക്ഷണം വിളമ്പി മേശപ്പുറത്തു വെച്ചു.കട്ടികളേയും വിളിച്ചു. അപ്പോഴേക്കും ദാസേട്ടനും വന്നു. കഞ്ഞി കുടിക്കാന്‍ ഇരിക്കലും നടന്നു കുഴഞ്ഞ കാര്യവും ദുരിതങ്ങളുടെ നിരയും ആവര്‍ത്തിക്കാന്‍ തുടങ്ങി. എനിക്ക് ദേഷ്യം പിടിച്ചു." ബത്തേരീന്നല്ലേ ഇങ്ങോട്ടു വന്നത് നിങ്ങക്കും നോക്കായിരുന്നല്ലോ വണ്ടിയില്‍ എണ്ണയുണ്ടോ എന്ന്"
"എന്താ... ഇനീം ന്യായീകരിക്കാ............. " ദാസേട്ടന്‍ ഒന്നു കൂടി കര്‍ക്കശമായി കണ്ണുരുട്ടി മുഖം ഭീഭത്സമാക്കി എന്നെ നോക്കി.
" കഞ്ഞീം വേണ്ട വെള്ളോം വേണ്ട ഇത്തിരി സൈ്വര്യം കിട്ട്യാ മതി."ഞാന്‍ ഭക്ഷണം കഴിക്കാതെ എണീറ്റ് അകത്തുപോയി കിടന്നു.ദാസേട്ടനോ കുട്ടികളോ എന്നെ വിളിക്കും എന്നു ഞാന്‍ പ്രതീക്ഷിച്ചു.ആരും എന്നെ വിളിച്ചില്ലെന്നു മാത്രമല്ല കുറച്ചു കഴിഞ്ഞ് എല്ലാവരും ലൈറ്റ് ഓഫാക്കി കിടന്നു.ഏകദേശം പത്തരമണിയോടെ എല്ലാവരും ഉറങ്ങിയെന്നുറപ്പു വരുത്തി ഞാന്‍ എഴുന്നേറ്റു. വിശപ്പ് ഒന്നുകൂടി കൂടി .വറുത്ത പച്ച മീനും ചമ്മന്തിയും പയറുപ്പേരിയും നല്ല മാങ്ങ അച്ചാറും.......... ഞാന്‍ പ്രതീക്ഷയോടെ ഡയനിംഗ് ഹളിലെത്തി ലൈറ്റിട്ടു. മേശപ്പുറം കാലി പ്രതീക്ഷകൈവിടാതെ അടുക്കളയിലെത്തി എനിക്ക് കഞ്ഞിയും ഉപ്പേരിയും മറ്റും വിളമ്പിവെച്ച എല്ലാ പാത്രങ്ങളും കാലിയാക്കി സിങ്കിലിട്ട് വെള്ളമൊഴിച്ചു വെച്ചിരിക്കുന്നു.കഞ്ഞി പാത്രവും കാലി അതിലും പച്ചവെള്ളം മാത്രം. ഞാന്‍ പച്ചവെള്ളം കുടിച്ച് ശബ്ദമുണ്ടാക്കാതെ അകത്തു പോയി കിടന്നു.
എന്തു ചെയ്യാം എത്ര പിണങ്ങിയാലും ദാസേട്ടന്‍ ഭക്ഷണം ഒഴിവാക്കില്ല. ദാസേട്ടന്‍ ഭക്ഷണം വേണ്ടെന്ന് പറഞ്ഞ് ഒന്നു കിടക്കാനും ആ ഭക്ഷണം കാലിയാക്കി പാത്രത്തില്‍ വെള്ളമൊഴിച്ചിടാനും.നീണ്ട എട്ടു വര്‍ഷമായി ഞാന്‍ കാത്തിരിക്കുകയാണ്......................................പ്രതീക്ഷയോടെ തന്നെ
ഇവാന്റെ പോട്ടൊന്നും എനാക്ക് ബോണ്ടാ..........
കരിമുണ്ട കോളനിയിലെ ശല്യക്കാരനായിരുന്നു ചന്ദ്രന്‍.ചെറുപ്പക്കാരനായ ചന്ദ്രന്‍ ദിവസവും കൂലിപ്പണിക്കു പോവുകയും കിട്ടിയ കൂലിയില്‍ പകുതിയും അയാള്‍ മാറ്റിവെച്ചത് മദ്യപിക്കുന്നതിനായിരുന്നു.ചന്ദ്രന്റെ ഭാര്യ പൊറുതിമുട്ടി.ആയിടക്കാണ് ശ്രീ ശ്രീ രവിശങ്കറിന്റെ അഞ്ചുദിവസത്തെ പരിശീലനക്ലാസ് ബന്ധപ്പെട്ടവര്‍ കോളനിയില്‍ സംഘടിപ്പിച്ചത്.കോളനിയിലെ എല്ലാ അംഗങ്ങളും ക്ലാസില്‍ പങ്കെടുത്തു.ആദ്യ ദിവസത്തെ ക്ലാസില്‍ തന്നെ ചന്ദ്രന്‍ നന്നായി കുടിച്ചിട്ടാണ് വന്നത്.ക്ലാസിന് നേതൃത്വം നല്‌കിയ ഉഷ ടീച്ചര്‍ അതിസുന്ദരിയായിരുന്നു.ചന്ദ്രന്റെ ഭാര്യ പൊന്നി ക്ലാസിന്റെ തുടക്കത്തില്‍ തന്നെ ടീച്ചറിനോട് തന്റെ സങ്കടം വിവരിച്ചു.
"ചേച്ചീ ചന്ദ്രന്‍ എന്നും കുട്യാണ്.കുടിച്ചു ബന്നാല് പൊരേല് ചൊയ്‌ര്യം തരൂല ദെബസോം അടീം പിടീം തന്നെ.ചേച്ചിയൊക്കെ പറഞ്ഞാല് അബന്‍ കേക്കും".ടീച്ചര്‍ പൊന്നിയുടെ വിഷമം മനസ്സിലാക്കി.ക്ലാസിന്റെ തുടക്കം മുത്‌ല്‍ തന്നെ ചന്ദ്രനെ കൂടുതല്‍ ശ്രദ്ധിക്കാന്‍ ടീച്ചര്‍ സംഘാങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‌കി.ടീച്ചര്‍ ചന്ദ്രന്റെ അടുത്തെത്തി ചന്ദ്രനോട് നയത്തില്‍ പറഞ്ഞു."ചന്ദ്രാ......... നാളെ ക്ലാസില്‍ വരുമ്പോള്‍ ഇന്നു കുടിച്ചത്ര കുടിക്കരുത്.എത്ര കൊറച്ചൂന്ന് നാളെ വന്നെന്നോട് പറയണം .തന്റെടുത്തിരുന്ന് സൗമ്യമായി സംസാരിച്ച ടീച്ചറെ ചന്ദ്രന് നന്നായി ബോധിച്ചു."ചേച്ചീ നാളെ ഞാന്‍ കൊറച്ചേ കുടിക്കൂ........ ചന്ദ്രന്‍ ടീച്ചറിന് വാക്കു കൊടുത്തു.പിറ്റേ ദിവസം വന്നയുടനെ തന്നെ ചന്ദ്രന്‍ ടീച്ചറിനോടാടി പറഞ്ഞു " ചേച്ചീ ഇന്നു ഞാന്‍ കൊറച്ചേ കുടിച്ചുള്ളൂ.എങ്ങനെങ്കിലും ഈ മുടിഞ്ഞ കുട്യൊന്ന് നിര്‍ത്തണം.ചന്ദ്രന്‍ സ്വയം പ്രാകി.ടീച്ചര്‍ ചന്ദ്രന് പല വിധ ഉപദേശങ്ങ്‌ള്‍ നല്‌കി .സംഘാങ്ങള്‍ എല്ലാവരും ചന്ദ്രനെ പ്രത്യേകം ശ്രദ്ധിച്ചു. ക്ലാസില്‍ ഒരു പ്രത്യേക പരിഗണന തന്നെ ചന്ദ്രന് ലഭിച്ചു.മൂന്നാമത്തെ ദിവസം ഒട്ടും കുടിക്കാതെയാണ് ചന്ദ്രന്‍ ക്ലാസിലെത്തിയത് "ചേച്ചീ ഇന്നു ഞാന്‍ കുടിച്ചിട്ടില്ല.വന്നപാടേ ചന്ദ്രന്‍ സന്തോഷത്തോടെ പറഞ്ഞു.ചന്ദ്രന്‍ കുടി നിര്‍ത്തിയ സന്തോഷം ടീച്ചര്‍ ക്ലാസില്‍ പങ്കുവെച്ചു.ക്ലാസിന്റെ അവസാന ദിവസം ക്ലാസ് അവസാനിക്കുന്നതിന് അര മണിക്കൂര്‍ മുമ്പായി ടീച്ചര്‍ ചന്ദ്രന്റെ അടുത്തെത്തി
"ചന്ദ്രാ......... ഇനി കുടിക്യോ.....? " എന്നു ചോദിച്ചു." ഇല്ല ചേച്ചീ ഇനി ഞാന്‍ കുടിക്കില്ല" ചന്ദ്രന്‍ ടീച്ചര്‍ക്ക് വാക്കു കൊടുത്തു.
"ആ........... അഥവാ ഇനി കുടിക്കണം ന്ന് തോന്നുമ്പം ഗുരിജിയെ ഓര്‍ക്കണം.കുടിക്കാണെങ്കില്‍ ഗുരുജിക്കും കൂടി കൊറച്ച് കൊടുക്കണം" എന്നും പറഞ്ഞ് ടീച്ചര്‍ കൈവശം വെച്ചിരുന്ന ഗുരുജിയുടെ(രവിശങ്കറിന്റെ) ഒരു ഫോട്ടോ എടുത്ത് ചന്ദ്രന്റെ കൈയ്യിലേക്ക് കൊടുക്കാന്‍ നീട്ടി.പെട്ടന്ന് ചന്ദ്രന്‍ കൈ പുറകോട്ട് വലിച്ച് ഏറെ പരിഭവത്തോടെ ഇങ്ങനെ പറഞ്ഞു "ഇവാന്റെ പോട്ടൊന്നും എനാക്ക് ബോണ്ടാ.....നിന്റെ പോട്ടൊന്നുണ്ടെങ്കില് താ........."
സൗഹൃദം
എന്തും പറയാനുള്ള സ്വാതന്ത്ര്യമല്ല
എന്തും പറയാതിരിക്കാനുള്ള സ്വാതന്ത്ര്യമാണത്
ബന്ധം
നെയ്യുമായ് നിനക്കെന്തു ബന്ധം നെയ്യപ്പമേ
വാക്ക്
നാളെ ഞാൻ ആരുടേതാണെന്നെനിക്കറിയില്ല
എങ്കിലും ഒന്നറിയാം ഇന്നു ഞാൻ നിന്റേതാണ്
ശൃംഗാരത്തിന്റെ ശക്തി
പോലീസില്‍ ഏറെ പ്രാധാന്യം കല്‌പിക്കുന്ന ഒന്നാണ് സീനിയോരിറ്റി.ഒരു നമ്പര്‍ സീനിയര്‍ പോലും സീനിയര്‍ ആണെന്നും സാര്‍ എന്നു മാത്രമേ അഭിസംഭോധന ചെയ്യാവൂ എന്നുമാണ് ട്രയിനിംങ്ങിന്റെ നാളുകളില്‍ അച്ചടക്കത്തിന്റെ ആണിക്കല്ലായി ഓരോ ട്രയിനിയേയും ഇന്‍സ്‌ട്രക്ടര്‍ ഇടക്കിടക്ക് ഓര്‍മ്മിപ്പിക്കുക.(അത് സ്‌ത്രീകളാണെങ്കില്‍ മേഡം എന്നുമതിയെന്നത് മുകളിലുള്ള ചില സാറമ്മാരുടെ അപകര്‍ഷതാബോധത്തില്‍ നിന്നുണ്ടായ ഉത്തരവു മാത്രം.sir എന്ന പദത്തിന് superior in rank എന്ന് ഓക്‌സ്‌ഫോര്‍ഡ് dictionry ല്‍ പറയുന്നു എങ്കിലും അതിന്റെ കൈവശാവകാശവും തങ്ങള്‍ക്കുതന്നെയാണെന്ന് സ്ഥാപിക്കുനാനുള്ള തന്ത്രപ്പാടിലാണിവര്‍)ട്രയിനിംങ് നാളില്‍ കേട്ടു ശീലിച്ച ഈ സീനിയോരിറ്റി വനിതാപോലീസുകാരോട് പുരുഷപോലീസിന് പ്രകടിപ്പിക്കേണ്ടതില്ലെന്ന് മനസ്സിലാക്കാന്‍ അധിക കാലമൊന്നും എനിക്ക് വേണ്ടി വന്നില്ല.
സാധാരണ മറ്റേതു വകുപ്പിലും അതത് ഓഫീസിലെ സ്റ്റാഫിന്റെ പേരുകള്‍ ഓഫീസ് റജിസ്റ്ററില്‍ രേഖപ്പെടുത്തുന്നത് സീനിയോരിറ്റി ക്രമത്തില്‍ തന്നെയായിരിക്കും .എന്നാല്‍ പോലീസ് വകുപ്പില്‍ മുഴുവന്‍ പുരുഷപോലീസുകാരുടേയും പേരും നമ്പരും രേഖപ്പെടുത്തിയതിനു ശേഷം മാത്രമേ വനിതാപോലീസുകാരുടെ പേരുകള്‍ എഴുതാറുണ്ടായിരുന്നുള്ളൂ.(ഉദാഹരണത്തിന് 2004-ല്‍ സര്‍വ്വീസില്‍ ചേര്‍ന്ന പോലീസുകാരന്റെ പേരും നമ്പരും രേഖപ്പെടുത്തിയതിന്റെ ശേഷംമാത്രമേ 1991 ല്‍ സര്‍വ്വീസില്‍ ചേര്‍ന്ന പോലീസുകാരിയുടെ പേരും നമ്പരും രേഖപ്പെടുത്തൂ)ഈ പ്രകടമായ ആണ്‍കോയ്‌മയെ ഞാന്‍ പലപ്പോഴും പല രീതിയില്‍ ചോദ്യം ചെയ്‌തെങ്കിലും എഴുത്തിന്റെ രീതിയില്‍ യാതൊരു മാറ്റവും വരുത്താതെ ഈ പോക്രിത്തരം അധികാരികള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതിനിടയിലാണ് ഞാന്‍ കേരളാ ഹൈക്കോടതിയില്‍ പോയി സര്‍ക്കാര്‍ ഓഫീസുകളില്‍ സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതുമായ രേഖകളിലും ഫോമുകളിലും ആണ്‍കോയ്‌മാപരമായുള്ള രീതികള്‍ ഒഴിവാക്കണമെന്നും gender nutral ആയി മാത്രമേ രേഖകളില്‍ പരാമര്‍ശമുണ്ടാകാവൂ എന്നുമുള്ള അനുകൂല വിധിവാങ്ങിയത്.ഈ വിധി ചൂണ്ടിക്കാട്ടി പരാതി പറഞ്ഞിട്ടും യാതൊരു ഫലവുമുണ്ടായില്ല.വനിതാപോലീസുകാരുടെ പേരുകള്‍ താഴേതട്ടില്‍ തന്നെ കിടന്നു.
പരാതിപറഞ്ഞിട്ടു കാര്യമില്ലെന്നു ബോധ്യമായ ഞാന്‍ ശൃംഗാരം ഗുണം ചെയ്യുമോ എന്നൊന്നു പരീക്ഷിക്കാന്‍ തീരുമാനിച്ചു.വിശ്വാമിത്രന്‍ പോലും മേനകയുടെ ശൃംഗാരത്തില്‍ വീണുപോയില്ലേ........ ? പിന്നെയാണോ ഒരു സ്‌റ്റേഷന്‍ റൈട്ടര്‍............ (സ്‌റ്റഷനിലെ രേഖകള്‍ സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും സ്‌റ്റേഷന്‍ റൈട്ടറാണ്.)ഞാന്‍ മനസ്സിനെ അതിനായി പരുവപ്പെടുത്തി.ഏതൊരു പെണ്ണിനും എളുപ്പം സാധിക്കുന്നതും ഏറ്റവും പ്രയാസമെന്ന് അവള്‍ കരുതുന്നതുമായ ഒന്നാണ് ശൃംഗാരം
ഒരു ദിവസം വൈകുന്നേരം ഞാന്‍ റൈട്ടര്‍ക്കഭിമുഖമായി ഒന്നും മിണ്ടാതെ അയാളെതന്നെ നോക്കിയിരുന്നു.എന്റെ സാമീപ്യത്തെ ആര്‍ത്തിയോടെ ഏതു നിമിഷവും സ്വാഗതം ചെയ്‌തു പോന്ന അയാള്‍ "എന്തിനാ............ വിനയേ ഈ ഗൗരവം ? എനിക്ക് പണ്ടേ വിനയയെ ഇഷ്ടമാണ്.................. എന്നു തുടങ്ങി പഞ്ചാരയടിക്ക് തുടക്കം കുറിച്ചു.
"നിങ്ങള്‍ക്കെന്നോടിഷ്ടമൊന്നുമില്ല " ഞാനും ചിണുങ്ങി.
"അതെന്താ............ വിനയേ " അയാള്‍ പരിഭവത്തോടെ മൃദുവായ രീതിയില്‍ അടക്കിയ ശബ്ദത്തില്‍ പറഞ്ഞു.
"ഇഷ്ടമുണ്ടെങ്കില്‍ ഞാനൊരു കാര്യം പറഞ്ഞാല്‍ കേള്‍ക്കുമോ.......... ?" ഞാന്‍ നിബന്ധന വെച്ചു.
"എന്താ വേണ്ടതെന്നുവെച്ചാല്‍ പറഞ്ഞാല്‍ മതി.എന്നെക്കൊണ്ട് കഴിയുന്നതാണെങ്കില്‍ ഞാന്‍ ചെയ്യും" അയാള്‍ അയാളുടെ പരിമിതി വ്യക്തമാക്കി.
"സാറിനു കഴിയുന്നതു തന്നെയാണ്.ഞാന്‍ പറയട്ടെ.................." ഞാന്‍ വീണ്ടും ചിണുങ്ങി.
"പറയ് വിനയേ............ "അയാള്‍ക്ക് ക്ഷമകെട്ടു.അയാള്‍ പ്രണയാതുരനായി തന്റെ സീറ്റില്‍ നിന്നുമെണീറ്റ് എന്റെടുക്കല്‍ ഒരു കൈ എന്റെ കസേരക്കു പിറകില്‍ പിടിച്ച് എന്നോടു ചേര്‍ന്നു നിന്നുകൊണ്ട് എന്റെ വാക്കുകള്‍ക്കായി കാത്തു നിന്നു.
"വേറൊന്നുമല്ല സാര്‍, നാളെമുതല്‍ duty book സീനിയോരിറ്റി ക്രമത്തില്‍ എഴുതണം. അത്രേയുള്ളൂ" ഞാന്‍ കാര്യം പറഞ്ഞു.(അപ്രകാരം എഴുതുമ്പോള്‍ എന്റെ നമ്പര്‍ ആദ്യം വരും.)"
ഓ......... അതാണോ അതെഴുതാം."വര്‍ഷങ്ങളായി ഞാന്‍ പാടുപെട്ട് ചെയ്യിക്കാന്‍ ശ്രമിച്ച ഒരു മഹാകാര്യം അരമണിക്കൂര്‍കൊണ്ട് സാധിച്ചത്‌കേട്ട് അത്ഭുതത്തോടെ ഞാന്‍ എണീറ്റു.സമയം ഏറെ വൈകിയതുകൊണ്ട് അയാളുടെ കൈയ്യില്‍ അമര്‍ത്തിപ്പിടിച്ച് എന്റെ പ്രണയം ഉറപ്പിച്ച് "പോട്ടെ സാര്‍ സമയം വൈകി" എന്ന് പറഞ്ഞ് ഏറെ പ്രതീക്ഷയോടെ ഞാനിറങ്ങി.
പിറ്റേന്ന് വന്നയുടനെ തന്നെ ഞാന്‍ ഡ്യൂട്ടിബുക്ക് നോക്കി.അത്ഭുതം !അതെഴുതിയിരിക്കുന്നത് സീനിയോരിറ്റി പ്രകാരം തന്നെയാണ്. പോലീസുകാരുടെ നമ്പര്‍ തുടങ്ങുന്നതു തന്നെ എന്റെ നമ്പര്‍ മുതലാണ്.എനിക്കു ശേഷം ഏകദേശം പതിനഞ്ചോളം പോലീസുകാര്‍................. ആദ്യമായി കിട്ടിയ അംഗീകാരം ഞാന്‍ നെടുവീര്‍പ്പിട്ടു.ഈ ശൃംഗാരം കൊണ്ട് ഈ സ്റ്റേഷനിലെ ഡ്യൂട്ടി ബുക്കില്‍ മാറ്റം വരുത്താനല്ലാതെ കേരളത്തിലെ മുഴുവന്‍ ഡ്യൂട്ടിബുക്കിലും മാറ്റം വരുത്താനാവില്ലല്ലോ.......... അല്ലെങ്കില്‍ എല്ലാ സ്‌റ്റേഷനിലേക്കും വിളിച്ച് അവിടുത്തെ പോലീസുകാരികളോട് ഞാനിവിടെ സ്വീകരിച്ച മാര്‍ഗ്ഗം ഉപദേശിച്ചുകൊടുക്കേണ്ടി വരും.അഭിമാനത്തോടെ ജോലിചെയ്യണമെങ്കില്‍ റൈട്ടറോട് ശൃംഗരിക്കൂ എന്നുപദേശിക്കലും അത്ര എളുപ്പമല്ലല്ലോ............
ആ രീതി തന്നെ പിറ്റേ ദിവസം മുതല്‍ തുടരുമെന്ന്‌ഞാന്‍ വിചാരിച്ചു.പിറ്റേന്ന് അയാളോട് ശൃംഗരിക്കാന്‍ ഞാന്‍ മിനക്കട്ടില്ല.പല കാരണങ്ങളുണ്ടാക്കി അയാളെന്നെ അയാളുടെ അടുക്കലേക്ക് ക്ഷണിച്ചു.ഏതായാലും റിക്കാര്‍ഡിക്കലായി ഒരു കാര്യം തുടങ്ങിവെച്ചല്ലോ ......... ?ഇനി അത്ര എളുപ്പമല്ല അതു മാറ്റാന്‍ എന്നു ചിന്തിച്ച് അയാളോട് പോയി പണി നോക്കാന്‍ മനസ്സില്‍ പറഞ്ഞ് ഞാന്‍ എന്റെ ഡ്യൂട്ടിയില്‍ മുഴുകി.പിറ്റേ ദിവസം രാവിലെ ഞാന്‍ വന്നപ്പോള്‍ അയാളുടെ മുഖം കടന്നലു കുത്തിയപോലെ .........ഞാനുടനെ തന്നെ DUTY BOOK എടുത്തുനോക്കിഅയ്യോ............! ദേ കിടക്കുന്നു ഞാന്‍ പഴയതുപോലെ ഏറ്റവും അവസാനം തന്നെ .......!( ഈ രീതിയില്‍ മാറ്റം വരുത്താനും പിന്നീടെന്റെ നിയമപരമായ ഇടപെടലിലൂടെ സാധിച്ചു.)
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെയില്‍ വാര്‍ഡ്
പ്രമേഹ രോഗത്തെതുടര്‍ന്ന് എന്റെ അച്ഛന്റെ വലതുകാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മുറിച്ചു മാറ്റി.ഓപ്പറേഷന്‍ നടന്ന ദിവസം വൈകിട്ടാണ് അച്ഛനെ മെയില്‍ വാര്‍ഡിലേക്ക് മാറ്റിയത്.അതുവരെ അത്യാഹിതവിഭാഗത്തില്‍ observation unit ല്‍ ആയിരുന്നു.പതിനൊന്ന് മണിക്ക് ഓപ്പറേഷന്‍ തിയ്യറ്ററില്‍ കയറ്റി എങ്കിലും വൈകിട്ട് ഏഴു മണിയോടെയാണ് വാര്‍ഡിലേക്ക് കൊണ്ടു വരാനായത്.അച്ഛനെ വാര്‍ഡിലെത്തിച്ച ഉടനെ ഞാനും എന്റെ ഏറ്റവും ഇളയ അനിയത്തിയും കൂടി പുറത്തേക്കെഴുതിയ മരുന്ന്,ബക്കറ്റ് ,കപ്പ് ,തുടങ്ങിയ അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി പുറത്തേക്ക് പോയി.തിരിച്ചെത്തിയപ്പോള്‍ സമയം എട്ടര മണി കഴിഞ്ഞിരുന്നു.വാര്‍ഡിലേക്കു കയറുമ്പോള്‍ സെക്യൂരിറ്റിയും എന്റെ വീട്ടുകാരും തമ്മില്‍ എന്തോ കശപിശ.അടുത്തെത്തിയപ്പോഴാണ് കാര്യം പിടികിട്ടിയത്.പുരുഷന്‍മാരുടെ വാര്‍ഡില്‍ സ്‌ത്രീകളെ നിര്‍ത്തില്ല.അച്ഛന് കൂട്ടുനില്‌ക്കാന്‍ ആരേലും ആണുങ്ങള്‍ തന്നെ വേണം. വാര്‍ഡില്‍ രാത്രി പെണ്ണുങ്ങളെ നിര്‍ത്താന്‍ സമ്മതിക്കില്ല എന്ന് സെക്യൂരിറ്റി തീര്‍പ്പു കല്‌പിച്ചു.
"അച്ഛന് ഞങ്ങള്‍ അഞ്ച് പെണ്‍കുട്ടികളാണ്.വാര്‍ഡില്‍ നില്‌ക്കാനായിട്ട് ഇപ്പം ഒരു ആണ്‍കുട്ടി വേണമെന്നു വെച്ചാലും നടക്കില്ലല്ലോ...... "ഗീത അല്‌പം പരിഹാസം കലര്‍ന്ന മട്ടില്‍ പറഞ്ഞു.അപ്പോഴേക്കും ഒന്നുരണ്ടു ഡോക്ടര്‍മാരും വാര്‍ഡിലുള്ള സിസ്‌റ്റര്‍മാരും രോഗികള്‍ക്ക് കൂട്ടിരിക്കുന്നവരും എല്ലാവരും ഞങ്ങള്‍ക്കുചുറ്റും കൂടിയിരുന്നു.ഞങ്ങള്‍ യാതൊരു ഒത്തുതീര്‍പ്പിനും നില്‌ക്കുന്നില്ലെന്നുറപ്പായപ്പോള്‍ ഒരു ഡോക്ടര്‍ അല്‌പം കര്‍ക്കശമായിട്ടുതന്നെ പറഞ്ഞു
"ഇവിടെ ചില നിയമങ്ങള്‍ ഉണ്ട്. ആശുപത്രിയുടെ നല്ല നടത്തിപ്പിന് അതു പാലിക്കേണ്ട ബാധ്യതയെല്ലാവര്‍ക്കുമുണ്ട് "
"സാറു പറഞ്ഞത് ഞങ്ങള്‍ അംഗീകരിക്കുന്നു.പക്ഷേ ഒരു സംശയം. ആര്‍ക്കുവേണ്ടിയാണീ നിയമം ? അത് ഇവിടുത്തെ രോഗികളുടെ നന്മക്കു വേണ്ടിയാണെങ്കില്‍ അല്‌പം കൂടി പ്രായോഗികമാക്കണം. " ഞാന്‍ എന്റെ ഭാഗം വ്യക്തമാക്കി.
"ഇക്കാര്യത്തില്‍ തര്‍ക്കിക്കാന്‍ ഞാനില്ല.നിയമം നിങ്ങള്‍ക്കും ബാധകമാണ്".ഡോക്ടര്‍ തിരിഞ്ഞു നടന്നു. കൂടെ മറ്റുള്ളവരും പിരിയാന്‍ തയ്യാറായി.
" ഡോക്ടര്‍ ഒരു കണ്ടീഷന്‍ നിങ്ങള്‍ പറയുന്നതു പോലെ ഞങ്ങള്‍ കേള്‍ക്കാം. ഒരു നഴ്‌സിനെ അച്ഛനു വേണ്ടി പോസ്‌റ്റു ചെയ്യണം .ആളില്ലാ എന്ന ബുദ്ധിമുട്ട് അച്ഛന് തോന്നാന്‍ പാടില്ല.ഒരു ചെറിയ വീഴ്‌ചപോലും വരുത്താന്‍ പാടില്ല , അങ്ങനെ സംഭവിച്ചാല്‍ അത് വലിയ പ്രശ്‌നവുമാകും. " വനജേടുത്തി വളരെ ഗൗരവമായി എല്ലാവരോടുമായി പറഞ്ഞു.അല്‌പ സമയത്തിനുള്ളില്‍ എല്ലാവരും പിരിഞ്ഞു പത്തുമണിക്കായി ഞങ്ങളും കാത്തിരുന്നു.അച്ഛന്റെ മരുമകനും ഇളയച്ഛന്റെ മകനും അച്ഛനെ നോക്കാന്‍ തയ്യാറായി അവരുടെ താത്‌പര്യം ഞങ്ങളെ അറിയിച്ചെങ്കിലും ഞങ്ങള്‍ തയ്യാറായില്ല.ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങളെ ഡ്യൂട്ടി റൂമിലേക്ക് വിളിപ്പിച്ചു.കര്‍ക്കശമായ ആ നിയമം നടപ്പിലാക്കിയതിനു പിന്നിലെ സാഹചര്യം വിശദമായി പറഞ്ഞു.അവര്‍ നിയമത്തില്‍ അയവു വരുത്തി.സെക്യൂരിറ്റിയോടും നഴ്‌സസിനോടും ഞങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‌കിയ വിവരം അറിയിച്ചു.നാല്‌പത്തഞ്ചു ദിവസത്തോളം അച്ഛന് ആശുപത്രിയില്‍ കിടക്കേണ്ടി വന്നു.ഞങ്ങള്‍ മക്കള്‍ മാറിമാറി അച്ഛനെ നോക്കി.അന്ന് ഞങ്ങള്‍ അത്രയും പറഞ്ഞില്ലായിരുന്നെങ്കില്‍ ഓരോദിവസവും രാത്രിയില്‍ ഓരോ ആണിനെതേടി ഞങ്ങള്‍ നടക്കേണ്ടി വരുമായിരുന്നു.
നീട്ടി വലിച്ച സ്വാതന്ത്ര്യം
തിരക്കുപിടിച്ച ചില പരിപാടികള്‍ കഴിഞ്ഞ് ഏറെ വൈകിയാണ് എനിക്കും മീനക്കും ഒന്നു സ്വതന്ത്രരാകാന്‍ കഴിഞ്ഞത്.സമയം രാത്രി പത്തു മണി കഴിഞ്ഞതിനാല്‍ കോഴിക്കോട്ടു നിന്നും വയനാട്ടിലേക്കുള്ള യാത്ര എന്നെ മാത്രമല്ല ദാസേട്ടനേയും കുട്ടികളേയും ബാധിക്കുമെന്നു കരുതി ഞാന്‍ മീനയുടെ വീട്ടിലേക്കു തന്നെ പോകാനുറച്ചു.പത്തര മണിയോടെ ഞങ്ങള്‍ നടുവണ്ണൂരിലുള്ള മീനയുടെ വീട്ടിലെത്തി.അടച്ചിട്ട വാതിലില്‍ മുട്ടി വിളിച്ച ഉടനെ തന്നെ നിറഞ്ഞ ചിരിയാലെ (ചുണ്ടിലൊരു ബീഡി പുകയുന്നുണ്ടായിരുന്നിട്ടും) മീനയുടെ ഭര്‍ത്താവ് വാതില്‍ തുറന്നു.സ്വാഭാവിക കുശലാന്യേഷണങ്ങള്‍ക്കു ശേഷം എന്റെ ബാഗ് തത്‌ക്കാലം വെക്കുന്നതിനായി അയാള്‍ അയാളുടെ മുറി എനിക്കു കാണിച്ചു തന്നു.വാതില്‍ തുറന്നയുടനെതന്നെ അവിടെ ഇട്ടിരുന്ന തുണിക്കൂമ്പാരങ്ങള്‍ നിറഞ്ഞ ടീപ്പോയുടെ മുകളിലേക്ക് ബാഗെറിഞ്ഞ് മീന അടുക്കളയിലേക്കോടിയിരുന്നു.ഞാന്‍ മീനയുടെ ഭര്‍ത്താവിനോടൊപ്പം വാതിലില്ലാത്ത അയാളുടെ മുറിയില്‍ കയറി ഒന്നു കുടഞ്ഞിടുകപോലും ചെയ്യാത്ത ആ കട്ടിലില്‍ ഞാനെന്റെ ബേഗു വെച്ചു.എന്നെ അവിടെ ഇരിക്കാന്‍ ക്ഷണിച്ചുകൊണ്ട് ബീഡി വലിച്ച് അയാളും അവിടിരുന്നു.ബീഡിയുടേയും വായുസഞ്ചാരമില്ലായ്‌മയാലും ഉണ്ടാകാവുന്ന കുമറിയ ഗന്ധം വിശന്നു പൊരിഞ്ഞ എന്നില്‍ വല്ലാത്ത അലോരസമുണ്ടാക്കി.എനിക്കോക്കാനം വന്നു ഞാന്‍ പുറത്തേക്കോടി.
"എന്തു പറ്റി എന്തു പറ്റി "എന്നു ചോദിച്ചുകൊണ്ട് മീനയും ഭര്‍ത്താവും എന്നോടൊപ്പം പുറത്തു വന്നു.(വാതില്‍ തുറന്ന് പുറത്തു കടന്നപ്പോള്‍ ഞാനനുഭവിച്ച ശുദ്ധവായുവിന്റെ മാധുര്യം പറഞ്ഞറിയിക്കാനാകാത്തതായിരുന്നു.)
"ഒന്നുമില്ല നല്ല സുഖമില്ല രാവിലത്തന്നെയുണ്ട്." ഞാന്‍ കള്ളം പറഞ്ഞു . ചെരുപ്പ് പുറത്തഴിച്ചു വെച്ചിട്ടാണ് അകത്തേക്ക് കയറിയത്.നിലം മുഴുവന്‍ വല്ലാതെ തരുതരുക്കുന്നു.മീനയുടെ മകള്‍ മാത്രമാണ് ആ വീട്ടില്‍ ഉണ്ടായിരുന്ന ഏക പെണ്‍തരി.അവള്‍ക്ക് ഗര്‍ഭത്തിന്റെ പ്രാരംഭാസുഖമായതിനാല്‍ അവള്‍ ഒരു കസേരയില്‍ തളര്‍ന്നിരിക്കുകയായിരുന്നു.മീനയുടെ മകളുടെ ഭര്‍ത്താവുള്‍പ്പെടെ അരോഗദൃഡഗാത്രരായ നാലു പുരുഷന്മാരും ആ നാറ്റമുള്ള കോലായിലും അകത്തുമായിരുന്ന് കോലായുടെ മൂലക്കായി വെച്ചിരുന്ന ടി.വി യിലെ പരിപാടികള്‍ കണ്ട് രസിക്കുകയായിരുന്നു.
"വിനയേ......... വാ....... മുഖം കഴുക്, മുകളിലെ മുറിയില്‍ പോകാം." പുറത്തു നില്‍ക്കുന്ന എന്നെ മീന ക്ഷണിച്ചു.എനിക്കാശ്വാസം തോന്നി.(താഴത്തെ കുപ്പത്തൊട്ടിയില്‍ നിന്നും രക്ഷപ്പെട്ടല്ലോ) ഞാന്‍ മുറ്റത്തെ പൈപ്പില്‍ നിന്നും മുഖം കഴുകി ബാഗുമെടുത്ത് വലിയ പ്രതീക്ഷയില്ലാതെ മീനയോടൊപ്പം ഗോവണി കയറി.ഒറ്റപ്പെട്ട ആ മുറി താഴത്തേതിലും ഭേദമായിരുന്നു.തറ മുഴുവന്‍ ബീഡിക്കുറ്റിയും പൊടിപടലങ്ങളും നിറഞ്ഞതും കട്ടിലിനു മുകളില്‍ അലക്കിയതും അലക്കാത്തതുമായ തുണികള്‍ വാരിവലിച്ചിട്ട നിലയില്‍ തന്നെ ആയിരുന്നെങ്കിലും ജന്നല്‍ തുറന്നിട്ട നിലയിലായിരുന്നതിനാല്‍ കുമറിയ ഗന്ധം ഉണ്ടായിരന്നില്ല.എന്നോടൊപ്പം മുറിയിലെത്തിയ മീനയുടെ മകള്‍ കട്ടിലിനു മുകളില്‍ നിരത്തിയിട്ട തുണികളികള്‍ അലക്കിയതും അലക്കാത്തതും വേര്‍തിരിച്ച് മാറ്റിവെച്ച് എനിക്കൊന്നിരിക്കാനുള്ള പരുവത്തിലാക്കി.
"ഒരു ചൂലു തരുമോ ? " ഞാന്‍ ചോദിച്ചു.അവള്‍ താഴെ പോയി ചൂലെടുത്തുകൊണ്ട് വന്ന് അവശതയാലെ തന്നെ അടിച്ചുവാരി (എന്നെ അടിച്ചു വാരാന്‍ സമ്മതിച്ചില്ല.) ഒരു ചീരക്കിടുവാന്‍ ചാരം ബീഡിക്കുറ്റി ഉള്‍പ്പെടെ അവള്‍ അടിച്ചുകൂട്ടി വാരി.ഞാന്‍ ബാഗവിടെ വെച്ച് അവളോടൊപ്പം താഴേക്കിറങ്ങി.യാതൊരു ചളിപ്പുമില്ലാതെ ടി.വി കണ്ടുകൊണ്ടിരിക്കുന്ന പുരുഷപ്രജകള്‍ക്കിടയിലൂടെ ഞാന്‍ മീനയെ ലക്ഷ്യമാക്കി നടന്നു.സാരി തെറുത്ത് അരയില്‍ കുത്തി അടുക്കളയില്‍ സിങ്കില്‍ കൂട്ടിയിട്ട പാത്രക്കൂമ്പാരം കഴുകുന്ന തിരക്കിലായിരുന്നു മീന.ഞാന്‍ പുറത്തേക്കുള്ള വാതില്‍ ചാരി നിന്ന് മീനയുടെ തിരക്ക് വീക്ഷിച്ചു.വന്നപാടെ ഗ്യാസടുപ്പില്‍ ചായക്കായി വെച്ച വെള്ളം തിളക്കാന്‍ തുടങ്ങുന്നതിന്റെ മൂളല്‍ ശബ്ദം പാത്രം കഴുകുന്നതിനിടക്ക് മീന ശ്രദ്ധിച്ചുകൊണ്ടേയിരുന്നു.വരുമ്പോഴേ വല്ലാത്ത ദാഹമുണ്ടായിരുന്നു.കുളിക്കാതെ പച്ച വെള്ളം കുടിക്കാനും തോന്നുന്നില്ല.ബാത്ത്‌റൂം വീടിനെക്കാള്‍ കഷ്ടമായിരിക്കും, ഞാന്‍ വിചാരിച്ചു.
"ഒന്നു കുളിക്കണം " ഞാന്‍ രണ്ടും കല്‍പ്പിച്ച് പറഞ്ഞു.
"അതാ ബാത്ത് റൂം " മീന പുറത്തേക്ക് ചൂണ്ടികാണിച്ചു.ഞാന്‍ മീന നല്‌കിയ തോര്‍ത്തും നൈറ്റിയുമായി ശങ്കയോടെ ബാത്ത്‌റൂമിന്റെ വാതില്‍ തുറന്നു.സത്യത്തില്‍ ഞാനതിശയിച്ചുപോയി ! നല്ല വൃത്തിയുള്ള ബാത്ത്‌റൂം.ഞാന്‍ സമാധാനത്തോടെ കുളിച്ചു.വെള്ളമൊഴിവാക്കിയാല്‍ അവിടെത്തന്നെ കിടക്കാമായിരുന്നെന്നുപോലും ചിന്തിച്ചു.കുളി കഴിഞ്ഞ് അടുക്കളയിലെത്തിയ ഉടനെ മീന നല്‌കിയ ചൂടുള്ള ചായ തൃപ്‌തിയാലെ കുടിച്ചു.പാത്രക്കൂമ്പാരം കഴുകി കഴിഞ്ഞ് അടുപ്പുംതിണ തുടച്ചു.അടുപ്പില്‍ ചൂടായ നോണ്‍സ്‌റ്റിക്കിലേക്ക് ഫ്രിഡ്‌ജില്‍ മസാല പുരട്ടിവെച്ച മീന്‍ (അതിന്റെ തണുപ്പ് മാറാനുള്ള സാവകാശം പോലും നല്‌കാതെ)വറുക്കുന്നതിനായി ഒന്നൊന്നായി നിരത്തി.അതിനിടയില്‍ വിയര്‍ത്തുകുളിച്ച മുഖത്താല്‍ ഏറെ ചാരിതാര്‍ത്ഥ്യത്തോടെ അവള്‍ പറഞ്ഞു
" ഇവിടുത്തെ ആണുങ്ങളിങ്ങനെയാ............. ഒന്നിനും ഒരു നിര്‍ബന്ധോം ഇല്ല. " ഞാന്‍ ഉള്ളാലെ ചിരിച്ചു.(മീനയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ വരുന്ന വഴി ഹോട്ടലില്‍ നിന്ന് ഭക്ഷണവും കഴിച്ച് വീടിന്റെ വൃത്തിഹീനതയെക്കുറിച്ച് എല്ലാവരേയും ശരിക്കും ചീത്ത പറഞ്ഞ് വീടിന്റെ ഒരു മുറി മാത്രം വൃത്തിയാക്കി ഞാനും സുഹൃത്തും കൂടി ആ മുറിയില്‍പോയി കിടക്കുമായിരുന്നു).എന്തൊരു ദയനീയമായ അവസ്ഥ.പൊതുപ്രവര്‍ത്തനമോ എന്തു കുന്തമോ നീ നടത്തിക്കോ,........ അതുകൊണ്ടൊന്നും സമൂഹം നിനക്കു കല്‌പിച്ചുതന്ന ചുമതലകള്‍ ഇല്ലാതാകുന്നില്ല.അതിന്റെ പങ്കുപറ്റാനൊന്നും ഞങ്ങളില്ല.ഞങ്ങളി്‌ങ്ങനെ ഈ നാറുന്ന കുപ്പക്കൂടാരത്തില്‍ ഇരുന്ന് ടി.വി കണ്ട് ആനന്ദിക്കും.ഞങ്ങള്‍ക്കു തിന്നാനുള്ളതും ഞങ്ങള്‍ക്കുള്ള സൗകര്യങ്ങളും നിന്റെ സൗകര്യംപോലെ ഞങ്ങള്‍ക്ക് ചെയ്‌തു തരണം. പുരുഷന്റെ മനസ്സില്‍ കുമിഞ്ഞുകൂടിയ ധാര്‍ഷ്ട്യത്തിന്റെ ബുദ്ധിപരമായ അവസ്ഥ.വിലക്കിയാല്‍ അവള്‍ അനുസരിക്കില്ല.അതുകൊണ്ടുതന്നെ അവള്‍ അനുവദിക്കുന്ന സൗജന്യംപോലും തങ്ങളുടെ ഔദാര്യംകൊണ്ടാണെന്ന പുരുഷന്റെ മനോഭാവവും, അത്തരത്തിലുള്ള അവന്റെ ഭാവം വലിയ സൗജന്യമായി കാണുന്ന, തിരിച്ചറിയാന്‍പോലും കഴിയാത്ത ആഴത്തിലുള്ള സ്‌ത്രീയുടെ ദയനീയാടിമത്തവും..........ഈയവസ്ഥ എന്നെങ്കിലും അവള്‍ തിരിച്ചറിയാനിടയായാല്‍ .അന്ന് ഇത്തരത്തിലുള്ള പുരുഷന്മാരുടെ സ്ഥാനവും വീടിനുപുറത്തായിരിക്കും .